01 October Sunday

ഇന്ത്യക്കാരെ യുദ്ധഭൂമിയിൽ കുടുക്കി മോദി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 26, 2022റഷ്യ ‐ ഉക്രയ്ൻ ഉരസൽ യുദ്ധത്തിലേക്ക്‌ നീങ്ങിയത് ജനാധിപത്യവാദികളെ ആശങ്കയിൽ മുക്കിയിരിക്കുകയാണ്‌. കോവിഡ്‌ അതിജീവിച്ചശേഷം നശീകരണായുധങ്ങൾ മേഖലയിൽ മരണം വിതയ്‌ക്കുന്നു. ആൽബർട്ട് ഐൻസ്‌റ്റീനോട് ഒരു അഭിമുഖകാരൻ ചോദിച്ചത്‌, രണ്ടാം ലോകയുദ്ധ ദുരന്തങ്ങൾ ഇപ്പോഴും പിന്തുടരുന്നു. മൂന്നാം ലോകയുദ്ധം സംഭവിക്കുമോ? പറയാനാകില്ല. നാലാംലോക യുദ്ധം സംഭവിക്കില്ലെന്ന്‌ ഉറപ്പുണ്ട്‌. അപ്പോഴേക്കും മനുഷ്യകുലം ഇല്ലാതായിട്ടുണ്ടാകുമെന്നായിരുന്നു ആ വിശ്രുത ശാസ്‌ത്രജ്ഞന്റെ മറുപടി. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കുശേഷം, അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ റഷ്യക്ക്‌ നൽകിയ ഉറപ്പ്‌ മുഖവിലയ്‌ക്കെടുക്കാതെ കിഴക്കൻ അതിർത്തിയിൽ ഇടങ്കോലിടുന്നു. ഉക്രയ്‌നെ നാറ്റോയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമം റഷ്യൻസുരക്ഷയ്ക്ക് ഭീഷണിയാകും. നാറ്റോയുടെയും മിസൈലുകളുടെയും വിന്യാസവും ആശങ്കയുണ്ടാക്കുന്നു. റഷ്യൻ ആവശ്യത്തോട്‌ യുഎസും നാറ്റോയും നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്നതും കൂടുതൽ സേനയെ അയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നുണ്ട്‌. സമാധാന പുനഃസ്ഥാപനത്തിന്‌ ഡോൺബാസിലെ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും ആശങ്ക പരിഹരിക്കണം. കൂടിയാലോചനകൾ തുടരുകയും മുമ്പുണ്ടാക്കിയ കരാറുകൾ ഇരുഭാഗവും പാലിക്കുകയും വേണം.

ജനങ്ങൾക്കുമേൽ ലാഭം പ്രതിഷ്‌ഠിക്കുന്ന മുതലാളിത്തം, പ്രതിസന്ധി കാലത്ത്‌ അത്‌ പതിന്മടങ്ങായി കൊയ്യും. അപ്പോൾ മനുഷ്യ ജീവനുപോലും വിലപറയും. ഉക്രയ്‌നിൽ ഒരു മാസമായുള്ള യുദ്ധാന്തരീക്ഷം മുൻകൂട്ടിക്കണ്ട് ഇതര രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു. ഇന്ത്യൻ വിദേശമന്ത്രാലയം പതിവ് തണുപ്പൻ മട്ട് തുടർന്നു. കർഫ്യൂ പ്രാബല്യത്തിലായതിനാൽ ഭക്ഷണം, ഫോൺ കാർഡ്‌, മരുന്ന്‌ തുടങ്ങിയവയെല്ലാം കിട്ടാതായി. കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തെത്തിക്കുന്നതിൽ മോദി സർക്കാർ ഗുരുതര വീഴ്‌ചയാണ്‌ വരുത്തിയത്‌. കേന്ദ്ര ഭരണനേതൃത്വം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെയും ഉപജാപക രാഷ്ട്രീയത്തിന്റെയും തിരക്കിലാണ്‌.

ചില മന്ത്രിമാരാകട്ടെ വിലകുറഞ്ഞ പ്രസ്‌താവനകൾ ചുഴറ്റി സ്വയം അപഹാസ്യരാകുന്നു. സ്വയം സുരക്ഷിതരാകാനാണ് വി മുരളീധരന്റെ ആഹ്വാനം. ഭൂഗർഭ മെട്രോകളിലെ ബോംബ് ഷെൽട്ടറുകൾ ഗൂഗിൾ മാപ്പ് നോക്കി കണ്ടെത്തി രക്ഷപ്പെടണമെന്ന വിചിത്ര മുന്നറിയിപ്പാണ്‌ എംബസി നൽകിയത്‌. 18,000 ഇന്ത്യക്കാരുണ്ടവിടെ; പലരും വിദ്യാർഥികൾ. അവരോട് ഉക്രയ്ൻ വിടാൻ നിർദേശിച്ചത് രണ്ടു ദിവസം മുമ്പുമാത്രം. അയച്ചതാകട്ടെ ഒരു വിമാനവും. അതിൽ മടങ്ങിയത് മുന്നൂറിൽ താഴെപേർ. അമേരിക്കയും മറ്റും എംബസി ഉൾപ്പെടെ അടച്ച്‌ താരതമ്യേന സുരക്ഷിതമായ പടിഞ്ഞാറൻ അതിർത്തിയിലേക്ക് മാറി. കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന കാര്യത്തിൽ കേന്ദ്രത്തിന് പദ്ധതിയില്ല. പുര കത്തുമ്പോൾ വാഴ വെട്ടുകയെന്ന ഇന്ത്യൻ കമ്പനികളുടെ തന്ത്രവും തുടരുന്നു. കോവിഡ് വേളയിലെ രക്ഷാപ്രവർത്തനത്തിലും കൊള്ളയടിയായിരുന്നല്ലോ. ഉക്രയ്‌നിൽ കുടുങ്ങിയ വിദ്യാർഥികളുമായി മാധ്യമ സംഘങ്ങൾ ബന്ധപ്പെട്ട്‌ തിരിച്ചുവരവിനെക്കുറിച്ച് തിരക്കിയപ്പോൾ എയർ ഇന്ത്യാ വിമാനമുണ്ട്, ഇന്നലെവരെ 25,000 രൂപയായിരുന്നു ടിക്കറ്റിന്‌. ഇപ്പോൾ ഒന്നുമുതൽ ഒന്നര ലക്ഷംവരെയാണ്. അത് താങ്ങാനാകില്ലെന്നായിരുന്നു മറുപടി. എയർ ഇന്ത്യ വിറ്റപ്പോൾ കൈയടിച്ചവരും രത്തൻടാറ്റയെ പ്രകീർത്തിച്ചവരും എവിടെയാണിപ്പോൾ.

ഉക്രയ്‌നിലെ മലയാളി വിദ്യാർഥികളെയടക്കമുള്ള ആയിരക്കണക്കിനാളുകളുടെ സുരക്ഷ കേന്ദ്രസർക്കാർ ഉടൻ ഉറപ്പാക്കണമെന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗം കൈക്കൊള്ളണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യോമപാത അടച്ചതിനാൽ അവരെ നാട്ടിലെത്തിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കുകയും വേണം. സംഘർഷം രൂക്ഷമാകുമെന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കണമെന്നും മോദി ഭരണത്തിന് അറിയാഞ്ഞിട്ടല്ല. ഇന്ത്യക്ക്‌ സ്വന്തം വിമാന സർവീസില്ല.

പൊതുമേഖലയിലെ എയർ ഇന്ത്യ ടാറ്റ കൈപ്പിടിയിലാക്കി. സ്വകാര്യ എയർലൈൻ യുദ്ധാതിർത്തിയിൽ ഇറങ്ങാൻ പരിമിതി ഏറെയാണ്. മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്ത, വിദ്യാർഥികളടക്കമുള്ള മലയാളികളെ എത്തിക്കാനുള്ള ശ്രമങ്ങൾ കെപിസിസി നടത്തുകയാണെന്ന കെ സുധാകരന്റെ പ്രഖ്യാപനമാണ്‌. കുടുങ്ങിക്കിടക്കുന്നവരോ ബന്ധുമിത്രാദികളോ ഫോം പൂരിപ്പിച്ച് നൽകണമെന്നും അതിലുണ്ട്‌. കഷ്ടം, പ്രളയകാലത്തെ വീടടക്കം നൽകിയ വാഗ്‌ദാനങ്ങളുടെ സ്ഥിതി എന്തായെന്നെങ്കിലും അവർ ഓർക്കേണ്ടിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top