23 April Tuesday

ചോര്‍ത്തുന്നത് രാജ്യരക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2016

അന്തര്‍വാഹിനിയുടെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ രഹസ്യാത്മകപ്രവര്‍ത്തനമാണ്. നിര്‍മാണത്തിലിരിക്കുന്ന സ്കോര്‍പീന്‍ വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനികളുടെ വിവരങ്ങള്‍ പുറത്തായത് മോഡി സര്‍ക്കാരിനും ഇന്ത്യന്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണ്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ 'ദ ഓസ്ട്രേലിയന്‍' പത്രമാണ് ഇന്ത്യന്‍ അന്തര്‍വാഹിനികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസിഎന്‍എസ് എന്ന കമ്പനിയാണ് സ്കോര്‍പീന്‍ നിര്‍മിക്കാനുള്ള 23000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. ഈ അന്തര്‍വാഹിനി നിര്‍മാണം സംബന്ധിച്ച 22400 പേജുള്ള രേഖകളാണ് ചോര്‍ന്നത്.

ശത്രുരാജ്യങ്ങള്‍ക്ക് കണ്ടെത്താനാകാത്തവിധം നീങ്ങാനും ആക്രമണം നടത്താനും അന്തര്‍വാഹിനികള്‍ക്ക് പ്രത്യേക ശേഷിയുണ്ട്. എന്നാല്‍, ഈ സവിശേഷതകള്‍ അടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. അന്തര്‍വാഹിനിയുടെ അദൃശ്യമായിരിക്കാനുള്ള ശേഷി, ഏതൊക്കെ തലങ്ങളില്‍ ഇരിക്കുമ്പോഴാണ് ശത്രുരാഷ്ട്രത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുക, വേഗവ്യത്യാസമുണ്ടാകുമ്പോള്‍ അന്തര്‍വാഹിനിയുടെ ശബ്ദത്തിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, സഞ്ചരിക്കാവുന്ന ആഴം, കാന്തിക, ഇലക്ട്രോ കാന്തിക, ഇന്‍ഫ്രാറെഡ് വിവരങ്ങള്‍, എന്‍ജിന്റെ ശബ്ദം, സമുദ്രോപരിതലത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന ശബ്ദവ്യതിയാനം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. സങ്കീര്‍ണമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അതിന്റെ പ്രത്യാഘാതം കണക്കിലെടുത്ത് അത് പ്രസിദ്ധീകരിക്കുന്നില്ലെന്നുമാണ് ഈ വാര്‍ത്ത പുറത്തുവിട്ട അന്വേഷണാത്മകപത്രപ്രവര്‍ത്തകന്‍ കാമറൂണ്‍ സീറ്റവാര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇതിന്റെ അര്‍ഥം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്ന ആറ് അന്തര്‍വാഹിനികളെക്കുറിച്ച് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എല്ലാ വിവരവും ലഭിക്കുമെന്നാണ്. മാത്രമല്ല, ഇതേ അന്തര്‍വാഹിനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ള മലേഷ്യ, ചിലി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും നിര്‍മാണരഹസ്യങ്ങള്‍ ചോര്‍ന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ്. ഫ്രഞ്ച് കമ്പനിയില്‍ നിന്നുതന്നെ 12 അന്തര്‍വാഹിനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഡിസിഎന്‍എസ് കമ്പനിയില്‍നിന്ന് അന്തര്‍വാഹിനികള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ സാഹചര്യത്തിലാണ് ആ കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്ന അന്തര്‍വാഹിനികളുടെ വിവരങ്ങള്‍ ചോര്‍ന്നത്.  ചൈനയ്ക്കെതിരെ അമേരിക്ക കെട്ടിപ്പൊക്കുന്ന 'ഏഷ്യന്‍ അച്ചുതണ്ടി'ന്റെ ഭാഗമായാണ് ഇന്ത്യയും ഓസ്ട്രേലിയയും മറ്റും നാവികസേനയെ ശക്തിപ്പെടുത്താനായി അന്തര്‍വാഹിനികള്‍ വാങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ കമ്പനികളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ഫ്രഞ്ച് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്ന് പ്രതിരോധമന്ത്രി പറയുന്നു. നാവികസേനയാകട്ടെ വിദേശത്തുനിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് ആശ്വസിക്കുന്നു.  അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ന്നത് രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നതില്‍ സംശയമില്ല. വിവരങ്ങള്‍ ചോര്‍ന്നുവെന്നത് യാഥാര്‍ഥ്യം. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന കാര്യത്തിലും സംശയമില്ല. എത്ര ചെറിയ വിവരങ്ങളാണ് ചോര്‍ന്നതെങ്കിലും അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്നകാര്യം മോഡി സര്‍ക്കാര്‍ മറക്കരുത്. എന്തുകൊണ്ടാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍പോലും ചോരുന്നത് എന്ന് ആത്മാര്‍ഥമായി പരിശോധിക്കാനും മോഡി സര്‍ക്കാര്‍ തയ്യാറാകണം. ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരും നേരത്തെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ആവേശത്തോടെ നടപ്പാക്കിയ ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ആഗോളവല്‍ക്കരണ നടപടികളാണ് ഇതിന് കാരണമെന്ന് കാണാം.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധമേഖലയില്‍പോലും നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ബിജെപിക്കും കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാകില്ല. യുദ്ധവിമാനമായാലും അന്തര്‍വാഹിനികളായാലും  വിദേശ സ്വകാര്യ കമ്പനികളാണ് നിര്‍മിച്ചുനല്‍കുന്നത്. ഈ നിര്‍മാണ രഹസ്യം മുഴുവന്‍ ലാഭത്തില്‍മാത്രം കണ്ണുള്ള വിദേശ സ്വകാര്യ കമ്പനികള്‍ മറ്റുള്ളവര്‍ക്ക് കൈമാറില്ലെന്നതിന് ഒരു ഉറപ്പും നല്‍കാനാകില്ല.  സ്കോര്‍പീന്‍ കരാറെടുത്ത ഡിസിഎന്‍എസ് അന്തര്‍വാഹിനിയുടെ രൂപകല്‍പ്പനയും മറ്റും ഉപകരാറുകാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ പലരും വഴിക്കുവച്ച് ഡിസിഎന്‍എസുമായുള്ള ബന്ധം ഉപേക്ഷിക്കുകയുംചെയ്തു. ഇത്തരം ഉപ കരാറുകാര്‍ വഴിയാണ് വിവരം ചോര്‍ന്നതെന്നാണ് പ്രാഥമികനിഗമനം. പ്രതിരോധമേഖലയിലെ സ്വകാര്യവല്‍ക്കരണവും വിദേശനിക്ഷേപവും രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുകയാണെന്ന് സാരം. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടെങ്കിലും പ്രതിരോധവ്യവസായങ്ങള്‍ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താനും രാജ്യരക്ഷാ ഉപകരണ നിര്‍മാണത്തിലും മറ്റും സ്വയംപര്യാപ്തത നേടാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top