29 March Friday

വർഗീയ ബുൾഡോസർ രാജ്യതലസ്ഥാനത്തും

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

ബിജെപിയുടെ വർഗീയ ബുൾഡോസർ രാഷ്‌ട്രീയം തുടങ്ങിവച്ചത്‌ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥാണ്‌. ന്യൂനപക്ഷവിഭാഗങ്ങളുടെ വീടുകളും കടകളും ഇടിച്ചുനിരപ്പാക്കുകയും ഇതിന്റെ പേരിൽ വർഗീയധ്രുവീകരണം സൃഷ്‌ടിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയും ചെയ്യുന്ന രാഷ്‌ട്രീയം. വർഗീയസംഘർഷങ്ങൾക്ക്‌ ഉത്തരവാദികൾ ന്യൂനപക്ഷങ്ങളാണെന്ന പ്രചാരണത്തിന്റെ അകമ്പടിയിലാണ്‌ ഈ ബുൾഡോസർ പ്രയോഗം. മധ്യപ്രദേശ്‌ അടക്കം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇതാവർത്തിച്ചു. ഇപ്പോൾ രാജ്യതലസ്ഥാനത്തും വർഗീയ ബുൾഡോസർ കടന്നുവന്നു.

ഏപ്രിൽ 16നു ഹനുമാൻജയന്തി ആഘോഷമെന്നപേരിൽ ബജ്‌രംഗ്‌ദൾ നടത്തിയ ഘോഷയാത്രയാണ്‌ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ സംഘർഷത്തിന്റെ തീക്കനൽ ആളിക്കത്തിച്ചത്‌. അന്നന്നത്തെ ആഹാരത്തിനുവേണ്ടി കഠിനമായി പണിയെടുത്തു ജീവിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്‌ ഇത്‌. 40 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇവിടെ ഒരിക്കലും വർഗീയ അസ്വാസ്ഥ്യം ഉണ്ടായിട്ടില്ല. 2020ൽ വടക്കുകിഴക്കൻ ഡൽഹി വർഗീയലഹളയിൽ കത്തിയെരിഞ്ഞപ്പോഴും ഈ പ്രദേശത്ത്‌ അതിന്റെ നേരിയ പ്രതിധ്വനിപോലും അനുഭവപ്പെട്ടില്ല. കൃത്യമായി ആസൂത്രണംചെയ്‌ത്‌ ജഹാംഗിർപുരിയെ കുഴപ്പത്തിലേക്ക്‌ തള്ളിവിട്ടതാണെന്ന്‌ വ്യക്തമാക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌.

തോക്കും വാളും വടിയും ഉച്ചഭാഷിണി വഴിയുള്ള പാട്ടും ഒക്കെയായി ഹനുമാൻജയന്തി ഘോഷയാത്ര മുസ്ലിംപള്ളിക്ക്‌ സമീപത്തുകൂടി രണ്ടുതവണ കടന്നുപോയെങ്കിലും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. മൂന്നാംതവണ ഘോഷയാത്ര എത്തിയപ്പോൾ ആസൂത്രിതമെന്ന രീതിയിൽ കല്ലേറുണ്ടായി. സംഘർഷത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന അൻസാറാണ്‌ കല്ലെറിയാൻ യുവാക്കളോട്‌ നിർദേശിച്ചതെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. അൻസാർ മുമ്പ്‌ ബിജെപി പരിപാടികളിൽ നേതാക്കൾക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രങ്ങൾ ലഭ്യമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സംഗീതാ ബജാജിന്റെ പ്രചാരണത്തിന്റെ മുൻനിരയിൽ ഇയാൾ ഉണ്ടായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ അൻസാർ വലിയ സ്വർണമാലയണിഞ്ഞ്‌ കൈയിൽ തോക്കുമായി നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ഇയാളുടെ ബിജെപിബന്ധം സംബന്ധിച്ച്‌ ശരിയായ അന്വേഷണം നടന്നാൽ കൃത്യമായ വിവരങ്ങൾ പുറത്തുവരും.

ഡൽഹിയിൽ ചെറിയ പ്രകടനമോ ധർണയോ നടത്തണമെങ്കിൽപ്പോലും പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ജഹാംഗിർപുരിയിൽ പ്രകോപനപരമായി മണിക്കൂറുകൾ നീണ്ട ഘോഷയാത്ര നടത്താൻ ആരാണ്‌ അനുമതി നൽകിയതെന്ന്‌ അറിയേണ്ടതുണ്ട്‌. ഇതിന്റെ സംഘാടകർക്കെതിരെ കേസെടുക്കാൻ പൊലീസ്‌ മടിച്ചുനിന്നു. ദിവസങ്ങൾക്കുശേഷം ഇടതുപക്ഷ പാർടികളും ചില മാധ്യമങ്ങളും വസ്‌തുതകൾ പുറത്തുകൊണ്ടുവന്നശേഷമാണ്‌ പൊലീസ്‌ ബജ്‌രംഗ്‌ദളിനെതിരെ കേസെടുത്തത്‌.

ബിജെപി ഭരിക്കുന്ന ഉത്തരഡൽഹി നഗരസഭ ഇതിനുപിന്നാലെയാണ് കൈയേറ്റം ഒഴിപ്പിക്കൽ എന്നപേരിൽ നീങ്ങിയത്‌. അനധികൃത കുടിയേറ്റക്കാരാണ്‌ ഹനുമാൻജയന്തി ഘോഷയാത്ര തടഞ്ഞതെന്ന്‌ ആരോപിച്ച്‌ വർഗീയച്ചുവയോടെ ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ ആദേശ്‌ ഗുപ്‌ത കത്ത്‌ നൽകിയതിനു തുടർച്ചയായാണ്‌ നഗരസഭ ഒഴിപ്പിക്കലിനു തുടക്കമിട്ടത്‌. വൻപൊലീസ്‌ സന്നാഹത്തിന്റെ സംരക്ഷണത്തിൽ ബുൾഡോസറുകൾ ന്യൂനപക്ഷവിഭാഗത്തിന്റെ കടകൾ ഇടിച്ചുനിരപ്പാക്കി. സുപ്രീംകോടതി അടിയന്തരമായി ഇടപെട്ട്‌ ഈ നടപടി തടഞ്ഞെങ്കിലും ഒഴിപ്പിക്കൽ നിർത്തിയില്ല. മുസ്ലിംപള്ളിയുടെ ചുറ്റുമതിലും കവാടവും നിരപ്പാക്കി. കോടതി ഉത്തരവിന്റെ പകർപ്പുമായി എത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ബുൾഡോസറിന്റെ മുന്നിൽ കയറിനിന്നശേഷമാണ്‌ നഗരസഭാ അധികൃതരും പൊലീസും താൽക്കാലികമായി പിൻവാങ്ങിയത്‌. അപ്പോഴേക്കും കോടതി ഉത്തരവിട്ട്‌ രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു.

സമാധാനപരമായ ജനജീവിതം ഉറപ്പാക്കാനല്ല, വർഗീയകാലുഷ്യം പലരീതിയിൽ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ നടത്താനാണ്‌ ബിജെപി വെമ്പൽ കൊള്ളുന്നതെന്ന്‌ പ്രത്യേകം പറയേണ്ടതില്ല. രാമനവമി ഘോഷയാത്ര പാകിസ്ഥാനിലാണോ നടത്തേണ്ടതെന്ന്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്‌ ചോദിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ ആചാരാനുഷ്‌ഠാനങ്ങൾ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കാതെ നിർവഹിക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത്‌ ഉറപ്പാക്കേണ്ടത്‌ ഭരണം കൈയാളുന്നവരുടെ ഉത്തരവാദിത്വമാണ്‌. പകരം അങ്ങേയറ്റം അപലപനീയമായ പ്രസ്‌താവങ്ങളും നീക്കങ്ങളും നടത്തുകയാണ്‌ ബിജെപി നേതാക്കൾ. അടിയന്തരാവസ്ഥയിൽ ഡൽഹിയിൽ ബുൾഡോസർ ഉരുട്ടിയവരുടെ ഇന്നത്തെ അവസ്ഥ ബിജെപിക്ക്‌ പാഠമാകേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top