24 April Wednesday

മാന്ദ്യവും ജനങ്ങളെ മറന്ന ഭരണവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2017


കടുത്ത സാമ്പത്തികത്തകര്‍ച്ചയും ഉല്‍പ്പാദനമാന്ദ്യവും നേരിടുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് മുന്നോട്ടുവച്ച ഒറ്റമൂലി പൊതുചെലവ് വര്‍ധിപ്പിക്കുകയെന്നതാണ്. ഒപ്പം ജനങ്ങളുടെ ക്രയവിക്രയങ്ങളും ഉയരണം. എങ്കിലേ മാന്ദ്യമെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് മോചനമുള്ളൂ എന്നാണ് സാമ്പത്തിക അവലോകനം നല്‍കുന്ന മുന്നറിയിപ്പ്. പൊതുചെലവ്, ജനങ്ങളുടെ ക്രയശേഷി എന്നിവ എല്ലായ്പോഴും സര്‍ക്കാരിന്റെ നയങ്ങളുടെ പ്രത്യക്ഷ സാമ്പത്തിക സൂചകങ്ങളാണ്. മുന്‍ യുപിഎ സര്‍ക്കാരും നിലവിലുള്ള മോഡി ഭരണവും പിന്തുടരുന്ന പക്ഷപാതപരമായ സാമ്പത്തിക നയങ്ങളുടെ ഫലമായാണ് പൊതുചെലവും ജനങ്ങളുടെ ക്രയശേഷിയും തകര്‍ന്നത്. ഫലപ്രദമായ ധനമാനേജ്മെന്റ്വഴി സമ്പദ്ഘടനയില്‍ ഇടപെട്ട് തൊഴിലും ഉല്‍പ്പാദനവും ക്രയശേഷിയും വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദമല്ലാതാക്കിയതിന്റെ ദുരന്തഫലമാണ് തുടര്‍ച്ചയായ പിറകോട്ടടി. അടിസ്ഥാന പശ്ചാത്തല വികസനം ഉള്‍പ്പെടെ എല്ലാത്തരം പൊതുചെലവുകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. പബ്ളിക്- പ്രൈവറ്റ്- പാര്‍ടിസിപ്പേഷന്‍ (പിപിപി) എന്ന ഓമനപ്പേരില്‍ നടക്കുന്നത് കറകളഞ്ഞ കോര്‍പറേറ്റ് സേവയാണ്. പ്രതിരോധരംഗത്തടക്കം പൊതുമേഖലയുടെ കുത്തക അവസാനിച്ചു. വിദേശ- സ്വദേശ മൂലധനത്തിന്റെ കടന്നുകയറ്റമില്ലാത്ത ഒരു ഉല്‍പ്പാദന മേഖലയും ഇന്ന് ചൂണ്ടിക്കാണിക്കാനാകില്ല. തൊണ്ണൂറുകളില്‍ ആരംഭിച്ച പുത്തന്‍ സാമ്പത്തികനയം കുത്തക മൂലധനത്തിന്റെ പിടിമുറുക്കം സമ്പൂര്‍ണമാക്കി.

യുപിഎ സര്‍ക്കാരിന്റെ സമ്പന്നാഭിമുഖ്യം ഉയര്‍ത്തിക്കാട്ടി ബദല്‍ നയങ്ങള്‍ മൂുന്നോട്ടുവച്ചാണ് മോഡി അധികാരത്തിലേറിയത്. പുതിയ തൊഴിലവസരങ്ങള്‍, വിലക്കയറ്റം തടയല്‍, കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, പുതിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍ ഇതെല്ലാമായിരുന്നു വാഗ്ദാനങ്ങള്‍. മുന്നേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ പരമ ദയനീയമാണ് ഓരോ മേഖലയിലെയും അവസ്ഥ. ജനപക്ഷത്തുനിന്നുകൊണ്ട് ഒരു ക്രീയാത്മക പ്രവര്‍ത്തനവും ഉണ്ടായില്ലെന്നു മാത്രമല്ല വന്‍കിടക്കാര്‍ക്ക് സഹായകരമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കിട്ടാക്കടം എഴുതിത്തള്ളിയും നികുതി ഒഴിവുകള്‍ പ്രഖ്യാപിച്ചും കോര്‍പറേറ്റുകളെ മറയില്ലാതെ സഹായിച്ചു. എന്നാല്‍, പാവങ്ങളെ ബാധിക്കുന്ന കാര്‍ഷികോല്‍പ്പന്ന താങ്ങുവിലയും കാര്‍ഷിക കടം എഴുതിത്തള്ളലുമൊക്കെ ഭരണാധികാരികള്‍ മറന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. ഭൂമി തരിശിടല്‍ വര്‍ധിച്ചു. പ്രക്ഷോഭങ്ങളോട് മുഖംതിരിച്ച ഭരണാധികാരികള്‍  കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമദേഭഗതികളിലേക്കാണ് തിരിഞ്ഞത്.

നോട്ടുനിരോധനവും തുടര്‍ന്നുള്ള പരിഷ്കരണങ്ങളും സാധാരണ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പാപ്പരാക്കി. ഗ്രാമീണ തൊഴില്‍മേഖല നിശ്ചലമായി. നിരോധിച്ച നോട്ടുകള്‍ ബാങ്കുകളിലും പകരം നോട്ടുകള്‍ പ്രചാരത്തിലും എത്തിയെങ്കിലും തൊഴിലും വരുമാനവും നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് തിരിച്ചുവരവ് ഉണ്ടായിട്ടില്ല. ഡിജിറ്റല്‍ ഇടപാടുകളും പണവിനിമയത്തിന്  നിയന്ത്രണവും ശൃംഖലാ സംവിധാനവുമൊക്കെ ഉണ്ടാക്കിയത് വാണിജ്യലോബിക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിച്ചു. ഈ പരിഷ്കാരങ്ങളെല്ലാം പാവപ്പെട്ടവന്റെ അവസാനത്തെ ചില്ലിക്കാശും തട്ടിപ്പറിക്കുന്ന തരത്തിലുള്ളതായിരുന്നു. ഗ്രാമീണ സമ്പാദ്യം എന്ന ആശയംതന്നെ ഇല്ലാതായി. കേരളത്തിലെ സഹകരണ മേഖലയ്ക്കുനേരെ വാളോങ്ങിയെങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ പിടിച്ചുനില്‍ക്കാനായി. ഗ്യാസ് സബ്സിഡിക്കും ആനുകൂല്യങ്ങള്‍ക്കും മറ്റുമായി നിര്‍ബന്ധപൂര്‍വം എടുപ്പിച്ച സീറോ ബാലന്‍സ് അക്കൌണ്ടില്‍നിന്നുപോലും മിനിമം ബാലന്‍സ് പരിധിവച്ച് പണം പിടിച്ചെടുക്കുന്ന പകല്‍ക്കൊള്ളയാണ് സര്‍ക്കാര്‍ ബാങ്കുകള്‍  ഏറ്റവും ഒടുവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലെല്ലാം ദാരിദ്യ്രം കൊടുകുത്തിവാഴുന്ന ഇന്ത്യയില്‍  ബഹുഭൂരിപക്ഷം ഗ്രാമീണ  ജനകോടികളുടെ ക്രയശേഷി വര്‍ധിപ്പിച്ചിട്ടുവേണം സമ്പദ്ഘടനയെ പുനരുജ്ജിവിപ്പിക്കാന്‍. ഈ സാമ്പത്തിക തത്വത്തിന്റെ അക്കാദമിക യുക്തിയും യഥാര്‍ഥ്യവുമായി എന്തു പൊരുത്തമാണുള്ളത്. ജനങ്ങളുടെ വരുമാനവും ക്രയശേഷിയും തൊഴിലും വര്‍ധിപ്പിക്കാന്‍ എന്തു പ്രായോഗിക പദ്ധതികളാണ് സര്‍ക്കാരിന് മുന്നോട്ടുവയ്ക്കാനുള്ളത്. ജനങ്ങളുടെ കൈയില്‍ പണം ഇല്ലാതിരുന്നിട്ടും പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണമില്ലാതെ തുടരുന്ന അസാധാരണ സ്ഥിതിവിശേഷണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതോടൊപ്പമാണ് വിലക്കയറ്റത്തിന് എണ്ണ പകര്‍ന്നുകൊണ്ട് ജിഎസ്ടിയുടെ വരവ്.

മാന്ദ്യം സാങ്കേതികമല്ല യാഥാര്‍ഥ്യമാണെന്ന തിരിച്ചറിവ് ആത്മാര്‍ഥമാണെങ്കില്‍ കേന്ദ്രഭരണം ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രകടനപത്രികയിലേക്ക് തിരിഞ്ഞുനോക്കുകയാണ്. ധനക്കമ്മിയും പൊതുകടവുമല്ല ജനങ്ങളുടെ ജീവിതമാണ് മാനദണ്ഡമാക്കേണ്ടത്. നഷ്ടപ്പെട്ട തൊഴിലും വരുമാനവും വീണ്ടെടുക്കാനും കാര്‍ഷിക വൃത്തിയില്‍ ആളുകളെ ഉറപ്പിച്ചുനിര്‍ത്താനും പദ്ധതികള്‍ ഉണ്ടാകണം. പൊതുമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സാമ്പത്തിക ആസൂത്രണ സംവിധാനം പുനഃസ്ഥാപിക്കണം. സമ്പത്ത് കുന്നുകൂട്ടുന്ന കുത്തകകളെ നിയന്ത്രിക്കുകയും അവരില്‍നിന്ന് നികുതി പിരിച്ചെടുത്ത് രാഷ്ട്രനിര്‍മാണത്തിന് ഉപയോഗിക്കുകയും വേണം. ഇതൊന്നും സ്വമേധയാ ചെയ്യാന്‍ ഭരണാധികാരികള്‍  തയ്യാറാകുമെന്ന് പ്രതീക്ഷിക്കാന്‍വയ്യ. എന്നാല്‍, ദൈനംദിന ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും  ചെറുകിട കച്ചവടക്കാരുമൊക്കെ  നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ പാകത്തില്‍ ശക്തിയാര്‍ജിക്കുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top