16 June Sunday

ഖഷോഗിയും അമേരിക്കയുടെ ഇരട്ടത്താപ്പും

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018


കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചപ്പോൾ 'സൗദി അറേബ്യയുടെ അറബ‌് വസന്തമായാണ്'അതിനെ ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ തോമസ് എൽ ഫ്രീഡ്മാൻ വിശേഷിപ്പിച്ചത്. സ‌്ത്രീകൾക്ക‌് ഡ്രൈവിങ്ങിന് അനുമതി നൽകിയതും മറ്റും അതിലേക്കുള്ള വഴി തുറക്കുകയാണെന്നും വിലയിരുത്തലുണ്ടായി.  എംബിഎസ് എന്ന ചുരുക്കപേരിൽ അറിയാൻ ഇഷ്ടപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ അമേരിക്ക സന്ദർശിച്ചപ്പോൾ ഹാർവാർഡും എംഐടിയും സന്ദർശിക്കുകയും വലിയ പരിഷ‌്കാരങ്ങൾക്ക‌് തുടക്കമിടുമെന്ന സൂചന നൽകുകയും ചെയ‌്തു. രാജഭരണം ഇന്നും നിലനിൽക്കുന്ന സൗദി അറേബ്യയിൽ ഭരണരംഗത്ത് ഉൾപ്പെടെ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണർന്നു.

എന്നാൽ, സൗദി അറേബ്യയുടെ ഭരണ രാഷ്ട്രീയരംഗത്തും വിദേശനയത്തിലും മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല, കൂടുതൽ യാഥാസ്ഥിതിക നയങ്ങളാണ് സ്വീകരിക്കപ്പെട്ടത്. സൗദി രാജാവിന്റെ മുഖ്യ ഉപദേശകനായി മുഹമ്മദ് ബിൻ സൽമാൻ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് അറബ് വസന്തത്തിന്റെ കാറ്റടിച്ച് ഉലഞ്ഞ ബഹ്റൈനിലെ രാജാവിനെ രക്ഷിക്കാനും അറബ് വസന്തത്തെ ചോരയിൽ മുക്കിക്കൊല്ലാനുമായി സൗദി സേനയെ നിയോഗിച്ചത്.  ഷിയാകൾ ഭൂരിപക്ഷമായ രാജ്യത്ത് സുന്നി രാജാവിനെ അധികാരത്തിൽ തുടരാനായിരുന്നു ഈ ഇടപെടൽ. കഴിഞ്ഞ വർഷം കിരീടാവകാശിയായതിനു ശേഷമാണ് ഖത്തറിനെതിരെ സൗദി ഉപരോധം ആരംഭിച്ചത്. ബദ്ധശത്രു ഇറാനുമായി സഹകരണനയം സ്വീകരിച്ചതിനുള്ള ശിക്ഷയായിരുന്നു ഈ ഉപരോധം.  തുടർന്നാണ് റിയാദ് സന്ദർശിക്കുകയായിരുന്ന ലബനൻ പ്രധാനമന്ത്രി സാദ് ഹരീരിയെ അറസ്റ്റ് ചെയ‌്തതും പിന്നീട് അധികാരം തിരിച്ചുനൽകിയതും. ഇറാനുമായി ബന്ധമുള്ള ഹിസ‌്ബുള്ളകളുമായുള്ള സഹകരണവും അവരിൽ ഒരാളെ മന്ത്രിയാക്കിയതുമായിരുന്നു മുഹമ്മദ് ബിൻ സൽമാനെ ചൊടിപ്പിച്ചത്. അതോടൊപ്പംതന്നെ യെമനിൽ ഷിയാ ഹൂതി ഭരണത്തിനെതിരെ യുദ്ധം ശക്തമായി തുടരുകയും ചെയ‌്തു.  ഇറാനെ ഒതുക്കാൻ ഇസ്രയേലുമായി സഹകരിക്കുന്ന നയവും സൗദി ഇക്കാലത്ത് സ്വീകരിച്ചു.  അതായത് മുഹമ്മദ് ബിൻ സൽമാന്റെ നയങ്ങളിൽ എവിടെയും അറബ‌് വസന്തത്തിന്റെ ലാഞ്ചനപോലും ഉണ്ടായിരുന്നില്ല. മേഖലയിലെ ഇറാന്റെ സ്വാധീനം കുറയ‌്ക്കാൻ ചെകുത്താനുമായും കൂട്ടുപിടിക്കുകയെന്ന നയമാണ് മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചതെന്നർഥം.  സൽമാന്റെ ഈ നയത്തിനെയെല്ലാം പിന്തുണയ‌്ക്കാൻ അമേരിക്കയ‌്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഡോണൾഡ് ട്രംപ‌് അമേരിക്കൻ പ്രസിഡന്റായപ്പോൾ ആദ്യം സന്ദർശിച്ച രാജ്യം സൗദി അറേബ്യയായിരുന്നു. 110 ശതകോടി ഡോളറിന്റെ ആയുധം അമേരിക്കയിൽനിന്ന് വാങ്ങാനുള്ള കരാറിൽ ഈ സന്ദർശന വേളയിലാണ് ഇരുരാജ്യവും ഒപ്പിട്ടത്.

സൗദിയുടെ ആക്രമണാത്മകമായ ഈ നയത്തിന്റെ ഭാഗമായിത്തന്നെയാണ് ജമാൽ ഖഷോഗി എന്ന മാധ്യമ പ്രവർത്തകന്റെ തിരോധാനത്തെയും കാണേണ്ടത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ സൗദി പൗരനാണ് ഖഷോഗി. വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പത്രങ്ങളിൽ കോളമിസ്റ്റാണ്.  സൗദി രാജകുടുംബത്തിന്റെ വിമർശകനായിരുന്നു. തുർക്കി വനിതയെ വിവാഹം ചെയ്യുന്നതിനായി അങ്കാറയിലെത്തിയ വേളയിലാണ് സൗദി എംബസിയിൽവച്ച് അദ്ദേഹം വധിക്കപ്പെട്ടുവെന്ന്‌ ആരോപിക്കുന്നത്‌.  സൗദിയിൽനിന്ന് പ്രത്യേക വിമാനത്തിലെത്തിയ 15 അംഗ കൊലയാളി സംഘമാണ് ഖഷോഗിയെ വധിച്ചതെന്നാണ് ആരോപണം.  ഇറാൻ വിഷയത്തിൽ സൗദിയുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച തുർക്കിയാണ് വിവരം പുറത്തുവിട്ടത്. ലോകരാഷ്ട്രങ്ങൾ സംഭവത്തിൽ ശക്തമായി തന്നെ പ്രതിഷേധിച്ചു. 

'മരുഭൂമിയിലെ ഡാവോസ‌്' എന്നറിയപ്പെടുന്ന റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ (എഫ്ഐഐ) പങ്കെടുക്കില്ലെന്ന് പല രാജ്യങ്ങളും സ്ഥാപനങ്ങളും അറിയിച്ചു. ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബർഗ്, സിഎൻഎൻ, സിഎൻബിസി എന്നിവയെല്ലാം എഫ്ഐഐ ബഹിഷ‌്കരിക്കുമെന്ന‌്  അറിയിച്ചു. യുകെയും യൂറോപ്യൻ യൂണിയനും മറ്റും ബഹിഷ‌്കരിക്കാനുള്ള നീക്കത്തിലാണ്.  എന്നാൽ, സൗദിയുമായുള്ള ബന്ധം തുടരുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാ‌മസക്കാരനായ ഖഷോഗിയെ വധിച്ചുവെന്ന്‌ ആരോപണം ഉയർന്നിട്ടും സൗദിക്കെതിരെ ഏന്തെങ്കിലും നടപടി സ്വീകരിക്കാൻ ട്രംപ് തയ്യാറല്ല. സൗദിയുമായുള്ള 110 ശതകോടി ആയുധ കരാറുമായി മുന്നോട്ടുപോകുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.  ഈ കരാറിൽനിന്ന‌് പിന്മാറിയാൽ റഷ്യയോ ചൈനയോ ആ കരാർ കരസ്ഥമാക്കുമെന്നും ട്രംപ് പറയുന്നു.  അതായത്, ഏത് കൊലയാളിയായാലും തങ്ങൾക്ക് വഴങ്ങിനിൽക്കുന്ന രാഷ്ട്രമാണെങ്കിൽ പ്രശ്നമില്ലെന്ന് സാരം.

ഇറാനുമായി ബന്ധപ്പെടുന്ന രാഷ്ട്രങ്ങൾക്തെിരെ ഉപരോധത്തിന്റെ വാൾവീശുന്ന അമേരിക്ക സൗദിക്കെതിരെ ചെറുവിരലനക്കാൻപോലും തയ്യാറല്ല. ഖഷോഗിയുടെ തിരോധാന ദിവസം മിസിസിപ്പിയിൽ നടത്തിയ പ്രസംഗത്തിൽ സൗദിയെ സംരക്ഷിക്കുന്നത് തങ്ങളാണെന്ന് വളച്ചുകെട്ടില്ലാതെ പറയാനും ട്രംപ് തയ്യാറായി.  ഞങ്ങളില്ലാതെ രണ്ടാഴ്ചപോലും സൗദിഭരണം മുന്നോട്ടുപോകില്ലെന്നാണ് ട്രംപ് പറഞ്ഞത്. അതാണ് സത്യം. ആധുനികലോകത്തും രാജഭരണം തുടരുന്നതും അവർ എംബസികളെപ്പോലും കൊലക്കളമാക്കുന്നതും അങ്കിൾസാമിന്റെ പിന്തുണയോടെയാണ്. ഇതിനെതിരെയാണ് ലോകമെങ്ങും പ്രതിഷേധം ഉയരേണ്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top