31 March Friday

റെയിൽ ഭൂമി ചുളുവിലയ്‌ക്ക്‌ തട്ടാൻ അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2022അതിക്രമത്തിന്റെ രാഷ്ട്രീയം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ജനവിരുദ്ധനയങ്ങളും മോദി സർക്കാരിന്റെ മുഖമുദ്രയാണ്‌.  കഴുത്തറുപ്പൻ സ്വകാര്യവൽക്കരണമാണ്‌ അതിൽ പ്രധാനം. നവരത്ന സ്ഥാപനങ്ങളടക്കം ലാഭകരമായി പ്രവർത്തിക്കുന്ന  എല്ലാം വിറ്റുതുലയ്‌ക്കുകയാണ്‌. പ്രതിരോധ, റെയിൽ, ബാങ്കിങ്‌, ഇൻഷുറൻസ്‌, വ്യോമയാന, കപ്പൽ മേഖലകളെല്ലാം കൈമാറാനുള്ള  ഗൂഢപദ്ധതികൾ ത്വരിതഗതിയിലും. റെയിൽ  ഭൂമി കുറഞ്ഞ തുകയ്‌ക്ക് വ്യക്തികൾക്കും കമ്പനികൾക്കും പാട്ടത്തിനു നൽകാൻ നരേന്ദ്ര മോദി  സർക്കാർ തീരുമാനിച്ചിരിക്കുകയാണ്‌. പ്രധാൻമന്ത്രി  ഗതിശക്തി ശൃംഖലയുടെ ഭാഗമായി കാർഗോ ടെർമിനലുകൾ നിർമിക്കുന്നതിന്‌ പൊന്നുംവിലയുള്ള ഭൂമി കുറഞ്ഞ തുകയ്‌ക്ക്‌ മൂന്നരപ്പതിറ്റാണ്ട്‌ കാലയളവിലേക്ക്‌  സ്വകാര്യസംരംഭകർക്ക്‌ പാട്ടത്തിനു നൽകുന്ന പദ്ധതിക്ക്‌ കഴിഞ്ഞ ദിവസമാണ്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയത്‌. പൊതുഭൂമി ചുളുവിലയ്ക്ക് കുത്തകകൾക്ക്‌ കാണിക്കവയ്‌ക്കുമെന്നർഥം. ചരക്ക്‌ കൈകാര്യം ചെയ്യുന്ന കാർഗോ ടെർമിനൽ മുതൽ വൈദ്യുതി, ഗ്യാസ്, ജലവിതരണം, അഴുക്കുചാൽ, നഗരഗതാഗതം, മേൽപ്പാലം, റോഡ്, പൈപ്പ്‌ ലൈൻ, ടെലികോം കേബിൾ, പ്രാദേശിക റെയിൽ ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്ക് റെയിൽ  ഭൂമി അനുവദിക്കും. ടെർമിനലിന് വിട്ടുകൊടുക്കുന്ന ഭൂമിക്ക് നൽകേണ്ടത് വർഷത്തിൽ കമ്പോളനിരക്കിന്റെ  ഒന്നര ശതമാനംമാത്രം. സ്വകാര്യ ട്രെയിൻ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ സ്വകാര്യനിക്ഷേപം ആകർഷിക്കാൻ ഇത്തരം സൗജന്യങ്ങൾ അനിവാര്യമാണെന്നാണ്‌ നിതി ആയോഗിന്റെ ശുപാർശ.

നിലവിൽ പിന്തുടരുന്ന അഞ്ചുവർഷ പാട്ടക്കരാർ രീതി ഇതോടെ അവസാനിക്കും. റെയിൽ  ഭൂമി ഇപ്പോൾ കാർഗോ ടെർമിനലിന് ഉപയോഗിക്കുന്ന സംരംഭങ്ങൾക്ക് നയംമാറ്റം കാരണം ഭൂമി അനന്തമായി പാട്ടത്തിന് എടുക്കാം. അഞ്ചു വർഷത്തിനുള്ളിൽ  രാജ്യമാകെ 300 കാർഗോ ടെർമിനൽ നിർമാണത്തിന്‌  അവസരമൊരുക്കുമെന്നും ചരക്കുകടത്തിന് റെയിലിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്നും സർക്കാർ വാർത്താകുറിപ്പിൽ വിശദീകരിച്ചു. ലേലം വഴിയാകും  പാട്ടനടപടികൾ ആരംഭിക്കുക.  റെയിൽ  ഭൂമിയുടെ ഉപയോഗവ്യവസ്ഥകൾ അതിലളിതമാക്കുമെന്നതിന്റെ വ്യാപ്‌തി സ്വകാര്യ ഷൈലോക്കുമാർക്ക്‌ സൗജന്യം എന്നതാണ്‌.  പാളങ്ങളിലൂടെ  ഒപ്ടിക്കൽ ഫൈബർ കേബിൾ ഇടാനും അനുവദിക്കും. അതിന്‌ ഈടാക്കുന്നതാകട്ടെ ഒറ്റവട്ടം 1000 രൂപ മാത്രം. റെയിൽ  ഭൂമിയിൽ സൗരോർജ പ്ലാന്റ്‌ സ്ഥാപിക്കാനും സമ്മതമുണ്ട്‌. വിദ്യാഭ്യാസ, ചികിത്സാ സൗകര്യങ്ങൾക്കാണെങ്കിൽ ഭൂമിവില ചതുരശ്ര മീറ്ററിന് ഒരു രൂപയേ വേണ്ടൂ. പുതിയ  നയം ഒന്നേകാൽ ലക്ഷം തൊഴിൽ ഉറപ്പാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.  സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതി (സിസിഇഎ)യുടെ പുതിയ ഇളവുകൾ കണ്ടെയ്നർ കോർപറേഷനെ (കോൺകോർ)യാണ്‌  പ്രധാനമായും സഹായിക്കുക. ഈവർഷം കോൺകോറിനെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര നീക്കം. അതിലൂടെ  8000 കോടി പ്രതീക്ഷിക്കുന്നു. അദാനി പോർട്സിനും തീരുമാനം വൻനേട്ടമാണ്. റെയിൽവേയോടു ചേർന്ന് കണ്ടെയ്നർ ഹബ്ബുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺകോർ ഓഹരികൾ വ്യാഴാഴ്‌ച  15 ശതമാനത്തിലധികവും അദാനി പോർട്‌സിന്റേത്‌ മൂന്നു ശതമാനവും  കയറ്റം രേഖപ്പെടുത്തിയത്‌ വ്യക്തമായ സൂചനയാണ്‌.  

ഭൂമിക്കൊപ്പം ഭക്ഷണവും സ്വകാര്യവൽക്കരിക്കുമെന്നതിന്റെ തെളിവും വന്നുകഴിഞ്ഞു. ആദ്യഘട്ടമായി റെയിൽ വേ സ്റ്റേഷനുകളിൽ മിതമായ നിരക്കിൽ ഭക്ഷണം വിളമ്പുന്ന ഐആർസിടിസി ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായി. ഒരുമാസത്തിനിടെ  കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിലായി  12 സ്റ്റാളിന്‌ താഴുവീണു.  കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്‌ഷൻ (സൗത്ത്‌), ടൗൺ (നോർത്ത്‌), തൃശൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേത്‌ അടച്ചത്‌ മലയാളികൾക്ക്‌ വിനയാണ്‌. അപ്രായോഗിക കാറ്ററിങ്‌ നയങ്ങളാണ്‌  ഇതിനു കാരണം. ചില ഭക്ഷണ ഇനങ്ങളുടെ വിലയും സ്റ്റാളുകളുടെ ലൈസൻസ് ഫീസും അമിതമായി വർധിപ്പിച്ചതോടെ കാലാവധി കഴിഞ്ഞ  പല  കരാറും പുതുക്കിയില്ല

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top