28 March Thursday

വിവര സാങ്കേതികവിദ്യയുടെ വിശാലചക്രവാളം തുറന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2017


വിവര സാങ്കേതികവിദ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച മനുഷ്യരാശിയുടെ സകല വ്യവഹാരങ്ങളെയും സ്വാധീനിക്കുന്നതാണ്. നവീനമായ കണ്ടെത്തലുകളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാക്കുക എന്നത് സുപ്രധാനമാണ്. കേരളം ആ വഴിക്ക് ചിന്തിച്ചതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും പരിണതിയാണ് തലസ്ഥാന നഗരത്തിലെ ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയിലും നിയമസഭയില്‍ ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. വിവര സാങ്കേതികവിദ്യയില്‍ ഒന്നാം സ്ഥാനത്തെത്തുക, ലോക ഐടി ഭൂപടത്തില്‍ പ്രധാന ഇടം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഐടി വകുപ്പ് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു ലക്ഷ്യത്തിലേക്ക് എത്താന്‍ നിരന്തരവും ഭാവനാപൂര്‍ണവുമായ ഇടപെടല്‍ ആവശ്യമാണ്. 

പുതിയ പദ്ധതികള്‍ നടപ്പാക്കുക, നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, ഭരണനിര്‍വഹണത്തില്‍ വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം വിപുലമാക്കുക,  സുരക്ഷാസംവിധാനങ്ങള്‍ കിടയറ്റതാക്കുക, സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കുക- ഇങ്ങനെ ബഹുമുഖമായ ഉദ്ദേശ്യങ്ങളോടെയുള്ള ഐടി നയമാണ് സര്‍ക്കാരിന്റേതെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച കരടുനയം അതെല്ലാം സാര്‍ഥകമാക്കുന്നുവെന്നത് സംസ്ഥാനത്തിന്റെ സമഗ്രവികസനം കാംക്ഷിക്കുന്ന ആരെയും ആഹ്ളാദിപ്പിക്കും. ഈ നയരൂപീകരണത്തില്‍  വിദഗ്ധര്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും പങ്കാളികളാകാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അത്തരം അഭിപ്രായങ്ങളും നിര്‍ദേശങ്ങളുംകൂടി കണക്കിലെടുത്താകും  നയത്തിന് അന്തിമരൂപം നല്‍കുന്നത്.  നയരൂപീകരണത്തില്‍ ജനങ്ങള്‍ക്ക്  ജനാധിപത്യപരമായ ഇടം നല്‍കുന്ന സമീപനമാണിത്. ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, വ്യവസായ  പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിന് ആവശ്യമായ മാനവ വിഭവശേഷി വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ സംഭരണനയം, ഉത്തരവാദിത്തപൂര്‍ണമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ട എട്ട്  ഉപനയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പൊതുവായ നയസമീപനത്തില്‍ ഊന്നി, അനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷം തോറും ഉപനയങ്ങള്‍ വിലയിരുത്തി കൂടുതല്‍ പ്രസക്തമായ രീതിയില്‍ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

ഒരു ഘട്ടത്തില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയ മേഖലയാണിത്്. എന്നാല്‍, പതുക്കെ ആ മേല്‍ക്കൈ നഷ്ടമാകുകയും നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു. വളര്‍ച്ചയിലെ ആ മുരടിപ്പ് മാറ്റേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതും   സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള മാര്‍ഗമായി അതിനെ കാണുന്നതും ആധുനിക കാലത്ത് അനിവാര്യ നടപടിയാണ്.  

കേരളം ഈ രംഗത്ത് വലിയ സാധ്യതകളുള്ള ഇടമാണ്. ഡിജിറ്റല്‍ സങ്കേതങ്ങള്‍ സ്വീകരിക്കുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനുമുള്ള ശക്തമായ അടിത്തറയും മനുഷ്യവിഭവശേഷി പശ്ചാത്തലവും സംസ്ഥാനത്തിനുണ്ട്. വിദ്യാസമ്പന്നരായ ജനത, താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരം തുടങ്ങിയവ ഇത്തരം സാധ്യതകളെ വര്‍ധിപ്പിക്കുന്നു. ഐടി മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ കൊണ്ടുവരാനും സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയിലൂടെ യുവസംരംഭകരെ സൃഷ്ടിക്കാനും അതിനെ ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ടു കൊണ്ടുപോകാനുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് പുതിയ നയം.

മുഖ്യമന്ത്രി അവതരിപ്പിച്ച കരടുനയം  ആധുനിക വ്യവസായങ്ങളുടെ ത്വരിതഗതിയിലുള്ള വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കും. ഉല്‍പ്പാദന മേഖലയില്‍  കാര്യക്ഷമത ഉയര്‍ത്തുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുക,  തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക- പുതിയ നയത്തിലൂടെ ഈ ലക്ഷ്യങ്ങളാണ് യാഥാര്‍ഥ്യമാകുക. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഹാര്‍ഡ്വെയര്‍ നിര്‍മാണം എന്നിവയും വിപുലമായി സാധ്യമാകും.

വര്‍ധിച്ച തോതിലുള്ള വ്യവസായ വളര്‍ച്ച ഉറപ്പാക്കാനും സവിശേഷവും സൃഷ്ടിപരവുമായ പദ്ധതികള്‍ നടപ്പാക്കാനും കൂടുതല്‍ കാര്യക്ഷമമായ നിര്‍വഹണ സംവിധാനം  സ്ഥാപിക്കേണ്ടത് അനിവാര്യമാണ് എന്ന മുഖവുരയോടെ അവതരിപ്പിച്ച ഈ നയത്തിന് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണ വേണ്ടതുണ്ട്.  വിവര സാങ്കേതികവിദ്യയുടെ അര്‍ഥപൂര്‍ണമായ ഉപയോഗത്തിലൂടെ സംസ്ഥാനത്തിന്റെ ഭാവി തിളക്കമുറ്റതാക്കാനുള്ള സര്‍ക്കാരിന്റെ പ്രയത്നത്തോട് കൈകോര്‍ക്കാനും ഐടി നയത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാനും സര്‍വാത്മനാ ഉള്ള പിന്തുണയുംസഹകരണവും ജനങ്ങളില്‍നിന്നും സംരംഭകരില്‍നിന്നും ബന്ധപ്പെട്ട എല്ലാവരില്‍നിന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഞങ്ങളും അടിവരയിടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top