20 April Saturday

സിറിയൻ പ്രശ‌്നം: ഇനി വേണ്ടത‌് രാഷ‌്ട്രീയ പരിഹാരം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019


ഇസ്ലാമിക് സ്റ്റേറ്റ് എന്ന അന്താരാഷ്ട്ര ഭീകരസംഘടനയുടെ അവസാന താവളവും വീണതോടെ അഞ്ചു വർഷംമുമ്പ് സ്ഥാപിച്ച കാലിഫേറ്റിന് അന്ത്യമായി. ഇറാഖ‌്, സിറിയ അതിർത്തികളുടെ ഇരുപുറവുമായി ഗ്രേറ്റ് ബ്രിട്ടന്റെ വിസ‌്തൃതിക്ക‌് സമാനമായ പ്രദേശത്തിന്റെ നിയന്ത്രണം കൈവശമുണ്ടായിരുന്ന ഐഎസിന് കിഴക്കൻ സിറിയയിലുണ്ടായ അവസാന താവളം ബഗൗസ് ഗ്രാമവും നഷ്ടപ്പെട്ടതോടെ കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സാണ‌് ബഗൗസിയുടെ നിയന്ത്രണം ഐഎസിൽനിന്ന് നേടിയിട്ടുള്ളത്. ബഗൗസിയിൽ ഇതുവരെ ഉയർന്നുപറന്നിരുന്ന ഐഎസിന്റെ കറുത്ത പതാക താഴ‌്ത്തി എസ്ഡിഎഫിന്റെ മഞ്ഞപ്പതാക ശനിയാഴ്ചയാണ് ഉയർന്നത്. 

ഈ ദശാബ്ദത്തിന്റെ ആദ്യമാണ് ഏറ്റവും വലിയ ശക്തിയായി ഐഎസ് ഉയർന്നുവന്നത്. അൽ ഖായ്ദയിൽനിന്നാണ് ഐഎസിന്റെയും ജനനം. അത്യന്താധുനിക ഉപകരണങ്ങളും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള അമിതാവേശവും കൈമുതലായി മധ്യപൗരസ‌്ത്യദേശത്ത് ഉയർന്നുവന്ന ഈ സംഘടന, നിയന്ത്രണം നേടിയ പ്രദേശങ്ങളിലൊക്കെ എതിരാളികളുടെ തല വെട്ടിയും മറ്റും ക്രൂരമായാണ് ഇടപെട്ടത്. 2014 ആകുമ്പോഴേക്കും ഇന്നത്തെ ഇറാഖിന്റെയും സിറിയയുടെയും മൂന്നിൽ രണ്ടു ഭാഗവും അവരുടെ നിയന്ത്രണത്തിലായി. 2014 ജൂണിൽ മൊസൂളിലെ പള്ളിയിൽ വച്ച് ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ‌്ദാദി കാലിഫേറ്റ് ഭരണം പ്രഖ്യാപിക്കുകയും ചെയ‌്തു.

ഇറാഖിന്റെയും സിറിയയുടെയും പരമാധികാരത്തിന് ഭീഷണിയായി ഐഎസ് വളർന്നപ്പോൾ സ്വാഭാവികമായും ഇറാഖ‌്, സിറിയൻ ഗവൺമെന്റുകൾ അവർക്കെതിരെ പോരാട്ടം ശക്തമാക്കി. ഇതിൽ പ്രധാന നേതൃത്വം നൽകിയത് സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യമാണ്. സിറിയൻ സേനയ‌്ക്ക് സഹായത്തിന‌് റഷ്യൻ സൈന്യവും എത്തിയതോടെയാണ് ഐഎസിന് തിരിച്ചടി  ലഭിക്കാൻ തുടങ്ങിയത്. എന്നാൽ, സിറിയയിൽ ബഷർ അൽ അസദ് സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടി ഇറങ്ങിയ അമേരിക്ക രൂപംകൊടുത്ത സഖ്യമായിരുന്നു കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ‌്). എന്നാൽ, അന്താരാഷ്ട്ര സമ്മർദങ്ങളുടെ ഫലമായി ഐഎസിനെതിരെ തിരിയാൻ അമേരിക്ക നിർബന്ധിക്കപ്പെട്ടുവെന്നു മാത്രം. അതിന്റെ ഭാഗമായാണ് അമേരിക്കൻ സൈന്യവും എസ്ഡിഎഫും ഐഎസിനെതിരെ തിരിഞ്ഞത്. കുർദുകളുടെ സൈന്യമായ വൈപിജി ഗറില്ലകൾ നേതൃത്വം നൽകുന്ന എസ്ഡിഎഫിനെ പിന്തുണച്ചാണ് അമേരിക്ക രംഗത്തുവന്നത്.

റഷ്യൻ പിന്തുണയോടെ സിറിയൻ സേന ഒരുഭാഗത്തും അമേരിക്കൻ പിന്തുണയോടെ എസ്ഡിഎഫ് മറുഭാഗത്തും ഐഎസിനെതിരെ നീങ്ങിയപ്പോൾ അവർക്ക‌് പിടിച്ചുനിൽക്കാൻ കഴിയാതായി.  2015ൽ തുർക്കി അതിർത്തിയിലുള്ള കൊബാനേ നഗരം എസ്ഡിഎഫ് പിടിച്ചെടുത്തതോടെയാണ് ഐഎസിന്റെ തകർച്ച തുടങ്ങുന്നത്. 2016ൽ സിറിയയിലെ കിഴക്കൻ നഗരമായ അലെപ്പോയും 2017 മാർച്ചിൽ പൽമീരയും 2018 സെപ്തംബറിൽ ഡീർ എസ്സോറും റഷ്യയുടെ സഹായത്തോടെ സിറിയൻ സേന പിടിച്ചെടുത്തപ്പോൾ 2017 ഒക്ടോബറിൽ അമേരിക്കൻ പിന്തുണയോടെ എസ്ഡിഎഫ് റാഖയും ഇപ്പോൾ ബഗൗസിയും പിടിച്ചെടുത്തു. 2017 ജൂണിൽ തന്നെ ഇറാഖിസേന മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും ഐഎസിന്റെ  കാലിഫേറ്റ് ഭരണത്തിന് ഇറാഖിൽ തിരശ്ശീല വീഴ്‌ത്തുകയും ചെയ്‌തിരുന്നു.  അതായത് ഐഎസ് നേതാവ് പ്രഖ്യാപിച്ച കാലിഫേറ്റ് ഭരണം ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞു. 

സിറിയയിൽനിന്നും ഇറാഖിൽനിന്നും പൂർണമായും പിൻവാങ്ങേണ്ടിവന്നുവെങ്കിലും ഐഎസ് പൂർണമായും പരാജയപ്പെട്ടുവെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.  എതിരാളികൾ ശക്തരായതുകൊണ്ട് അവർ ബഡിയ പോലുള്ള മരുഭൂമിയിലേക്ക് പിൻവാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവസരം ലഭിച്ചാൽ അവർ തിരിച്ചുവരുമെന്നർഥം. നേരത്തെ ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദി മരിച്ചെന്ന് പ്രചാരണമുണ്ടെങ്കിലും ഇറാഖിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് അമേരിക്ക ഉൾപ്പെടെ അവകാശപ്പെടുന്നത്. 

സിറിയൻ പ്രശ്നത്തിന് ഇനി രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. എന്നാൽ, കുർദുകൾക്കെതിരെ സൈനിക നീക്കത്തിനാണ് തുർക്കി ഇപ്പോൾ തയ്യാറെടുക്കുന്നത്. അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ‌്താവനയ‌്ക്ക‌് തൊട്ടുപിറകെയാണ് വൈപിജി ഗറില്ലകൾക്കെതിരെ യുദ്ധമുഖം തുറക്കുമെന്ന് എർദോഗൻ പ്രഖ്യാപിച്ചത്. ഐഎസിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സേനാ വിഭാഗമാണ് ഇത്. അവർക്കെതിരെയാണ് തുർക്കി യുദ്ധത്തിന് ഒുരുങ്ങുന്നത്. തുർക്കിയിലും ഇറാഖിലും സിറിയയിലുമുള്ള കുർദുകൾ ഒരു പ്രത്യേക രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ഭയമാണ് എർദോഗനെ വേട്ടയാടുന്നത്. എന്നാൽ, കുർദുകൾ ഭൂരിപക്ഷമുള്ള അവരുടെ സ്വയംഭരണപ്രദേശമായ വടക്ക് കിഴക്കൻ മേഖല സിറിയയുടെ പരമാധികാരത്തിന‌ു കീഴിലായിരിക്കുമെന്ന് ബഷർ അൽ അസദ് പ്രഖ്യാപിച്ചിട്ടുണ്ട്.  കുർദുകൾ ഇതംഗീകരിക്കുന്നുമില്ല. ഒരുഭാഗത്ത് തുർക്കിയും മറുഭാഗത്ത് സിറിയയും കുർദുകൾക്കെതിരെ പൊരുതുന്നപക്ഷം ഐഎസിന് വീണ്ടും തലപൊക്കാൻ അത് അവസരം നൽകും.  അതിനാൽ സിറിയൻ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ശക്തികൾ ശ്രമിക്കേണ്ട സമയമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top