23 April Tuesday

ഐടി വ്യവസായത്തിൽ കുതിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 22, 2022


കേരളത്തിന്റെ വികസനക്കുതിപ്പിന്‌ കരുത്ത്‌ പകർന്നും വ്യവസായ മേഖലയെ ഊർജസ്വലമാക്കിയും ഐടി വ്യവസായം ഉയരങ്ങളിലേക്ക്‌. കോവിഡ്‌ മഹാമാരിക്കുമുന്നിലും തളരാതെ വലിയ ഉണർവാണ്‌ ഈ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്‌. ഐടി പാർക്കുകളിൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്‌ സർക്കാർ ഊന്നൽ നൽകിയതും ദേശീയ-–-അന്തർദേശീയ ഐടി കമ്പനികളെ ആകർഷിക്കുന്നതിന്‌  മികച്ച മാർക്കറ്റിങ്‌ സംവിധാനങ്ങൾ ഒരുക്കിയതുമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ പ്രത്യേക വികസനപ്രവർത്തനങ്ങളും ഇളവുകളും നിലവിലെ സംരംഭകർക്ക്‌ ആത്മവിശ്വാസം പകർന്നതോടൊപ്പം പുതിയ കമ്പനികളെ ആകർഷിക്കാനും  സഹായിച്ചു. കോവിഡ് കാലയളവിൽ 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിൽ–- 41, കൊച്ചി ഇൻഫോപാർക്കിൽ–- 100, കോഴിക്കോട് സൈബർപാർക്കിൽ–- 40 എന്നിങ്ങനെയാണ്‌ പുതിയ കമ്പനികൾ തുടങ്ങിയത്‌. ഇതിലൂടെ 10,400 പുതിയ തൊഴിലവസരം ഐടി പാർക്കുകളിൽ മാത്രമായി സൃഷ്ടിച്ചു. അത്രത്തോളം പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടായി. റോഡ്‌ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനത്തിന്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്ന ഊന്നലും നിലവിലെ വ്യവസായ സൗഹൃദ അന്തരീക്ഷവുമാണ്‌ കോവിഡ്‌ കാലത്തുപോലും പുതിയ കമ്പനികൾ കേരളത്തെ തെരഞ്ഞെടുക്കാൻ പ്രധാന കാരണം.

എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം ഇതുവരെ മൂന്നിലേറെ കമ്പനികളാണ്‌ പുതുതായി വന്നത്‌. നിസാൻ, ടോറസ്‌, ടെക്‌ മഹീന്ദ്ര, ടെറാ നെറ്റ്‌ പോലുള്ള വൻകിട ഐടി കമ്പനികൾ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു എന്നത്‌ കേരളത്തിന്റെ ഐടി മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതോടൊപ്പം സർക്കാർ നയങ്ങൾക്കുള്ള അംഗീകാരവുമാണ്‌. ഐടി പാർക്കുകളിൽ ഒരു കോടിയിലേറെ ചതുരശ്ര അടി സ്ഥലസൗകര്യം വർധിപ്പിച്ചു. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിന്റെ ആദ്യഘട്ട ക്യാമ്പസ്‌ തിരുവനന്തപുരത്ത്‌ തുടങ്ങി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 105 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം ‘കബനി'യുടെ നിർമാണം പൂർത്തിയായി. 10.33 ഏക്കറിൽ 80 കോടി രൂപ മുതൽമുടക്കിൽ നിർമാണം പൂർത്തിയാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്‌ പുതിയ കാൽവയ്‌പാണ്‌. വിദഗ്‌ധരായ ഐടി പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ ഇത്‌ സഹായകമാകും. കൊച്ചി ഇൻഫോപാർക്കിൽ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

കേരളത്തിന്റെ മുന്നോട്ടുള്ള വികസനത്തിന്‌ പരിസ്ഥിതി മലിനീകരണമില്ലാത്തതും കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഐടി ഉൾപ്പെടെയുള്ള നവ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വ്യവസായങ്ങൾക്കാണ്‌ സർക്കാർ മുൻഗണന നൽകുന്നത്‌. അടുത്ത ധന വർഷത്തെ ബജറ്റിൽ ഐടി വികസനത്തിന്‌ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ ആവശ്യമായ തുക വകയിരുത്തി. ഐടി ഇടനാഴികളാണ്‌ ഇതിൽ പ്രധാനം. കണ്ണൂരിലും കൊല്ലത്തും ഐടി പാർക്കുകൾ, ടെക്‌നോപാർക്കിൽ മൂന്നാംഘട്ടം, സാറ്റലൈറ്റ് ഐടി പാർക്കുകളുമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതിനുള്ള സ്ഥലം ഏറ്റെടുക്കാൻ 1000 കോടി വകയിരുത്തി. ഇതിന്‌ പുറമെ ടെക്‌നോപാർക്‌, ഇൻഫോപാർക്‌, സൈബർ പാർക്‌ എന്നിവയുടെ അടിസ്ഥാന വികസനത്തിനും മാർക്കറ്റിങ്ങിനും ബജറ്റിൽ ആവശ്യമായ തുക മാറ്റിവച്ചു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കാൻ ഐടി വ്യവസായത്തിന്റെ വികസനം സാധ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

ഐടി അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളും വലിയ തോതിൽ കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ സ്‌റ്റർട്ടപ്പുകളുടെ എണ്ണം 300 ൽനിന്ന്‌ 4000 ആയി വർധിച്ചു. 35000 ലേറെപ്പേർക്ക്‌ നേരിട്ട്‌ തൊഴിൽ നൽകുന്ന മേഖലയായി ഇത്‌ മാറി. സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്‌റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമുണ്ടാകും. ഐടി ഉൾപ്പെടെയുള്ള മേഖലയുടെ വളർച്ചയ്‌ക്ക്‌ സഹായകമാകുന്നതാണ്‌ ആറുവരി ദേശീയ പാതയുടെ വികസനവും അർധ അതിവേഗ റെയിൽപ്പാതയും. കെ–- ഫോൺ വഴി എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ്‌ ലഭിക്കുന്നതോടെ ഐടി കമ്പനികളുടെ പുറം ജോലികൾ വീട്ടിലിരുന്നോ വീട്ടിനടുത്തിരുന്നോ ചെയ്യുന്നതിനും സാധിക്കും. ഇത്‌ ഐടി വ്യവസായത്തിന്റെ മറ്റൊരു കുതിപ്പിലേക്കാണ്‌ നയിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top