19 April Friday

പാർലമെന്റിൽ ജനാധിപത്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം അപകടകരമാംവിധം ഭീഷണിയിലാണെന്ന്‌ വ്യക്തമായ ദിവസങ്ങളിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നതെന്ന്‌ പറയേണ്ടിവന്നിരിക്കുന്നു. ഏഴര പതിറ്റാണ്ട്‌ പ്രായമുള്ള ഇന്ത്യൻ ജനാധിപത്യത്തിന്‌ തീർത്തും അപരിചിതമായ ഭരണഘടനാവിരുദ്ധ കപടനാടകങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ അരങ്ങേറിയത്‌. ഭരണഘടനാ വ്യവസ്ഥകളും പാർലമെന്ററി കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയും ജനവിരുദ്ധമായ ഒട്ടേറെ ബില്ലുകളും ചട്ടങ്ങളും തികഞ്ഞ ലാഘവത്തോടെ മിനിറ്റുകൾക്കകം രാജ്യസഭ‌ അംഗീകരിച്ചു. രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും തീരാദുരിതത്തിലേക്ക്‌ വലിച്ചെറിയുന്ന നിയമങ്ങളടക്കം ചർച്ചയോ അഭിപ്രായസമന്വയമോ വോട്ടെടുപ്പോ ഇല്ലാതെയാണ്‌ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്‌. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തെയാണ്‌ നമ്മുടെ പാർലമെന്ററി ജനാധിപത്യം അഭിമുഖീകരിക്കുന്നതെന്ന്‌ പറയാൻ ഇനി സംശയിക്കേണ്ടതില്ല.

കാർഷികമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബില്ലുകൾ രാജ്യസഭ അംഗീകരിച്ച രീതിമാത്രംമതി ഭരണഘടനാ വ്യവസ്ഥകളോടും കീഴ്‌വഴക്കങ്ങളോടും പാർലമെന്ററിമര്യാദകളോടും സംഘപരിവാറും മോഡി സർക്കാരും പുലർത്തുന്ന പുച്ഛവും അവഗണനയും ബോധ്യമാകാൻ. എൻഡിഎ ഘടകകക്ഷികൾപോലും എതിർപ്പ്‌ ഉയർത്തിയതോടെ രാജ്യസഭയിൽ ബില്ലുകൾ പാസാകില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാൻ തയ്യാറാകാതെ പാർലമെന്റിനെ അവമതിക്കുകയാണ്‌ കേന്ദ്രം ചെയ്‌തത്‌. ഒരംഗം ആവശ്യപ്പെട്ടാലും വോട്ടെടുപ്പ്‌ നടത്തണമെന്നാണ്‌ ചട്ടം. കീഴ്‌വഴക്കവും അതുതന്നെ. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ ബില്ലുകൾ അംഗീകരിച്ചതായി രാജ്യസഭാ ഉപാധ്യക്ഷൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ദുരന്ത നിമിഷമായി അത്‌ എന്നെന്നും നിലനിൽക്കും. ഭൂരിപക്ഷമില്ലെങ്കിലും തന്നിഷ്ടംപോലെ പ്രവർത്തിക്കുമെന്ന്‌ വെല്ലുവിളിക്കുകയാണ്‌ ഇതിലൂടെ മോഡി സർക്കാർ.


 

രാജ്യസഭയിൽ വോട്ടെടുപ്പ്‌ അനുവദിക്കാത്തതിലും എതിർപ്പ്‌ പ്രകടിപ്പിച്ച എട്ട്‌ അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌തതിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം പാർലമെന്റ്‌ ബഹിഷ്‌കരിച്ചതോടെ ജനവിരുദ്ധ നിയമനിർമാണത്തിന്‌ അതും അവസരമാക്കി. ലോക്‌സഭ പാസാക്കിയ മൂന്ന്‌ തൊഴിലാളിദ്രോഹ ചട്ടങ്ങൾ ചർച്ചയേയില്ലാതെ രാജ്യസഭയിൽ തിരക്കിട്ട്‌ അംഗീകരിച്ചു. എത്രയോ കാലമായി നിലനിൽക്കുന്ന തൊഴിൽ സുരക്ഷാനിയമങ്ങളാണ്‌ മിനിറ്റുകൾക്കകം എടുത്തുകളഞ്ഞത്‌. പ്രതിപക്ഷം ഇരുസഭയും ബഹിഷ്‌കരിച്ച തക്കംനോക്കി തിരക്കിട്ട്‌ രാജ്യസഭയിൽ കൊണ്ടുവന്ന്‌ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷമില്ലാതെ ബില്ലുകൾ ചർച്ച ചെയ്യരുതെന്ന ആവശ്യം അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല.

കാർഷികബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷ നിർദേശം നേരത്തേതന്നെ നിരാകരിച്ചിരുന്നു. തർക്കങ്ങളും വിമർശങ്ങളുമുള്ള നിയമനിർമാണങ്ങൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടുന്നതാണ്‌ പൊതുവെയുള്ള കീഴ്‌വഴക്കം. സെലക്ട്‌ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ്‌ പതിവ്‌. എന്നാൽ, ജനവിരുദ്ധ ബില്ലുകൾ രാജ്യസഭാ സെലക്ട്‌ കമ്മിറ്റി ചർച്ച ചെയ്യുന്നതുപോലും മോഡി സർക്കാർ അംഗീകരിക്കുന്നില്ല. 130 കോടി മനുഷ്യർ കോവിഡ്‌ മഹാമാരി സൃഷ്ടിച്ച തീരാദുരിതങ്ങളിൽ വിറങ്ങലിച്ചുനിൽക്കെ അത്‌ അവസരമാക്കി സാധാരണക്കാരുടെ ജീവിതത്തിനുമേൽ അവസാനത്തെ ആണിയും അടിക്കാനാണ്‌ അവർ തിടുക്കപ്പെടുന്നത്‌.

പരിമിതികളുണ്ടെങ്കിലും ഏഴ്‌ പതിറ്റാണ്ടുനീണ്ട ഇന്ത്യൻ പാർലമെന്ററി സംവിധാനം ജനാധിപത്യ അവകാശങ്ങളുടെ വലിയ മാതൃകകളാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും ഇന്ത്യ രൂപപ്പെടുത്തിയ പാർലമെന്ററി കീഴ്‌വഴക്കങ്ങളും പ്രവർത്തനരീതികളും ലോകം അംഗീകരിച്ചിട്ടുണ്ട്‌. ഈ മഹത്തായ മാതൃകകൾ കീഴ്‌മേൽ മറിയുകയാണ്‌. പാർലമെന്ററി ജനാധിപത്യം എങ്ങനെ ആകരുതെന്ന്‌ ലോകം ഇന്ത്യയെ നോക്കി പഠിക്കേണ്ട കാലം വന്നിരിക്കുന്നു. ഭരണഘടനയെയും നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും നോക്കുകുത്തിയാക്കി ജനങ്ങളെ ദുരിതത്തിലേക്ക്‌ വലിച്ചെറിയുന്നതിന്റെ അനുഭവസാക്ഷ്യമാണ്‌ ഇന്ന്‌ ഇന്ത്യ. പ്രധാനമന്ത്രി പദം ഉറപ്പാക്കി പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ ആദ്യമായി കടന്നുവരുമ്പോൾ പടിക്കെട്ടിൽ കുമ്പിട്ട്‌ നമസ്‌കരിച്ച മോഡിയുടെ മനസ്സിലിരിപ്പുകളിൽ ചിലതുമാത്രമാണ്‌‌ ജനവിരുദ്ധ ബില്ലുകളായി പുറത്തുവരുന്നതെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top