23 April Tuesday

രക്ഷതേടി സുഡാനിലെ ഇന്ത്യക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023


ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സുഡാനിൽനിന്ന്‌ ലോകരാജ്യങ്ങൾ അവരുടെ പൗരന്മാരെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ ആരംഭിച്ചെങ്കിലും ഇന്ത്യ ഇപ്പോഴും ഇരുട്ടിൽത്തപ്പുകയാണ്‌. വെടിനിർത്തൽ ഏർപ്പെടുത്താനുള്ള  അന്താരാഷ്ട്രശ്രമങ്ങൾ പരാജയപ്പെട്ട വേളയിലാണ്‌ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ നയതന്ത്ര പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുഡാനിൽനിന്ന്‌ പല വഴിക്കും പുറത്തെത്തിക്കാൻ ആരംഭിച്ചത്‌. ഈദ്‌ വേളയിൽ മൂന്നുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ നീക്കങ്ങൾ ഉണ്ടായെങ്കിലും ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ട ജനറൽമാർ അത്‌ പാലിക്കാൻ ഒരു താൽപ്പര്യവും കാട്ടിയില്ല. യുദ്ധം നീളുമെന്ന്‌ ഇതോടെ ഉറപ്പായിരിക്കുകയാണ്‌. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നുകൾക്കും കടുത്ത ക്ഷാമമാണ്‌ സുഡാനിൽ നേരിടുന്നത്‌. ജനങ്ങൾ സുരക്ഷിതത്വം തേടി അയൽരാജ്യങ്ങളിലേക്കും കൂടുതൽ സുരക്ഷിതമായ മേഖലകളിലേക്കും പലായനം ആരംഭിച്ചിരിക്കുകയാണ്‌.

അമേരിക്കയും ബ്രിട്ടനും അവരുടെ നയതന്ത്രപ്രതിനിധികളെയും കുടുംബാംഗങ്ങളെയും കഴിഞ്ഞദിവസം രക്ഷിച്ചു. അമേരിക്കൻ പ്രത്യേക സേനയാണ്‌ ഖാർത്തൂം എംബസിയിലെ നൂറോളംപേരെ അയൽരാജ്യമായ ഇത്യോപ്യയിലേക്ക്‌ ഹെലികോപ്‌റ്ററിൽ സുരക്ഷിതമായി എത്തിച്ചത്‌. എംബസി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ബ്രിട്ടീഷ്‌ സൈന്യം രക്ഷിച്ചതായി പ്രധാനമന്ത്രി ഋഷി സുനക്‌ ട്വിറ്ററിലൂടെ അറിയിച്ചു. ജർമനിയും ഫ്രാൻസും 100 പേരെവീതം സുഡാനിൽനിന്ന്‌ സാഹസികമായി രക്ഷിച്ചു. നെതർലൻഡ്‌സും അവരുടെ 152 അംഗ സംഘത്തെ ബസ്‌ മാർഗം സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റുന്നതായി അറിയിച്ചു. ഇറ്റലി, സ്‌പെയിൻ, ക്യാനഡ എന്നീ രാഷ്ട്രങ്ങളും അവരുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞദിവസം സൗദി അറേബ്യ നൂറ്റമ്പതിൽപ്പരം ആളുകളെ കടൽമാർഗം സുരക്ഷിതമായി ജിദ്ദയിൽ എത്തിച്ചിരുന്നു. ആ സംഘത്തിൽ സൗദി എയർലൈൻസിൽ ജീവനക്കാരായ മൂന്ന്‌ ഇന്ത്യക്കാരും രക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി ഒരാളെപ്പോലും സുഡാനിൽനിന്ന്‌ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ രണ്ട്‌ സി–-130 വിമാനങ്ങൾ സൗദിയിലെ ജിദ്ദയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌. പോർട്ട്‌ സുഡാനിൽ ഇന്ത്യൻ പടക്കപ്പലായ ഐഎൻഎസ്‌ സുമേധയെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്‌. എന്നാൽ, ഖാർത്തൂമിൽനിന്ന്‌ ഇന്ത്യൻ പൗരന്മാരെ ഇവിടേക്ക്‌ എത്തിക്കാനുള്ള ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല.

സുഡാനുമായി ഏറ്റവും നല്ല ബന്ധമുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം  2011ൽ സുഡാനെ വിഭജിച്ച്‌ സൗത്ത്‌ സുഡാൻ എന്ന രാഷ്ട്രം രൂപീകരിച്ചതിൽ പ്രധാന പങ്കുവഹിച്ച രാഷ്ട്രമായിരുന്നു ഇന്ത്യ. ഒന്നര നൂറ്റാണ്ടിലധികമായി ഇന്ത്യക്ക്‌ സുഡാനുമായി ബന്ധമുണ്ട്‌. 1856ൽ ഗുജറാത്തിലെ ലവ്‌ചന്ദ്‌ അമർ ചന്ദ്‌ ഷാ സുഡാനിൽ എത്തിയതോടെയാണ്‌ ഈ ബന്ധം ആരംഭിക്കുന്നത്‌. അയ്യായിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്ന്‌ സുഡാനിലുണ്ട്‌. പരമ്പരാഗതമായ ബന്ധം ഉപയോഗിച്ച്‌ പൗരന്മാരെ രക്ഷിക്കാൻ മോദി സർക്കാരിന്‌ കഴിയുന്നില്ലെന്നത്‌ സർക്കാരിന്റെയും വിദേശമന്ത്രാലയത്തിന്റെയും പിടിപ്പുകേടാണ്‌ കാണിക്കുന്നത്‌. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ വൻശക്തിയായി മാറിയെന്ന്‌ അവകാശപ്പെടുമ്പോഴും സുഡാൻപോലുള്ള ഒരു ചെറുരാജ്യത്തെ പ്രശ്‌നംപോലും സ്വന്തംനിലയിൽ കൈകാര്യം ചെയ്യാനാകാതെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഗൾഫ്‌ രാജ്യങ്ങളുടെയും കാലുപിടിക്കേണ്ട ഗതികേടിലാണ്‌ ഇപ്പോൾ ഇന്ത്യ. വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ ന്യൂയോർക്കിൽ യുഎൻ സെക്രട്ടറി ജനറലുമായും അമേരിക്കൻ അധികൃതരുമായും മറ്റും ചർച്ച നടത്തിയെങ്കിലും വെടിനിർത്തൽ ഏർപ്പെടുത്താനോ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാനോ കഴിഞ്ഞിട്ടില്ല.

വിദേശ സഹമന്ത്രി വി മുരളീധരനാകട്ടെ സുഡാനിൽ മരിച്ച മലയാളിയുടെ മൃതദേഹം എത്തിക്കാൻപോലും ശ്രമിക്കാതെ കേരളത്തിൽ രാഷ്ട്രീയ പോരിനുള്ള ഊർജം തേടുകയാണ്‌. ഈ മന്ത്രിയെയാണ്‌ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഏൽപ്പിച്ചിരിക്കുന്നത്‌. നേരത്തേ ഉക്രയ്‌നിലും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിൽ മോദിസർക്കാരും വിദേശമന്ത്രാലയവും കടുത്ത അലംഭാവമാണ്‌ കാട്ടിയിരുന്നത്‌. സുഡാനിലും അത്‌ ആവർത്തിക്കുകയാണ്‌. രാജ്യസ്‌നേഹത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നവർ സുഡാനിലെ ഇന്ത്യൻ പൗരന്മാരെ കലാപഭൂമിയിൽനിന്ന്‌ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇനിയെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top