25 April Thursday

ശാസ്‌ത്രനേട്ടം എസ്‌എസ്‌എൽവി വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2023


ചെലവുകുറഞ്ഞ വിക്ഷേപണ സാങ്കേതികവിദ്യയിൽ ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം വീണ്ടും ചരിത്രം രചിച്ചു.  ബഹിരാകാശ ഗവേഷണപദ്ധതികളെ സമൂഹത്തിന്റെ നന്മയ്‌ക്കായി ഉപയോഗപ്പെടുത്തുകയെന്ന വിക്രം സാരാഭായിയുടെ പ്രഖ്യാപിത നയമാണ്‌ ഐഎസ്‌ആർഒയുടെ ശാസ്ത്രജ്ഞർക്കും സാങ്കേതികവിദഗ്‌ധർക്കും എക്കാലത്തും വഴികാട്ടിയാകുന്നത്‌. ചെലവുകുറച്ച്‌  ക്ഷമതയും മികവും ഏറിയ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കുക എന്നതായിരുന്നു സാരാഭായിയുടെ സ്വപ്‌നം. ഇക്കാര്യത്തിൽ  ഇസ്രോ എക്കാലത്തും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ച ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ കുതിച്ചുയർന്ന ‘ബേബി റോക്കറ്റ്‌’ ഇത്തരത്തിലൊന്നാണ്‌. വിക്ഷേപണത്തിന്റെ 16–-ാം മിനിറ്റിൽ മൂന്ന്‌ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ചു. ബഹിരാകാശ ശാസ്‌ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ തികച്ചും ഒരു ‘ടെക്‌സ്റ്റ്‌ ബുക്ക്‌’ ലോഞ്ച്‌. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -07, അമേരിക്കയിൽനിന്നുള്ള ജാനസ്–1,  വിദ്യാർഥിനികളുടെ ആസാദി സാറ്റ്- 2 എന്നിവയാണ് ലക്ഷ്യംകണ്ടത്‌. എസ്‌എസ്‌എൽവി ഡി–-2 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.

കഴിഞ്ഞ ആഗസ്‌തിൽ നടത്തിയ പരീക്ഷണപ്പറക്കൽ പരാജയപ്പെട്ടിരുന്നു. രണ്ടും മൂന്നും ഘട്ടം വേർപെടുന്നതിനിടെ ഉണ്ടായ ശക്തമായ ഉലച്ചിൽ സൃഷ്ടിച്ച ആഘാതത്തിൽ റോക്കറ്റ്‌ നിയന്ത്രണംവിടുകയായിരുന്നു. പരാജയകാരണം കണ്ടെത്തി,  സാങ്കേതികത്തകരാർ പരിഹരിച്ച്‌  അഞ്ചു മാസത്തിനുള്ളിൽ വീണ്ടും വിക്ഷേപണം നടത്താനായി. 40 പേരടങ്ങിയ കോർ ടീമിനായിരുന്നു നേതൃത്വം. ഒരു ദശാബ്ദത്തെ ഗവേഷണങ്ങൾക്കൊടുവിൽ വികസിപ്പിച്ച  സ്‌മാൾ സാറ്റ്‌ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ (എസ്‌എസ്‌എൽവി)എന്ന പുതുതലമുറ റോക്കറ്റ്‌ പുതുസാധ്യതകൾ തുറക്കുകയാണ്‌.

പുതിയകാലത്തെ ആവശ്യങ്ങൾക്കായുള്ള ഒരു സമ്പൂർണ വിക്ഷേപണവാഹനമാണ്‌ ഇത്‌. 500 കിലോവരെയുള്ള നാനോ, ‌മൈക്രോ, മിനി സാറ്റലൈറ്റുകളെ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കുകയാണ്‌ ഈ കുഞ്ഞൻ റോക്കറ്റിന്റെ ലക്ഷ്യം. ബഹിരാകാശ സാങ്കേതികവിദ്യാ വികസനരംഗത്ത്‌ വൻമാറ്റങ്ങളാണ്‌ ഉണ്ടാകുന്നത്‌. ഈ മാറ്റങ്ങളിൽ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ വലിയ സംഭാവനയാണ്‌ നൽകുന്നത്‌. തദ്ദേശീയമായി റോക്കറ്റുകൾ വികസിപ്പിക്കുന്നതിൽ പടിപടിയായ വളർച്ചയാണ്‌ ഇസ്രോ നേടിയത്‌.

അമേരിക്കൻ ഉപരോധത്തെ മറികടന്ന നിശ്ചയദാർഢ്യത്തിലൂടെ ക്രയോജനിക്ക്‌ സാങ്കേതികവിദ്യ സ്വായത്തമാക്കി ലോകത്തെ അത്ഭുതപ്പെടുത്തി. തിരുവനന്തപുരത്തെ തുമ്പയെന്ന കടലോര ഗ്രാമത്തിലെ ഇല്ലായ്‌മകളിൽനിന്നുള്ള സാങ്കേതികവിദ്യാ വളർച്ച അര നൂറ്റാണ്ടിനപ്പുറത്തേക്ക്‌ കുതിച്ചുകഴിഞ്ഞു. ഗോളാന്തര ഗവേഷണങ്ങളും  യാത്രകളുമടങ്ങുന്ന വലിയ ദൗത്യങ്ങൾ അണിയറയിലൊരുങ്ങുന്നു.

തുമ്പയിലെ ചെറിയ വർക്‌ഷോപ്പിൽ നിർമിച്ച സൗണ്ടിങ്‌ റോക്കറ്റിൽനിന്ന്‌ എസ്‌എൽവി, എഎസ്‌എൽവി, പിഎസ്‌എൽവി, ജിഎസ്‌എൽവി, ജിഎസ്‌എൽവി മാർക്ക്‌–-3, ആർഎൽവി തുടങ്ങിയവയും കടന്നുള്ള വളർച്ചയിലാണ്‌ വിക്ഷേപണവാഹന രംഗത്ത്‌ ഐഎസ്‌ആർഒ. സെമിക്രയോ സാങ്കേതികവിദ്യയിലുള്ള റോക്കറ്റും ഉടൻ തയ്യാറാകും. വിശ്വസ്‌ത റോക്കറ്റായ പിഎസ്‌എൽവിക്ക്‌ തന്നെ നിരവധി രൂപമാറ്റമുണ്ടായി. ബാഹുബലി എന്നു വിശേഷിപ്പിക്കുന്ന ജിഎസ്‌എൽവി മാർക്ക്‌ –-3 യുടെ പുതിയ തലമുറയ്‌ക്ക്‌  5000 കിലോക്കു മുകളിൽ ഭാരം വഹിക്കാനാകും. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ പദ്ധതിക്കായി തയ്യാറാക്കുന്ന റോക്കറ്റ്‌ ഇത്തരത്തിലുള്ളതാണ്‌. ഇന്ത്യയുടേത്‌ കൂടാതെ അമേരിക്കയുടേതടക്കമുള്ള രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിച്ച ഐഎസ്‌ആർഒയ്ക്ക്‌ എസ്‌എസ്‌എൽവി ദൗത്യവിജയം പുതിയ സാധ്യതകളാണ്‌ തുറക്കുന്നത്‌. വലിയ സാറ്റലൈറ്റുകൾക്കു പകരമായി ശേഷികൂടിയ മിനി സാറ്റലൈറ്റുകൾ വിക്ഷേപിക്കാനാണ്‌ ലോക രാജ്യങ്ങൾ കൂടുതലായും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ വിക്ഷേപണ വിപണിയിൽ ഐഎസ്‌ആർഒയ്ക്ക്‌ വലിയ പങ്കുവഹിക്കാനാകും. സ്വകാര്യവൽക്കരണ നടപടികൾ ഒരുവശത്ത്‌ വലിയ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും വിട്ടുവീഴ്‌ചയില്ലാത്ത നിശ്ചയദാർഢ്യവും കഠിനാധ്വാനവുമായി ഇസ്രോ സമൂഹം അത്ഭുതമാകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top