26 April Friday

ഗാസയിലെ മനുഷ്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018


ജീവിതം വഴിമുട്ടിക്കുന്ന ഉപരോധത്തിനെതിരെ പ്രതിഷേധിക്കുന്ന ഗാസയിലെ പലസ്തീനികൾക്കെതിരെ ഇസ്രയേലിസേന നടത്തുന്ന വെടിവയ്പ് മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. മാർച്ച് 30ന് ആരംഭിച്ച പ്രതിഷേധത്തിനെതിരെ ഇസ്രയേൽസേന നടത്തുന്ന വെടിവയ്പിൽ ഇതിനകം 31 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇസ്രയേൽസേന നടത്തിയ വെടിവയ്പിൽമാത്രം 11 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ പ്രമുഖ േഫാട്ടോഗ്രാഫറായ യാസർ മുർതാസയാണ് ഏറ്റവും അവസാനമായി കൊല്ലപ്പെട്ടത്. വയറിന് വെടിയേറ്റാണ് എയ്ൻ മീഡിയയിലെ ഈ യുവ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടത്. പ്രക്ഷോഭം തുടങ്ങിയ മാർച്ച് 31നുമാത്രം 17 പലസ്തീൻകാരെയാണ് ഇസ്രയേലി സേന നേർക്കുനേർ നടത്തിയ വെടിവയ്പിൽ വധിച്ചത്. 2500ലധികംപേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇസ്രയേൽ നടപടി ക്രൂരമെന്നാണ് യുഎൻ മനുഷ്യാവകാശ സംഘടന വിശേഷിപ്പിച്ചത്.

ഗാസാ ചീന്തിലെ 20 ലക്ഷം വരുന്ന ജനങ്ങൾക്ക് സാധാരണജീവിതം അസാധ്യമായ ഘട്ടത്തിലാണ് അവർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടാൻ നിർബന്ധിക്കപ്പെട്ടത്. 225 ചതുരശ്ര കിലോമീറ്റർമാത്രം വരുന്ന പ്രദേശത്താണ് ഇത്രയും ജനങ്ങൾ താമസിക്കുന്നത്. അവർ നേരത്തെ താമസിച്ച പ്രദേശം മുഴുവൻ ഇസ്രയേൽ യുദ്ധത്തിലൂടെ കൈവശപ്പെടുത്തിയിരുന്നു. അഭയാർഥികളായാണ് അവർ ഗാസയിൽ എത്തിയത്. എന്നാൽ, കഴിഞ്ഞ 11 വർഷമായി ഇസ്രയേൽ ഈ കൊച്ചു ഭൂപ്രദേശത്തെയും അവിടത്തെ ജനങ്ങളെയും ഉപരോധം ഏർപ്പെടുത്തി ശിക്ഷിക്കുകയാണ്. ഈജിപ്തുകൂടി ഇസ്രയേലിനൊപ്പം ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസ തീർത്തും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ഗാസയിലേക്കും പുറത്തേക്കും ആളുകളുടെയും ചരക്കുകളുടെയും വരവ് പൂർണമായും ഇസ്രയേൽ നിരീക്ഷണത്തിലായി. ഇതോടെയാണ് സാധാരണജീവിതം ദുരിതപൂർണമായത്. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായാണ് ഗാസാ ചീന്തിനെ വിശേഷിപ്പിക്കുന്നത്.

ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ അഭ്യർഥനകളും ടെൽ അവീവ് തള്ളിക്കളയുകയായിരുന്നു. അമേരിക്കയുടെയും പ്രസിഡന്റ് ട്രംപിന്റെയും പിന്തുണയാണ് ഗാസയെ ശിക്ഷിക്കാൻ ഇസ്രയേലിന് കരുത്തുനൽകുന്നത്. മനുഷ്യാവകാശത്തെക്കുറിച്ച് വീൺവാക്കുകൾ പറയുന്ന പാശ്ചാത്യലോകവും ഗാസയുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കുകയാണ്. അറബ്രാഷ്ട്രങ്ങൾപോലും പല കാരണങ്ങളും നിരത്തി ഗാസയിലെ മനുഷ്യത്വരാഹിത്യം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് ഗാസയിലെ ജനങ്ങൾ ഇസ്രയേൽ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അതിർത്തിയിലേക്ക് മാർച്ച് ചെയ്തുകൊണ്ടായിരുന്നു ഈ പ്രതിഷേധം. അവർ അതിർത്തിയിൽ ടയർ കത്തിച്ചും മറ്റും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.  ഇസ്രയേൽ ഉപരോധം അവരുടെ ജീവിതത്തെയാണ്, ഭാവിയെയാണ് തകർത്തെറിഞ്ഞത്. അതിനാലാണ് ഗസ്സൻ കനാഫനിയുടെ 'ഓൾ ദാറ്റ് ഈസ് ലെഫ്റ്റ് ടു യു' എന്ന നോവലിൽ പറയുന്നതുപോലെ ജീവിതം പൂർണമായും തകർന്നതെങ്കിലും പ്രതിരോധിക്കാനുള്ള ശേഷിമാത്രം അവർക്ക് കൈമോശം വന്നിട്ടില്ല. അത് തെളിയിക്കുന്ന പ്രതിഷേധമാണിപ്പോൾ ഗാസയിൽ നടക്കുന്നത്. സയണിസ്റ്റ് കൊളോണിയലിസത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് തിരികൊളുത്തിയിട്ടുള്ളത്.

ഗാസയിലെ ആക്രമണത്തിനെതിരെ സാർവദേശീയമായിത്തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര ഏജൻസിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യമാണ് പൊതുവെ ഉയർന്നുവന്നിട്ടുള്ളത്. എന്നാൽ, യുഎൻ രക്ഷാസമിതിയിൽ ഇതേ ആവശ്യത്തെ അമേരിക്ക തടയുകയുണ്ടായി. ഇസ്രയേലും ഇത്തരമൊരു അന്വേഷണത്തെ എതിർക്കുകയാണ്. എന്നാൽ, ഏറെ ദുഃഖകരമായ കാര്യം സമാധാനപരമായി പ്രതിഷേധിക്കുന്ന പലസ്തീനികളെ ഇസ്രയേൽ വെടിയുണ്ടകൾകൊണ്ട്് നേരിട്ടിട്ടും അതിനെ ശക്തമായ ഭാഷയിൽ അപലപിക്കാനോ ഈ ക്രൂരതയ്ക്കെതിരെ രംഗത്തുവരാനോ ലോകരാഷ്ട്രങ്ങൾ—തയ്യാറാകുന്നില്ല എന്നതാണ്. ഗാസ ഭരിക്കുന്നത് ഹമാസ് ആയതിനാലാണ് പല പാശ്ചാത്യരാഷ്ട്രങ്ങളും മൗനംപാലിക്കുന്നത്. കാരണം അവരുടെ കണ്ണിൽ ഹമാസ് ഭീകരവാദസംഘടനയാണ്. എന്നാൽ,പ്രതിഷേധിക്കുന്നവരെ വെടിവച്ചിടുന്ന ഇസ്രയേലിന്റെ നടപടിയും ഭീകരവാദംതന്നെയാണ് എന്നു പറയാനുള്ള ആർജവം ഈ രാഷ്ട്രങ്ങൾ കാണിക്കുന്നില്ല. പലസ്തീനികൾക്കിടയിലെ അനൈക്യവും ഇസ്രയേൽ മുതലെടുക്കുകയാണ്. പശ്ചിമതീരത്ത് ഫത്താ വിഭാഗമാണ് ഭരണം നടത്തുന്നതെങ്കിൽ, ഗാസയിൽ തീവ്രവാദി വിഭാഗമായ ഹമാസാണ് ഭരണത്തിൽ. പല ഘട്ടങ്ങളിലും ഇവർ ഐക്യപ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും ഗാസയിലെ ജനങ്ങൾഅഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനുപോലും യോജിച്ച ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ദശാബ്ദത്തിലധികമായി തുടരുന്ന ഗാസയ്ക്കെതിരെയുള്ള ഉപരോധം പിൻവലിച്ചാൽമാത്രമേ ഇപ്പോഴത്തെ പ്രതിഷേധവും ശാശ്വതമായി പരിഹരിക്കാനാകൂ. അതിനുള്ള ശക്തമായ സമ്മർദമാണ് ഇസ്രയേലിനുമേൽ ഉണ്ടാകേണ്ടത്
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top