27 September Wednesday

തുല്യതയുടെ തലമുറയാകുക

വെബ് ഡെസ്‌ക്‌Updated: Monday Mar 9, 2020

ഒരു സാർവദേശീയ വനിതാദിനംകൂടി കടന്നുപോയി. പ്രഭാഷണങ്ങളും സെമിനാറുകളും നടത്തി നാം ആ ദിനം ആചരിച്ചു. പ്രതിസന്ധികളോട്‌ പടവെട്ടി സമൂഹത്തിൽ ഉയർന്നുവന്ന സ്‌ത്രീകളെ നാം ആദരിച്ചു. അവരെക്കുറിച്ചുള്ള ഫീച്ചറുകളും ഐറ്റങ്ങളുമൊരുക്കി പത്രങ്ങളും ചാനലുകളും നിറച്ചു. നല്ലത്‌. ഈയൊരു ദിവസമെങ്കിലും അവരെ നാം ഓർത്തുവല്ലോ. ഇനി ഇവരെ ആദരിക്കാനും മനസ്സിലാക്കാനും അടുത്ത വനിതാദിനംവരെ കാത്തിരിക്കണം. അതാണ്‌ നമ്മുടെ ശീലം.

അതുമതിയോ? ഒരു ദിനത്തിൽ ഒതുക്കേണ്ടതാണോ സ്‌ത്രീപുരുഷ തുല്യത? വനിതാദിനത്തിൽമാത്രം ചിന്തിക്കേണ്ട ആശയമാണോ ലിംഗസമത്വം? സമൂഹത്തിന്റെ പാതിയിലേറെ വരുന്ന ഈ വിഭാഗത്തെ വർഷത്തിൽ മുന്നൂറ്റി അറുപത്തിനാല്‌ ദിവസവും അടിച്ചമർത്തുകയും അവഗണിക്കുകയും ചെയ്‌ത്‌, ഒരു ‘മാർച്ച്‌ എട്ടി’ന്‌ അവരെ ആദരിച്ചിട്ട്‌ എന്തുകാര്യം! ‘മാർച്ച്‌ എട്ട്‌’ അഥവാ ‘സാർവദേശീയ വനിതാദിനം’ ഒരു പ്രതീകം മാത്രമാണ്‌. മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം സമൂഹമനസ്സാക്ഷിയിൽ രൂഢമൂലമാകേണ്ടതിന്റെ ആവശ്യകത വിളിച്ചുപറയാനുള്ള ഒരു ദിനം. ഈ ആശയത്തിന്റെ പ്രാധാന്യം സമൂഹത്തെ പഠിപ്പിക്കുന്നതിന്‌ ഊർജം നൽകുന്ന ഒരു ദിനാചരണം. അത്‌ മാത്രമാണ്‌ ‘മാർച്ച്‌ എട്ട്‌’ എന്ന കലണ്ടർ ദിനം.  

സ്‌ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും അനീതിക്കെതിരെയുമുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിൽ ‘മാർച്ച്‌ എട്ടി’ന്‌ നിർണായക സ്ഥാനമുണ്ട്‌.  ലോകമെമ്പാടുമുള്ള ജനങ്ങളെ തുല്യതയ്‌ക്കുവേണ്ടിയുള്ള സമരങ്ങളിൽ ഒന്നിച്ചുകൊണ്ടുവരാൻ സാർവദേശിയ വനിതാദിനമെന്ന  ആശയത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. 1909ൽ ന്യൂയോർക്കിൽ ഫെബ്രുവരി 28 വനിതാദിനമായി തുടങ്ങിയതാണ്‌. 1910ൽ കോപ്പൻഹേഗനിൽ തൊഴിലാളികളുടെ രണ്ടാം ഇന്റർനാഷണൽ സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന ഇന്റർനാഷണൽ സോഷ്യലിസ്‌റ്റ്‌ വുമൺ കോൺഫറൻസിലാണ്‌ എല്ലാ വർഷവും വനിതാദിനാചരണമെന്ന തീരുമാനമുണ്ടായത്‌. എന്നാൽ, 1914 മുതലാണ്‌ മാർച്ച്‌ എട്ട്‌ വനിതാദിനമായി ആചരിക്കാൻ തുടങ്ങിയത്‌. സോവിയറ്റ്‌ യൂണിയനും ചൈനയും വിപ്ലവാനന്തരം വനിതാദിനം ഔദ്യോഗികമായി ആചരിച്ചിരുന്നു. 1975ൽ മാർച്ച്‌ എട്ട്‌ സാർവദേശീയ വനിതാദിനമായി ഐക്യരാഷ്‌ട്ര സംഘടനയും അംഗീകരിച്ചു. 

ഇന്ന്‌ ലോകരാജ്യങ്ങളെല്ലാംതന്നെ സാർവദേശീയ വനിതാദിനം വിവിധ തരത്തിൽ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്‌.  ‘‘ഞാൻ തുല്യതയുടെ തലമുറ; സ്‌ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിയുന്നു’’ എന്നതാണ്‌ ഈ വർഷത്തെ വനിതാദിനത്തിന്റെ വിഷയം. ‘ഏത്‌ ലിംഗത്തിൽപ്പെട്ടവരായാലും മനുഷ്യരെല്ലാം തുല്യരാണെന്ന തിരിച്ചറിവുള്ള തലമുറയാണ്‌ നമ്മൾ’ എന്ന ഉറച്ച പ്രഖ്യാപനമാണിത്‌. തുല്യതയുള്ള ലോകമാണ്‌ മെച്ചപ്പെട്ട ലോകമെന്ന സന്ദേശവും ഈ ദിനാചരണം നൽകുന്നു.

എന്നാൽ, വർഷത്തിലൊരു ദിനത്തിൽമാത്രം തുല്യതയെക്കുറിച്ച്‌ പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. ഓരോ ദിവസവും ഓരോ നിമിഷവും നമ്മുടെ ചിന്തകളിൽ അതുണ്ടാകണം. നാം എടുക്കുന്ന ഓരോ തീരുമാനങ്ങളിലും ചെയ്യുന്ന ഓരോ പ്രവൃത്തിയിലും  ലിംഗസമത്വം പ്രതിഫലിക്കണം. അത്‌ സ്‌ത്രീ, പുരുഷ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കെല്ലാം ബാധകമാകുന്ന സമത്വമാകണം.  സമൂഹത്തിന്റെ പാതിയിലേറെ വരുന്ന വിഭാഗത്തെ മാറ്റിനിർത്തിക്കൊണ്ട്‌ സമൂഹത്തിന്‌ മുന്നോട്ട്‌ പോകാനാകില്ല. ഒറ്റക്കാലിൽ ഓടാൻ ശ്രമിക്കുന്നതുപോലെയാകും അത്‌. സ്‌ത്രീകൾ അടിച്ചമർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്‌ത ഇടങ്ങളിലെല്ലാം സമൂഹം മുന്നോട്ടുപോകാനാകാതെ ഇഴഞ്ഞിട്ടേയുള്ളു.  തുല്യതയ്‌ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ  ചരിത്രത്തിന്‌ ദൈർഘ്യം കൂടുതലാകാം. എങ്കിലും ആ പോരാട്ടങ്ങൾ സഫലമാകുന്നുണ്ടെന്നത്‌ യാഥാർഥ്യമാണ്‌. ഇടയ്‌ക്ക്‌ തിരിച്ചടികൾ നേരിട്ടാലും ആ പോരാട്ടങ്ങൾ പൂർവാധികം ശക്തിയോടെ ഉയർന്നുവരുമെന്നാണ്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌.

‘ന സ്‌ത്രീ സ്വാതന്ത്ര്യമർഹതി ’ എന്ന ആശയത്തിലൂന്നിയുള്ള മനുസ്‌മൃതിയുടെ കാലത്തേക്ക്‌ രാജ്യത്തെ തിരിച്ചുവലിക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ്‌ ഇന്ന്‌ ഇന്ത്യയിൽ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുണ്ട നാളുകളിലേക്കാണ്‌ രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്‌. പൗരാവകാശമടക്കം എല്ലാ മൗലികാവകാശങ്ങളും ചവിട്ടിമെതിക്കുന്ന കേന്ദ്രഭരണത്തിന്റെയും വർഗീയത ആയുധമാക്കി രാജ്യം ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെയും നീക്കങ്ങളെ ചെറുക്കാൻ, ഇന്ത്യൻ സമൂഹത്തിന്റെ പാതിയിലേറെ വരുന്ന സ്‌ത്രീകളെയും ജനാധിപത്യബോധവും ശാസ്‌ത്രബോധവുമുള്ളവരാക്കേണ്ടതുണ്ട്‌. സ്വന്തം ശക്തി തിരിച്ചറിയാൻ, രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക്‌ മനസ്സിലാക്കാൻ അവരെ പ്രാപ്‌തരാക്കേണ്ടതുണ്ട്‌.  സ്‌ത്രീയുടെ കഴിവും പ്രാപ്തിയും വളർത്താതെയും  പ്രയോജനപ്പെടുത്താതെയും  ഒരു സമൂഹത്തിനും മുന്നോട്ട്‌ പോകാനാകില്ലെന്ന സത്യം  പുരുഷനടക്കം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്‌. ‘മാർച്ച്‌ എട്ട്‌’ എന്നത്‌ ഒരു കലണ്ടർ ദിനം മാത്രമാണെങ്കിലും  വനിതാദിനമെന്ന ആശയവുമായി ബന്ധിപ്പിക്കുമ്പോൾ അതിന്‌ അനന്തമായ മാനങ്ങളുണ്ട്‌. സമൂഹമനസ്സിൽ തുല്യതയെന്ന ആശയം അടിയുറപ്പിക്കാൻ ഈ ദിനാചരണങ്ങൾക്ക്‌ കഴിയണം. വരുംനാളുകളിലും  ‘തുല്യതയുടെ തലമുറ’യെന്ന മുദ്രാവാക്യം നമ്മുടെ മനസ്സുകളിൽ നിലനിൽക്കണം. 

നവോത്ഥാനത്തിന്റെ കൈത്തിരിയുമായി, പിന്തിരിപ്പൻ ശക്തികളെ തടുത്തുനിർത്തുന്ന വൻമതിലായി ഉയർന്ന കേരളത്തിന്‌ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്‌. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നമ്മുടെ ഇടപെടലിന്‌ കൂടുതൽ പങ്കുണ്ട്‌. സെമിനാറുകളിലും പ്രഭാഷണങ്ങളിലും ആഘോഷങ്ങളിലുമൊതുങ്ങാതെ കർമരംഗത്തേക്കിറങ്ങാൻ ഈ ‘മാർച്ച്‌ എട്ട്‌’ നമ്മെ പ്രേരിപ്പിച്ചുവെങ്കിൽ വനിതാദിനാചരണം സാർഥകമായി. അത്‌ തെളിയിക്കേണ്ടത്‌ ഇനിയുള്ള നാളുകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top