25 April Thursday

നിക്ഷേപ സൗഹൃദത്തിലും കേരളം മാതൃക

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023


കേരളത്തിന്റെ വ്യവസായമേഖലയുടെ മുഖച്ഛായ മാറുകയാണ്‌ എൽഡിഎഫ്‌ സർക്കാരിനു കീഴിൽ. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം വ്യവസായ സൗഹൃദാന്തരീക്ഷവും സൃഷ്ടിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിരവധി മേഖലയിലാണ്‌ കേരളം ദേശീയതലത്തിൽ മുന്നിലെത്തിയത്‌. നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ തുടർച്ചയായി നാലാംവർഷവും ഒന്നാമതായി. രാജ്യത്ത്‌ ഏറ്റവുംകൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര പുരസ്‌കാരം ഉൾപ്പെടെ ആരോഗ്യമേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ*മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിലും അഴിമതിവിമുക്ത പൊലീസ്‌ സേവനത്തിലും ഒന്നാമതായ കേരളത്തിന്‌ ഡിജിറ്റൽ ഇന്ത്യ അവാർഡിലും അംഗീകാരം ലഭിച്ചു.  ഇതിനുപിന്നാലെയാണ്‌ കഴിഞ്ഞദിവസം വ്യവസായമേഖലയിൽ കേരളത്തിന്‌ ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. അനുയോജ്യമായ വ്യവസായമെന്ന നയം ഉയർത്തിപ്പിടിച്ച്‌  മുന്നേറ്റത്തിനൊരുങ്ങുന്ന സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്‌ക്ക്‌ കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ്‌ ‘സംരംഭകവർഷം പദ്ധതി’ക്ക്‌ ലഭിച്ച ദേശീയ അംഗീകാരം. വ്യവസായമേഖലയിൽ ദേശീയ അംഗീകാരം ലഭിക്കുന്നതിനിടയിൽത്തന്നെ ലോക പ്രശസ്ത കാർ കമ്പനിയായ ലംബോർഗിനി കേരളത്തിൽ മുതൽമുടക്കാൻ സന്നദ്ധത അറിയിച്ചെന്നതും ശ്രദ്ധേയമാണ്‌. സംസ്ഥാനത്ത്‌ വാഹനനിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ്‌ നാലുദിവസംമുമ്പ്‌ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോയുടെ മകൻ ടൊനിനോ ലംബോർഗിനിയുമായി മന്ത്രി പി രാജീവ്‌ ചർച്ച നടത്തിയത്‌. ആഡംബര ഹോട്ടൽ, അപ്പാർട്ട്മെന്റുകൾ, പെർഫ്യൂം, വാച്ച് തുടങ്ങി നിരവധി മേഖലകളിൽ മുൻനിര ബ്രാൻഡായ ലംബോർഗിനി  ഈ മേഖലകളിൽ നിക്ഷേപത്തിനുള്ള താൽപ്പര്യവും  പ്രകടിപ്പിച്ചിട്ടുണ്ട്‌. 

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയ പദ്ധതിയാണ്‌ ‘സംരംഭകവർഷം പദ്ധതി’. 2022 ഏപ്രിലിൽ തുടക്കംകുറിച്ച പദ്ധതി നവംബർ ആയപ്പോൾത്തന്നെ ലക്ഷ്യം പൂർത്തിയാക്കിയെന്നത്‌ കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷമാണ്‌ ലോകത്തിനുമുന്നിൽ തുറന്നിട്ടത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിലാണ്‌ രാജ്യത്തെ ഏറ്റവും മികച്ച പദ്ധതിയായി സംരംഭകവർഷം പദ്ധതിയെ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്‌. ഒരു വർഷത്തിനകം നേടാൻ ഉദ്ദേശിച്ചത് എട്ട്‌ മാസത്തിനുള്ളിൽ നേടിയെന്നത്‌ ഭരണരംഗത്തെ കാര്യക്ഷമതയുടെ ഉദാഹരണമാണ്‌. പല മാനങ്ങളാൽ ഇത് ഇന്ത്യയിൽത്തന്നെ പുതിയ ചരിത്രമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ നിരവധിയാണ്‌. ഇത്തരം പ്രത്യേകതകൾക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്‌. രണ്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്‌. ജനുവരി എട്ടുവരെ 1,18,509 സംരംഭങ്ങളിൽ 7261.54 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 2,56,140  തൊഴിലും സൃഷ്ടിച്ചു.  സംരംഭകവർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന, - ജില്ല, -തദ്ദേശ സ്ഥാപനതലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച്‌ കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് വരാൻ മടിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചു. 

കേന്ദ്ര സർക്കാർ സാമ്പത്തികമായി  കേരളത്തെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുമ്പോഴാണ്‌ കേന്ദ്രസർക്കാരിൽ നിന്നുതന്നെ പല മേഖലയിലും മികച്ച പ്രകടനത്തിനുള്ള  പുരസ്‌കാരങ്ങൾ  സംസ്ഥാനം സ്വന്തമാക്കുന്നത്‌. വികസനപദ്ധതികൾക്ക്‌ കടം എടുക്കുന്നതിനെപ്പോലും നിയന്ത്രിച്ച്‌ കേരളത്തിന്റെ പുരോഗതി മുടക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ രാഷ്ട്രീയ സമരങ്ങളെയും വിവാദങ്ങളെയും യുഡിഎഫും ബിജെപിയും ഒരുകൂട്ടം മാധ്യമങ്ങളും പലവിധത്തിൽ പ്രോത്സാഹിപ്പിക്കുന്നു.  ഇതിനെയെല്ലാം അതിജീവിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ ജനങ്ങളുടെ പിന്തുണയോടെ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്‌. പരിമിതമായ സാമ്പത്തിക വിഭവങ്ങൾ ഉപയോഗിച്ച്‌  ജനക്ഷേമപദ്ധതികൾ നടപ്പാക്കുകയും  ഒപ്പം അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും വ്യവസായമേഖലയ്‌ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മുൻഗണന നൽകുകയുമാണ്‌ രണ്ടാം പിണറായി സർക്കാർ.  മാധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്ര സർക്കാരും എന്തൊക്കെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും എൽഡിഎഫ്‌ സർക്കാർ മുഖ്യപരിഗണനയാണ്‌ നൽകുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top