25 April Thursday

സമാനതകളില്ല ഈ ചരിത്രസമരത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 9, 2020


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത സമരേതിഹാസം. കാർഷിക കരിനിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ചും പിന്നോട്ടില്ലെന്ന  ധീരമായ പ്രഖ്യാപനവുമായി രാജ്യത്തെ കൃഷിക്കാർ ചൊവ്വാഴ്ച നടത്തിയ ഭാരത് ഹർത്താൽ  കർഷകരുടെ സംഘശക്തി ആവർത്തിച്ച് പ്രഖ്യാപിക്കുന്നതായി. ഇന്ത്യയുടെ കൃഷിഭൂമി നാടൻ, മറുനാടൻ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതുന്ന നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ കൃഷിക്കാർ തനിച്ചല്ലെന്നും ഹർത്താൽ വ്യക്തമാക്കി.  രാജ്യത്താകെ ദൃശ്യമായ ഐക്യദാർഢ്യവും പിന്തുണയും അതിന്റെ സാക്ഷ്യപത്രം.

ഭരണസിരാ കേന്ദ്രമായ ഡൽഹി വളഞ്ഞുവച്ച് കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ പതിമൂന്നാം ദിവസമാണ്  അഞ്ഞൂറോളം കർഷകസംഘടനയുടെ സംയുക്ത സമരസമിതി രാജ്യവ്യാപക ഹർത്താൽ നടത്തിയത്. ഇടതു പാർടികളടക്കം 24 രാഷ്ട്രീയ പാർടികൾ, വിവിധ ട്രേഡ് യൂണിയനുകൾ, മോട്ടോർ ട്രാൻസ്പോർട്ട് സംഘടനകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളാ സംഘടനകൾ, അധ്യാപകർ, കലാ സാംസ്കാരിക പ്രവർത്തകർ, കായികതാരങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവർ പിന്തുണയുമായി രംഗത്തിറങ്ങി. ഇതോടെ, ഹർത്താൽ അക്ഷരാർഥത്തിൽ അഭൂതപൂർവമായ ജനമുന്നേറ്റമായി. ഏതാനും മണിക്കൂറുകൾ രാജ്യം നിശ്ചലമായി. ദേശീയപാതകൾ ഉപരോധിച്ചു. ടോൾ പ്ലാസകൾ അടച്ചു. ചരക്കുനീക്കം നിലച്ചു.  സമരത്തെ അടിച്ചമർത്താൻ കേന്ദ്ര ബിജെപി ഗവൺമെന്റും ചില സംസ്ഥാന ബിജെപി ഗവൺമെന്റുകളും നടത്തിയ നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ചാണ് ജനകീയ മുന്നേറ്റം. നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലിലാക്കിയും സമരമുന്നേറ്റത്തെ അടിച്ചൊതുക്കാനുമുള്ള എല്ലാ ശ്രമത്തെയും ജനങ്ങൾ  ഐക്യത്തോടെ നേരിട്ടു. ഡൽഹി, ഉത്തർപ്രദേശ് ,പഞ്ചാബ്, ഹരിയാന, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര , ബിഹാർ, രാജസ്ഥാൻ തുടങ്ങി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ മോഡി സർക്കാരിനെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടർന്നു. കേരളത്തിൽ തദ്ദേശ തെരത്തെടുപ്പായതിനാൽ ഹർത്താലുണ്ടായില്ലെങ്കിലും വ്യാപകമായി ഐക്യദാർഢ്യ പ്രകടനങ്ങളുണ്ടായി.

രാജ്യം കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്നതിനിടെ, സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ, പാർലമെന്റിൽ ഒരു ചർച്ചപോലും നടത്താതെ തിരക്കിട്ട് കേന്ദ്രം നിയമം കൊണ്ടുവരികയായിരുന്നു

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യത്ത് ‘കമ്പനി രാജി’നെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമായി ഇപ്പോഴത്തെ കർഷകസമരത്തെ വിലയിരുത്തുന്നുണ്ട്. ഒന്നര നൂറ്റാണ്ടപ്പുറം നടന്ന ആ സമരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയായിരുന്നു. ഇന്നിപ്പോൾ, ഇന്ത്യയുടെ കാർഷികമേഖല അംബാനി, അദാനി കമ്പനി സാമ്രാജ്യങ്ങൾക്ക് തീറെഴുതാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സമരം.  കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറുന്നതിൽ ഈ കാർഷികസമരം ഇതിനകം വിജയിച്ചുകഴിഞ്ഞു.  ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യങ്ങളുടെ പിണിയാളന്മാരാണ് ബിജെപിയുടെ പാർലമെന്റംഗങ്ങളെന്ന് കാർഷികമേഖലയെ മുൻനിർത്തിക്കൊണ്ടുവന്ന കരിനിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്നതിനിടെ, സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ, പാർലമെന്റിൽ ഒരു ചർച്ചപോലും നടത്താതെ തിരക്കിട്ട് കേന്ദ്രം നിയമം കൊണ്ടുവരികയായിരുന്നു.  ഫെഡറൽ തത്വങ്ങളാകെ ലംഘിച്ച്, സംസ്ഥാന വിഷയമായ കൃഷി കേന്ദ്രവരുതിയിലാക്കുന്ന മൂന്ന് നിയമം. പിന്നെ വൈദ്യുതി നിയമവും. പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ബില്ലുകൾ പാസാക്കിയെടുത്തത്.

കൃഷിക്കാരെ കമ്പോളത്തിന്റെ ദയാദാക്ഷിണ്യത്തിന് വലിച്ചെറിഞ്ഞു കൊടുക്കുന്നതാണ് സെപ്തംബറിൽ കൊണ്ടുവന്ന നിയമങ്ങൾ. ചെറുകിട കൃഷിക്കാർക്ക് പിടിച്ചുനിൽക്കാൻപോലും കഴിയില്ല. നാടിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാകും. കാർഷികോൽപ്പന്നങ്ങളുടെ മിനിമം താങ്ങുവില ഉപേക്ഷിക്കും. കാർഷികോൽപ്പന്ന വിപണനസമിതികൾ ഇല്ലാതാകും. ഗ്രാമച്ചന്തകൾ അവസാനിക്കും. പൂഴ്ത്തിവയ്പ് വ്യാപകമാകും. കരിനിയമങ്ങളുടെ പ്രത്യാഘാതങ്ങളായി സംഭവിക്കാൻ പോകുന്നത് ഇങ്ങനെ എത്രയോ കാര്യങ്ങൾ. പുതിയ നിയമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അംബാനിയും അദാനിയുമാണ്.  യഥാർഥത്തിൽ ബിജെപി ഈ കോർപറേറ്റ് മുതലാളിമാർക്കുവേണ്ടിയാണ്  ഭരിക്കുന്നതെന്ന് ഇതിനകം വെളിപ്പെട്ട വസ്തുതയാണ്. ടെലികോമും ചില്ലറ വ്യാപാരവും പെട്രോളിയവും അടിസ്ഥാനസൗകര്യ മേഖലയുമെല്ലാം കുത്തകകളുടെ വരുതിയിലായി കഴിഞ്ഞു. ഇനി കാർഷികമേഖലയും അവർ കൈയടക്കുന്നു. അതിനാണ് പുതിയ നിയമങ്ങൾ.

കേന്ദ്ര ഗവൺമെന്റിന്റെ ഈ നയങ്ങൾക്കെതിരെയാണ്, 130 കോടിയിലേറെ ജനങ്ങളെ അന്നമൂട്ടുന്ന കൃഷിക്കാർ സമരപാതയിൽ അണിചേർന്നിരിക്കുന്നത്. സമാനതകളില്ലാത്ത ഈ കർഷകമുന്നേറ്റം ഒരു ദിവസം പെട്ടെന്ന് സംഭവിച്ചതല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ കൃഷിക്കാർ കുറേ വർഷങ്ങളായിത്തന്നെ ദേശവ്യാപകമായി ചെറുതും വലുതുമായ നിരന്തര പ്രക്ഷോഭങ്ങളിലാണ്. പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും പശ്ചിമ യുപിയിലും മഹാരാഷ്ട്രയിലുമെല്ലാം എത്രയോ സമരങ്ങൾ നടന്നു. ആ പ്രക്ഷോഭങ്ങളിലെല്ലാം ഉരുത്തിരിഞ്ഞുവന്ന കൃഷിക്കാരുടെ ഐക്യം ഇപ്പോഴത്തെ ഡൽഹി ചലോ സമരത്തിന്റെ കരുത്തും പിൻബലവുമാണ്.  ഈ കാർഷിക ഐക്യത്തിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യംവഹിക്കുന്നത്.  കർഷകരെ സമരമുന്നണിയിൽ അണിനിരത്തുന്നതിന്  അഖിലേന്ത്യാ കിസാൻസഭ ഉൾപ്പെട്ട അഖിലേന്ത്യാ കിസാൻ സംഘർഷ് കോ-–-ഓർഡിനേഷൻ കമ്മിറ്റി മുന്നിൽത്തന്നെയുണ്ട്.  കൃഷിക്കാരുടെ ഐക്യസമരം ഭാവി ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഡൽഹി സമരവും ചൊവ്വാഴ്ചത്തെ ഹർത്താലും ഇക്കാര്യം അടിവരയിട്ട് പ്രഖ്യാപിക്കുന്നു. അത് ഡൽഹിയിൽ ഭരണസിംഹാസനത്തിലിരിക്കുന്നവരെ പേടിപ്പിക്കുന്നുമുണ്ട്. 

കൊടും ശൈത്യത്തെ അതിജീവിച്ച് ഡൽഹി അതിർത്തികളിൽ തുടരുന്ന സമരത്തെ അടിച്ചമർത്താനും സമരക്കാരെ ഭിന്നിപ്പിക്കാനുമാണ് കേന്ദ്ര ഗവൺമെന്റ് ഇതുവരെ ശ്രമിച്ചത്. കിടങ്ങ് കുഴിച്ചും  ജലപീരങ്കി പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും കർഷകരെ തുരത്താൻ എല്ലാ വഴിയും നോക്കി. ഇതിനകം നടത്തിയ അഞ്ച്‌ ചർച്ചയും പ്രഹസനമായിരുന്നു. കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ പിടിവാശിയായിരുന്നു എല്ലാ ചർച്ചയിലും കണ്ടത്. പക്ഷേ, മുട്ടുമടക്കാത്ത പോരാട്ടവീര്യവുമായി കൃഷിക്കാർ ഐക്യത്തോടെ ഉറച്ചുനിൽക്കുന്നു. പ്രതീക്ഷാ നിർഭരമായ ഈ ഐക്യം തന്നെയാണ് ചൊവ്വാഴ്ചത്തെ ഹർത്താലിലും കണ്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top