08 December Friday

ജയിംസ്‌ വെബ്‌ ടെലിസ്‌കോപ് ; അത്ഭുതങ്ങൾ അവസാനിക്കുന്നില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2022


അജ്ഞാതമായ കോടാനുകോടി പ്രപഞ്ച മേഖലകളിലേക്കാണ്‌ ജയിംസ്‌ വെബ്‌ ബഹിരാകാശ ടെലിസ്‌കോപ് കണ്ണ്‌ തുറന്നിരിക്കുന്നത്‌. ബഹിരാകാശത്തെ ഏറ്റവും ശക്തിയേറിയതും വലുതുമായ ടെലിസ്‌കോപ് നൽകിയ ആദ്യചിത്രങ്ങൾതന്നെ ശാസ്‌ത്രാത്ഭുതമായി. പ്രകാശ വർഷങ്ങൾക്കപ്പുറമുള്ള പ്രപഞ്ചമേഖലകളെപ്പറ്റി നിർണായക വിവരങ്ങളാകും ഈ മനുഷ്യനിർമിതി ലഭ്യമാക്കുക.

പ്രപഞ്ച വിജ്ഞാന ശാസ്‌ത്രശാഖയിൽ മാനവരാശി മുന്നേറിക്കൊണ്ടിരിക്കുകയാണ്‌. അനന്തമായ പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെ അറിവിന്റെ പരിമിതി മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ ശാസ്‌ത്രലോകം.  ഈ രംഗത്ത്‌ സമീപദശകങ്ങളായി  ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ വൻപുരോഗതിയാണ്‌. ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക്‌ പ്രമുഖ ബഹിരാകാശ ഏജൻസികളും രാജ്യങ്ങളും നൽകുന്ന പ്രാധാന്യവും കുതിപ്പിന്‌ വഴിതെളിച്ചു. ശാസ്‌ത്ര സാങ്കേതികരംഗത്തെ  പുരോഗതി പ്രപഞ്ച വിജ്ഞാന ശാസ്‌ത്രമേഖലയ്‌ക്ക്‌ വഴിത്തിരിവായി. നിരീക്ഷണ ജ്യോതിശാസ്‌ത്രവും പരീക്ഷണത്തിലധിഷ്‌ഠിതമായ സൂക്ഷ്‌മപ്രപഞ്ച വിവരണവും പുതിയ വാതായനങ്ങളാണ്‌ തുറക്കുന്നത്‌. ഇവിടെയാണ്‌ ജയിംസ്‌ വെബ്‌ സ്‌പെയ്‌സ്‌ ടെലിസ്‌കോപ്പിന്റെ പ്രസക്തി. 

ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അപ്പുറത്തുള്ള പ്രത്യേക മേഖലയിൽ(എൽ2) ഉറപ്പിച്ചിരിക്കുന്ന ടെലിസ്‌കോപ് എടുത്ത ആദ്യചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ്‌  പ്രസിദ്ധീകരിച്ചത്‌. 1300 കോടി വർഷം പഴക്കമുള്ള പ്രപഞ്ചചിത്രങ്ങൾ! മുൻഗാമിയായ ഹബ്ബിൾ ടെലിസ്‌കോപ് നൽകിയതിനേക്കാൾ വ്യക്തതയും മിഴിവും സൂക്ഷ്‌മവുമായ ചിത്രങ്ങളാണ്‌ ജയിംസ്‌ ഒപ്പിയെടുത്തത്‌. ഒപ്പം ആ മേഖലകളെപ്പറ്റിയുള്ള വിവരങ്ങളും. മഹാവിസ്‌ഫോടനത്തിനുശേഷമുള്ള പ്രപഞ്ചഭാഗത്തിന്റെ  ആഴത്തിലുള്ള ചിത്രങ്ങളും വിവരങ്ങളും ഗവേഷണരംഗത്ത്‌ കരുത്താകും. പതിനായിരക്കണക്കിന്‌ താരാപഥങ്ങളടങ്ങിയ എസ്‌എംഎസിഎസ്‌ 0723 എന്ന ഗാലക്‌സി ക്ലസ്‌റ്ററിന്റെ ആദ്യചിത്രംതന്നെ ടെലിസ്‌കോപ്പിന്റെ സാങ്കേതിക മികവ്‌ വ്യക്തമാക്കി. ഭൂമിയിൽനിന്ന്‌  7600 പ്രകാശവർഷം അകലെയുള്ള കരീന നെബുല, രണ്ടായിരം പ്രകാശവർഷം അകലെയുള്ള സതേൺ റിങ്‌ നെബുല,  സൂര്യനിൽനിന്ന്‌ 290 ദശലക്ഷം പ്രകാശവർഷം ദൂരത്തുള്ള ഗാലക്‌സി ഗ്രൂപ്പ്‌  സ്‌റ്റെഫാൻസ്‌ ക്വന്ററ്റ്‌ എന്നിവയും കൃത്യതയോടെ പകർത്തി. എക്‌സോപ്ലാനറ്റായ വാസ്‌പ്‌ 96 ബിയിലെ ജലസാന്നിധ്യം കണ്ടെത്താനും ടെലിസ്‌കോപ്പിന്‌ കഴിഞ്ഞു. ഭൂമിയിൽനിന്ന്‌ 1150 പ്രകാശവർഷത്തിലേറെ അകലെയുള്ള പുറംഗ്രഹമാണിത്‌.


 

രണ്ട്‌ ദശാബ്‌ദത്തോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ്‌ അത്യാധുനിക സംവിധാനങ്ങളോടുകൂടി ജയിംസ്‌ വെബ്‌ ടെലിസ്‌കോപ് വികസിപ്പിച്ചത്‌. ഹബ്ബിൾ ടെലിസ്‌കോപ്പിനേക്കാർ നൂറു മടങ്ങ്‌ സാങ്കേതികശേഷി. കഴിഞ്ഞ ഡിസംബറിൽ  ടെലിസ്‌കോപ് വിക്ഷേപിക്കുന്ന സമയംമുതൽ ഏറെ പ്രതിസന്ധി നേരിട്ടു. ഇതിനിടെ ഒരു  ഉൽക്കാഭാഗം ഇടിച്ചതും ആശങ്കയുണ്ടാക്കി. 1000 കോടി യുഎസ്‌ ഡോളർ ചെലവിട്ട ദൗത്യത്തിന്റെ കാലാവധി 10 വർഷമാണ്‌. നാസയും യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസിക്കും കനേഡിയൻ സ്‌പെയ്‌സ്‌ ഏജൻസിക്കും പുറമെ നൂറിലധികം സർവകലാശാലകളും സാങ്കേതികസ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളാകുന്നു.

പ്രപഞ്ചത്തിന്റെ തുടക്കകാലം, താരാപഥങ്ങളുടെ രൂപപ്പെടൽ, മഹാവിസ്‌ഫോടനവും തുടർസംഭവങ്ങളും നക്ഷത്രങ്ങളുടെ ‘മരണവും ജനനവും’തുടങ്ങി എണ്ണമറ്റ സങ്കീർണതകളുടെ  ചുരുൾ നിവർത്താൻ ജയിംസ്‌ ടെലിസ്‌കോപ്പിന് കഴിയുമെന്നാണ്‌  വിലയിരുത്തൽ. പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവന്റെ തുടിപ്പുണ്ടോയെന്ന അന്വേഷണവും ഈ ടെലിസ്‌കോപ് നടത്തും. പുറംഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, അന്തരീക്ഷം, രാസഘടന എന്നിവയെല്ലാം നിരീക്ഷിക്കും. തമോഗർത്തങ്ങൾ, യുറാനസ്‌, നെപ്‌റ്റ്യൂൺ തുടങ്ങിയവയും പഠനവിഷയങ്ങളാണ്‌. 

നഗ്‌ന നേത്രങ്ങൾകൊണ്ടുള്ള പ്രപഞ്ചനിരീക്ഷണത്തിൽ തുടങ്ങി സാധാരണ ടെലിസ്‌കോപ്പിലേക്കും ഭൗമദൂരദർശിനിയിലേക്കും തുടർന്ന്‌ അത്യാധുനിക ബഹിരാകാശ ടെലിസ്‌കോപ്പിലേക്കുമുള്ള നിരീക്ഷണ സാങ്കേതികവിദ്യയുടെ വളർച്ച നൽകുന്നത്‌ വലിയ സാധ്യതകളാണ്‌. ഹബ്ബിൾ ടെലിസ്‌കോപ്പിന്‌ പുറമെ ഫെർമി ഗാമ റേ സ്‌പെയ്‌സ്‌ ടെലിസ്‌കോപ്, ചാന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി, സ്‌പിറ്റ്‌സർ സപെയ്‌സ്‌ ടെലിസ്‌കോപ് എന്നിവയെല്ലാം ഈ രംഗത്തെ തുടക്കക്കാരാണ്‌. ഐഎസ്‌ആർഒയുടെ ആസ്‌ട്രോസാറ്റും  ഈ ഗണത്തിലുണ്ട്‌. അത്യന്താധുനിക  ബഹിരാകാശ ടെലിസ്‌കോപ് അടുത്തവർഷം വിക്ഷേപിക്കാൻ ചൈന പദ്ധതിയിടുന്നുണ്ട്‌. ചന്ദ്രനിൽ സ്ഥിരംടെലിസ്‌കോപ്പുകൾ സ്ഥാപിച്ചുള്ള ഭാവിപദ്ധതികളും വിവിധ ബഹിരാകാശ ഏജൻസികളുടെ ആലോചനയിലുണ്ട്‌.

ബഹിരാകാശ ഗവേഷണരംഗത്ത്‌ ജയിംസ്‌ വെബ് ടെലിസ്‌കോപ് നൽകാൻ പോകുന്ന സംഭാവനകൾ വളരെ വലുതാണ്‌. ഭാവി ഗോളാന്തരയാത്രകൾക്കും അവിടെ വാസമുറപ്പിക്കാനുമുള്ള മനുഷ്യരുടെ ശ്രമങ്ങൾക്കും ഇത്‌ സഹായമായേക്കും. പ്രപഞ്ച നിഗൂഢതകളുടെ തുറക്കാത്ത വാതിലുകൾ തുറന്ന്‌ ശാസ്‌ത്രം മുന്നോട്ടു പോകുകയാണ്‌. ശാസ്‌ത്രബോധവും ശാസ്‌ത്രവീക്ഷണവും സമൂഹത്തിൽ പകരാനും ഇത്തരം ഗവേഷണങ്ങൾ പുതുതലമുറയെ പ്രചോദിപ്പിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top