19 March Tuesday

ലിംഗസമത്വത്തിനായി ഒന്നിച്ചണിനിരക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023


ലോകമെമ്പാടും ഇന്ന്‌ വനിതാദിനം ആചരിക്കുകയാണ്‌. സ്‌ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണിത്‌. ലിംഗസമത്വം, തുല്യാവകാശം, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ദുരുപയോഗം എന്നിവയെല്ലാം വ്യാപകമായി ചർച്ച ചെയ്യപ്പെടും. 1975ലാണ്‌ ഐക്യരാഷ്‌ട്രസംഘടന മാർച്ച്‌ എട്ട്‌ വനിതാദിനമായി പ്രഖ്യാപിച്ചത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്‌ത്രീവിമോചന സമരങ്ങളുടെ ഓർമപുതുക്കൽ കൂടിയാണ്‌ വനിതാദിനം. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ അടിമസമാന ദുരിതജീവിതം നയിച്ചിരുന്ന സ്‌ത്രീകൾ ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെയാണ്‌ മാന്യമായ സ്ഥാനം നേടിയെടുത്തത്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ തൊഴിലാളികളായ സ്ത്രീകൾ നടത്തിയ പോരാട്ടവും റഷ്യയിൽ ‘ബ്രഡ്‌ ആൻഡ്‌ പീസ്‌’ എന്ന മുദ്രാവാക്യം ഉയർത്തി  നടത്തിയ സമരങ്ങളും സ്‌ത്രീ മുന്നേറ്റങ്ങളുടെ ഉജ്വല അധ്യായങ്ങളാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ കേരളത്തിൽ കൊടികുത്തിവാണ ഉച്ചനീചത്വങ്ങൾക്കെതിരെ കേരളത്തിലെ സ്‌ത്രീകൾ നടത്തിയ ത്യാഗപൂർണമായ സമരങ്ങളും ഓർമിക്കാതെ മുന്നോട്ട്‌ പോകാൻ കഴിയില്ല. സ്‌ത്രീ വിവേചനത്തിനെതിരെ തെക്കൻ തിരുവിതാംകൂറിൽ നടന്ന അവിസ്‌മരണീയ സമരത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. തോൾശീലൈ സമരത്തിന്റെ ഓർമ പുതുക്കി നാഗർകോവിലിൽ  നടന്ന സമ്മേളനം ഉദ്‌ഘാടനംചെയ്‌തത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനും പങ്കെടുത്ത സമ്മേളനം നിരവധി ഓർമകളാണ്‌ മലയാളികൾക്ക്‌ നൽകുന്നത്‌.

മാറുമറയ്‌ക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്‌ അന്നത്തെ താഴ്‌ന്ന ജാതിയിൽപ്പെട്ട സ്‌ത്രീകൾ സമരം നടത്തിയതെന്ന്‌ പറഞ്ഞാൽ പുതു തലമുറയ്ക്ക്‌ വിശ്വസിക്കാൻ പ്രയാസമാകും. മേൽമുണ്ട്‌ കലാപം, തോൽശീല സമരം, മുലമാറാപ്പു വഴക്ക്‌, റവുക്ക സമരം, ചാന്നാർ ലഹള എന്നിങ്ങനെയാണ്‌ ഈ സമരത്തെ ചരിത്രകാരൻമാർ വിശേഷിപ്പിച്ചിട്ടുള്ളത്‌. ജാതി–-ജന്മി–-നാടുവാഴിത്തങ്ങളുടെ ശാസനകളിലും ആചാരാനുഷ്‌ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലും നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ടിരുന്ന സ്‌ത്രീകൾ സ്വയം മുന്നിട്ടിറങ്ങി നടത്തിയ ഇതുപോലുള്ള നിരവധി പോരാട്ടങ്ങളുടെ ഫലമാണ്‌ നാം ഇന്നനുഭവിക്കുന്ന സമത്വവും സ്വാതന്ത്ര്യവും.

സ്‌ത്രീവിമോചനം എന്നത്‌ കേവലമായ പുരുഷ വിദ്വേഷമോ ഫെമിനിസമോ അല്ല. തുല്യ നീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണ്‌. അതിന്‌ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണം. നൂറ്റാണ്ടുകളായി രൂപപ്പെട്ടിട്ടുള്ള സ്‌ത്രീവിരുദ്ധ മനോഭാവത്തിൽ സമൂലമായ മാറ്റം ഉണ്ടാകണം. എല്ലാ മേഖലയിലും സ്‌ത്രീകൾക്കും തുല്യ പ്രാധാന്യം കിട്ടണം. അതിനുള്ള ക്യാമ്പയിനാണ്‌ ഐക്യരാഷ്‌ട്ര സംഘടന ഓരോ വർഷവും ഏറ്റെടുക്കുന്നത്‌. ഈ വർഷത്തെ യുഎൻ മുദ്രാവാക്യം ‘ഡിജിറ്റ്ഓൾ: നവീനതയും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്’ എന്നതാണ്‌. നൂതന സാങ്കേതികവിദ്യകൾ സമൂഹത്തിലുണ്ടാക്കുന്ന നവീകരണം സ്‌ത്രീകൾക്കും നേടാൻ കഴിയുകയെന്നത്‌ പ്രധാനമാണ്‌.

സമൂഹത്തെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക്‌ നയിക്കാനുള്ള തീവ്ര ശ്രമം ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നവരിൽനിന്നുണ്ടാകുന്ന അപകടകരമായ ഘട്ടത്തിലാണ്‌ ഈവർഷത്തെ വനിതാദിനം ആചരിക്കുന്നത്‌.  ഇന്ത്യൻ സ്‌ത്രീകൾ, പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിൽ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലുകൾക്കും വിധേയരാണ്‌. തികച്ചും അരക്ഷിതരായി ജീവിക്കേണ്ടി വരുന്ന സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന്‌ തെളിവാണല്ലോ ഹാഥ്‌രസ്‌ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി. ശിക്ഷ ലഭിച്ച ഒരാളാകട്ടെ മനപ്പൂർവമല്ലാത്ത നരഹത്യയെന്ന ഒറ്റ വകുപ്പിലാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ക്രൂര അതിക്രമത്തിനിരയായി മരിക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ കുടുംബത്തിന്‌ ഭരണാധികാരികളിൽനിന്നോ ജുഡീഷ്യറിയിൽനിന്നോ നീതി ലഭിച്ചില്ലെന്നത്‌ ആരെയും ദുഃഖിപ്പിക്കുന്നതാണ്‌.

സ്‌ത്രീശാക്തീകരണത്തിനുവേണ്ടി ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നത്‌ ഈ വേളയിൽ ഗൗരവത്തിൽ കാണേണ്ടതാണ്‌. കേരളം ആർജിച്ച നേട്ടത്തിന്റെ അടുത്തൊന്നും എത്താൻ മിക്ക സംസ്ഥാനങ്ങൾക്കും ആകുന്നില്ല. വനിതാ -ശിശുവികസനവകുപ്പ്‌ രൂപീകരിച്ച്‌ മന്ത്രിക്ക്‌ ചുമതലകൊടുത്ത ഏക സംസ്ഥാനമാണ്‌ കേരളം. ഇവിടെ നടപ്പാക്കിയ കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിലെ മഹനീയ മാതൃകയാണ്‌. വിവിധ വകുപ്പുകളിലെ ജെൻഡർ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ജെൻഡർ കൗൺസിൽ രൂപീകരിച്ച്‌ ഉത്തരവിറക്കിയത്‌ സർക്കാരിന്റെ ഇച്ഛാശക്തിക്ക്‌ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top