30 May Tuesday

പാസഞ്ചർ സർവീസ്‌ സ്വകാര്യവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019


രണ്ടാം മോഡി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജൻഡ നിയോലിബറൽ പരിഷ‌്കാരങ്ങളായിരിക്കുമെന്ന് പ്രഖ്യാപിച്ചത് നിതി ആയോഗാണ്. സ്വകാര്യവൽക്കരണം, കോർപറേറ്റ് അനുകൂല തൊഴിൽ നിയമ പരിഷ‌്കാരങ്ങൾ, ഭൂ ബാങ്ക് രൂപീകരണം എന്നിവയ‌്ക്കായിരിക്കും മോഡി സർക്കാർ ആദ്യ 100 ദിവസത്തിൽ  ഊന്നൽ നൽകുകയെന്നായിരുന്നു നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ പ്രഖ്യാപനം. അതിന്റെഭാഗമായി തൊഴിൽനിയമ പരിഷ‌്കാരത്തെക്കുറിച്ച‌് ആദ്യ ചർച്ച മന്ത്രിതലസമിതി നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സ്വകാര്യവൽക്കരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിരിക്കുന്നു. റെയിൽവേ പാസഞ്ചർ സർവീസ് സ്വകാര്യ മേഖലയ‌്ക്ക് വിട്ടുകൊടുക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. അധികം തിരക്കില്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് റൂട്ടുകളിലെ പാസഞ്ചർ സർവീസുകളാണ് പരീക്ഷണാർഥം ആദ്യം സ്വകാര്യവൽക്കരിക്കുകയത്രെ.  ഐആർസിടിസിയെയാണ് ഈ പാസഞ്ചർ റൂട്ടിലെ സർവീസ് ഏൽപ്പിക്കുകയെന്നാണ് അറിയുന്നത്. ഇതിനായി പൊതുലേലത്തിലൂടെ സ്വകാര്യസംരംഭകരെ കണ്ടെത്തുന്ന കാര്യവും ആലോചനയിലുണ്ട്.

ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണ് ഈ നീക്കം. അടിസ്ഥാന വികസനം സാധ്യമാക്കുന്ന റെയിൽവേ ട്രാക്ക് നിർമാണം തുടങ്ങിയ കൂടുതൽ നിക്ഷേപം ആവശ്യമുള്ള മേഖലയിലേക്കല്ല മറിച്ച് റെയിൽവേയുടെ കൈവശമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ലാഭംകൊയ്യുന്നതിൽമാത്രമാണ് സ്വകാര്യമേഖലയ‌്ക്ക് താൽപ്പര്യമുള്ളത്. അതിനാണ് സർക്കാർ അവസരം ഒരുക്കുന്നതും. പാസഞ്ചർ സർവീസ് സ്വകാര്യമേഖലയ‌്ക്ക് കൈമാറിയാലുള്ള ആദ്യ ഫലം യാത്രക്കൂലി കുത്തനെ കൂടുമെന്നതാണ്. യഥാർഥ ചാർജിന്റെ 53 ശതമാനം മാത്രമാണ് ഇപ്പോൾ യാത്രക്കൂലി ഇനത്തിൽ ഈടാക്കുന്നത് എന്നാണ് റെയിൽവേതന്നെ പരസ്യപ്പെടുത്തുന്നത്. ഇതിനർഥം യാത്രാ സർവീസ് സ്വകാര്യമേഖലയെ ഏൽപ്പിച്ചാൽ യാത്രക്കൂലി ഇരട്ടിയിലധികമായെങ്കിലും വർധിക്കുമെന്നാണ്.  രണ്ടാമതായി വൃദ്ധജനങ്ങൾക്കും അംഗവൈകല്യമുള്ളവർക്കും മാരകരോഗം ബാധിച്ചവർക്കുംമറ്റും നൽകുന്ന  യാത്രാ ഇളവുകളും ഇല്ലാതാകും. ലാഭകരമല്ലാത്ത സർവീസുകൾ ആ പേരുപറഞ്ഞ് ഉടൻ നിർത്തുകയും ചെയ്യും.  അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും എതിർക്കപ്പെടേണ്ട നിർദേശങ്ങളാണ് മോഡി സർക്കാർ മുന്നോട്ടുവയ‌്ക്കുന്നത്. 

ഇന്ത്യൻ ജനതയുടെ യാത്രാസ്വപ‌്നത്തിന് ചിറകുനൽകിയത് ഇന്ത്യൻ റെയിൽവേയാണെന്ന് പറയാം. സ്വന്തമായി വാഹനയാത്ര സ്വപ്‌നം പോലും കാണാൻ കഴിയാത്ത പട്ടിണിപ്പാവങ്ങൾക്ക് മറ്റുപ്രദേശങ്ങളിലേക്കുപോയി തൊഴിലെടുക്കാനും ജീവിതം മെച്ചപ്പെടുത്താനുംമറ്റും സാധിച്ചത് റെയിൽവേ ഉള്ളതുകൊണ്ടായിരുന്നു. ഏറ്റവും ചുരുങ്ങിയ ചാർജിന് യാത്രചെയ്യാൻ കഴിയുന്ന ഗതാഗത മാർഗമായിരുന്നു അത്. ലോകത്തിൽ അമേരിക്കയും ചൈനയും റഷ്യയും കഴിഞ്ഞാൽ ഏറ്റവും വലിയ റെയിൽവേ സർവീസും ഇന്ത്യയുടേതാണ്.  ദിനംപ്രതി 2.3 കോടി യാത്രക്കാരാണ് റെയിൽ ഗതാഗതം ഉപയോഗിക്കുന്നത്. 30 ലക്ഷം ടൺ ചരക്കാണ് ദിനംപ്രതി റെയിൽവേ വഴി കടത്തുന്നത്.  70000 കിലോമീറ്റർ റെയിൽ പാതയുള്ള അതിവിപുലമായ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ഇത്രമാത്രം ജനങ്ങളുമായി ഇഴുകിച്ചേർന്ന ഗതാഗത സർവീസിനെയാണ് ഇപ്പോൾ ലാഭംമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വകാര്യമേഖലയ‌്ക്ക് തീറെഴുതാൻ നീക്കം നടത്തുന്നത്. 

നിയോലിബറൽ നയത്തിന്റെ ഉദ്ഘാടനകാലംമുതൽതന്നെ റെയിൽവേസ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചയും രാജ്യത്ത് ആരംഭിച്ചിരുന്നു. എന്നാൽ, മോഡി സർക്കാരിന്റെ കാലത്ത് നിയമിച്ച ബിബേക് ദേബറോയ് കമ്മിറ്റിയാണ് അതിവേഗ സ്വകാര്യവൽക്കരണത്തിനും അതുവഴിയുള്ള വിഭവസമാഹരണത്തിനും നിർദേശിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് 23 റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരണത്തിന്റെപേരിൽ സ്വകാര്യമേഖലയ‌്ക്ക് കൈമാറാൻ തീരുമാനിച്ചത്. 

കേരളത്തിൽനിന്നുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 400 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യമേഖലയ‌്ക്ക‌് കൈമാറാനായിരുന്നു  ലക്ഷ്യം. റെയിൽവേ സ്റ്റേഷന്റെ കൈവശമുള്ള ഭൂമി ഷോപ്പിങ‌് മാളുകളും സിനിമാ തിയറ്ററുകളും  ഹോട്ടലുകളും പണിയാനായി കൈമാറാനായിരുന്നു പദ്ധതി. 45 വർഷത്തെ ലീസിനാണ് ഇങ്ങനെ റെയിൽവേയുടെ കൈവശമുള്ള കണ്ണായ ഭൂമി സ്വകാര്യമേഖലയ‌്ക്ക് കൈമാറിയത്.  അതുപോലെതന്നെ 100 ശതമാനം വിദേശനിക്ഷേപവും പശ്ചാത്തലസൗകര്യ വികസന മേഖലയിൽ അനുവദിച്ചു. ഈ നയത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ റെയിൽവേ സർവീസ് തന്നെ സ്വകാര്യമേഖലയ‌്ക്ക് കൈമാറാൻ ഒരുങ്ങുന്നത്. വെറും സർവീസ് മാത്രമല്ല, റെയിൽവേ കമ്പനികളും ഫാക്ടറികളുംകൂടി സ്വകാര്യവൽക്കരിക്കാനാണ് നീക്കം. കോച്ച് ഫാക്ടറികളും റോളിങ‌് സ്റ്റോക്ക് നിർമാണ യൂണിറ്റുകളും അനുബന്ധ വർക്ക് ഷോപ്പുകളുമാണ് കോർപറേറ്റുകൾക്ക് കൈമാറാൻ ആലോചിക്കുന്നത്.

ലോകത്തിൽ ഭൂരിപക്ഷം രാഷ്ട്രങ്ങളിലും റെയിൽവേ ഇന്നും പൊതുമേഖലയിൽത്തന്നെയാണുള്ളത്. സാധാരണ ജനങ്ങൾ പൊതുഗതാഗതത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റെയിൽവേയെയാണ് എന്നതിനാലാണിത്. റെയിൽവേ സ്വകാര്യവൽക്കരിച്ച ബ്രിട്ടനിലും ഫ്രാൻസിലും ജപ്പാനിലും ദേശസാൽക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാണ്. അവസാനം യുഎന്നിന് പോലും പറയേണ്ടിവന്നു പൊതുമുതൽ അമിതമായി സ്വകാര്യവൽക്കരിക്കുന്നത് രാജ്യപുരോഗതിക്ക് ഗുണകരമല്ലെന്ന്. ആ ഘട്ടത്തിലാണ് റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം. ഇത് ജനങ്ങളെ അണിനിരത്തി ചെറുക്കാൻ രാഷ്ട്രീയകക്ഷികളും ജനങ്ങളും മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top