25 April Thursday

അതിജീവനത്തിന്റെ സന്ദേശമുയർത്തി ചലച്ചിത്രമേള

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018


കേരളത്തിന്റെ അതിജീവനപാഠങ്ങളിൽ ഉജ്വലമായ ഒരേടുകൂടി എഴുതിച്ചേർത്താണ് കേരളത്തിന്റെ 23–-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ‌്ക്ക് കഴിഞ്ഞദിവസം തിരശ്ശീലവീണത്. തീർത്തും അസാധ്യമായി കരുതിയതിനെ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന മലയാളിപ്രേക്ഷകർ അവരുടെ  സിനിമാഭിനിവേശംകൊണ്ട് ശക്തമായി തിരിച്ചുപിടിക്കുകയായിരുന്നു. ലോകജീവിതാവസ്ഥകളിലേക്ക് തുറക്കപ്പെട്ട കണ്ണുകളാണ് ചലച്ചിത്രമേളകൾ. നടപ്പ് കാലത്തിന്റെ സാംസ്കാരികമായ  ഭാവുകത്വവും അനുഭൂതിയും പങ്കുവയ്ക്കപ്പെടുമ്പോൾ ലോകമെങ്ങും മനുഷ്യൻ അനുഭവിക്കുന്നത് ഒരേ പ്രതിസന്ധിയാണെന്ന തിരിച്ചറിവാണ് ആവർത്തിച്ചുറപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 163 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. നടപ്പുസിനിമാവർഷത്തെ മികച്ച രചനകളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തിലെ 90 സിനിമകളിൽ 26 എണ്ണത്തിന്റെയും ഇന്ത്യയിലെ ആദ്യപ്രദർശനം.  സമകാലിക ലോകസിനിമയിലെ മുൻനിര ചലച്ചിത്രകാരന്മാരുടെ പുതിയ രചനകളെല്ലാം മേളയിലെത്തിക്കാൻ ചലച്ചിത്ര അക്കാദമിക്കായി. ലാർസ് വോൻ ട്രയർ, മജീദ് മജീദി, ജാഫർ പനാഹി, കിം കി ഡുക്, അസ്ഗർ ഫർഗാദി, നൂരി ബിൽജെ സീലൻ, ഒളിവർ അസായൻസ്, സ്പൈക് ലീ, ഗാസ‌്പർനോ, കൊയേൻ സഹോദരങ്ങൾ തുടങ്ങി ലോകസിനിമയുടെ ജ്ഞാനവൃദ്ധൻ ജീൻ ലൂക് ഗൊദാർദ് വരെയുള്ളവരുടെ പുത്തൻ സിനിമകൾ പ്രദർശിപ്പിച്ചു. കാൻ, വെനീസ്,  ലൊക്കോർണോ, കെയ്റോ, ബർലിനിൽ തുടങ്ങിയ വിഖ്യാതമേളകളിൽ പുരസ്കാരം നേടിയ ചിത്രങ്ങളും പ്രേക്ഷകസമക്ഷമെത്തി. ഓസ്കർ പുരസ്കാരത്തിനുവേണ്ടി മത്സരിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഇത്തവണ മലയാളസിനിമാവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 12 സിനിമകളിൽ ഒമ്പതും  സംവിധായകരുടെ ആദ്യ സിനിമകളാണ്. ഐഎഫ്എഫ്കെ വഴി ലോകസിനിമയിലേക്കുള്ള വാതായനം തുറന്നവർ സംവിധായകരായി മികച്ച സിനിമയൊരുക്കി മേളയിൽ പങ്കാളിയാകുന്നത് രണ്ടുപതിറ്റാണ്ട് പിന്നിടുന്ന മേളയെ കൂടുതൽ അർഥവത്താക്കുന്നു. വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദി അധ്യക്ഷനായ ജൂറി മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് പ്രതിഭാധനനായ യുവചലച്ചിത്രപ്രതിഭ ലിജോ ജോസ് പെല്ലിശ്ശേരിയെ.  ഗോവയിൽ അംഗീകരിക്കപ്പെട്ടതിനുപിന്നാലെ ലിജോയുടെ ഇ മ യൗ കേരളത്തിലും അംഗീകാരങ്ങൾ വാരിക്കൂട്ടി. ഫ്രിപ്രസി പുരസ്കാരത്തിലൂടെ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയും മലയാളത്തിന്റെ അന്തസ്സുയർത്തി. അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻ കെ ആർ മോഹനന്റെ പേരിൽ ഇന്ത്യയിലെ മികച്ച നവാഗതസംവിധായകർക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അമിതാഭ് ചാറ്റർജി അർഹനായി. ഈ വിഭാഗത്തിൽ കാസർകോട്ടുകാരൻ വിനു കോളിച്ചാൽ ആദ്യമായി സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ പ്രത്യേക പരാമർശം നേടിയതും ശ്രദ്ധേയം.

ആഗോളവൽക്കരണാനന്തരകാലത്തെ പുത്തൻ ലോകക്രമം കുടുംബങ്ങളുടെ അകത്തളങ്ങളിൽ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് മേളയിലെത്തിയ ലോകസിനിമകളിലേറെയും പ്രമേയമാക്കിയത്. സുവർണചകോരം നേടിയ ഇറാനിയൻചിത്രം ഡാർക്ക് റൂം നാഗര കുടുംബത്തിന്റെ തീക്ഷ‌്ണമായ അന്തർസംഘർഷമാണ് പങ്കുവച്ചത്. നാട്ടിലെ സംഘർഷങ്ങൾ കുട്ടികളുടെ ബാല്യത്തെ എങ്ങനെയെല്ലാം അപഹരിക്കുന്നുവെന്നാണ് പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ ഏറ്റുവാങ്ങിയ കോപർനം എന്ന ലെബനീസ് ചിത്രം പറഞ്ഞത്. ഈജിപ്ഷ്യൻ സിനിമ യോമഡ്ഡൈൻ, സ്വീഡിഷ് ചിത്രം ബോർഡർ, ജർമൻ ചിത്രം ഇൻ ദ് ഐൽസ്, ഐസ‌്‌ലാന്ഡിൽ നിന്നുള്ള വുമൻ അറ്റ് വാർ തുടങ്ങിയവ സാധാരണക്കാരന്റെയും തൊഴിലാളിയുടെയും അരക്ഷിതാവസ്ഥയാണ് തുറന്നുകാട്ടിയത്. ഉറുഗ്വേയിൽ പട്ടാള ഭരണത്തിന്റെ ഭീകരത തുറന്നുകാട്ടിയ എ ടൊൽവ് ഇയർ നൈറ്റ് ശക്തമായ രാഷ്ട്രീയചിത്രമായിരുന്നു.

പ്രളയാനന്തരകേരളത്തിന് അതിജീവനത്തിന്റെ പുത്തൻ സന്ദേശവും മേള  പകർന്നു. വർധിപ്പിച്ച ഡെലിഗേറ്റ് ഫീസ് അടയ്ക്കാൻ തയ്യാറായി കേരളത്തിലെ സിനിമാപ്രേമികൾ ചലച്ചിത്ര അക്കാദമിക്കൊപ്പം നിന്നു. ഏഴായിരത്തഞ്ഞൂറിലെറെ പ്രതിനിധികൾ പണമടച്ച് പാസെടുത്തു. ഇവരെല്ലാംതന്നെ ആദ്യാവസാനം തിയറ്ററുകളെ സജീവമാക്കുകയും ചെയ്തെന്ന് അവസാനദിവസങ്ങളിലും നിറഞ്ഞുകവിഞ്ഞ തിയറ്ററുകൾ തെളിയിക്കുന്നു. ആയിരത്തഞ്ഞൂറോളം വിദ്യാർഥികളാണ് വിവിധ സിനിമ പഠനകേന്ദ്രങ്ങളിൽനിന്നും മറ്റും എത്തിയത്. കൂട്ടമായി ഇടിച്ചുകയറുന്നതും തിയറ്ററിനുള്ളിൽ കോലാഹലമുണ്ടാക്കുന്നതും ഇത്തവണ പൂർണമായും ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയം. കാണേണ്ട ചിത്രം മുൻകൂട്ടി നിശ്ചയിച്ച് ബുക്ക് ചെയ്ത് ക്ഷമയോടെ വരിനിൽക്കുന്ന, തിയറ്ററിനെ വിശുദ്ധിയുടെ ഇടമായി കരുതുന്ന പ്രേക്ഷകർ മേളയുടെ അന്തസ്സുയർത്തി. 

മേളയുടെ സംഘാടനവും ശ്രദ്ധേയമായിരുന്നു. മേള നടപ്പിത്തിനായി പ്രതിഫലേച്ഛയില്ലാതെ യുവജനങ്ങൾ സന്നദ്ധസേവനത്തിന് സജ്ജരായെത്തി. നാനൂറോളം വളന്റിയർമാരാണ് ഏഴ‌് രാപകലുകളിൽ മേള നിയന്ത്രിച്ചത്. മേളപുസ്തകവും ബുള്ളറ്റിനും തയ്യാറാക്കാനും ചലച്ചിത്രപ്രേമികൾ രംഗത്തെത്തി. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ കലാ സാംസ്കാരിക കൂട്ടായ്മകൾ സന്നദ്ധമായി. രാഷ്ട്രീയലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രതിനിധികൾക്ക്  സഹായവുമായി ഡിവൈഎഫ്ഐ അടക്കമുള്ള യുവജനസംഘടനകളെത്തി. കേരളത്തെ നൂറ്റാണ്ടുകൾക്ക് പിന്നോട്ട് പിടിച്ചുവലിക്കാൻ സംഘടിതനീക്കം നടക്കുമ്പോൾ കാഴ്ചയുടെ മാനവികത തിരിച്ചുപിടിക്കാനുള്ള ചലച്ചിത്രമേളയുടെ വിജയം  പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പുത്തൻ സന്ദേശം പകർന്നുനൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top