25 April Thursday

ഈ നീക്കം വിമർശകരുടെ വായ തുന്നിക്കെട്ടാൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2023


ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന വിലപ്പെട്ട അവകാശങ്ങൾ ഹനിക്കുന്നത് ബിജെപി സർക്കാരിന്റെ മുഖ്യ അജൻഡയാണ്‌. നരേന്ദ്ര മോദി നയിച്ച ആദ്യ സർക്കാർ തുടക്കംകുറിച്ച ഈ പ്രക്രിയ രണ്ടാം സർക്കാരിന്റെ കാലമായപ്പോൾ ജനാധിപത്യസംവിധാനത്തിന്റെ അടിത്തറ കുളംതോണ്ടുന്ന തോതിലേക്ക്‌ വളർന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്  ഐടി (മധ്യവർത്തി മാർഗനിർദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ്‌ കോഡ്) ഭേദഗതി ചട്ടങ്ങൾ 2023. മോദി സർക്കാരിന് എതിരായ വാർത്തകളും റിപ്പോർട്ടുകളും ‘വ്യാജവാർത്ത' എന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽനിന്ന്‌ നീക്കുകയെന്ന ഒറ്റലക്ഷ്യമാണ് ഈ ഭേദഗതിക്ക് പിന്നിലെന്ന്‌ വ്യാപക ആക്ഷേപം ഉയർന്നിരിക്കുന്നു. മോദിസർക്കാരിന്റെ പ്രവർത്തനശൈലി പരിശോധിച്ചാൽ ഈ ആക്ഷേപം വസ്‌തുതാപരമാണെന്ന്‌ ബോധ്യമാകും. കേന്ദ്രത്തിന്റെ വിമർശകരായ ധൈഷണികരെയും മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ സംഘടനകളെയും കേസുകളിൽ കുടുക്കിയതിന്‌ എത്രയോ ഉദാഹരണം നമ്മുടെ കൺമുന്നിലുണ്ട്‌.

സൈബർലോകത്ത്‌ ആയിരക്കണക്കിനുപേരെ പണം നൽകി നിയോഗിച്ചാണ്‌ ബിജെപി തെരഞ്ഞെടുപ്പുകളെ നേരിടുന്നതെന്ന്‌ തെളിവ്‌ സഹിതം പുറത്തുവന്നിട്ടുണ്ട്‌. ബിജെപിയുടെ സമൂഹമാധ്യമ പ്രചാരണത്തിന്റെ അടിസ്ഥാന ആയുധം നുണകളാണ്‌. അതേ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരാണ്‌ ഇപ്പോൾ വ്യാജവാർത്ത വേട്ടയ്‌ക്ക്‌ ഇറങ്ങിയിരിക്കുന്നത്‌.

ലഭ്യമായ വിവരങ്ങൾ പ്രകാരം കേന്ദ്ര സർക്കാരോ അവരുടെ ഏജൻസികളോ ആകും ‘വ്യാജവാർത്ത' പരിശോധന നടത്തുക. ഇതിന്റെ ഫലമായി, കേന്ദ്ര സർക്കാരിന് എതിരായ ഒറ്റവാർത്തയും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താത്ത അവസ്ഥയുണ്ടാകും. സർക്കാർ പറയുന്ന ‘വ്യാജവാർത്തകൾ' നീക്കിയില്ലെങ്കിൽ ഫെയ്‌സ്‌ ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള മധ്യവർത്തികൾക്കെതിരെ കർശന നടപടിയുണ്ടാകും. മൂന്നാമതൊരു കക്ഷി പോസ്റ്റ്‌ ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ മധ്യവർത്തികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന ‘സേഫ് ഹാർബർ'പരിരക്ഷ അവർക്ക് ഉണ്ടാകില്ല. അതുകൊണ്ട് സർക്കാരിന് എതിരായ ‘വ്യാജവാർത്തകൾ'നീക്കംചെയ്യണമെന്ന തീട്ടൂരം മധ്യവർത്തികൾ ഉടൻ നടപ്പാക്കേണ്ടിവരും. ഓൺലൈനിലൂടെ അറിയാനുള്ള അവകാശവും അഭിപ്രായങ്ങൾ നിർഭയം രേഖപ്പെടുത്താനുള്ള അവകാശവുമാണ് ഐടി ഭേദഗതി ചട്ടങ്ങൾ ഇല്ലാതാക്കിയിട്ടുള്ളത്. ഭേദഗതി സെൻസർഷിപ്പിന് തുല്യമാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും  ഇന്റർനെറ്റ്‌ ഉപയോക്താക്കളുടെ കൂട്ടായ്മകളും ചൂണ്ടിക്കാണിക്കുന്നു.

വ്യാജവാർത്തകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന കാര്യത്തിൽ സംശയമില്ല. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും ഇക്കാര്യം സമീപകാലത്ത് ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്. എന്നാൽ, വ്യാജവാർത്തകൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്‌തമാകുമ്പോൾ അത് മാധ്യമസ്വാതന്ത്ര്യത്തിന്  ഭീഷണിയാകുമെന്നതിൽ സംശയമേതുമില്ല. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇപ്പോൾ സർക്കാരിന്റെ വളർത്തുമൃഗങ്ങളുടെ അവസ്ഥയിലേക്ക് അധഃപതിച്ചെന്നത് യാഥാർഥ്യമാണ്. ചുരുക്കം ചില മാധ്യമങ്ങളാണ്‌ സത്യം പറയുന്നത്. അവർ പറയുന്ന സത്യങ്ങൾകൂടി ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധബുദ്ധിയാണ് മോദി സർക്കാരിന്‌. മാധ്യമങ്ങൾക്ക് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഒറ്റരീതിയിൽമാത്രം ചിന്തിക്കുന്ന  സമൂഹത്തെ സൃഷ്ടിക്കുമെന്നും അത് ജനാധിപത്യത്തിന് വലിയ ഭീഷണിയാകുമെന്നും മീഡിയ വൺ കേസിൽ സുപ്രീംകോടതി വിധിച്ചിട്ട്‌ ദിവസങ്ങളേ പിന്നിട്ടിട്ടുള്ളൂ.

അതിനകം മാധ്യമസ്വാതന്ത്ര്യത്തിന്റെ പെട്ടിയിൽ ഒരാണികൂടി അടിക്കുകയാണ് സർക്കാർ.  ബിജെപിയുടെ ജനാധിപത്യവിരുദ്ധ  നടപടികൾക്കെതിരായ വിമർശങ്ങളെ നേരിടാൻ അടിയന്തരാവസ്ഥയിലെ അവകാശനിഷേധങ്ങൾ ചൂണ്ടിക്കാണിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും വിയോജിപ്പുകളുടെയും വിമർശങ്ങളുടെയും വായ തുന്നിക്കെട്ടാനുള്ള നെട്ടോട്ടത്തിലാണ്. സർക്കാരിന്റെ തെറ്റായ നടപടികൾക്കോ നയങ്ങൾക്കോ എതിരെ ഒറ്റവാക്കുപോലും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള മറ്റൊരു നീക്കമായ പുതിയ ഐടി ഭേദഗതി ചട്ടങ്ങൾക്കെതിരെ നിയമ, ജനകീയ പോരാട്ടങ്ങൾ അനിവാര്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top