27 April Saturday

കോടതിവിധി പരിഹാരമോ ?

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


ഡൽഹിയിലെ കർഷകസമരം 49 ദിവസം പിന്നിട്ടപ്പോൾ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായ ഇടപെടൽ ആശ്വാസത്തേക്കാൾ ആശങ്കയാണ് ഉയർത്തുന്നത്. എല്ലാ വെല്ലുവിളികളെയും നേരിട്ട് ത്യാഗപൂർണമായും ധീരമായും മുന്നേറുന്ന ഒരു സമരത്തെ നിർവീര്യമാക്കാനുള്ള തന്ത്രപരമായ നീക്കമല്ലേ കോടതിയിൽനിന്ന്‌ ഉണ്ടായതെന്ന സംശയമാണ് ഉയരുന്നത്. കോടതിക്ക്‌ ഇടപെടേണ്ടിവന്നത് സമരം പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതിനാലാണ് എന്നത് സത്യം. നിയമം നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞത് സ്വാഗതാർഹവുമാണ്. പക്ഷേ, അതിനപ്പുറം ആ വിധി നിരവധി ചോദ്യം ഉയർത്തുന്നു.

നീതിന്യായ കോടതികൾക്ക് ഭരണഘടന പരിധികൾ നിർവചിച്ചിട്ടുണ്ട്; ഉത്തരവാദിത്തങ്ങൾ നിർണയിച്ചിട്ടുമുണ്ട്. ഭരണസംവിധാനം വഴിതെറ്റി നീങ്ങിയാൽ ഈ നിശ്ചിത പരിധികൾ വിട്ട് കോടതികൾ പ്രവർത്തിക്കാറുണ്ട്. ജുഡീഷ്യൽ ആക്ടിവിസമെന്ന നിലയിൽ അത്തരം നീക്കങ്ങൾ ചിലപ്പോൾ പുരോഗമനപരം ആകാറുമുണ്ട്. പക്ഷേ, ഇവിടെ കണ്ടത് ജുഡീഷ്യൽ ആക്ടിവിസത്തിന്റെ പ്രതിലോമ മുഖമാണ്. ഭരണഘടന നിശ്ചയിച്ച അതിരുകൾ വിട്ടിറങ്ങിയ കോടതി നടത്തിയത് രാഷ്ട്രീയ കൗശലത്തോടെയുള്ള കരുനീക്കമാണ്. ഒരു വശത്ത് വിവാദ കാർഷിക നിയമങ്ങൾ കാരണം പറയാതെ സ്റ്റേ ചെയ്യുന്നു. മറുഭാഗത്ത് നിയമങ്ങൾ പുനഃപരിശോധിക്കാൻ ഏകപക്ഷീയമായി ഒരു നാലംഗ കമ്മിറ്റിയെ നിയോഗിക്കുന്നു.

പ്രത്യക്ഷത്തിൽ സമരത്തിന്‌ അനുകൂലമെന്ന്‌ തോന്നുന്ന ഈ നീക്കം ലക്ഷ്യംവയ്‌ക്കുന്നത് സമരവീര്യം കെടുത്തി കർഷകരെ പ്രതിരോധത്തിലാക്കുകയാണെന്നു വ്യക്തം. നിയമം സ്റ്റേ ചെയ്യുന്ന കോടതി അതെന്തുകൊണ്ട് എന്നുപറയുന്നില്ല. പാർലമെന്റ് പാസാക്കിയ ഒരു നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ അതിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കണ്ടെത്തിയതായി കോടതി പറയുന്നില്ല. ഫലത്തിൽ നിയമം സ്റ്റേ ചെയ്യുമ്പോൾ പോലും നിയമത്തിനെതിരെ ഒരു നിലപാടും എടുക്കാതിരിക്കാൻ കോടതി ശ്രദ്ധിക്കുന്നു. വിദഗ്ധസമിതിയുടെ ഘടനകൂടി പരിശോധിക്കുമ്പോഴാണ് കോടതി ഉത്തരവിലെ ചതിക്കുഴിയുടെ ആഴം വ്യക്തമാകുന്നത്. സമരത്തിന്റെ തുടക്കംമുതൽ സമരത്തെ എതിർക്കുന്ന രണ്ടു കർഷക സംഘടനയുടെ പ്രതിനിധികൾ; ഒപ്പം നിയമത്തെ ന്യായീകരിച്ചുമാത്രം പ്രതികരിച്ചിട്ടുള്ള രണ്ടു വിദഗ്ധരും. ഇവരെ കോടതി എങ്ങനെ കണ്ടെത്തിയെന്നതിന് ഉത്തരമില്ല. ഇവരുമായി ചർച്ച ചെയ്തിട്ട് എന്തുണ്ടാകാനെന്ന കർഷകസമര സമിതിയുടെ ചോദ്യം പ്രസക്തം.


 

കർഷകരുടെ ആവശ്യം വ്യക്തവും ദൃഢവുമാണ്. മൂന്നു നിയമവും കർഷകവിരുദ്ധമാണ്; അവ പിൻവലിക്കണം. ഇതിൽനിന്ന് വേറിട്ട ഒരാവശ്യവും അവർക്കില്ല. സർക്കാരുമായി ആവർത്തിച്ചുള്ള ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിൽ എന്തെങ്കിലും പരിഷ്‌കാരം വരുത്തുകയെന്ന ഒരാവശ്യമേ  കർഷകർക്കില്ല. അങ്ങനെയിരിക്കെ നിയമങ്ങൾ ഉദാത്തമെന്നു കരുതുന്ന ഒരു സമിതിയുമായി ചർച്ച നടത്തിയിട്ട് എന്തുകാര്യം?
എന്നുമാത്രമല്ല സമരം ഏറ്റവും ശക്തമാകുന്ന ഘട്ടമാണ്‌ ഇത്. രാജ്യത്താകെ നിന്നുള്ള കർഷകർ അണിചേർന്ന്‌ സമരം കൂടുതൽ കരുത്തുനേടുകയാണ്. റിപ്പബ്ലിക് ദിനത്തിൽ സമാന്തര ട്രാക്ടർ റാലി നടത്താനുള്ള ഒരുക്കത്തിലാണ് സമരസമിതി.

തെക്കേ അറ്റത്തുള്ള കേരളത്തിൽ നിന്നടക്കം സമരഭടന്മാർ ഡൽഹിയിലേക്ക് നീങ്ങിക്കഴിഞ്ഞു. കേന്ദ്ര സർക്കാർ കൂടുതൽ ഒറ്റപ്പെടുകയുമാണ്. വിജയം കണ്ടേ അടങ്ങൂവെന്ന നിശ്ചയദാർഢ്യത്തിൽ സമരം മുന്നേറുന്നതിനിടയിലാണ് വിദഗ്ധസമിതിയെന്ന തീരുമാനവുമായി സുപ്രീംകോടതിയുടെ പുറപ്പാട്. ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തം സ്വന്തം തലയിലേറ്റിയുള്ള കോടതിയുടെ ഈ നീക്കം സദുദ്ദേശ്യപരമല്ലെന്നറിയാൻ ഗവേഷണം വേണ്ട. ഏറെ നാളായി ഭരണകക്ഷിക്കൊരു കൈത്താങ്ങ്‌ നൽകുകയാണ് ചുമതലയെന്ന മട്ടിലാണ് കോടതി പെരുമാറുന്നത്. പൗരത്വനിയമ പ്രശ്നത്തിൽ അത്‌ കണ്ടു. ബാബ്‌റി മസ്ജിദ് തകർത്ത കേസിലും അതുണ്ടായി. നിയമപരമായി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ മാറ്റിവച്ച് മധ്യസ്ഥൻ ചമഞ്ഞ്‌ ഭരണക്കാരുടെ ഇച്ഛ നടപ്പാക്കുകയാണ് ചെയ്യുന്നത്.

പക്ഷേ, കർഷകസമരസമിതി ഈ ആപത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുഴിയിൽ വീഴാൻ തങ്ങളില്ല എന്നുതന്നെ അവർ വ്യക്തമാക്കിയിട്ടുണ്ട്. നിയമം സ്റ്റേ ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുമ്പോൾ തന്നെ സമിതിയുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ അവർ. അതുകൊണ്ട്‌ ഈ സമരം തീർക്കാൻ കുറുക്കുവഴികൾ ഇല്ലെന്ന്‌ കേന്ദ്ര സർക്കാർ മനസ്സിലാക്കണം. നിയമങ്ങൾ റദ്ദാക്കണം. കോർപറേറ്റുകൾക്ക് കാർഷികമേഖല തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കണം. പരിഷ്‌കാരങ്ങൾ ആകാം. ആവശ്യമായ ചർച്ച പാർലമെന്റിലും പുറത്തും നടത്തി അതിനു നിയമനിർമാണവും ആകാം. പക്ഷേ, ഇപ്പോഴത്തെ നിയമങ്ങൾ ഉപേക്ഷിച്ചേ തീരൂ. കോടതി വിധിയുടെ മറവിൽ രക്ഷപ്പെടാമെന്നൊന്നും കരുതരുത്. അത്രവലിയ പോരാട്ടമാണ് നടക്കുന്നത്. തളരാത്ത പോരാളികളാണെന്ന് കൊടുംതണുപ്പിൽ തെരുവിൽ തുടരുന്ന പ്രക്ഷോഭകാരികൾ തെളിയിച്ചുകഴിഞ്ഞു. അവരുടെ ക്ഷമ ഇനി പരീക്ഷിക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top