20 June Thursday

ജമാഅത്തെ ഇസ്ലാമിയുടെ ആർഎസ്‌എസ്‌ കർസേവ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 22, 2023


രാജ്യം ഭരിക്കുന്ന ബിജെപിയുടെ വഴികാട്ടിയായ ആർഎസ്‌എസിന്റെ രാഷ്‌ട്രീയ പദ്ധതികളെക്കുറിച്ച്‌ ഗൗരവമായി രാഷ്‌ട്രീയത്തെ കാണുന്ന ആരും അജ്ഞരായിരിക്കില്ല. ഹിന്ദുരാഷ്‌ട്രം ലക്ഷ്യമായിക്കാണുന്ന ആ ഭീകരസംഘടനയുടെ വർഗീയ പ്രത്യയശാസ്‌ത്രമാണ്‌ ബിജെപിയെയും ആ പാർടി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും നയിക്കുന്നത്‌. ഇന്ത്യക്ക്‌ മൂന്ന്‌ ആഭ്യന്തര ശത്രുക്കളാണ്‌ ഉള്ളതെന്നും അവർ യഥാക്രമം മുസ്ലിങ്ങളും ക്രൈസ്‌തവരും കമ്യൂണിസ്റ്റുകാരുമാണ്‌ എന്നുമാണ്‌ ‘ഗുരുജി’ എന്ന്‌ അവർ വിളിക്കുന്ന അവരുടെ എക്കാലത്തെയും  താത്വികാചാര്യൻ ഗോൾവാൾക്കർ എഴുതിവച്ചിട്ടുള്ളത്‌. ഈ വിദ്വേഷനിലപാടിൽ അൽപ്പംപോലും മാറ്റമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ആർഎസ്‌എസിന്റെ ‘ഹിന്ദുത്വ’ പ്രചാരണങ്ങൾമൂലം മതഭ്രാന്തരായിത്തീർന്നവർ രാജ്യത്തിന്റെ പലഭാഗത്തും നടത്തിവരുന്ന അതിക്രമങ്ങൾ. ഇതൊന്നും തടയാൻ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ ചെറുവിരലനക്കാൻപോലും തയ്യാറാകാതിരിക്കുമ്പോഴാണ്‌ ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമിയടക്കം ചില മുസ്ലിം സംഘടനകൾ നടത്തിയ ചർച്ച വിമർശവിധേയമായിരിക്കുന്നത്‌.

ഡൽഹിയിൽ   ആയിരുന്നു സംഘടനകളുടെ ഉന്നതനേതാക്കൾ തമ്മിൽ ചർച്ച നടന്നത്‌. ജംഇയ്യതുൽ ഉലമായെ ഹിന്ദാണ്‌ ചർച്ചയിൽ പങ്കെടുത്ത ഒരു സംഘടന. ചർച്ചയിൽ തങ്ങളുടെ പങ്കാളിത്തം മുസ്ലിം സമൂഹത്തിനിടയിൽത്തന്നെ വിമർശിക്കപ്പെട്ടപ്പോൾ, ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലടക്കം ശ്രദ്ധേയമായ പങ്കുവഹിച്ച ഈ സംഘടനയെ ചാരി തങ്ങളുടെ ആർഎസ്‌എസ്‌ കർസേവ ന്യായീകരിക്കാനാണ്‌ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്‌. ചർച്ചയ്‌ക്കും സംവാദത്തിനുമുള്ള വാതിലുകൾ അടയ്‌ക്കില്ലെന്നും എന്നാൽ മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ കൂട്ടായ തുറന്ന ചർച്ച നടത്തുകയാണ്‌ തങ്ങളുടെ നിലപാടെന്നുമാണ്‌ അവരുടെ അവകാശവാദം. ഇത്തരം സംവാദങ്ങളുടെ മുൻ അനുഭവങ്ങൾ ഇതിന്‌ സാധൂകരണമായി അവരുടെ മുഖപത്രത്തിലൂടെ ഒരു വക്താവ്‌ എടുത്തുപറയുന്നുമുണ്ട്‌. അടിയന്തരാവസ്ഥക്കാലത്ത്‌ ജമാഅത്തെ ഇസ്ലാമിക്കാർ ആർഎസ്‌എസ്‌ നേതാക്കളുമൊത്ത്‌ ഒന്നിച്ച്‌ ജയിലിൽ കിടന്നിട്ടുണ്ടെന്നും അക്കാലത്ത്‌ തങ്ങളിൽനിന്നാണ്‌ ഇസ്ലാം എന്താണെന്നും മുസ്ലിങ്ങൾ ആരാണെന്നും ആർഎസ്‌എസ്‌ പഠിച്ചതെന്നുമാണ്‌ വക്താവിന്റെ വാദം. ആർഎസ്‌എസ്‌ മുൻ സർസംഘചാലക്‌ കെ എസ്‌ സുദർശൻതന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതായി സാക്ഷ്യപത്രവും ഹാജരാക്കുന്നുണ്ട്‌.

ഇത്‌ എത്രമാത്രം പരിഹാസ്യമായ വാദമാണെന്നറിയാൻ അതിനുശേഷം ഇന്ത്യൻ രാഷ്‌ട്രീയത്തിലുണ്ടായ മാറ്റവും ആർഎസ്‌എസ്‌ ആധിപത്യത്തിൽ മുസ്ലിങ്ങളടക്കം ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും പരിശോധിച്ചാൽ മതിയാകും. ജമാഅത്തെ ഇസ്ലാമിയിൽനിന്നാണ്‌ ആർഎസ്‌എസ്‌ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ച്‌ പഠിച്ചതെങ്കിൽ സംഘപരിവാറിന്റെ മുസ്ലിംവിദ്വേഷത്തിന്‌ തങ്ങളും ഉത്തരവാദികളാണെന്ന്‌ അവർ സമ്മതിക്കേണ്ടിവരും. ജമാഅത്തെ ഇസ്ലാമിക്കാരുടെ ക്ലാസുകൾക്കുശേഷം കഴിഞ്ഞ നാല്‌ പതിറ്റാണ്ടിലാണല്ലോ ഹിന്ദുത്വവാദികൾ ഇന്ത്യയിലാകെ, വിശേഷിച്ച്‌ ഉത്തരേന്ത്യയിലെങ്ങും തങ്ങളുടെ യഥാർഥ ഭീകരരൂപം പുറത്തെടുക്കുന്നത്‌. ഗാന്ധിജിയെ വധിച്ച്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരപ്രവർത്തനം നടത്തിയ ഹിന്ദുത്വവാദികൾ തുടർന്നും പല കലാപങ്ങളുടെയും സൂത്രധാരകരായിരുന്നെങ്കിലും വ്യാപകമായി മതഭ്രാന്തന്മാരുടെ ആൾക്കൂട്ടങ്ങളെ അവർക്ക്‌ സൃഷ്‌ടിക്കാൻ കഴിഞ്ഞത്‌ അതിനുശേഷമാണ്‌.

യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും ഒരേതൂവൽപ്പക്ഷികളാണെന്നത്‌ രാജ്യത്തെ മതനിരപേക്ഷസമൂഹം പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ള വസ്‌തുതയാണ്‌. ആർഎസ്‌എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രം ആണെന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമികരാഷ്‌ട്രമാണ്‌. ഇത്തരം ചുരുക്കം സംഘടനകളെ ചൂണ്ടിക്കാട്ടിയാണ്‌ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച്‌ സംഘപരിവാർ ഇസ്ലാംഭീതി പടർത്തുന്നത്‌. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, ക്രൈസ്‌തവർക്കിടയിൽപ്പോലും ഇത്‌ പ്രചരിപ്പിക്കുന്നതിൽ അവർ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്‌. എന്നാൽ, കേരളംപോലുള്ള ഇടങ്ങളിൽ ക്രൈസ്‌തവരെ മുസ്ലിങ്ങൾക്കെതിരെ തിരിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ മറ്റിടങ്ങളിൽ ക്രൈസ്‌തവരെയും വേട്ടയാടുന്നതിൽ സംഘപരിവാറിന്‌ വിട്ടുവീഴ്‌ചയില്ല. ഇതും ആർഎസ്‌എസിനെ നന്നാക്കാനിറങ്ങുന്നവർ ഓർക്കുന്നത്‌ നല്ലതാണ്‌.

ആയിരം വർഷമായി തുടരുന്ന യുദ്ധമാണ്‌ ഹിന്ദുസമൂഹം നടത്തുന്നതെന്നും ആഭ്യന്തരശത്രുക്കൾക്ക്‌ എതിരെയാണ്‌ ഇപ്പോൾ അതെന്നുമാണ്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ വിവാദയോഗത്തിന്‌ ഏതാനും ദിവസംമുമ്പ്‌ സംഘപരിവാർ ജിഹ്വകളോട്‌ പറഞ്ഞത്‌. ഗോൾവാൾക്കറുടെ വീക്ഷണംതന്നെയാണ്‌ ഭാഗവതിനെയും നയിക്കുന്നത്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌. പുറമെ ശത്രുക്കളായി നടിക്കുമെങ്കിലും ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും പരസ്‌പരം സഹായിക്കുകയാണ്‌. ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്ന സമുദായം ഇത്‌ തിരിച്ചറിയുന്നുണ്ടെന്നാണ്‌ പ്രതികരണങ്ങൾ കാണിക്കുന്നത്‌. സിപിഐ എമ്മാണ്‌ ഇത്‌ വിവാദമാക്കുന്നതെന്ന ജമാഅത്തെ ഇസ്ലാമിയുടെ ആരോപണം ഈ നിരാശയിൽ നിന്നുണ്ടായതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top