രാജ്യം 77–-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഒരുപാട് ഓർമപ്പെടുത്തലും മുന്നറിയിപ്പും വേണ്ടിവരുന്നു. രണ്ടു നൂറ്റാണ്ടോളം അടക്കിഭരിച്ച ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് മോചനം ലഭിച്ചത് സുദീർഘ സമരത്തിന്റെ ഫലമായാണ്. ഇവിടെ ആധിപത്യം ഉറപ്പിക്കാനും അധികാരം നിലനിർത്താനും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ബ്രിട്ടീഷ് ഭരണാധികാരികൾ പിന്തുടർന്നതെന്നത് ആർക്കും നിഷേധിക്കാനാകില്ല. വർഗീയ– -വംശീയ വികാരങ്ങൾ ഇളക്കിവിട്ട് അവർ മുതലെടുപ്പ് നടത്തി. ഇതെല്ലാം അതിജീവിച്ചാണ് ദേശീയപ്രസ്ഥാനം മുന്നേറിയതും ‘സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ’ പ്രതിനിധികളെ കെട്ടുകെട്ടിച്ചതും. കമ്യൂണിസ്റ്റുകാർ അടക്കം ധീരദേശാഭിമാനികൾ ഇതിനായി ഒഴുക്കിയ ചോരയും വിയർപ്പും ഈ ചരിത്രപോരാട്ടത്തെ ആവേശഭരിതമായി നിലനിർത്തുന്നു.
ഇന്നാകട്ടെ രാജ്യത്ത് അധികാരം കൈയാളുന്നത് ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാതിരുന്ന ആശയധാരയുടെ പിന്തുടർച്ചക്കാരാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിചാരധാരയാണ് ഇന്നത്തെ ഭരണാധികാരികളെ നയിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സംഭാവനയായ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ ആശയങ്ങളിൽ അധിഷ്‌ഠിതമായ നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാൻ ഇവർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന ഭരണഘടനാ വ്യവസ്ഥയോടും ഇവർ വിയോജിക്കുന്നു. ആർഎസ്‌എസിന്റെ ഹിന്ദുത്വരാഷ്‌ട്ര പദ്ധതിയുടെ ഭാഗമായ നയങ്ങൾ നടപ്പാക്കുന്നതിൽ വ്യാപൃതരാണ് ബിജെപി സർക്കാർ. ഇതിനുള്ള ചുവടുവയ്‌പ് എന്ന നിലയിലുള്ള പരിഷ്‌കാരങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിവരുന്നത്. പൗരത്വ ഭേദഗതി നിയമം, ജമ്മു–- കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നീ നടപടികളും ഏക സിവിൽ കോഡ് കൊണ്ടുവരാൻ തിരക്കിട്ട് ശ്രമിക്കുന്നതും നൽകുന്ന സൂചന മറ്റൊന്നല്ല.
അധികാരനിർവഹണത്തിൽ നീതിയും നിഷ്‌പക്ഷതയും സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ ചൊൽപ്പടിയിൽ നിർത്താനുള്ള നിയമപരിഷ്‌കാരങ്ങളും തകൃതിയായി നടക്കുന്നു. ഇക്കാര്യത്തിൽ കുപ്രസിദ്ധമായ ഇസ്രയേലിന്റെ മാതൃകയാണ് മോദിസർക്കാർ പകർത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനങ്ങൾ സുതാര്യമാക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അപ്രസക്തമാക്കാൻ ബിൽ കൊണ്ടുവന്നത് ഇതിന് ഉദാഹരണം. ന്യായാധിപന്മാരെയും മാധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും നിരീക്ഷിക്കാൻ ഇസ്രയേൽ ചാരസോഫ്‌റ്റ്‌വെയർ രാജ്യത്ത് ഉപയോഗിച്ചത് ഈ സാഹചര്യത്തിൽ ഓർക്കണം. തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് വഴങ്ങിയുള്ള കരാറുകളിലും മോദിസർക്കാർ ഒപ്പിട്ടു. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദർശനത്തിൽ കച്ചവടം പൊടിപൊടിച്ചു. ഇന്ത്യൻ വിപണി തുറന്നുകിട്ടുന്നതിലുള്ള ആഹ്ലാദത്തിൽ അവർ പ്രധാനമന്ത്രിക്ക് ചുവപ്പ് പരവതാനി വിരിച്ചു. വ്യാപാരത്തിന് എത്തിയവർ ഭരണാധികാരികളായി മാറിയ ചരിത്രം നൽകുന്ന പാഠം ഓർക്കാതെയാണ് ഈ കൂട്ടുകച്ചവടം.
മതനിരപേക്ഷ ആശയങ്ങൾക്കെതിരായ നീക്കം രാജ്യം ഭരിക്കുന്നവരുടെ ആശിർവാദത്തോടെ സർവമേഖലകളിലും നടക്കുന്നു. പാഠപുസ്‌തകങ്ങൾ തിരുത്തൽ, ചരിത്രത്തെ വികലമാക്കൽ, സാംസ്‌കാരിക മേഖലയിൽ നടത്തുന്ന വികൃതമായ ഇടപെടലുകൾ എന്നിങ്ങനെ ആസൂത്രിത ശ്രമമാണ് ദൃശ്യമാകുന്നത്. സംഘപരിവാറിന്റെ എണ്ണമറ്റ സംഘടനകൾ രാജ്യമെമ്പാടും വിദ്വേഷപ്രചാരണത്തിൽ മുഴുകിയിരിക്കുന്നു. ഇപ്പോൾ മണിപ്പുരിനെ ഒടുങ്ങാത്ത കലാപത്തിന്റെ മണ്ണാക്കി പരുവപ്പെടുത്തിയതിലും ഈ വിദ്വേഷപ്രചാരണത്തിന് വലിയ പങ്കുണ്ട്. ഗുജറാത്ത്, ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ വർഗീയസംഘർഷങ്ങൾ ആളിക്കത്തിയതും വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം പടർത്തിയതിന്റെ ഫലമായാണ്. ഉത്തരേന്ത്യയിൽ പൊതുവെ ഉത്സവകാലം കലാപകാലമായി മാറിയിരിക്കുന്നു. ഭരണാധികാരികളുടെ പിന്തുണയിൽ അക്രമിസംഘങ്ങൾ അഴിഞ്ഞാടുകയും നിരപരാധികൾ ഇരകളായി മാറുകയും ചെയ്യുന്നു. ബാബ്‌റി മസ്‌ജിദിന്റെ തകർക്കലോടെ സ്വാധീനം വിപുലമാക്കിയ ഹിന്ദുത്വ രാഷ്‌ട്രീയം ഇന്ന് മറ്റു പല ആരാധനാലയങ്ങൾക്കെതിരെയും നീങ്ങുന്നു. ജ്ഞാൻവാപിയിൽ കാണുന്നത് മറ്റൊന്നല്ല. മണിപ്പുരിൽ നൂറുകണക്കിന് ക്രിസ്‌ത്യൻപള്ളികൾ തകർക്കപ്പെട്ടു.
ഏതു മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നൽകുന്ന അവകാശം ഫലത്തിൽ ഹനിക്കപ്പെടുകയാണ്. പല സംസ്ഥാനത്തും മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ടുവന്നത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന വിധത്തിലാണ്. ഇങ്ങനെ ബഹുമുഖ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് സ്വാതന്ത്ര്യവാർഷിക പുലരി വീണ്ടും കടന്നുവരുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് നമുക്ക് സ്വാതന്ത്ര്യദിനാഘോഷത്തെ അർഥപൂർണമാക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..