19 April Friday

സ്വകാര്യവല്‍ക്കരണത്തിന്റെ ട്രാക്കില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2016

പൊതുബജറ്റിന് ഒരുദിവസം മുമ്പ് ലോക്സഭയില്‍ റെയില്‍ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനും രണ്ട് മണിക്കൂറോളം നീളുന്ന ബജറ്റവതരണത്തിനൊടുവില്‍ ഏതെങ്കിലും പുതിയ വണ്ടിയോ പാളമോ പദ്ധതിയോ പ്രഖ്യാപിക്കുന്നുണ്ടോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന എംപിമാരുടെ മുഖത്ത് പടരുന്ന സന്തോഷത്തിനും നിരാശയ്ക്കും ഇനി ലോക്സഭ സാക്ഷ്യംവഹിക്കില്ല. ഇരുസഭകളിലും ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കുന്ന റെയില്‍ബജറ്റ് ചര്‍ച്ചയും ഇനി ഉണ്ടാകില്ല. റെയില്‍ ബജറ്റിനെക്കുറിച്ച് തലേന്നുമുതല്‍തന്നെ ആരംഭിക്കുന്ന ചാനല്‍ചര്‍ച്ചകളും ഇനി ചരിത്രത്തിന്റെ ഭാഗം. പൊതുബജറ്റിന്റെ ഒരു അനുച്ഛേദം മാത്രമായി റെയില്‍ ബജറ്റ് ചുരുങ്ങുമ്പോള്‍ ഇല്ലാതാകുന്നത് 92 വര്‍ഷം നീണ്ട കീഴ്വഴക്കമാണ്. ഒന്നര നൂറ്റാണ്ട് മുമ്പ് മുംബൈയില്‍നിന്ന് 21 മൈല്‍ അകലെയുള്ള താണെയിലേക്ക് കൂകിപ്പായാന്‍ തുടങ്ങിയ തീവണ്ടി 67312 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയതിന്റെയും മൂന്ന് സ്റ്റേഷനില്‍നിന്ന് 7112 സ്റ്റേഷനായി വളര്‍ന്നതിന്റെയുംപിന്നില്‍ 1924ല്‍ അന്നത്തെ ലെജിസ്ളേറ്റീവ് അസംബ്ളി തുടക്കംകുറിച്ച റെയില്‍ ബജറ്റിന് വലിയ പങ്കുണ്ട്.  ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയനുസരിച്ച് ആരംഭിച്ച പ്രത്യേക റെയില്‍ ബജറ്റ് ബിബേക് ദേബ്റോയ് നേതൃത്വം നല്‍കുന്ന പ്രത്യേകസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് അവസാനിപ്പിക്കുന്നത്.  കൊളോണിയല്‍ രീതിക്ക് അന്ത്യമിടുന്ന വാദം ഉന്നയിക്കുന്ന സര്‍ക്കാരിനോട് ഒരപേക്ഷ മാത്രമാണുള്ളത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം അവസാനിപ്പിക്കേണ്ടിയിരുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ബ്രിട്ടീഷ് നിയമമായിരുന്നു. 

തൊണ്ണൂറ്റിരണ്ട് വര്‍ഷംമുമ്പ് ലെജിസ്ളേറ്റീവ് അസംബ്ളിയുടെ അംഗീകാരത്തോടെ ആരംഭിച്ച ബജറ്റ് അവതരണത്തിന് അന്ത്യമിടുമ്പോള്‍ അതേക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാനുള്ള മാന്യതെയെങ്കിലും സര്‍ക്കാര്‍ കാട്ടണമായിരുന്നു. പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ചചെയ്യാതെ റെയില്‍ബജറ്റിന് ചരമഗീതം കുറിച്ച മോഡി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണ്. പാര്‍ലമെന്റിനെയും ജനങ്ങളെയും അവഹേളിക്കലാണ്. എന്തിനായിരുന്നു ഈ ധൃതിപിടിച്ച നീക്കം? നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കമിട്ടത് 1991ലെ നരസിംഹറാവു സര്‍ക്കാരായിരുന്നെങ്കിലും പൊതുമേഖലയെ വിറ്റഴിക്കാനായി പ്രത്യേക വകുപ്പ്–ഓഹരിവില്‍പ്പനാമന്ത്രാലയം തുടങ്ങിയത് വാജ്പേയി സര്‍ക്കാരായിരുന്നു.

നവഉദാരവല്‍ക്കരണത്തിന്റെ തേര് ഇന്ത്യയിലേക്ക് വലിച്ചുകൊണ്ടുവന്ന നരസിംഹറാവുവിന്റെ ധനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ ഓഹരിവില്‍പ്പനാമന്ത്രാലയം ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി. എന്നാല്‍, ആര്‍എസ്എസ് പ്രചാരകനായ ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറിയപ്പോള്‍ ഇല്ലാതാക്കുന്നത് റെയില്‍മന്ത്രാലയംതന്നെയാണ്. റെയില്‍ ബജറ്റില്ലെങ്കില്‍ ഇനി റെയില്‍മന്ത്രാലയത്തിന് എന്ത് പ്രസക്തിയാണുള്ളത്? റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റിയും റെയില്‍വേ ബോര്‍ഡും റെയില്‍വേ ഫിനാന്‍ഷ്യല്‍ കമീഷനും അപ്രസക്തമാകുമ്പോള്‍ സുരേഷ് പ്രഭുവിന് റെയില്‍മന്ത്രിയായി തുടരാനാകുമോ? അവസാനമായി റെയില്‍ ബജറ്റ് അവതരിപ്പിച്ച റെയില്‍മന്ത്രിയെന്ന നിലയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച സുരേഷ് പ്രഭു ഇനി അവസാനത്തെ റെയില്‍മന്ത്രിയായും മാറുമോ? ഗതാഗതമന്ത്രാലയത്തിന്റെ ഭാഗമായി റെയില്‍ വകുപ്പ് മാറാന്‍ ഇനി എത്രനാള്‍ വേണ്ടിവരും? ഉത്തരം പറയേണ്ടത് മോഡി സര്‍ക്കാരാണ്. ബിജെപിയാണ്. 

ധൃതിപിടിച്ച് റെയില്‍ ബജറ്റിന് അന്ത്യമിടുന്നതിന് പിന്നില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ടിക്കും വ്യക്തമായ അജന്‍ഡയുണ്ട്. അത് സ്വകാര്യവല്‍ക്കരണമാണ്. ജനമനസ്സില്‍ സേവനത്തിന്റെ മാതൃകയാണ് റെയില്‍വേ. റെയില്‍ ബജറ്റവതരണം ഈ ധാരണയ്ക്ക് കരുത്തുപകരുന്നു. ദിനംപ്രതി സഞ്ചരിക്കുന്ന 23 ലക്ഷം പേരില്‍ 95 ശതമാനവും സാധാരണ ക്ളാസില്‍ സഞ്ചരിക്കുന്നവരാണ്. ബജറ്റവതരണം ഇല്ലാതാകുന്നതോടെ യാത്ര–ചരക്ക് കൂലി യഥേഷ്ടം വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയത്തിന് കഴിയും. റെയില്‍ മന്ത്രാലയത്തില്‍ സേവനത്തിന് പ്രാമുഖ്യമുണ്ടെങ്കില്‍ ധനമാനേജ്മെന്റിന് പ്രധാന്യം കല്‍പ്പിക്കുന്ന ധനമന്ത്രാലയം ലാഭ–നഷ്ട കണക്കിന്റെ അടിസ്ഥാനത്തിലാണ് നയം തീരുമാനിക്കുക. ലോക ധനസ്ഥാപനങ്ങളുടെ കുറിപ്പടിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമായതുകൊണ്ടുതന്നെ ധനകമ്മി കുറയ്ക്കാനാണ് പ്രാമുഖ്യം. സേവനത്തിന്റെ ഭാഗമായി റെയില്‍വേ 320000 കോടി രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നാണ് കണക്ക്. റെയില്‍വേ ധനമന്ത്രാലയത്തിന്റെ ഭാഗമാകുന്നതോടെ ഈ ചെലവ് വെട്ടിച്ചുരുക്കാനായിരിക്കും ആദ്യ തീരുമാനമുണ്ടാകുക. സാധാരണക്കാരുടെ യാത്രയെയാണ് ഇത് ദോഷകരമായി ബാധിക്കുക. ചുരുങ്ങിയ ചെലവിലുള്ള യാത്ര അസാധ്യമാകും. ലാഭം വര്‍ധിപ്പിക്കാനുള്ള സുവിധാ ട്രെയിനുകള്‍ക്കും അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ക്കും പ്രാമുഖ്യം ലഭിക്കുമ്പോള്‍ റെയില്‍വേയും സാധാരണക്കാരില്‍നിന്ന് അകലും. പുതിയ പദ്ധതിക്ക് ഇനി ആര് പണം നല്‍കും. തുടങ്ങിയ പദ്ധതികളുടെ ഗതിയെന്താകും? റെയില്‍സുരക്ഷയെയും ഇത്  പ്രതികൂലമായി ബാധിക്കും. ആധുനിക സുരക്ഷാസംവിധാനം ഒരുക്കാന്‍ പണം തടസ്സമായാല്‍ കേരളത്തില്‍ ഉള്‍പ്പെടെ സമീപകാലത്തുണ്ടായതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടും.
റെയില്‍വേയുടെ കൈവശമുള്ള 1,13,000 ഏക്കര്‍ ഭൂമിയില്‍  വന്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ കണ്ണുവച്ചിട്ട് കാലമേറെയായി. പ്രധാന നഗരങ്ങളുടെ കണ്ണായ സ്ഥലത്തുള്ള ഈ ഭൂമി ഇവര്‍ കൈക്കലാക്കുന്ന കാലം വിദൂരമല്ല.  ബജറ്റ് അവതരണം ഇത്തരം കച്ചവടത്തിനുള്ള സാധ്യത ഇല്ലാതാക്കും. റെയില്‍വേയുടെ സ്വത്തിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും വര്‍ഷാവര്‍ഷം പാര്‍ലമെന്റില്‍ ഇഴകീറിയുള്ള ഈ പരിശോധന ഇല്ലതാകുന്നതോടെ ് മോഡിമാര്‍ക്കും ജെയ്റ്റ്ലിമാര്‍ക്കും അണിയറയില്‍ കച്ചവടം ഉറപ്പിക്കാം. നാനാത്വത്തില്‍ ഏകത്വം കാത്തുരക്ഷിക്കുന്നതിനും എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്ന ധാരണ പരത്തുന്നതിനും ഏറെ സഹായിച്ച മഹത്തായ സ്ഥാപനമാണ് റെയില്‍വേ. ബഹുസ്വരത വളര്‍ത്തുന്ന എന്തും ചതുര്‍ഥിയായി കാണുന്ന മോഡി സര്‍ക്കാര്‍ ഏറ്റവും വലിയ ഈ പൊതുമേഖലാസ്ഥാപനത്തോടും ആ സമീപനംതന്നെയാണ് കാട്ടുന്നത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top