19 April Friday

അമേരിക്കൻ അന്ത്യശാസനത്തിന‌് മോഡി വഴങ്ങുമോ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ‌്ക്കണമെന്ന് ‘പ്രധാന പ്രതിരോധപങ്കാളി'യായ ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. നവംബർ നാലാകുമ്പോഴേക്കും ഒരുതുള്ളി എണ്ണപോലും വാങ്ങരുതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ അന്ത്യശാസനം. എണ്ണ ഇറക്കുമതി തുടർന്നാൽ ഉപരോധത്തിന്റെ കയ്പുനീര് കുടിച്ചിറക്കേണ്ടിവരുമെന്നും അമേരിക്ക ഭീഷണിമുഴക്കി. ഇന്ത്യയോട് മാത്രമല്ല ചൈനയോടും മറ്റ് രാജ്യങ്ങളോടും ഇതേഭീഷണിയാണ് അമേരിക്ക ഉയർത്തുന്നത്.  അമേരിക്കയുമായി നയതന്ത്രപങ്കാളിത്തവും ചട്ടക്കൂടുകരാറും സൈനികസൗകര്യങ്ങൾ കൈമാറുന്ന കരാറും ഒപ്പിട്ട് വഴങ്ങിനിന്നിട്ടും ഒരു ശത്രുരാജ്യത്തോടെന്നപോലെയാണ് അമേരിക്ക പെരുമാറുന്നത്.  സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറുന്ന ‘കോംകാസ’ കരാറിലും ഒരു മടിയുമില്ലാതെ ഒപ്പുചാർത്താൻ ഇരിക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ. അതിനിടയിലാണ് ഇടിത്തീപോലെ എണ്ണ ഇറക്കുമതി നിർത്തണമെന്ന അന്ത്യശാസനം മുഴങ്ങിയിരിക്കുന്നത്.

രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കുടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാക്കിൽനിന്നാണ്. രണ്ടാമത് സൗദി അറേബ്യയിൽ നിന്നും മൂന്നാമത് ഇറാനിൽനിന്നും. ദിനംപ്രതി ഏഴുലക്ഷം വീപ്പ ക്രൂഡോയിലാണ് ഇറാനിൽനിന്ന‌് ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇറക്കുമതിയുടെ 12 ശതമാനം വരുമിത്. ഇത‌് പെട്ടെന്ന് നിർത്തിവയ‌്ക്കുക  പ്രയാസകരമാണ്. അങ്ങനെ ചെയ്താൽ എണ്ണയ‌്ക്ക് ക്ഷാമം നേരിടുമെന്നു മാത്രമല്ല വില കുതിച്ചുയരുകയും ചെയ്യും. അമേരിക്കയുടെ തീരുമാനം പുറത്തുവന്നതോടെ തന്നെ ബാരലിന് ഒരു ഡോളറിനടുത്ത് വിലകൂടി. വിദേശനാണയ ശേഖരത്തെ ബാധിക്കാതെ ഇറാനിൽനിന്ന‌് രൂപ കൊടുത്ത് എണ്ണ വാങ്ങാനുള്ള സാധ്യതയുമുണ്ട്.

ഇന്ത്യക്ക് ഇറാനുമായി ശക്തമായ ഉഭയകക്ഷി ബന്ധമാണുള്ളത്. ഛബാഹർ തുറമുഖ നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ഇറാനിൽനിന്ന‌് എണ്ണ ഇറക്കുമതി നിർത്തുന്നപക്ഷം ഈ വൻ നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഗതാഗാത ബന്ധം സ്ഥാപിക്കാനുതകുന്ന പദ്ധതിയാണിത്.  മേഖലയിലെ ഇന്ത്യൻതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന കണ്ണിയാണ് ഇറാനെന്നർഥം.  അമേരിക്കയുടെ താൽപ്പര്യം സംരക്ഷിക്കാനായി ഈ നല്ലബന്ധത്തെ ബലികഴിക്കുന്നത് രാജ്യ താൽപ്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2015 ൽ ഒബാമ സർക്കാർ ഇറാനുമായി ഒപ്പിട്ട ആണവകരാറിൽനിന്ന‌് ട്രംപ് പിൻവാങ്ങിയതിന്റെ തുടർച്ചയായാണ് ഇറാനെതിരെയുള്ള ഉപരോധം. എതെങ്കിലും രാഷ്ട്രം ഏർപ്പെടുത്തുന്ന ഉപരോധം അംഗീകരിക്കില്ലെന്നും യുഎൻ പ്രഖ്യാപിക്കുന്ന ഉപരോധംമാത്രമേ അംഗീകരിക്കൂവെന്നുമാണ് വിദേശമന്ത്രി സുഷ‌്മ സ്വരാജ് പറയുന്നത്. മാത്രമല്ല ഫ്രഞ്ച് വിദേശമന്ത്രി ഴാങ്ങ് വേസ്ലെ ഡ്രിയാനുമായുള്ള കൂടിക്കാഴ്ചയിലും ഇറാൻ ആണവകരാറിന് തുടർന്നും പിന്തുണ നൽകുമെന്നും സുഷ‌്മ സ്വരാജ് വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്ര വിദേശനയവും ഉയർത്തിപ്പിടിച്ച് ഈ തീരുമാനങ്ങളിൽ ഉറച്ചുനിൽകാൻ മോഡി സർക്കാർ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.

രാജ്യത്തെ സ്വകാര്യ എണ്ണക്കമ്പനികൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ‌്ക്കാൻ ആരംഭിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും നയാരയുമാണ് (പഴയ എസ്സാർ) ഇതിന് തയ്യാറായിട്ടുള്ളത്. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി കുറയ‌്ക്കാനുള്ള നിർദേശങ്ങളൊന്നും കേന്ദ്ര സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. എന്നാൽ, ഇറക്കുമതി ഉപേക്ഷിക്കാത്തപക്ഷം കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന അമേരിക്കൻ ഭീഷണിക്കു മുമ്പിൽ മോഡി സർക്കാർ കീഴടങ്ങാനാണ് സാധ്യത.

ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 2 പ്ലസ് 2 ചർച്ച അമേരിക്ക നിർത്തിവച്ചത്. ഇത് രണ്ടാംതവണയാണ് ചർച്ച നിർത്തിവയ‌്ക്കുന്നത്. ജൂലൈ ആറിന് വാഷിങ്ടണിൽ നടത്താൻ നിശ്ചയിച്ച ചർച്ചയായിരുന്നു ഇത്. ഇന്ത്യയിലെയും അമേരിക്കയിലെയും വിദേശമന്ത്രിമാരും പ്രതിരോധമന്ത്രിമാരുമാണ് ചർച്ചയിൽ പങ്കെടുക്കേണ്ടത്.  ഇന്ത്യയെ അമേരിക്കയുടെ സമ്പൂർണ സൈനിക പങ്കാളിയാക്കുന്നതിനുള്ള കരാറിലും ഒപ്പുവയ‌്ക്കുന്നതിന്റെ മുന്നോടിയാണ് ഈ ചർച്ച. അതുപോലും നിർത്തിവച്ച് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്നാണ് അമേരിക്കയുടെ അന്ത്യശാസനം.  വാജ്‌പേയി സർക്കാർ അണുവിസ്‌ഫോടനം നടത്തിയപ്പോഴും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയ‌്ക്ക് അവരുടെ താൽപ്പര്യമാണ് പ്രധാനം. അതിനായി ഏതറ്റംവരെയും പോകാൻ അവർ തയ്യാറാണ്. മോഡി സർക്കാരും ഇന്ത്യൻ താൽപ്പര്യം സംരക്ഷിക്കാനും പരമാധികാരം ഉയർത്തിപിടിക്കാനും തയ്യാറാകണം. അമേരിക്ക അന്ത്യശാസനം പറുപ്പെടുവിക്കുമ്പോൾ മോഡിയുമായി ട്രംപിന്റെ വലംകൈയും അമേരിക്കയുടെ യുഎൻ സ്ഥിരംപ്രതിനിധിയുമായ നിക്കി ഹാലെ ചർച്ച നടത്തുകയായിരുന്നു. ഇറാൻവിഷയം ചർച്ചാവിഷയമായി. അതിനുശേഷം അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത‌്  ഇറാനുമായി നമുക്കുള്ള (അമേരിക്കയ‌്ക്കുള്ള) ബന്ധം എന്താണെന്ന് മോഡിക്കറിയാം. അതിനെ അദ്ദേഹം ചോദ്യം ചെയ്തില്ലെന്ന് മാത്രമല്ല വിമർശിച്ചതുമില്ല. മോഡിക്ക് എല്ലാം മനസ്സിലായിട്ടുണ്ട്' എന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top