25 April Thursday

പശ്ചിമേഷ്യ വീണ്ടും പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 6, 2020



ലോകത്തെ വീണ്ടുമൊരു യുദ്ധത്തിലേക്ക് തള്ളിയിടുന്ന പ്രകോപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന്  ഉണ്ടായിട്ടുള്ളത്. ഇറാൻ ഭരണനേതൃത്വവുമായും ഷിയാ മതനേതൃത്വവുമായും വളരെ അടുത്തുനിൽക്കുന്ന സേനാ കമാൻഡർ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വെള്ളിയാഴ്ച വധിച്ച അമേരിക്കൻ നടപടി പശ്ചിമേഷ്യയെ കടുത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്. അമേരിക്കൻ നടപടി യുദ്ധസമാനമാണെന്നും അതിനു സമാന പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചത് ഇതിന് ഉദാഹരണമാണ്.

ഇസ്ലാമിക വിപ്ലവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഇറാൻ മതനേതാവ് വിശേഷിപ്പിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട കമാൻഡർ. പ്രതികരണം തുല്യമായിരിക്കണമെന്നും കൂടുതൽ കടുത്തതായിരിക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നു കഴിഞ്ഞു. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്. തുറന്ന ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇറാന്റെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും യുദ്ധസാധ്യത. ഇറാന്റെ പ്രതികരണം കടുത്തതാണെങ്കിൽ അമേരിക്കയ്‌ക്ക് യുദ്ധത്തിൽനിന്നും മാറിനിൽക്കാനാകില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിന് പ്രധാന ഉത്തരവാദി പ്രസിഡന്റ്‌ ട്രംപ്‌ തന്നെയാണ്. 2015ൽ ഇറാനുമായി ഒപ്പിട്ട ആണവകരാറിൽനിന്ന്‌ 2018ൽ ഏകപക്ഷീയമായി പിൻവാങ്ങിയത് ട്രംപ് ആയിരുന്നു. തുടർന്ന് ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്‌തു. പുനർ ചർച്ചയിലൂടെ പുതുക്കിയ കരാറിലെത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചിരുന്നത്. അതിനുള്ള എല്ലാ സാധ്യതയും അന്തിമമായി ഇല്ലാതാക്കുന്നതാണ് ഇറാൻ ജനറലിന്റെ കൊലപാതകം.


 

ഭീകരവാദത്തോടുള്ള അമേരിക്കൻ ഇരട്ടത്താപ്പിന്റെ അവസാനത്തെ ഉദാഹരണംകൂടിയാണ് സുലൈമാനിയുടെ വധം. 12 വർഷംമുമ്പ് അമേരിക്ക ഭീകരവാദിയെന്ന് മുദ്രകുത്തിയ സുലൈമാനിയുടെ ഷിയാ പോരാളികളുമായി തോളോടുതോൾ ചേർന്നാണ് ഐഎസിനെ ഇറാഖിൽ അമേരിക്ക പരാജയപ്പെടുത്തിയത്. ഇറാഖിലും സിറിയയിലും ഐഎസിനെതിരായ യുദ്ധം നയിച്ചത് ഷിയാ പോരാളികളും (പോപ്പുലർ മൊബലൈസേഷൻ ഫോഴ്സ്), കുർദ് പെഷ്‌മർഗ സേനയും സിറിയൻ, റഷ്യൻ സേനകളും അമേരിക്കൻ വ്യോമസേനയും ചേർന്നുകൊണ്ടായിരുന്നു. അവസാനം ഐഎസ് സ്ഥാപകനും മേധാവിയുമായ അബൂബക്കർ അൽ ബാഗ്‌‌ദാദിയെ വധിക്കുകയും ചെയ്‌തു. ഇതെല്ലാം സാധ്യമായത് ഖാസിം സുലൈമാനിയുടെ സഹായത്തോടെയായിരുന്നു. ആ സൈനിക കമാൻഡറെ വധിക്കുകവഴി ഇപ്പോൾ അമേരിക്ക സഹായിച്ചത് ഐഎസിനെ തന്നെയാണ്. ഇറാഖിൽനിന്നും സിറിയയിൽനിന്നും പിൻവാങ്ങിയ ഐഎസിനും അൽ ഖായ്ദയ്‌ക്കും തിരിച്ചുവരാനുള്ള വഴി ഒരുക്കിയിരിക്കുകയാണ് അമേരിക്ക ഇപ്പോൾ. അഫ്ഗാനിസ്ഥാനിൽ താലിബാനെ അധികാരത്തിൽ വാഴിക്കാനുള്ള ചർച്ചയ്‌ക്കും അമേരിക്ക തുടക്കമിട്ടിരിക്കുകയാണ്.

കടുത്ത ജനകീയ പ്രതിഷേധം നേരിടുന്ന ഇറാനിലെയും ഇറാഖിലെയും ഷിയാ ഭരണനേതൃത്വത്തിനും അമേരിക്കൻ പ്രസിഡന്റ് ട്രംപിനു തന്നെയും രക്ഷപ്പെടാനുള്ള വഴി കൂടിയാണ് പുതിയ സംഘർഷം. ഇറാനിൽ പെട്രോൾ വിലവർധനയ്‌ക്കെതിരെയും ഇറാഖിൽ പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനെതിരെയും മാസങ്ങളായി ജനങ്ങൾ തെരുവിലാണ്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്നു തന്നെയാണ് ഷിയാ ഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. ഇറാഖിൽ പ്രധാനമന്ത്രിയെ മാറ്റിയിട്ടും പ്രക്ഷോഭത്തീ അണഞ്ഞിട്ടില്ല.

ഇറാനിലാകട്ടെ അടുത്തമാസം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയുമാണ്. അമേരിക്കൻ പ്രസിഡന്റാകട്ടെ ഇംപീച്ച്മെന്റ് നേരിടുകയാണ്. എല്ലാവർക്കും ജനശ്രദ്ധ തിരിച്ചുവിടാനും അധികാരക്കസേര സംരക്ഷിക്കാനും യുദ്ധാന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ മേഖലയിൽ സംഘർഷം കനക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ലോക പൊലീസ് ചമഞ്ഞ്‌ അമേരിക്ക നടത്തിയ കൊലപാതകത്തെ രൂക്ഷമായ ഭാഷയിൽ അപലപിക്കാൻ പോലും തയ്യാറാകാത്ത മോഡി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്. അമേരിക്ക ഏകപക്ഷീയമായി ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി ഇറാനുമായുള്ള  എണ്ണ ഇറക്കുമതി പൂർണമായും ഉപേക്ഷിച്ച ഇന്ത്യ ഇപ്പോൾ ഇറാൻ ജനറലിനെ വധിച്ച വിഷയത്തിലും അമേരിക്കയ്‌ക്കൊപ്പമാണെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ സ്വന്തം പരമാധികാരം പണയംവച്ചും അംഗീകാരം നൽകുകയാണ് മോഡി ഗവൺമെന്റ്; ഇതിനെതിരെ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top