29 March Friday

ഈ കാപട്യത്തെ അകറ്റിനിർത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 11, 2023


ആഘോഷവേളകളിൽ പരസ്‌പരം സന്ദർശിച്ച്‌ ആശംസ അറിയിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല. പിന്നെഎന്തുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും  ക്രിസ്‌ത്യൻ പള്ളിയിലെത്തിയത്‌ വിവാദമായി. എന്തുകൊണ്ട്‌ അവർതന്നെ സന്ദർശനത്തിന്‌ അമിതപ്രാധാന്യം നൽകി പ്രചരിപ്പിക്കുന്നു. ഉത്തരം വ്യക്തമാണ്‌; മൂന്നാമതും അധികാരത്തിലേറാൻ തീവ്രഹിന്ദുത്വവും മതധ്രുവീകരണവും മതിയാകില്ലെന്ന്‌ ബിജെപിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ  നിരന്തരം തുടരുന്ന സംഘപരിവാർ കടന്നാക്രമണങ്ങൾക്കുനേരെ കണ്ണടയ്‌ക്കുന്ന പ്രധാനമന്ത്രിയും പരിവാരങ്ങളും ലജ്ജാലേശമന്യേ അരമനകളിലെത്തി ക്രിസ്‌ത്യൻ പുരോഹിതരുടെ കൈകളിൽ  മുത്തുന്നത്‌ തനി കാപട്യമാണ്‌.

ഓർത്തഡോക്‌സ്‌ സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മ  മാത്യൂസ്‌ തൃതീയൻ  കാതോലിക്കാബാവാ  തുറന്നടിച്ചതുപോലെ,  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രിസ്‌ത്യൻവേട്ടയ്‌ക്ക്‌ ഒരു കുറവും വന്നിട്ടില്ല. പലയിടത്തും ബിജെപിക്കാരാണ്‌ ആക്രമണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. അപലപിക്കാനോ തള്ളിപ്പറയാനോ പാർടി  തയ്യാറല്ല. ക്രിസ്‌ത്യൻ വിഭാഗങ്ങളെ പ്രീണിപ്പിക്കാനല്ല; അവരെ  സംരക്ഷിക്കാനാണ്‌ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത്‌ എന്ന ബാവായുടെ പ്രതികരണം ബിജെപിയുടെ ഇരട്ടമുഖം വെളിവാക്കി.

പള്ളികൾക്കും പുരോഹിതർക്കും കന്യാസ്‌ത്രീകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽനിന്ന്‌ രക്ഷതേടി ക്രിസ്‌ത്യൻ സംഘടനകൾ പ്രക്ഷോഭരംഗത്താണ്‌. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ എൺപതോളം സഭകളും സംഘടനകളും പങ്കെടുത്തു. സംസ്ഥാനങ്ങളിൽനിന്ന്‌ ആക്രമണസംഭവങ്ങളുടെ റിപ്പോർട്ട് തേടണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെങ്കിലും കേന്ദ്രം അനങ്ങിയില്ല. കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ ആക്രമണങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞതായി ആരും കേട്ടില്ല. ഈ സമയത്തുതന്നെ ക്രിസ്‌ത്യൻ ജനതയ്ക്കെതിരെ ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യവും ഓർഗനൈസറും കടുത്ത വിഷം ചീറ്റി. ക്രിസ്‌മസ്‌ നവവത്സര ആഘോഷം  ആഗോള പരിസ്ഥിതി ദുരന്തത്തിന്‌ കാരണമാകുന്നുവെന്ന  ആരോപണമായിരുന്നു  ഓർഗനൈസറിന്റെ ജനുവരി ലക്കം കവർ സ്‌റ്റോറി. ഇത്തരത്തിൽ ഇതരമതങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും ദുർബോധനപ്പെടുത്തുന്നവർ ഒരു സുപ്രഭാതത്തിൽ മതസാഹോദര്യത്തിനു വേണ്ടി ഇറങ്ങിയാൽ ജനങ്ങൾ മുഖംതിരിക്കുന്നത്‌ സ്വാഭാവികം.

സംഘപരിവാറിന്റെ അന്യമതവിരോധം  കേവലം  വിശ്വാസവുമായി  ബന്ധപ്പെട്ടതല്ല. ഹിന്ദുത്വ രാഷ്‌ട്രനിർമാണത്തിന്‌ വിലങ്ങുതടിയാകുന്ന ആന്തരിക ഭീഷണിയായി ആർഎസ്എസിന്റെ രണ്ടാം സർസംഘ്‌ചാലക്‌  എം എസ്‌ ഗോൾവാൾക്കർ  ‘വിചാരധാര’യിൽ അടിവരയിട്ട മൂന്ന്‌ വിഭാഗത്തിൽ രണ്ടാമത്തേതാണ്‌ ക്രിസ്‌ത്യാനികൾ. ഒന്നാമത്‌ മുസ്ലിങ്ങളും മൂന്നാമത്തേത്‌ കമ്യൂണിസ്റ്റുകാരും. മൂന്ന്‌ വിഭാഗവും എക്കാലത്തും ആർഎസ്‌എസിന് കണ്ണിലെ കരടാണ്‌. മഹാത്മജിയെ വധിച്ചതും ഗുജറാത്ത്‌ ഉൾപ്പെടെ എണ്ണമറ്റ വംശഹത്യാ കലാപങ്ങളും ബാബ്റി മസ്‌ജിദ്‌ തകർത്തതുമെല്ലാം സംഘപരിവാറിന്‌ മുസ്ലിം വിരോധത്തിന്റെ  അക്കൗണ്ടിൽപ്പെടുത്താം. പശുക്കടത്ത്‌ ആരോപിച്ചുള്ള  ആൾക്കൂട്ടക്കൊലപാതകങ്ങളും മറ്റുമായി ഇസ്‌ലാമോഫോബിയ പലവിധത്തിൽ തുടരുന്നു. കേരളം ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നത്‌ മൂന്നാം ഭീഷണിയായ കമ്യൂണിസ്റ്റുകാർ ഇവിടെ അപ്രതിരോധ്യ ശക്തി ആയതിനാലാണ്‌. അതുകൊണ്ടുതന്നെ മറ്റു ശത്രുക്കൾക്കുനേരെയുള്ള കടന്നാക്രമണവും സംഘപരിവാറിന്‌ എളുപ്പമാകുന്നില്ല.

മതരാഷ്‌ട്രമെന്ന ലക്ഷ്യത്തിലേക്ക്‌ ഹിംസ മാറ്റിവച്ചുകൊണ്ട്‌  മുന്നേറാൻ സാധിക്കുമെന്ന്‌ സംഘപരിവാർ കരുതാനിടയില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കടുത്ത ഹിന്ദുത്വവാദം തന്നെയായിരിക്കും ബിജെപിയുടെ ആയുധം. എന്നാൽ, പൂർത്തിയാകുന്ന രാമക്ഷേത്രവും  പൊളിക്കാനാഗ്രഹിക്കുന്ന മുസ്ലിം പള്ളികളും  അവർക്ക്‌ ആത്മവിശ്വാസം പകരുന്നില്ല. ഒമ്പതുവർഷത്തെ മോദിഭരണം ഇന്ത്യയുടെ ബഹുസ്വരതയെ അത്രയേറെ മുറിവേൽപ്പിച്ചിട്ടുണ്ട്‌. സാധാരണ ജനങ്ങളുടെ ജീവിതദുരിതങ്ങളും  എല്ലാപരിധിയും കടന്നു.  ഒരുഭാഗത്ത്‌ ഹിന്ദുത്വം തീവ്രമാക്കുക, മറുഭാഗത്ത്‌ ന്യൂനപക്ഷത്തെ കീഴ്‌പ്പെടുത്തുക. ഇതിനായി ഭീഷണിയും പ്രലോഭനവും ഒരേസമയം പ്രയോഗിക്കുക. ഈ ബഹുമുഖ തന്ത്രമാണ്‌ ബിജെപി പ്രയോഗിക്കുന്നത്‌.

കേരളത്തിൽ  ബിഷപ്പുമാരുടെ പിന്നാലെ ബിജെപി കൂടാൻ തുടങ്ങിയിട്ട്‌  കുറച്ചു കാലമായെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. കാപട്യം മറച്ചുവയ്ക്കാൻ കഴിയാത്തതാണ്‌ കാരണം. റബർ വിലത്തകർച്ച  ഉന്നയിച്ച്‌ തലശേരി ബിഷപ് നടത്തിയ പ്രസംഗം ആയുധമാക്കാൻ നോക്കുമ്പോഴാണ്‌ വില കൂട്ടില്ലെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞത്‌. 

എ കെ ആന്റണിയുടെ മകന്റെ ബിജെപി പ്രവേശം  കോൺഗ്രസിന്റെ പാപ്പരത്തം എന്നതിലപ്പുറം ക്രിസ്‌ത്യൻ വിഭാഗങ്ങളിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നും ബിജെപിക്ക്‌ ബോധ്യപ്പെട്ടു. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിൽ നടത്തിയ നാടകവും തഥൈവ. ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട സാമാന്യജനങ്ങൾ യാഥാർഥ്യബോധത്തോടെയാണ്‌ ഇതിനോട്‌ പ്രതികരിക്കുന്നത്‌. ആട്ടിൻ തോലിട്ട ഈ ചെന്നായ്‌ക്കളെ  അകറ്റിനിർത്തുകയാണ്‌  നാടിന്റെ മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന എല്ലാവരും ചെയ്യേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top