24 April Wednesday

പിഎസ്‌എൽവിക്ക്‌ അമ്പതിന്റെ തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019



ഇന്ത്യയുടെ ബഹിരാകാശക്കുതിപ്പിന്റെ പര്യായമായ പിഎസ്എൽവി റോക്കറ്റ് ശ്രേണിയിലെ അമ്പതാമത് വിക്ഷേപണം ബുധനാഴ്‌ച വിജയകരമായി  നടന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബി ആർ ഒന്നിനെയും വഹിച്ച്‌ പിഎസ്എൽവി –സി 48 റോക്കറ്റാണ്‌ അമ്പതാമത് വിക്ഷേപണത്തിൽ കുതിച്ചത്. റഡാർ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ്‌ റിസാറ്റ് 2- ബി ആർ 1. ഇതോടൊപ്പം അമേരിക്ക, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത്‌ വിദേശ ഉപഗ്രഹവും വിക്ഷേപിച്ചു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐഎസ്ആർഒ)ത്തിനും രാജ്യത്തിനാകെയും  തികച്ചും  അഭിമാനകരമായ നേട്ടമാണിത്. 1993ലായിരുന്നു പിഎസ്എൽവി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. കഴിഞ്ഞ 26 വർഷത്തിനിടയിൽ ഏറ്റെടുത്ത ദൗത്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. അമ്പത്തഞ്ചിലധികം ഇന്ത്യൻ ഉപഗ്രഹവും 20 രാജ്യത്തുനിന്നുള്ള  മുന്നൂറിലധികം  ഉപഗ്രഹവും പിഎസ്‌എൽവി വിജയകരമായി  ഭ്രമണപഥത്തിലെത്തിച്ചു.

ഐഎസ്‌ആർഒയുടെ ‘പടക്കുതിര’യായാണ്‌ പിഎസ്‌എൽവി റോക്കറ്റ്‌ അറിയപ്പെടുന്നത്.  1993 സെപ്‌തംബർ 20ന്‌ നടന്ന ആദ്യ വിക്ഷേപണം പരാജയമായിരുന്നെങ്കിലും പിന്നീട് ഏറെ പിഴച്ചിട്ടില്ല. സങ്കീർണമായ ദൗത്യങ്ങൾക്ക്‌ ചേർന്ന വാഹനം എന്ന നിലയിൽ  പിഎസ്‌എൽവി പേരെടുത്തു.  2008ലെ ചാന്ദ്രയാൻ–-1, 2013 ലെ മംഗൾയാൻ–-1 എന്നിവയടക്കം പ്രധാന ദൗത്യങ്ങൾ പലതും  പിഎസ്‌എൽവിയുടേതായിട്ടുണ്ട്‌. 2017 ഫെബ്രുവരി 15ന്‌  104 ഉപഗ്രഹത്തെ ഒറ്റയടിക്ക്‌ ലക്ഷ്യത്തിലെത്തിച്ച ലോക റെക്കോഡും പിഎസ്‌എൽവി വഴി നേടിയതായിരുന്നു.

ലോകരാജ്യങ്ങളുടെ വിശ്വാസം നേടിയെടുത്ത ഇന്ത്യയുടെ ബഹിരാകാശപദ്ധതി എന്ന മികവും പിഎസ്എൽവിക്കുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്‌ ആശ്രയിക്കുന്നത് പിഎസ്എൽവിയെയാണ്.  സാങ്കേതിക കൃത്യതയും ചെലവിലുള്ള കുറവും പിഎസ്എൽവിയെ കൂടുതൽ സ്വീകാര്യമാക്കുന്നു.

രാജ്യത്തിന്റെ ഈ അഭിമാനനേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിനും ഏറെ അഭിമാനിക്കാം. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ തുമ്പയിൽ നിന്നായിരുന്നു ഈ നേട്ടത്തിന്റെയെല്ലാം ആദ്യ കാൽവയ്‌പുകൾ. അവിടത്തെ  പരീക്ഷണശാലയിൽ മൂന്നിഞ്ച്‌ കുഴലിൽ നിർമിച്ച സൗണ്ടിങ്‌ റോക്കറ്റിൽ നിന്നായിരുന്നു തുടക്കം. ഇപ്പോഴും എല്ലാ തന്ത്രപ്രധാന ബഹിരാകാശ ദൗത്യങ്ങളുടെയും കേന്ദ്രമായി തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ തലയുയർത്തി നിൽക്കുന്നു. നമ്മുടെ ബഹിരാകാശ ഗവേഷണത്തിന് അടിത്തറയിട്ട വിക്രം സാരാഭായിയുടെ ജന്മശതാബ്‌ദി വർഷം കൂടിയാണിത്. ഈ വർഷത്തെ ഐഎസ്ആർഒയുടെ നേട്ടത്തിന് തിളക്കമേറുന്നു.

ചാന്ദ്രദൗത്യത്തിൽ ചാന്ദ്രയാൻ–-2 വിന്‌  താൽക്കാലിക തിരിച്ചടിയേറ്റെങ്കിലും ഐഎസ്ആർഒ കുതിപ്പ് തുടരുകയാണ്. വാർത്താവിനിമയം, ദുരന്തനിവാരണം, കാലാവസ്ഥ, കൃഷി, ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത രംഗങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ഐഎസ്‌ആർഒയുടെ സാന്നിധ്യമുണ്ട്‌.  അടുത്ത മാർച്ചിനുള്ളിൽ ആറ്‌ വിക്ഷേപണ ദൗത്യവുമുണ്ട്‌.


 

ചന്ദ്രന്റെ ദക്ഷിണധ്രുവംതന്നെ ലക്ഷ്യമാക്കി ചാന്ദ്രയാൻ–-3 അടുത്ത വർഷം നവംബറിൽ വിക്ഷേപിക്കും. അതുപോലെ മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്നതിനുള്ള സ്വന്തംപദ്ധതി ഗഗൻയാൻ മൂന്ന്‌ വർഷത്തിനകം നടപ്പാക്കാനും ഐഎസ്ആർഒ തയ്യാറെടുക്കുന്നു. സൂര്യനെപ്പറ്റി പഠിക്കുന്നതിനുള്ള ആദിത്യ എൽ 1 അടുത്തവർഷം പകുതിയോടെ വിക്ഷേപിക്കാനും സജ്ജമായി. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം അഞ്ച്‌ വർഷത്തിനകം നടക്കും. ചൊവ്വയുടെ പ്രതലത്തിലിറങ്ങി പഠനം നടത്താനുള്ള സൗകര്യം ഒരുക്കിയാണ് ഈ ദൗത്യം. ഇങ്ങനെ കൂടുതൽ ഗൗരവമുള്ള ദൗത്യങ്ങളിലേക്ക്  കടക്കാൻ ഐഎസ്ആർഒ ഒരുങ്ങുമ്പോഴാണ് പിഎസ്എൽവിയുടെ അമ്പതാം കുതിപ്പ്. പിഎസ്‌എൽവിയുടെ രൂപകൽപ്പനയിൽ മാറ്റംവരുത്തി ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌.

ഓരോ ശാസ്ത്രനേട്ടവും രാജ്യം കൊണ്ടാടേണ്ടതുണ്ട്. ശാസ്ത്രബോധം പ്രചരിപ്പിക്കാൻ പ്രതിജ്ഞചെയ്യുന്ന ഒരു ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. ശാസ്ത്രബോധവും ചിന്താരീതികളും മാനവികതയും സാമൂഹ്യപരിഷ്‌കരണവും അന്വേഷണാത്മകതയും ഉയർത്തിപ്പിടിക്കുക പൗരന്റെ ലക്ഷ്യമായി പ്രഖ്യാപിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ,  ഇതിനെല്ലാം വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഭരണനേതൃത്വമാണ് രാജ്യം ഭരിക്കുന്നത്. പുഷ്പകവിമാനത്തിൽ വ്യോമയാനസിദ്ധാന്തങ്ങളുടെ ആദ്യ പാഠവും ചാണകത്തിൽ ആണവവികിരണവും തിരയുന്നവരാണവർ. ശാസ്ത്രനേട്ടങ്ങൾപോലും അന്ധവിശ്വാസങ്ങളുടെ പിൻബലത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നവർ മന്ത്രിപദവിയിൽപ്പോലുമുണ്ട്.

ശാസ്ത്രം ചൂഷണത്തിനെതിരെയും സാമൂഹ്യപുരോഗതിക്കായും ഉപയോഗപ്പെടുത്തണമെന്ന ബോധം ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ഇക്കൂട്ടർക്കെതിരായ  ചെറുത്തുനിൽപ്പിന്റെ ഭാഗമാണ്. ഭരണഘടന വിഭാവനംചെയ്യുമ്പോലെ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ രാജ്യത്തിനായുള്ള പോരാട്ടത്തിൽ ശാസ്ത്രനേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നത് പ്രധാനം തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top