19 April Friday

പാർലമെന്റിലും ജനാധിപത്യം വിലക്കുന്ന കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


കോവിഡിന്റെ പേരുപറഞ്ഞ്‌ പാർലമെന്റിന്റെ ശീതകാല സമ്മേളനം ചേരേണ്ടതില്ലെന്ന്‌ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയ മോഡി സർക്കാർ ഇപ്പോൾ പാർലമെന്റ്‌ സമ്മേളനംതന്നെ വേണ്ടെന്നുവച്ചിരിക്കുകയാണ്‌. മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ തുടരുന്ന ജനാധിപത്യഹത്യയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമായേ ഈ നടപടിയെ കാണാനാകൂ.

കോവിഡിന്റ മറവിൽ പാർലമെന്റ്‌ സമ്മേളനം നിർത്തിവയ്‌ക്കുന്നതിന്‌ ഒരു ന്യായീകരണവുമില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിലും ബ്രിട്ടനിലും പാർലമെന്റ്‌ സമ്മേളനം യഥാസമയം ചേർന്നപ്പോഴാണ്‌ ഇന്ത്യയിൽ അത്‌ നിർത്തിവയ്‌ക്കുന്നത്‌. കോവിഡ്‌ രാജ്യത്ത്‌ പടർന്നുതുടങ്ങിയ ഫെബ്രുവരി–-മാർച്ച്‌ മാസങ്ങളിൽ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം നടക്കുന്ന ഘട്ടമായിരുന്നു. അന്ന്‌ സമ്മേളനം നേരത്തേ പിരിയണമെന്ന ആവശ്യമുയർന്നപ്പോൾ മോഡിസർക്കാർ അതിനു തയ്യാറായില്ല. മധ്യപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കുന്നതിനും കുതിരക്കച്ചവടം എളുപ്പമാക്കുന്നതിനും വേണ്ടിയായിരുന്നു നീട്ടിക്കൊണ്ടുപോയത്‌. ലക്ഷ്യം കണ്ടപ്പോൾ ഉടൻതന്നെ പാർലമെന്റ്‌ സമ്മേളനം പിരിച്ചുവിടുകയും ചെയ്‌തു. പ്രധാനമന്ത്രി ലോക്‌ ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുമ്പാണ്‌ പാർലമെന്റ്‌ സമ്മേളനം പിരിയാൻ തീരുമാനിച്ചത്‌.

കോവിഡ്‌ അതിന്റെ പാരമ്യത്തിലേക്ക്‌ നീങ്ങുന്ന വേളയിലാണ്‌ വർഷകാല സമ്മേളനം ചേർന്നത്‌. സെപ്‌തംബർ പതിനാലിനാണ്‌ സമ്മേളനം ആരംഭിച്ചത്‌. ഒരു ലക്ഷത്തിൽത്താഴെ‌ കേസ്‌ റിപ്പോർട്ട്‌ ചെയ്യുന്ന ഘട്ടമായിരുന്നു അത്‌. എന്നിട്ടും വർഷകാല സമ്മേളനം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, ജനദ്രോഹ നിയമനിർമാണങ്ങൾ പാസാക്കിയെടുക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്‌തു. ഇപ്പോൾ കർഷകരുടെ വർധിച്ച പ്രതിഷേധത്തിനു കാരണമായ മൂന്ന്‌ കാർഷിക ബില്ലും പാസാക്കപ്പെട്ടത്‌ ആ സമ്മേളനത്തിലാണ്‌. ബില്ലുകൾ വോട്ടിന്‌ ഇടണമെന്ന ആവശ്യംപോലും രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടില്ല. ഒരംഗംപോലും ഡിവിഷൻ ആവശ്യപ്പെട്ടാൽ ബിൽ വോട്ടിന്‌ ഇടണമെന്ന ചട്ടമാണ്‌ ഉപാധ്യക്ഷൻ ഹരിവംശ്‌ നാരായൺ സിങ് കാറ്റിൽപ്പറത്തിയത്‌. അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ, ജോലിസമയം എട്ട്‌ മണിക്കൂർ എന്നത്‌ 12 മണിക്കൂറായി ഉയർത്തുന്ന ബില്ലുകൾ ഉൾപ്പെടെ  ഈ സമ്മേളനത്തിലാണ്‌ പാസാക്കപ്പെട്ടത്‌. ‌ഈ ബില്ലുകൾ വിശദമായ ചർച്ചയ്‌ക്കായി പാർലമെന്ററി സമിതികളുടെ പരിഗണനയ്‌ക്ക്‌ വിടണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല. മോഡി സർക്കാരിന്റെ ആദ്യ അഞ്ചു വർഷത്തിൽ കേവലം 25 ശതമാനം ബില്ലാണ്‌ പാർലമെന്ററി സമിതികൾക്ക്‌ വിട്ടതെങ്കിൽ രണ്ടാം മോഡി സർക്കാരിന്റെ കാലത്ത്‌ അത്‌ 10 ശതമാനമായി ചുരുങ്ങി. അതായത്‌ ജനാധിപത്യത്തോടും ജനാധിപത്യ സംവിധാനങ്ങളോടും ഒരു ബഹുമാനവും പുലർത്താത്ത സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌.


 

കോവിഡ്‌ രോഗം ഒരു പരിധിവരെ നിയന്ത്രണത്തിലായ വേളയാണ്‌ ഇതെന്നാണ്‌ മോഡി സർക്കാർ തന്നെ അവകാശപ്പെടുന്നത്‌. മാത്രമല്ല, എതാനും ആഴ്‌ചയ്‌ക്കകം വാക്‌സിൻ വിതരണത്തിന്‌ തയ്യാറാകുമെന്ന സൂചനയും പ്രധാനമന്ത്രി തന്നെ നൽകുകയും ചെയ്‌തു. അതുകൊണ്ട്‌‌ പാർലമെന്റ്‌ സമ്മേളനം ചേരുന്നതിൽ ഒരു ആശങ്കയ്‌ക്കും ഈ ഘട്ടത്തിൽ പ്രസക്തിയില്ല. കോവിഡ്‌ വ്യാപനത്തിനിടയിലും ബിഹാർ നിയമസഭയിലേക്കും ഹൈദരാബാദ്‌ കോർപറേഷനിലേക്കും കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ പാർലമെന്റ്‌‌‌ സമ്മേളനം നീട്ടിവയ്‌ക്കുന്നതിനു പിന്നിലും രാഷ്‌ട്രീയമുണ്ടെന്ന്‌ കാണാം.

പാർലമെന്റ്‌‌ മന്ദിരത്തിനുപുറത്ത്‌ കർഷകർ പ്രക്ഷോഭത്തിന്റെ വന്മതിൽ ഉയർത്തിയിരിക്കുകയാണ്‌. കഴിഞ്ഞ 25 ദിവസമായി കടുത്ത തണുപ്പിലും മഞ്ഞിലും പതിനായിരക്കണക്കിനു കർഷകർ തലസ്ഥാന നഗരിയുടെ അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്‌. മൂന്ന്‌ കാർഷിക ബില്ലും പിൻവലിക്കണമെന്നാണ്‌ അവരുടെ ആവശ്യം. എന്നാൽ, ഇവരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. ഗുരുദ്വാര സന്ദർശിച്ചുള്ള നാടകമാടുന്നതിനു പകരം കർഷകരുമായി ചർച്ച നടത്താനാണ്‌ പ്രധാനമന്ത്രി തയ്യാറാകേണ്ടിയിരുന്നത്‌. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപുർ ജില്ലയിലെ ബാലുജുരിയിലുള്ള ബിജെപിക്കാരനായ കർഷകന്റെ വീട്ടിൽ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കാൻ സമയം കണ്ടെത്തിയ അമിത്‌ ഷായ്‌ക്ക്‌ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ചർച്ച നടത്തുന്നതിനു മാത്രമാണ്‌ സമയമില്ലാത്തത്‌. പാർലമെന്റ്‌ സമ്മേളനം ചേരുന്നപക്ഷം കർഷകസമരം പ്രതിപക്ഷം ശക്തമായി ഉയർത്തുമെന്ന്‌ ഭയന്നാണ്‌ ബിജെപി ഒളിച്ചോടുന്നത്‌.

പശ്ചിമബംഗാളിൽ എങ്ങനെയും അധികാരം നേടുന്നതിനുള്ള കുതന്ത്രങ്ങൾ മെനയുന്നതിന്‌ സമയം ലഭിക്കാനായിരിക്കാം മോഡി സർക്കാർ പാർലമെന്റ്‌ സമ്മേളനം നിർത്തിവച്ചത്‌. വർഷകാല സമ്മേളനം ഉപേക്ഷിച്ച മോഡി സർക്കാരിന്റെ നടപടി ജനാധിപത്യത്തോടുള്ള അവരുടെ അവമതിപ്പ്‌ വ്യക്തമാക്കുന്നതാണ്‌. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധമുയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top