03 July Thursday

ഇസ്രയേൽ കൂട്ടക്കൊല അവസാനിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023


ആശുപത്രിക്കുള്ളിലും പുറത്തുമായി കൈയും കാലുമില്ലാത്ത ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും പരിക്കേറ്റ്‌ വേദനകൊണ്ട്‌ പുളയുന്ന പിഞ്ചുകുട്ടികളുടെയും സ്‌ത്രീകളുടെയും നിലവിളികളും ലോക മനഃസാക്ഷിയെ പിടിച്ചുലയ്‌ക്കുകയാണ്‌. ഗുരുതരപരിക്കേറ്റ്‌ വരുന്നവർക്ക്‌ വേദനാസംഹാരികൾപോലും നൽകാനാകാതെ നിസ്സഹായമായ ആശുപത്രികളും. ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കൂട്ടക്കുരുതിയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികൾ ചെയ്തുകൂട്ടിയ കൊടുംക്രൂരതയെ കവച്ചുവയ്‌ക്കുകയാണ്‌ ഇപ്പോൾ സയണിസ്റ്റ്‌ ഭീകരത. സ്ത്രീ​ക​ളെയും കു​ഞ്ഞു​ങ്ങളെയും അ​ഭ​യാ​ർ​ഥികളെപ്പോലും വെറുതെവിടുന്നില്ല. വം​ശീ​യ ഉ​ന്മൂ​ല​നം ല​ക്ഷ്യ​മി​ട്ടാണ്‌ സ്ത്രീ​ക​ളെ​യും കു​ട്ടിക​ളെ​യും സ​യ​ണി​സ്റ്റു​ക​ൾ കൊലപ്പെടുത്തുന്ന​ത്. യുദ്ധത്തിൽ പാലിക്കേണ്ട മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന​യൊ​ന്നും ത​ങ്ങ​ളു​ടെ വംശീയ ഉ​ന്മൂ​ലന​ ലക്ഷ്യത്തി​ന് ബാ​ധ​ക​​മ​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ വീണ്ടും തെ​ളി​യി​ച്ചുകൊണ്ടിരിക്കുന്നു. 2008-നു ശേഷംമാത്രം ഒന്നരലക്ഷം പലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ 33,000 പേരും കുട്ടികളാണെന്നറിയുമ്പോഴാണ്‌  ക്രൂരത വ്യക്തമാകുക. ചികിത്സയും അഭയവും തേടി ആശുപത്രിയിൽ എത്തിയവർക്കുനേരെ മുന്നറിയിപ്പില്ലാതെ സർവ മര്യാദകളും ലംഘിച്ച്‌ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണം ഒരു യുദ്ധമുഖത്തും മുമ്പുണ്ടായിട്ടില്ലാത്ത സംഭവമാണ്‌.

ഗാസ നഗരത്തിന്റെ തെക്ക്‌ സെയ്‌തൂണിൽ ക്രൈസ്‌തവ രൂപത നടത്തുന്ന അൽ അഹ്‌ലി അറബ്‌ ആശുപത്രിയിൽ ചൊവ്വ രാത്രി നടത്തിയ ആക്രമണത്തിൽ ഇതുവരെ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. പിഞ്ചുകുട്ടികളുടെയും വയോധികരുടെയും സ്‌ത്രീകളുടെയും  ജീവനെടുത്ത ആക്രമണം അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ കടുത്ത ലംഘനമാണ്‌. ക്രൈ​സ്തവ മി​ഷ​ന​റി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടികളും ​അവിടെ അ​ഭ​യം​തേ​ടി​യ​ത്. ഒക്‌ടോബർ  ഏഴുമുതൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനാൽ അവശ്യമരുന്നുകളൊന്നും ലഭിക്കാതെ വിറങ്ങലിച്ചുനിൽക്കുന്ന ഗാസയിലെ ആശുപത്രികളിലേക്കാണ്‌ റോക്കറ്റ്‌ ആക്രമണം നടത്തുന്നത്‌. യുദ്ധവേളയിൽ ആശുപത്രികളും ആരോഗ്യപ്രവർത്തകരും കുട്ടികളും സ്‌ത്രീകളും സംരക്ഷിക്കപ്പെടണമെന്നാണ്‌ വ്യവസ്ഥ. ഇസ്രയേൽ ഉൾപ്പെടെ 195 രാജ്യങ്ങൾ അംഗീകരിച്ച ജനീവ കൺവൻഷൻ ധാരണപ്രകാരം സംരക്ഷിത കേന്ദ്രങ്ങളായ ആശുപത്രികൾ ഒരു കാരണവശാലും ആക്രമിക്കാൻ പാടില്ല. ഇതിനു വിരുദ്ധമായ എല്ലാ ആക്രമണങ്ങളെയും യുദ്ധക്കുറ്റമായാണ്‌ കണക്കാക്കുന്നത്‌. വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവയ്‌ക്കുന്ന കൊടുംക്രൂരതയാണ്‌ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത്‌.

കൊല്ലപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. 10 ലക്ഷത്തിലേറെ പേർ അഭയാർഥികളായി. പലസ്‌തീൻ ജനത മരണം കൺമുന്നിൽ കണ്ടാണ്‌ ഓരോ നിമിഷവും കഴിയുന്നത്‌. സ​ക​ല മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര മ​ര്യാ​ദ​ക​ളും കാ​റ്റി​ൽ​പ്പറ​ത്തി പ​ല​സ്തീ​ൻ ജ​ന​തയ്‌​ക്കു​നേരെ നി​ര​ന്ത​ര ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന ഇ​സ്രയേ​ൽ മാനുഷിക ഇടനാഴിപോലും അനുവദിക്കുന്നില്ല. ഗാസയെ വളഞ്ഞിട്ട്‌ ഉപരോധിച്ച്‌ ജനങ്ങളെ ഒന്നടങ്കം തടങ്കലിലിട്ട്‌ ഭക്ഷണവും ഇന്ധനവും വൈദ്യുതിയും വെള്ളവും നിഷേധിച്ച്‌ 20 ലക്ഷത്തിലേറെ ജനങ്ങളെ കൊലയ്‌ക്കുകൊടുക്കുകയാണ്‌ ഇസ്രയേൽ. പലസ്തീൻകാരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്രതലത്തിൽ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. അറബ്‌ രാജ്യങ്ങളിൽ മാത്രമല്ല, ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കൻ സഖ്യകക്ഷികൾതന്നെ പ്രതിഷേധവുമായി രംഗത്തുവരുമ്പോൾ യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേൽ സന്ദർശിച്ച്‌ ആക്രമണത്തെ പിന്തുണയ്‌ക്കുന്നു. മാത്രമല്ല, ഗാസയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെയും ഇസ്രയേൽ ഗാസയിൽ സാധാരണക്കാർക്കെതിരെ നടത്തുന്ന ആക്രമണത്തെയും ഒരുപോലെ അപലപിക്കുകയും ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്‌തു.  മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇസ്രയേലിനെ പിന്തുണയ്‌ക്കുകയാണ്‌ യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ.

സാമ്രാജ്യത്വ കൊളോണിയൽ പശ്ചാത്തലത്തിൽ മതരാഷ്ട്രമായി രൂപംകൊണ്ടശേഷം ഏഴര പതിറ്റാണ്ടായി പലസ്തീനികളെ കൂട്ടക്കുരുതി നടത്തുകയാണ്‌ ഇസ്രയേൽ. പലസ്തീൻ എന്ന ആശയത്തെപ്പോലും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്‌ സയണിസ്റ്റ്‌ തീവ്രവാദികൾ. സമാധാന ചർച്ചകളോട്‌ നീതി പുലർത്താത്ത രാജ്യമാണത്‌. ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​വും വം​ശ​ഹ​ത്യ​യും ന​ട​ത്തുന്ന ഇ​സ്ര​യേ​ലി​നെ വി​ല​ക്കാ​ൻ ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം രംഗത്തുവരികയാണ്‌ വേണ്ടത്‌.  കാലങ്ങളായി പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിലകൊണ്ട ഇന്ത്യയെ ഇസ്രയേലിനൊപ്പം നിർത്തുകയാണ്‌ മോദി സർക്കാർ. പരിഷ്‌കൃത സമൂഹത്തിന്‌ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സയണിസ്റ്റ്‌ ക്രൂരതയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കാനും പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഇന്ത്യയുടെ പരമ്പരാഗതമായ നിലപാട്‌ ഉയർത്തിപ്പിടിക്കാനും മോദി സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top