18 April Thursday

കോവിഡ്‌ വിട്ടൊഴിയാതെ ഇന്ത്യൻ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021


കോവിഡ്‌ കാലത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽനിന്ന്‌ മുക്തമായി രാജ്യമാകെ ജനജീവിതം പഴയ നിലയിലായി. എന്നാൽ, ഇക്കാര്യം മനസ്സിലാക്കാത്തത്‌ ഇന്ത്യൻ റെയിൽവേ മാത്രമാണ്‌. കോവിഡ്‌ വ്യാപനകാലത്ത്‌ തുടങ്ങിയ സർവീസ്‌ നിയന്ത്രണങ്ങളും യാത്രാനിരക്ക്‌ വർധനയും ഇപ്പോഴും തുടർന്നുകൊണ്ട്‌ യാത്രക്കാരെ കൊള്ളയടിക്കുകയാണ്‌. വിമാന സർവീസുകൾ ഉൾപ്പെടെ എല്ലാ മേഖലയും കോവിഡിനു മുമ്പുള്ള കാലത്തേക്ക്‌ തിരിച്ചുപോകുമ്പോൾ  സാധാരണരീതിയിലുള്ള സർവീസ്‌ പുനരാരംഭിച്ച്‌ നിരക്ക്‌ കുറയ്‌ക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. അമിത ചാർജ്‌ ഈടാക്കിയും സീസൺ ടിക്കറ്റും എല്ലാവിധ യാത്രാസൗജന്യവും നിഷേധിച്ച്‌ സ്‌പെഷ്യൽ സർവീസുകളാണ്‌  തുടരുന്നത്‌. പാസഞ്ചർ ട്രെയിനുകളും പുനരാരംഭിച്ചിട്ടില്ല. ഇതേത്തുടർന്ന്‌ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്‌ കേരളത്തിലെ യാത്രക്കാരാണ്‌. ഓഫീസുകളും വ്യവസായ –വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദസഞ്ചാരമേഖല ഉൾപ്പെടെയുള്ള എല്ലായിടവും കേരളത്തിൽ  സാധാരണനിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഈ മാറ്റമൊന്നും അറിയാത്ത രീതിയിലാണ്‌ കേരളത്തോടുള്ള റെയിൽവേയുടെ സമീപനം.

ജാഗ്രത വിടാതെ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു യാത്രചെയ്യാൻ ഒരുക്കമാണെങ്കിലും യാത്രക്കാർക്ക്‌ കയറാൻ ട്രെയിൻ ഇല്ലാത്ത സ്ഥിതിയാണ്‌.
കോവിഡ്‌ കാലത്ത്‌ നിർത്തിവച്ച ട്രെയിനുകൾ സ്‌പെഷ്യൽ ട്രെയിനുകളായാണ്‌ പുനഃസ്ഥാപിക്കുന്നത്‌.  റിസർവേഷൻ ടിക്കറ്റ്‌ മാത്രമുള്ള ഈ ട്രെയിനുകളിൽ ചാർജ്‌ കൂടുതലാണ്‌.  രോഗികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്‌ സൗജന്യവും നിഷേധിക്കുന്നു. പാസഞ്ചർ ട്രെയിനെല്ലാം സ്‌പെഷ്യലാക്കി ഇരട്ടിയിലേറെ ചാർജ്‌ ഈടാക്കുന്നു. ഇത്‌ പാവപ്പെട്ട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. യാത്രാനിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഭൂരിഭാഗം ട്രെയിനിലും ജനറൽ കോച്ചുകളും അനുവദിച്ചിട്ടില്ല. ദക്ഷിണ റെയിൽവേക്ക്‌ കീഴിലെ 27 ട്രെയിനിൽ മാത്രമാണ്‌ ബുധനാഴ്‌ചവരെ ജനറൽ കോച്ചുകൾ അനുവദിച്ചത്‌. മൂന്നിലൊന്ന്‌ ജനറൽ കോച്ചുപോലും ഈ ട്രെയിനുകളിൽ ഇല്ല. സീസൺ ടിക്കറ്റുക്കാരെ പുറത്തുനിർത്താനാണ്‌ മറ്റ്‌ ട്രെയിനുകളിൽ ജനറൽ കോച്ച്‌ അനുവദിക്കാതിരിക്കുന്നത്‌. പല സ്‌റ്റേഷനിൽനിന്നും ജീവനക്കാരില്ലെന്നു പറഞ്ഞ്‌ സീസൺ ടിക്കറ്റ്‌ നൽകുന്നില്ല. സർക്കാർ ജീവനക്കാരും തൊഴിലാളികളും ദിവസക്കൂലിക്കാരും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന്‌ ആളുകളാണ്‌ സീസൺ ടിക്കറ്റിൽ  ദിവസവും യാത്രചെയ്യുന്നത്‌.  സ്‌പെഷ്യൽ സർവീസിന്റെ പേരിൽ ഫൈൻ ടിക്കറ്റുകൾ ഏർപ്പെടുത്തിയും യാത്രക്കാരെ ചൂഷണം ചെയ്യുന്നു. സ്‌പെഷ്യൽ ട്രെയിനുകളിൽ  സീറ്റുണ്ടെങ്കിലും  നിശ്ചിതസമയത്തിനുമുമ്പുവരെ മാത്രമേ റിസർവേഷൻ ടിക്കറ്റ്‌ നൽകുന്നുള്ളൂ. സ്‌റ്റേഷനിലെ എത്തുന്ന യാത്രക്കാർ ട്രെയിനിൽ കയറിയാൽ സ്‌പെഷ്യൽ സർവീസ്‌ ടിക്കറ്റിനു പുറമേ കുറഞ്ഞത്‌ 250 രൂപ ഫൈനും നൽകണം.  ദൂരത്തിനനുസരിച്ച്‌ ഫൈനും വർധിക്കും.

ജീവനക്കാരെ  കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ സ്‌റ്റേഷനിലും റിസർവേഷൻ, ജനറൽ ടിക്കറ്റ്‌ കൗണ്ടറിന്റെ എണ്ണവും കുറച്ചു. സ്‌പെഷ്യൽ ട്രെയിനുകളിൽ ഓൺലൈനായാണ്‌ ടിക്കറ്റുകൾ റിസർവ്‌ ചെയ്യാനാകുക.  പല സ്‌റ്റേഷനിലും ഏറെനേരം കാത്തിരുന്നാലേ  ടിക്കറ്റ്‌ ലഭിക്കുകയുള്ളൂ. കോവിഡിന്റെ മറവിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ 10ൽനിന്ന്‌ 50 രൂപയാക്കിയിരുന്നു. ഇതു കുറയ്‌ക്കാനും റെയിൽവേ തയ്യാറാകുന്നില്ല.  കേരളത്തിലെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സംസ്ഥാന സർക്കാർ  റെയിൽ  മന്ത്രിക്കും റെയിൽവേ ബോർഡിനും രണ്ടു തവണ കത്തുനൽകി. പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ പുനഃസ്ഥാപിച്ച്‌ കോവിഡിനു മുമ്പുള്ള നിലയിലാക്കാത്തതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ അജൻഡയാണ്‌ വ്യക്തമാകുന്നത്‌.  അമിത ചാർജ്‌ ഈടാക്കുന്ന സ്‌പെഷ്യൽ ട്രെയിനുകൾ തുടർന്നുകൊണ്ട്‌ സ്വകാര്യവൽക്കരണം വേഗത്തിലും വ്യാപകവുമാക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top