27 April Saturday

ഊർജമാകട്ടെ വനിതാദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 8, 2022


വനിതാ ദിനാചരണം 111 വർഷം പിന്നിട്ടിരിക്കുന്നു. സ്‌ത്രീ എന്ന ലിംഗവിഭാഗം നേരിടുന്ന തനതായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്തകൾ ഉയർന്നുവന്നത്‌ ഫ്രഞ്ചുവിപ്ലവ കാലത്താണ്‌. അടിമവിരുദ്ധ കലാപങ്ങളിലും സ്‌ത്രീസ്വത്വം ഉയർന്നുനിന്നു. കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയിൽ കാറൽ മാർക്‌സും ഫ്രെഡറിക്‌ എംഗൽസും ലിംഗനീതിയെ ശാസ്‌ത്രീയമായി അപഗ്രഥിച്ചു. അന്താരാഷ്‌ട്ര തൊഴിലാളി കൺവൻഷനുകളിലും കനപ്പെട്ട ചർച്ചകളും തീരുമാനങ്ങളുമുണ്ടായി. 1908 മാർച്ച്‌ എട്ടിലെ ഐതിഹാസിക ന്യൂയോർക്ക്‌ പ്രക്ഷോഭവും അടിച്ചമർത്തലും ചരിത്രം കുറിച്ചു. ഈ ദിനത്തെ വനിതാ വിമോചനത്തിന്റെഅടയാളമാക്കാൻ കോപ്പൻഹേഗനിൽ 1910ൽ ചേർന്ന രണ്ടാം സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസാണ് തീരുമാനിച്ചത്‌. നീണ്ട ചരിത്രഗതിയിലൂടെയാണ്‌ വനിതാശാക്തീകരണമെന്ന ആശയം മുന്നേറിയത്‌. എന്നാൽ, സ്‌ത്രീപദവി ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന ചോദ്യം ഓരോ വനിതാദിനത്തിലും പ്രസക്തമാകുന്നു.

കോവിഡ്‌ മഹാമാരിയുടെ പിടിയിലായിരുന്ന രാജ്യങ്ങൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്ന വേളയിലാണ്‌ ഇത്തവണ വനിതാദിനം എത്തുന്നത്‌. എന്നാൽ, യുദ്ധത്തിന്റെ കെടുതികളിലാണ്‌ ലോകമിപ്പോൾ. രോഗവും യുദ്ധവും പ്രളയവുമെല്ലാം ആദ്യം ഇരയാക്കുന്നത്‌ സ്‌ത്രീകളെയാണ്‌. ജനസംഖ്യയിൽ പകുതിയാണെങ്കിലും ദുരിതങ്ങളേറെയും പതിക്കുന്നത്‌ സ്‌ത്രീകളുടെ മേലാണ്‌. കോവിഡ്‌ കാലത്ത്‌ പട്ടിണി സൂചിക ഉയർന്ന രാഷ്‌ട്രങ്ങളിൽ പോഷകാഹാരക്കുറവും അനീമിയയുംമൂലം ശിശു–- മാതൃ മരണനിരക്ക്‌ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ നഷ്‌ടപ്പെട്ടവരിൽ മഹാഭൂരിപക്ഷവും സ്‌ത്രീകളാണ്‌. കോവിഡ്‌ കാലത്ത്‌ ലോകമാസകലം ഗാർഹിക പീഡനങ്ങളും സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങളും വർധിച്ചു. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ പങ്കുവയ്‌ക്കാനല്ല സ്‌ത്രീകളുടെ തലയിലിടാനാണ്‌ പുരുഷാധിപത്യ സാമൂഹ്യക്രമം തയ്യാറാകുന്നത്‌.

ലോകത്തും രാജ്യത്തും സ്‌ത്രീ വിവേചനവും അതിക്രമങ്ങളും വർധിച്ചുവരുന്നതായി ക്രൈം റെക്കോഡുകൾ വ്യക്തമാക്കുന്നു. സ്‌ത്രീശാക്തീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഇടതടവില്ലാതെ നടക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെടുന്നില്ല. മൂലധനവും ലാഭവും കേന്ദ്രബിന്ദുവായ മുതലാളിത്തത്തിൽ സ്‌ത്രീ രണ്ടാംനിരയിലേക്ക്‌ തള്ളപ്പെടുന്നതും ചൂഷണത്തിന്‌ വിധേയമാക്കുന്നതും സ്വാഭാവികം. എന്നാൽ, ജനാധിപത്യ വ്യവസ്ഥയിലും സ്ഥിതി ഒട്ടും മെച്ചമല്ല. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഇത്‌ കുറേക്കുടി രൂക്ഷമാണ്‌. മതവർഗീയത രാഷ്‌ട്രീയാധികാരം കൈയാളുമ്പോൾ സ്‌ത്രീനീതി നിഷേധിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ‘നഃ സ്‌ത്രീ സ്വാതന്ത്ര്യമർഹതീ’ എന്ന മനുസ്‌മൃതി വാക്യമാണ്‌ സംഘപരിവാർ പിന്തുടരുന്നത്‌. ഇവർ പരത്തുന്ന അന്ധവിശ്വാസത്തിന്റെയും ശാസ്‌ത്രവിരുദ്ധതയുടെയും ഇരകൾകൂടിയാണ്‌ ഇന്ത്യയിലെ സ്‌ത്രീസമൂഹം.

സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം. ഇതിനുവിരുദ്ധമായ സംഭവങ്ങൾ വിരളമല്ല. സ്‌ത്രീ ശാക്തീകരണത്തിന്‌ എന്നും പ്രാമുഖ്യം നൽകിയിട്ടുള്ളത്‌ ഇടതുപക്ഷ സർക്കാരുകളാണ്‌. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്‌തമാക്കി. എന്നാൽ, ഈ നേട്ടങ്ങൾക്കിടയിലും പുഴുക്കുത്തുകൾക്ക്‌ കുറവില്ല. ഈ വനിതാദിനത്തിന്റെ തലേന്നാളും നാം കേൾക്കുന്ന വാർത്തകൾ ശുഭകരമല്ല. കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്‌ത ഒരു ഗവേഷക വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമമുണ്ടായി. അക്രമിയെ നേരിടാൻ അവർ തയ്യാറായെങ്കിലും വാക്കുകൊണ്ടുപോലും സഹായിക്കാൻ ഒരാളുമുണ്ടായില്ല. യാത്രക്കാരുടെ സുരക്ഷയ്‌ക്ക്‌ ചുമതലപ്പെട്ട കണ്ടക്‌ടർ ശിക്ഷിക്കപ്പെടുമെന്ന ഗതാഗതമന്ത്രിയുടെ വാക്ക്‌ ആശ്വാസമാണ്‌. മൗനംകൊണ്ട്‌ കുറ്റവാളിയെ പിന്തുണച്ച നാൽപ്പതിലേറെ സഹയാത്രക്കാർക്കുള്ള ശിക്ഷ സമൂഹമനസ്സാക്ഷിയാണ്‌ നൽകേണ്ടത്‌.

നടി ഭാവന കഴിഞ്ഞദിവസം കാമറയ്‌ക്ക്‌ മുന്നിൽ പറഞ്ഞ കാര്യങ്ങൾ ഉള്ളുപൊള്ളിക്കുന്നതാണ്‌. ക്രൂരമായ അതിക്രമത്തിന്‌ ഇരയായ ശേഷവും വേട്ടയാടപ്പെട്ടതിന്റെ അനുഭവങ്ങളാണ്‌ അവർ പങ്കുവച്ചത്‌. തൊഴിലിടങ്ങൾ ചൂഷണത്തിന്റെയും വിവേചനത്തിന്റെയും വിളനിലമായി മാറുന്നതിന്റെ തുടർക്കഥയാണ്‌ സംവിധായകന്റെ അറസ്‌റ്റിലൂടെ പുറത്തുവന്നത്‌. ഡോക്‌ടർ, അധ്യാപകൻ, ബ്യൂട്ടീഷൻ തുടങ്ങി നാനാതുറയിലുമുണ്ട്‌ ഇത്തരക്കാർ. ഒറ്റപ്പെട്ട വികൃത മനസ്സുകളെ നിയമം കൈകാര്യം ചെയ്യട്ടെ. എന്നാൽ, സമൂഹമാകെ ഉണർന്നിരിക്കേണ്ട, ഏറ്റെടുക്കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്‌. അതിന്‌ ഊർജം പകരുന്നതാകട്ടെ ഇത്തവണത്തെ വനിതാദിനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top