20 April Saturday

ഭരണഘടനയുടെ സംരക്ഷകയാകുമോ ദ്രൗപദി മുർമു

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2022


ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ദ്രൗപദി മുർമു ഇന്ത്യയുടെ 16–-ാമത്‌ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി യശ്വന്ത്‌ സിൻഹയെ പരാജയപ്പെടുത്തിയാണ്‌ ആദിവാസി വിഭാഗത്തിൽപ്പെട്ട  ദ്രൗപദി മുർമു റെയ്സീന ഹിൽസിലെ രാഷ്ട്രപതി ഭവനിലേക്ക് നടന്നുകയറുന്നത്. രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി, രണ്ടാമത്തെ വനിത, സ്വാതന്ത്ര്യത്തിനുശേഷം ജനിച്ചവർ തുടങ്ങിയ ബഹുമതികളോടെ ചരിത്രംകുറിച്ചാണ്‌  25ന് അറുപത്തിനാലുകാരിയായ അവർ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള പല നേതാക്കളുമിരുന്ന രാഷ്ട്രപതി സ്ഥാനത്തേക്ക്‌ അത്രയൊന്നും അറിയപ്പെടാത്ത മുർമുവിനെ സംഘപരിവാർ തെരഞ്ഞെടുത്തതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്‌.  ആദിവാസി വോട്ടു ബാങ്കിലെ ധ്രുവീകരണം ലക്ഷ്യമിടുന്നതോടൊപ്പം സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങുന്ന വ്യക്തിയാണ്‌ എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന കാരണം. ഒഡിഷയിലെ മയൂർബജ്ജ്‌ ജില്ലയിലെ സാന്താൾ ഗോത്രവിഭാഗത്തിൽപ്പെട്ട സാധാരണ കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അധ്യാപികയായും  ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും ജോലി നോക്കിയിരുന്നു.  ബിജെപിയുടെ സജീവ പ്രവർത്തകയായി മാറിയതോടെ 1997ൽ പഞ്ചായത്ത്‌ ഉപാധ്യക്ഷയായി. ബിജെപിയുടെ ജില്ല, സംസ്ഥാന, ദേശീയ ഭാരവാഹിയായിരുന്ന മുർമു ബിജെഡി–-ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്നു.  2015 മുതൽ അഞ്ചു വർഷം ജാർഖണ്ഡ്‌ ഗവർണറും. 

ആദിവാസി ശാക്തീകരണത്തിന്‌ നൽകുന്ന മുൻഗണനയുടെ ഭാഗമായിട്ടാണ്‌ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കുന്നതെന്നാണ്‌ ബിജെപി അവകാശപ്പെടുന്നത്‌. ആദിവാസി വിഭാഗത്തിപ്പെട്ട ബിജെപി നേതാവായ വനിതയെ രാഷ്ട്രപതിയാക്കിയപ്പോൾത്തന്നെ വനസംരക്ഷണ നിയമഭേദഗതിയിലൂടെ കോടിക്കണക്കായ ആദിവാസികളുടെ വനാവകാശങ്ങൾ മോദി സർക്കാർ കവർന്നെടുക്കുകയാണ്‌. ആദിവാസികളെ വനഭൂമിയിൽനിന്ന്‌ ഇറക്കിവിട്ട്‌  ധാതുസമ്പന്നമായ ഇന്ത്യയിലെ വനഭൂമി വൻകിട കോർപറേറ്റുകൾക്ക്‌ ചൂഷണംചെയ്യാൻ വഴിയൊരുക്കി വനസംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്‌തു.  ഒഡിഷയിൽ ബിജെഡി–-ബിജെപി സഖ്യസർക്കാരിന്റെ കാലത്ത്‌  ആയിരക്കണക്കിന്‌ ആദിവാസികളെ കുടിയിറക്കി  വേദാന്തയും പോസ്‌കോയും പോലുള്ള വൻകിട കമ്പനികൾക്ക്‌  വനഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ദ്രൗപദി മുർമുവോ ബിജെപിയോ പങ്കെടുത്തിരുന്നില്ല. ജാർഖണ്ഡ്‌ സർക്കാർ ഖനനത്തിനായി ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുമ്പോൾ  അന്ന്‌ സംസ്ഥാന ഗവർണറായിരുന്ന മുർമു മൗനംപാലിച്ചു എന്നതും ശ്രദ്ധേയമാണ്‌.

രാംനാഥ്‌ കോവിന്ദിനെ 2017 ൽ രാഷ്ട്രപതിയാക്കിയപ്പോൾ ദളിത്‌ ശാക്തീകരണത്തിന്റെ മാതൃകയായിട്ടാണ്‌ ചൂണ്ടിക്കാട്ടിയിരുന്നത്‌. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്‌,  മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ദളിത്‌ വിഭാഗത്തിൽപ്പെട്ടവർ വൻതോതിൽ പീഡിപ്പിക്കപ്പെട്ടു. നിരവധി പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെട്ടു.  പശുവിനെ അറവുനടത്തിയെന്ന കാരണംപറഞ്ഞ്‌ ഭോപാലിൽ ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു യുവാക്കളെ അടുത്തിടെ അടിച്ചുകൊന്നു.  കടുത്ത ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന്‌ പ്രമുഖ ദളിത്‌ നേതാവായ ദിനേശ്‌ ഖാട്ടിക്‌ യോഗി ആദിനാഥ്‌ മന്ത്രിസഭയിൽനിന്ന്‌ കഴിഞ്ഞ ദിവസമാണ്‌ രാജിവച്ചത്‌.  ദളിത്‌, ആദിവാസി വിഭാഗത്തിൽനിന്ന്‌ സംഘപരിവാറിന്‌ വേണ്ടപ്പെട്ടവരെ രാഷ്ട്രപതിയോ, മറ്റ്‌ ഉന്നത സ്ഥാനങ്ങളിലോ അവരോധിക്കുന്നതുകൊണ്ടുമാത്രം ബിജെപിയുടെയും ആർഎസ്‌എസിന്റെയും ദളിത്‌ വിരുദ്ധമുഖത്തിന്‌ മറയിടാനാകില്ലെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഒരു വനിത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസംതന്നെ ദേശീയ പാർടിയുടെ വനിതാ അധ്യക്ഷയെ ഇഡി ചോദ്യം ചെയ്യുന്നുവെന്ന വൈരുധ്യവുമുണ്ട്‌.  

സമസ്ത മേഖലയിലും സംഘപരിവാർ ആധിപത്യം ഉറപ്പിച്ചതോടെ കേന്ദ്രഭരണം മൊത്തം കാവിയണിഞ്ഞിരിക്കുന്നു.  സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ  ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പല അടിസ്ഥാനശിലകളും ഇളകാൻ ആരംഭിച്ചിരിക്കുന്നു. എല്ലാ മേഖലയിലും ഹിന്ദുത്വരാഷ്ട്രീയവും വീക്ഷണവും അടിച്ചേൽപ്പിക്കുന്നു. മതനിരപേക്ഷതയെ തകർത്ത്‌ മതാടിസ്ഥാനത്തിലുള്ള നിയമനിർമാണങ്ങളും  പ്രയോഗങ്ങളുമായി  കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നു. മോദി സർക്കാരിന്റെ അമിതാധികാര പ്രവണതയെയും ജനാധിപത്യവിരുദ്ധ സമീപനങ്ങളെയും ഭരണഘടന ഉയർത്തിപ്പിടിച്ച് തടയാൻ പുതിയ രാഷ്ട്രപതി കരുത്തുകാട്ടുമോ എന്നാണ് ജനങ്ങൾ  ഉറ്റുനോക്കുന്നത്. ദളിത്‌, ആദിവാസി, ന്യൂനപക്ഷ പീഡനങ്ങളോടും വർഗീയതയോടും പുതിയ രാഷ്ട്രപതി എന്ത് സമീപനമാണ് സ്വീകരിക്കുകയെന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തമാണ്. ഒരു ആദിവാസി വനിത രാഷ്ട്രപതിയാകുന്നത് ഏറെ സ്വാഗതാർഹമാണെങ്കിലും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മുർമു നിലകൊള്ളുമോ എന്ന സംശയമുയരുന്നത് ഇപ്പോൾ സ്വാഭാവികമാണ്‌.  എങ്കിലും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങൾക്കുമായി രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ദ്രൗപദി മുർമു നിലകൊള്ളുമെന്ന്‌ പ്രതീക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top