28 March Thursday

പരമാധികാരവും അമേരിക്കയ്‌ക്കോ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


സ്വതന്ത്ര വിദേശനയവും രാജ്യത്തിന്റെ പരമാധികാരവും മോഡി സർക്കാർ അമേരിക്കയ്‌ക്ക് അടിയറ വച്ചിരിക്കുന്നു. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്ത് ഒപ്പിട്ട ഇന്ത്യ–-യുഎസ് പ്രതിരോധക്കരാറിന്റെ ഉള്ളടക്കം അതാണ്. അമേരിക്കയുടെ സൈനിക സഖ്യരാഷ്ട്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇത്തരമൊരു സാമന്തപദവിക്ക് നാലു കരാറാണ് അമേരിക്കയുമായി ഒപ്പുവയ്‌ക്കേണ്ടിയിരുന്നത്. അതിൽ നാലാമത്തെ ബേസിക്ക് എക്സേഞ്ച് ആൻഡ്‌ കോ–-ഓപ്പറേഷൻ എഗ്രിമെന്റ്‌ (ബെക്ക)കൂടി ചൊവ്വാഴ്ച ഒപ്പിട്ടതോടെയാണ് നാറ്റോ അംഗരാഷ്ട്രത്തിന് തുല്യമായ പദവിയോടെ ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യരാഷ്ട്രമായത്. ഇന്ത്യക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത, ലോകരാജ്യങ്ങളുടെ ആദരവ് നേടിക്കൊടുത്ത ചേരിചേരാനയം ഇതോടെ ചരിത്രമായി. കഴിഞ്ഞ മാസംവരെയും സഖ്യങ്ങൾക്ക് വഴങ്ങില്ലെന്ന വിദേശമന്ത്രി എസ് ജയശങ്കറുടെ ഉറപ്പിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചൈനയെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുമായുള്ള സൈനികസഖ്യത്തെ മോഡി സർക്കാരും ബിജെപിയും ന്യായീകരിക്കുന്നത്. അമേരിക്കൻ വിദേശ സെക്രട്ടറിയും ഇതേ വായ്ത്താരിതന്നെയാണ് ആവർത്തിക്കുന്നത്. അമേരിക്കയുടെ ഏകധ്രുവ ലോകനായക സ്ഥാനത്തെ ചോദ്യം ചെയ്യുന്നതിനാലാണ് അമേരിക്ക ചൈനയ്‌ക്കെതിരെ തിരിയുന്നത്. യുഎസ് ദേശീയ പ്രതിരോധതന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നർഥം. ആയുധങ്ങൾക്ക് പ്രഹരശേഷികൂട്ടി, സൈനികസഖ്യങ്ങൾ വിപുലമാക്കി ചൈനയെ നേരിടുകയാണ് അമേരിക്കൻ തന്ത്രം. ഇതിന്റെ ഭാഗമായാണ് ഇന്തോ‐പസഫിക്കിൽ ക്വാഡ് എന്ന സഖ്യത്തിന്റെ രൂപീകരണവും അതിന്റെ സൈനികവൽക്കരണത്തിന്റെ ഭാഗമായുള്ള മലബാർ പരിശീലനവും. അടുത്ത മാസം നടക്കുന്ന മലബാർ പരിശീലനത്തിൽ ആദ്യമായി ഓസ്ട്രേലിയയും പങ്കെടുക്കുകയാണ്. അതായത്, അമേരിക്കയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കായി ഇന്ത്യയെ സമർഥമായി ഉപയോഗിക്കുകയാണ്. ലക്ഷ്യം കാണുംവരെ മാത്രമേ ഇന്ത്യയോടുള്ള മമത അമേരിക്കയ്‌ക്ക് ഉണ്ടാകൂ. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ഇന്ത്യക്കെതിരെ ഏഴാം കപ്പൽപ്പടയെ അയച്ച അമേരിക്കയെ മറന്നത് രാജ്യതാൽപ്പര്യം ബലികഴിക്കലായിരിക്കും. അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങൾ പരിഗണിച്ചാണ് അമേരിക്കയുമായി കൈകോർക്കുന്നത് എന്ന ന്യായീകരണമാണ് മോഡി സർക്കാരും ബിജെപിയും ഉയർത്തുന്നത്.


 

ഭാരതത്തിന്റെ മുഖ്യശത്രു ചൈനയാണെന്നും അവരെ നേരിടാൻ അമേരിക്കയെപ്പോലെ മറ്റൊരു മിത്രമില്ലെന്നുമാണ് ബിജെപിയുടെ വാദം. ചരിത്രത്തോട് നീതി പുലർത്താത്ത വാദമാണിത്. അതിർത്തിയിൽ സ്ഥിതി വഷളായത് കഴിഞ്ഞ ആറുമാസത്തിനിടയ്‌ക്കാണ്. എന്നാൽ, അമേരിക്കയുമായി സൈനികസഖ്യത്തിന്‌ നീക്കം തുടങ്ങിയത് വാജ്‌പേയി സർക്കാരിന്റെ കാലത്താണ്. സൈനികസഖ്യത്തിന് അടിസ്ഥാനമായ നാലു കരാറിൽ ആദ്യത്തേത് 2002ൽ വാജ്പേയി സർക്കാരാണ് ഒപ്പിട്ടത്. ജനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ കരാറാണ് അന്ന് ഒപ്പിട്ടത്. ബാക്കി മൂന്ന് കരാറിലും ഒപ്പുവച്ചത് മോഡി സർക്കാരിന്റെ കാലത്താണ്. 2016ൽ സൈനികസൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനുള്ള  ലെമോവ കരാറിലും 2018ൽ വാർത്താവിനിമയ വിവരങ്ങൾ കൈമാറുന്ന  കോംകാസ കരാറും ഒപ്പിടുകയുമുണ്ടായി.

അമേരിക്ക–-- ഇന്ത്യ പ്രതിരോധ, വിദേശമന്ത്രിമാർ തമ്മിലുള്ള ടു പ്ലസ്‌ ടു  സംഭാഷണങ്ങൾക്ക് തുടക്കമിട്ടതും മോഡി സർക്കാരിന്റെ കാലത്തുതന്നെ. ഇത് വ്യക്തമാക്കുന്നത് ചൈനയെ ചൂണ്ടിക്കാട്ടി അമേരിക്കയുമായി സാമന്തബന്ധം സ്ഥാപിക്കലായിരുന്നു മോഡിയുടെ ലക്ഷ്യം. നവംബർ മൂന്നിന് അമേരിക്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരക്കിട്ട് അമേരിക്കയുമായി സഖ്യം സ്ഥാപിച്ചിട്ടുള്ളത്. ഇതും സംശയം ജനിപ്പിക്കുന്നു. ഒരുകാര്യം ഉറപ്പിച്ച് പറയാം. ഇന്ത്യൻ താൽപ്പര്യങ്ങളേക്കാൾ ഈ സൈനികസഖ്യംവഴി സംരക്ഷിക്കപ്പെടാൻ പോകുന്നത് അമേരിക്കൻ താൽപ്പര്യമായിരിക്കും. രാജ്യസേവയേക്കാൾ മോഡിക്കും ബിജെപിക്കും പഥ്യം സാമ്രാജ്യത്വസേവയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top