19 April Friday

പുതിയ ദൌത്യങ്ങള്‍ക്ക് ഊര്‍ജമായ കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017


ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്ആര്‍ഒ ചരിത്രംകുറിച്ചു. ലോകത്തിലെതന്നെ ഏറ്റവും വലിയ റെക്കോഡാണിത്. 2014 ല്‍ ഒറ്റ റോക്കറ്റില്‍ 37 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2013ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 29 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ലോക വന്‍ശക്തിയായ അമേരിക്കയുടെയും റഷ്യയുടെയും റെക്കോഡാണ്  ഇന്ത്യ ഇപ്പോള്‍ തകര്‍ത്തത്. അഭിമാനകരമായ വിജയംതന്നെയാണിത്. അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ള എല്ലാ ശാസ്ത്രജ്ഞരുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും ശ്രമം ശ്ളാഘനീയമാണ്. ഉപഗ്രഹവിക്ഷേപണത്തിനുള്ള പിഎസ്എല്‍വി 37 റോക്കറ്റ് കേരളത്തില്‍ വച്ചാണ് നിര്‍മിച്ചതെന്നതും അഭിമാനകരംതന്നെ. വേളിയിലെ വിക്രം സാരാഭായ് സ്പേസ്  സെന്ററിലും വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിലുമായാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന പിഎസ്എല്‍വിസി-37 റോക്കറ്റ് കൃത്യതയോടെ അരമണിക്കൂറിനുള്ളില്‍ ദൌത്യം പൂര്‍ത്തിയാക്കി. ഇരുപത്തെട്ട് മണിക്കൂര്‍ കൌണ്ട്ഡൌണ്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പകല്‍ 9.28നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി വിക്ഷേപിച്ചത്. അതിവേഗം മുന്നോട്ട് കുതിക്കുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപണ സമയത്ത് കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഇരുവശത്തുനിന്നും ഒരു ജോഡി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചാണ് ഈ അപകടസാധ്യത മറികടന്നത്.  ഇന്ത്യയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ആണ് വിക്ഷേപിച്ചതിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം. 714 കിലോഗ്രാമാണ് ഇതിന്റെ ഭാരം. തീരപ്രദേശങ്ങള്‍, റോഡ് ശൃംഖല, ജലവിതരണം തുടങ്ങിയവയുടെ നിരീക്ഷണത്തിനും മറ്റുമായാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചിട്ടുള്ളത്. ഇതുകൂടാതെ ഐഎന്‍എസ് 1 എ, ഐഎന്‍എസ് ബി-1 ബി എന്നീ നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടേതാണ്. ബാക്കിയെല്ലാംതന്നെ വിദേശരാജ്യങ്ങളുടേതാണ്. ഇതില്‍ 96 എണ്ണം അമേരിക്കയില്‍നിന്നുള്ള രണ്ട് സ്വകാര്യ കമ്പനികളുടേതാണ്.  നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍, കസാഖിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളുമാണ് ഭ്രമണപഥത്തിലെത്തിച്ചത്. മൊത്തം 1378 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്.   ഇതോടെ വിജയകരമായ 38 ഉപഗ്രഹ വിക്ഷേപണങ്ങളില്‍നിന്നായി 226 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതില്‍ 179ഉം വിദേശരാജ്യങ്ങളില്‍നിന്നുള്ളവയാണ്.

ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണത്തിന് ചെലവ് കുറവാണെന്നതാണ് ലോകരാജ്യങ്ങളും സ്വകാര്യ കമ്പനികളും ഐഎസ്ആര്‍ഒ വഴി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറാകുന്നതിന് കാരണം. ഒരു ഉപഗ്രഹവിക്ഷേപണത്തിന് 130-150 കോടി രൂപയാണ് ചെലവ്. യുറോപ്യന്‍ ഏരിയല്‍ റോക്കറ്റ് വഴിയാണെങ്കില്‍ 721 കോടിയും അമേരിക്കയിലെ നാസ വഴിയാണെങ്കില്‍ 671 കോടിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സി വഴിയാണെങ്കില്‍ 588 കോടിരൂപയുമാണ് ചെലവ്. ഇന്ത്യയുടെ ചൊവ്വാദൌത്യത്തിന് 500 കോടി രൂപയാണ് ചെലവായതെങ്കില്‍ അമേരിക്കന്‍ ദൌത്യത്തിന് 4500 കോടി രൂപയാണ് ചെലവായത്. ചെലവ് കുറഞ്ഞ ഉപഗ്രഹവിക്ഷേപണം സാധ്യമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് കൂടുതല്‍ ഉപഗ്രഹവിക്ഷേപണത്തിനുള്ള ഓര്‍ഡര്‍ വരുംവര്‍ഷങ്ങളില്‍ ലഭിക്കാന്‍ ഇത് കാരണമാകും.

അരനൂറ്റാണ്ട് മുമ്പ് തുമ്പയില്‍നിന്നാണ് ആദ്യ റോക്കറ്റ് ബഹിരാകാശത്തേക്ക് ഉയര്‍ന്നത്. 1975ലാണ്  ആദ്യ ഉപഗ്രഹം ആര്യഭട്ട ബഹിരാകാശത്തേക്ക് കുതിച്ചത്. സോവിയറ്റ് യൂണിയനില്‍നിന്നാണ് ഈ ഉപഗ്രഹവിക്ഷേപണം നടന്നത്. സാമ്രാജ്യത്വവിരുദ്ധ ചേരിചേരാനയത്തിന്റെ നായകസ്ഥാനം വഹിച്ചതുകൊണ്ടുതന്നെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയെ സഹായിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുംചേര്‍ന്ന് ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന് അടിത്തറപാകിയത്. ഇതിന്റെ ഫലമായാണ് ബംഗളൂരു ആസ്ഥാനമാക്കി ഐഎസ്ആര്‍ഒ ക്ക് രൂപംനല്‍കിയത്.

തദ്ദേശീയമായി റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതിലും വിക്ഷേപിക്കുന്നതിലും  ഐഎസ്ആര്‍ഒ മികവ് നേടുകയുംചെയ്തു.  തദ്ദേശീയമായി നിര്‍മിച്ച എസ്എല്‍വി-3 റോക്കറ്റ് ഉപയോഗിച്ച് രോഹിണിയന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ഈ മേഖലയിലെ കുതിപ്പിന് തുടക്കമായി.  പിന്നീട് പിഎസ്എല്‍വിയും ജിഎസ്്എല്‍വിയും ഇന്ത്യ വിക്ഷേപിച്ചു. ദീര്‍ഘകാലം ഇന്ത്യക്ക് നിഷേധിക്കപ്പെട്ട ക്രയോജനിക് സാങ്കേതിക വിദ്യയും എന്‍ജിനും വികസിപ്പിച്ചെടുക്കാനും ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞു.  2008ല്‍ ചാന്ദ്രയാന്‍ ഒന്നും 2014ല്‍ മംഗള്‍യാനും വിജയകരമായി വിക്ഷേപിച്ചു. 104 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഐഎസ്ആര്‍ഒയ്ക്ക് കൂടുതല്‍ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് കരുത്തുനല്‍കും. സൂര്യനും ശുക്രനും ബുധനുംമറ്റും ലക്ഷ്യമാക്കിയുള്ള പുതിയ ദൌത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. ആ ശ്രമങ്ങളും വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top