28 March Thursday

റെയില്‍വേയുടെ പകല്‍ക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2016


ഫ്ളെക്സി നിരക്ക് എന്ന ഓമനപ്പേരിലൂടെ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ 90 ശതമാനം ടിക്കറ്റുകളുടെയും നിരക്ക് കുത്തനെ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കാന്‍ കടുത്ത പ്രതിഷേധത്തിനൊടുവിലും റെയില്‍വേ തയ്യാറായിട്ടില്ല. ഫ്ളെക്സി സംവിധാനം വരുംനാളുകളില്‍ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ഈ നിഷേധാത്മക നിലപാടില്‍ പ്രതിഫലിക്കുന്നത്്. വര്‍ധനയ്ക്ക് ആധാരമായി റെയില്‍വേ പറയുന്ന ന്യായങ്ങള്‍ വിചിത്രമാണ്. വിമാനക്കൂലിയേക്കാള്‍ കുറവാണ് ഇതെന്നും ബസിനേക്കാള്‍ സൌകര്യമുണ്ടെന്നുമൊക്കെ പറയുന്ന അധികാരികളുടെ തൊലക്കട്ടി അപാരംതന്നെയാണ്. പഞ്ചസാരയുടെയും ചൂലിന്റെയും വിലയുമായി റെയില്‍വേ ചാര്‍ജിനെ താരതമ്യപ്പെടുത്താനും ഇവര്‍ക്ക് മടിയില്ല. വര്‍ധന നിലവില്‍ വന്നപ്പോള്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി നടത്തിയ പ്രതികരണം ഇത്തരക്കാരുടെ തൊലിയുരിക്കുന്നതായിരുന്നു. 'സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കുണ്ടെന്ന പേരില്‍ രാത്രി അടിയന്തര ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം രൂപ അധികം ഈടാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും' എന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പൊതു യാത്രാസൌകര്യം ഒരുക്കാനും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും സീറ്റുകളുടെ എണ്ണം കൂട്ടാനും റെയില്‍വേക്ക് കുത്തക അധികാരമുണ്ട്. അത് ചെയ്യാതെ തിരക്കിന്റെ പേരില്‍ നിരക്ക് കൂട്ടുന്ന അന്യായം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.

റെയില്‍വേയുടെ നയപരമായ എല്ലാ തീരുമാനങ്ങളിലും പാര്‍ലമെന്റിനോടും അതുവഴി രാജ്യത്തെ എല്ലാ ജനങ്ങളോടും ഉത്തരവാദിത്തം പുലര്‍ത്തുന്ന രീതിയാണ് സ്വതന്ത്രകാലഘട്ടംമുതല്‍ നിലനിന്നിരുന്നത്. എന്നാല്‍, റെയില്‍വേ ബജറ്റുതന്നെ ഇല്ലാതാക്കാനുള്ള തീരുമാനമാണ് അണിയറയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ കച്ചവടവല്‍ക്കരണം സാധ്യമാകും. പൊതുബജറ്റിനുമുമ്പ് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ പാലമെന്റില്‍ ചര്‍ച്ചചെയ്ത് പാസാക്കിയശേഷമേ നിരക്കുവര്‍ധന അടക്കം സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നുള്ളൂ. അടുത്തകാലത്തായി ഈ കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടു. എക്സിക്യൂട്ടീവ് ഉത്തരവുകള്‍വഴി നയതീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. പ്രീമിയം നിരക്കുകള്‍ എന്ന പേരില്‍ കരിഞ്ചന്ത നടപ്പാക്കുന്ന സുവിധ ട്രെയിനുകള്‍ ഇതിന്റെ ഭാഗമാണ്. ഇത് സ്പെഷ്യല്‍ ട്രെയിനുകളാണെങ്കില്‍ സാധാരണ ട്രെയിനുകളില്‍ത്തന്നെ പലപേരില്‍ നിരക്കുവര്‍ധന നടപ്പാക്കി. ഏറ്റവും ഒടുവില്‍ സാധാരണ ട്രെയിനുകളില്‍ത്തന്നെ പ്രീമിയംനിരക്ക് നടപ്പാക്കി. ഈ സമ്പ്രദായം നിലവിലുള്ള വ്യോമഗതാഗതമേഖലയില്‍, പ്രത്യേകിച്ച് ഗള്‍ഫ് യാത്രക്കാരായ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. അതേ മാതൃകയാണ് റെയില്‍വേയിലേക്ക് പകര്‍ത്തുന്നത്. സ്വകാര്യവല്‍ക്കരണവും  ലാഭക്കൊയ്ത്തുമല്ലാതെ യാത്രക്കാര്‍ക്ക് ഒരു ഗുണവുമുണ്ടാകുന്നില്ല.

  ലോകത്തെ ഏറ്റവും ബൃഹത്തായ ഗതാഗതശൃംഖലകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാനം അദ്വിതീയമാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിയതെങ്കിലും ഇന്നും രാഷ്ട്രത്തിന്റെ ബഹുസ്വര പാരമ്പര്യത്തിന്റെ സവിശേഷ ശേഷിപ്പാണ് ഇന്ത്യന്‍ റെയില്‍വേ. വിവിധ ഭാഷാ സംസ്കൃതി വൈജാത്യങ്ങള്‍ക്കിടയിലെ ഇണക്കുകണ്ണിയായി മനുഷ്യശരീരത്തില്‍ നാഡീഞരമ്പുകണക്കെ, ഭാരതഭൂവില്‍ പടര്‍ന്നുകിടക്കുന്നതാണ് ഈ യാത്രാസംവിധാനം. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതിനാലും ഏറ്റവും കുറഞ്ഞ ചെലവിനാലും പുകള്‍പെറ്റതാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, പുതിയ കാലത്തിന്റെ ലാഭക്കണക്കില്‍ റെയില്‍വേ അനുദിനം സാധാരണ മനുഷ്യര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

   ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണ ആശയങ്ങള്‍ നമ്മുടെ ഭരണസംവിധാനത്തിലും പിടിമുറുക്കിയതുമുതല്‍ റെയില്‍വേയിലും കച്ചവടവല്‍ക്കരണത്തിലേക്കുള്ള പരിണാമം ശക്തമായി. വര്‍ഷാവര്‍ഷം ചരക്ക്– യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. നിത്യോപയോഗ സാധനങ്ങളുടെ നല്ലൊരുപങ്കും കടത്തിക്കൊണ്ടുപോകുന്ന റെയില്‍വേ ചരക്കകൂലിയില്‍ വരുത്തുന്ന വര്‍ധന വിലക്കയറ്റത്തിന് നേരിട്ട് ഇന്ധനം പകരുന്നു. യാത്രക്കൂലിയും അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, ആദ്യകാലത്ത് ഈ വര്‍ധനകള്‍ക്ക് സമാന സ്വഭാവമുണ്ടായിരുന്നു. എന്നാല്‍, ഒരു ഘട്ടം പിന്നിട്ടപ്പോള്‍ റെയില്‍വേയുടെ പരിഷ്കാരങ്ങള്‍ സമ്പന്നാനുകൂലമായി. കൂടുതല്‍ പണംമുടക്കാന്‍ ശേഷിയുള്ളവര്‍ക്കുമാത്രം ലഭിക്കുന്നതായി റെയില്‍വേയുടെ സൌകര്യങ്ങള്‍ പരിമിതപ്പെട്ടു.

തല്‍കാല്‍ സംവിധാനം അടിയന്തരസാഹചര്യങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക സൌകര്യമെന്ന നിലയില്‍ ന്യായീകരിക്കാമെങ്കിലും അതും സാധാരണക്കാരായ യാത്രക്കാരുടെ ചെലവിലായിരുന്നു. സാധാരണ ചാര്‍ജില്‍ സഞ്ചരിക്കണമെങ്കില്‍ മാസങ്ങള്‍ക്കുമുമ്പ് റിസര്‍വ് ചെയ്യണമെന്ന സ്ഥിതിയായി. സൌകര്യങ്ങള്‍ കൂടുതല്‍ പണംകൊടുക്കുന്നവര്‍ക്കുമാത്രം എന്ന തത്വശാസ്ത്രത്തിലേക്ക് റെയില്‍വേ പൂര്‍ണമായും കൂപ്പുകുത്തിയ തീരുമാനമാണ് ഏറ്റവും ഒടുവിലത്തേത്. തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് നിരക്കും വര്‍ധിപ്പിക്കുമെന്ന തീരുമാനം പൊതുമേഖലാസ്ഥാപനം എന്ന കാഴ്ചപ്പാടിനുതന്നെ വിരുദ്ധമാണ്. സ്വകാര്യമേഖലയില്‍പ്പോലും പൊതുസ്വഭാവമുള്ള സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. എല്ലാ സര്‍വീസ് മേഖലകളിലും അഡ്മിനിസ്ട്രേറ്റീവ് പ്രൈസിങ് എന്ന നിയന്ത്രണസംവിധാനം നിലവിലുണ്ട്. അതെല്ലാം മറന്നുകൊണ്ട് ലേലംവിളിയിലൂടെ നിരക്ക് നിശ്ചയിക്കാനുള്ള റെയില്‍വേയുടെ തീരുമാനം ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ വിലനിയന്ത്രണം എടുത്തുകളയാനുള്ള  നീക്കം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടക്കംകുറിച്ചതാണ്. തുടര്‍ന്നുവന്ന ബിജെപി സര്‍ക്കാര്‍ വിലനിയന്ത്രണം പൂര്‍ണമായി എടുത്തുകളയുന്ന നിലപാടുമായണ് മുന്നോട്ടുപോകുന്നത്. പെട്രോളും ഡീസലും ഒടുവിലായി മണ്ണെണ്ണപോലും വിലനിയന്ത്രണപരിധിക്കു പുറത്തായി. പാചകവാതകത്തിനും തോന്നുംപടി വില വര്‍ധിപ്പിക്കുകയാണ്. ഇത്തരത്തില്‍ സമ്പന്നതാല്‍പ്പര്യത്തിനായി സേവനമേഖലയെ ആകെ തീറെഴുതാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവരികയാണ്. ജനദ്രോഹതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഓരോ ഘട്ടത്തിലും പ്രതിരോധം ഉയര്‍ത്തേണ്ടത് അനിവാര്യമായിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top