29 March Friday

സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയ ഉപകരണമാക്കരുത്

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2016


നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍സൈന്യം പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണം മോഡി സര്‍ക്കാരും പ്രതിപക്ഷവുംതമ്മില്‍ കൊമ്പുകോര്‍ക്കുന്ന വിഷയമായിത്തീര്‍ന്നിരിക്കുന്നു.  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ നടത്തിയ വാക്പോര് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.  മിന്നലാക്രമണംകഴിഞ്ഞ് പത്തുദിവസം പിന്നിട്ടപ്പോഴും അതിന്റെ യഥാര്‍ഥ വസ്തുതകള്‍ വ്യക്തമായിട്ടില്ലെന്നുമാത്രമല്ല അതുകൊണ്ട് എന്താണ് നേടിയതെന്ന അവ്യക്തതയും തുടരുകയാണ്. തുടക്കത്തില്‍ വന്‍ നേട്ടമായാണ് 'സര്‍ജിക്കല്‍ സ്ട്രൈക്കി'നെ മോഡി സര്‍ക്കാരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. സൈന്യം നടത്തുന്ന ആദ്യത്തെ 'സര്‍ജിക്കല്‍ സ്ട്രൈക്ക'് എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകള്‍. എന്നാല്‍, 2011ലും 2013ലും 2014ലും സമാനമായ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടന്നതായി സൈനികവൃത്തങ്ങള്‍തന്നെ സ്ഥിരീകരിക്കുകയുണ്ടായി.  ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തിറക്കുമെന്ന് ആദ്യം സൈന്യം അറിയിച്ചെങ്കിലും ഇതുവരെയും അതിന് തയ്യാറായിട്ടില്ല.  ഇന്ത്യയിലെയും പാകിസ്ഥാനിലെയും മാധ്യമങ്ങള്‍തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ഉതിര്‍ക്കുമ്പോള്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് സ്വാഗതാര്‍ഹമായിരിക്കും. അതിന് തയ്യാറാകാത്തത് മിന്നലാക്രമണം സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ഉയരുന്ന സംശയങ്ങള്‍ ബലപ്പെടുത്തുകയുംചെയ്യും. 

സാധാരണ നിലയില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ മിന്നലാക്രമണമായി ചിത്രീകരിച്ച് സങ്കുചിത ദേശീയവാദം ഉയര്‍ത്താനുള്ള തന്ത്രമായി ബിജെപിയും ആര്‍എസ്എസും മാറ്റുകയാണോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്.  ദിവസങ്ങള്‍ പിന്നിടുന്തോറും ആര്‍എസ്എസ്, ബിജെപി സഖ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നിര്‍മിതിക്കും സര്‍ജിക്കില്‍ സ്ട്രൈക്കിനെ ഉപയോഗിക്കുന്നതാണ് കാണുന്നത്. യുദ്ധവികാരം ഇളക്കിവിടുന്ന പ്രസ്താവനകളുമായാണ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തുവരുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് സൃഷ്ടിച്ച മോഹാലസ്യത്തില്‍നിന്ന് പാകിസ്ഥാന് ഇനിയും ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവന. ഇതേ മന്ത്രിയാണ് നേരത്തെ യുദ്ധം ചെയ്യാത്ത സൈനികരെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്നും പറഞ്ഞുവച്ചത്.  പാകിസ്ഥാനെന്ന കള്ളനെ തേള്‍ കുത്തിയിരിക്കുകയാണെന്നും കരയാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ആ രാഷ്ട്രമെന്നും മറൊരു കേന്ദ്രമന്ത്രി  വെങ്കയ്യനായിഡു പറഞ്ഞു. മിന്നലാക്രമണത്തോടെ 'പുതിയ ഇന്ത്യ ഉദയം ചെയ്തിരിക്കുന്നുവെന്നാണ'് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസ്താവന.  ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍കീഴില്‍ സുരക്ഷിതരാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ആക്രമണമെന്നും അമിത് ഷായും കൂട്ടിച്ചേര്‍ത്തു.  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാനാകട്ടെ മോഡിയുടെ 56 ഇഞ്ച് നെഞ്ചളവ് നൂറായി വികസിച്ചെന്ന് കൂട്ടിച്ചേര്‍ത്തു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരത്തെ മറികടക്കാനും 'വ്യത്യസ്തനായ നേതാവാണ്' മോഡിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാനും ഈ ആക്രമണത്തെ സംഘപരിവാര്‍ സമര്‍ഥമായി ഉപയോഗിക്കുന്നതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണുന്നത്. മാത്രമല്ല അടുത്തവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മിന്നലാക്രമണത്തെ പ്രചാരണോപാധിയാക്കാനും ബിജെപി തയ്യാറാകുന്ന കാഴ്ചയാണ് കാണുന്നത്. മോഡിയുടെയും അമിത് ഷായുടെയുംമറ്റും പടത്തോടൊപ്പം ഇന്ത്യന്‍ സൈനികരുടെയും പടംവച്ച് 'ഞങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ കൊല്ലും' എന്നും ആലേഖനം ചെയ്തിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ഉത്തര്‍പ്രദേശിലെങ്ങും ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ഉയര്‍ന്ന പ്രചാരണബോര്‍ഡില്‍ മോഡിയെ ശ്രീരാമനായും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ രാവണനായും ചിത്രീകരിക്കാനും തയ്യാറായി.  'അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു' എന്ന ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ രാഹത് ഇന്‍ഡോരിയുടെ വരികള്‍ ഇവിടെ പ്രസക്തമാകുകയാണ്. 

ബിജെപിയും അവര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാരും യുദ്ധഭ്രാന്ത് കാട്ടുന്നതിന്റെ കാരണമെന്താണ് എന്ന ചോദ്യത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാകും. അടുത്തയിടെ ആത്മഹത്യചെയ്ത ഉയര്‍ന്ന ഉദ്യോഗസ്ഥനായ ബന്‍സാലിന്റെ ആത്മഹത്യാകുറിപ്പില്‍ അമിത് ഷായുടെ പേരുമുണ്ടെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതോടൊപ്പം ബിജെപിയുടെ പ്രധാന ഫണ്ട് ദാതാവായ അംബാനിക്ക് റാഫേല്‍ വിമാനക്കരാര്‍വഴി വന്‍ ലാഭം കൊയ്യാനാണ് അവസരം നല്‍കിയത്. 100 കോടി ഡോളറെങ്കിലും പൊതുമേഖലയ്ക്ക,് പ്രത്യേകിച്ചും എച്ച്എഎല്ലിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്ന് വിലയിരുത്തപ്പെടുന്നു.  അതോടൊപ്പം പൊതുമേഖലയുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് ചുളുവിലയ്ക്ക് വിട്ടുകൊടുക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ആയിരക്കണക്കിന് കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് കശ്മീരിലെ പ്രക്ഷുബ്ധാവസ്ഥയ്ക്ക് ശമനംകണ്ടെത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. അതോടൊപ്പം ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നയതന്ത്രനീക്കങ്ങളും ശക്തമാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top