26 April Friday

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021



സാമ്പത്തിക പ്രതിസന്ധിയും യുദ്ധവ്യവസായത്തിലെ സങ്കീർണതകളും അമേരിക്ക മിക്കപ്പോഴും മറികടക്കാൻ ശ്രമിക്കാറുള്ളത്‌ ആക്രമണോത്സുകവും ഏകപക്ഷീയവുമായ വിദേശനയത്തിന് രൂപംനൽകിയാണ്‌. അതിലൂടെ ആഭ്യന്തര രാഷ്ട്രീയത്തിലും ഉത്തേജനം ലക്ഷ്യമിടാറുണ്ട്‌. -സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണം മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ആ കാഴ്‌ചപ്പാടിന്റെ അനുബന്ധമായി- നിലയ്‌ക്കാത്ത ഏറ്റുമുട്ടലുകളിലേക്ക്‌ വളർത്തുന്ന കൂട്ടുകെട്ടുകളും ചരിത്രത്തിൽ ധാരാളം കണ്ടതാണ്‌. ഇന്തോ–- പസഫിക്‌ മേഖലയിൽ ചൈനയെ ലക്ഷ്യമിട്ട്‌ പുതിയ പ്രതിരോധ കൂട്ടുകെട്ട്‌ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും ബ്രിട്ടനും അമേരിക്ക (എ,യുകെ,യുഎസ്‌)യും രംഗത്തെത്തിയത്‌ ഈ കോവിഡ്‌കാലത്ത്‌ സാർവദേശീയ രാഷ്ട്രീയത്തിലെ മറ്റൊരു ആശങ്കയായിരിക്കുന്നു. അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും കൈകോർത്തുള്ള ‘ക്വാഡ്‌’ ചതുർരാഷ്ട്ര സഖ്യത്തിനു പുറമെയാണ്‌ പുതിയ സഹകരണം.

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസണും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്‌ മോറിസണും കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന യോഗമാണ് എ യുകെ യുഎസ്‌ (ഔകസ്‌) സഖ്യം പ്രഖ്യാപിച്ചത്‌. അടിയന്തര നീക്കം മേഖലയിൽ സ്ഥിരത ഉറപ്പാക്കാനാണെന്ന് മൂവരും സംയുക്തപ്രസ്താവനയിൽ അവകാശപ്പെട്ടെങ്കിലും മനസ്സിലിരിപ്പ്‌ വ്യക്തമാണ്‌. നിർമിത ബുദ്ധി, ക്വാണ്ടം സാങ്കേതിക വിദ്യ, സൈബർ സുരക്ഷ തുടങ്ങിയവയിലേക്ക്‌ നീളുന്നതാണ്‌ ധാരണ.

ആദ്യപടിയായി ഓസ്‌ട്രേലിയ ആണവശേഷിയുള്ള എട്ട്‌ അന്തർവാഹിനികൾ സജ്ജമാക്കും. അഡ്‌ലെയ്‌ഡിലെ ഓസ്‌ബോൺ നാവിക കപ്പൽശാലയിൽ നടക്കുന്ന നിർമാണത്തിന്‌ അമേരിക്കയും ബ്രിട്ടനും സാമ്പത്തിക‐ സാങ്കേതിക സഹായം നൽകും. 30 മാസത്തിനുള്ളിൽ പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണ്‌ തീരുമാനം. ക്വാഡ്‌ കൂട്ടായ്‌മയുടെ നേതൃയോഗം ജോ ബൈഡന്റെ അധ്യക്ഷതയിൽ സെപ്തംബർ 24ന്‌ വൈറ്റ്‌ ഹൗസിൽ ചേരാനിരിക്കെയാണ്‌ പുതിയ സഖ്യത്തിന്റെ രൂപീകരണവും വിശദാംശങ്ങളും പ്രഖ്യാപിച്ചതെന്നതും പ്രധാനമാണ്‌. അമേരിക്കൻ സൈനിക‐ ശാസ്‌ത്ര‐ സാങ്കേതിക വിദ്യാ വൈദഗ്‌ധ്യം പരമാവധി പ്രയോജനപ്പെടുത്തി ആണവശേഷിയുള്ള അന്തർവാഹിനി സ്വന്തമാക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ. പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ ആ രാജ്യം ഫ്രാൻസുമായി ഒപ്പുവച്ച 9000 കോടി ഡോളറിന്റെ കരാർ റദ്ദാക്കും. 12 ഡീസൽ അന്തർവാഹിനികൾ ഇറക്കുമതി ചെയ്യാനുള്ള കരാർ ഉപേക്ഷിച്ചത്‌ ഫ്രാൻസിന്‌ രുചിക്കുന്ന നടപടിയല്ല. അതുപോലെ ഓസ്‌ട്രേലിയയുടെ അയൽരാജ്യമായ ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിന്ദ ആർഡൻ സഖ്യക്ഷണം പ്രതീക്ഷിച്ചില്ലെന്ന്‌ വ്യക്തമാക്കിയതും ശ്രദ്ധേയം.

മധ്യ പൂർവേഷ്യയിൽനിന്ന്‌ ഇന്തോ പസഫിക്‌ മേഖലയിലേക്ക്‌ പതുക്കെ ശ്രദ്ധ മാറ്റണമെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക്‌ ഒബാമ ഒരു ദശാബ്ദംമുമ്പ്‌ ആരംഭിച്ച ചർച്ചയാണ്‌ ജോ ബൈഡൻ സഫലമാക്കാൻ പോകുന്നത്‌. രണ്ടു പതിറ്റാണ്ട്‌ നീണ്ട അധിനിവേശത്തിനുശേഷം അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള സൈനികപിന്മാറ്റത്തെ ന്യായീകരിക്കുമ്പോൾ തങ്ങളുടെ മുഴുവൻ സൈനിക വിഭവങ്ങളും ചൈനയ്‌ക്കെതിരെ തിരിച്ചുവയ്‌ക്കുമെന്ന്‌ ബൈഡൻ വ്യക്തമാക്കിയിരുന്നു. മുമ്പ്‌ ബ്രിട്ടനുമായിമാത്രം ആണവ സാങ്കേതികവിദ്യ പങ്കിട്ടിരുന്ന അമേരിക്ക ഇപ്പോൾ ആ പരിഗണനയിലേക്ക്‌ ഓസ്‌ട്രേലിയയെയും ചേർത്തുനിർത്തുകയാണ്‌.

പുതിയ സഖ്യം സംബന്ധിച്ച്‌ ഇന്ത്യൻ‐ ജാപ്പനീസ്‌ നേതാക്കളുമായി ബന്ധപ്പെട്ട്‌ ആശയവിനിമയം നടത്തിയതായി സ്‌കോട്ട്‌ മോറിസൺ വെളിപ്പെടുത്തുകയുമുണ്ടായി. പുതിയ സഖ്യം മേഖലയിൽ ആയുധപ്പന്തയം ത്വരിതമാക്കി സുസ്ഥിരത തകർത്ത്‌ സമാധാന ഭംഗത്തിന്‌ വഴിവയ്‌ക്കുമെന്നാണ്‌ ചൈനയുടെ അതിശക്തമായ പ്രതികരണം. അന്താരാഷ്ട്ര ആണവ നിർവ്യാപന പ്രവർത്തനങ്ങൾക്ക്‌ വിരുദ്ധമാണ്‌ നീക്കമെന്നും വിദേശമന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ പറഞ്ഞു. പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം ഗൗരവപൂർവം വീക്ഷിക്കുകയാണെന്നും ഓസ്‌ട്രലിയയുടെ അയൽക്കാർക്ക്‌ ചോദ്യമുയർത്താൻ യുക്തിയുണ്ടെന്നും കൂട്ടിച്ചേർത്ത അദ്ദേഹം, രാഷ്ട്രങ്ങൾ പടുത്തുയർത്തുന്ന സഖ്യങ്ങൾ മൂന്നാമത്‌ കക്ഷികളെ ലക്ഷ്യമിടുന്നതാകരുതെന്നും വിശദീകരിച്ചു. കാലഹരണപ്പെട്ട ശീതസമര മനോഭാവത്തിലേക്ക്‌ ലോകത്തെ വലിച്ചിഴയ്‌ക്കുന്ന അമേരിക്കൻ ഗൂഢാലോചന സമാധാനവും സഹവർത്തിത്വവും തകർക്കുമെന്നാണ്‌ കാര്യങ്ങളുടെ ദിശ വ്യക്തമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top