29 March Friday

കർഷകവിരുദ്ധനിയമം രാജ്യം വലിച്ചെറിയും

വെബ് ഡെസ്‌ക്‌Updated: Friday Dec 11, 2020


 

കാർഷികമേഖല കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്നതിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഐതിഹാസിക ഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. കർഷകരുടെ നട്ടെല്ലൊടിക്കുന്ന കോർപറേറ്റ്‌ അനുകൂല നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന്‌ കർഷകസംഘടനകളുടെ സംയുക്തസമിതി പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രം മുന്നോട്ടുവച്ച അഞ്ച്‌ ഒത്തുതീർപ്പ്‌ നിർദേശവും തള്ളിയാണ്‌ കർഷകർ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്നത്‌. ചില ഉറപ്പുകൾ നൽകി സമരം അവസാനിപ്പിക്കാൻ ശ്രമിച്ച കേന്ദ്രസർക്കാർ കർഷകരുടെ നിശ്ചയദാർഢ്യത്തിന്‌ മുന്നിൽ നാണംകെട്ടു.

കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും നേരിട്ട്‌ പതിനായിരക്കണക്കിന്‌ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ ‌ ഡൽഹി വിറകൊള്ളാൻ തുടങ്ങിയിട്ട്‌ ആഴ്‌ചകളായി. നാടിനെ അന്നമൂട്ടുന്നവർ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തിന്‌ ദിവസവും പിന്തുണയേറുന്നു. കായിക, ചലച്ചിത്ര താരങ്ങളടക്കം സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവർ കർഷകർക്കായി രംഗത്തുവരുന്നു. പുരസ്‌കാരങ്ങൾ തിരിച്ചുനൽകിയും പുരസ്‌കാരം ബഹിഷ്‌കരിച്ച്‌ പ്രതിഷേധമുയർത്തിയും രാജ്യം ഐക്യപ്പെടുന്നു. എന്നാൽ, ഈ വികാരം ഉൾക്കൊള്ളാൻ തയ്യാറാകാത്ത മോഡി സർക്കാർ പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകി സമരം തീർക്കാനും കോർപറേറ്റ്‌ അനുകൂല നിയമം നടപ്പാക്കാനുമാണ്‌ ശ്രമിച്ചത്‌. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും നിയമങ്ങൾ പിൻവലിക്കുകതന്നെ വേണമെന്നും കർഷകർ ഉറച്ചുനിന്നു.

അംബാനി, അദാനി അടക്കമുള്ള കുത്തകകൾക്ക്‌ കൊള്ളലാഭം കൊയ്യാൻ കേന്ദ്രം അവസരമൊരുക്കുകയാണെന്ന്‌ അവർ തുറന്നടിച്ചു. അംബാനി, അദാനി കമ്പനികളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാനും ആഹ്വാനംചെയ്‌തു. ഇതോടെ കേന്ദ്രവും ഇഷ്‌ടക്കാരായ കോർപറേറ്റ്‌ കമ്പനികളും ഉലഞ്ഞുതുടങ്ങിയിട്ടുണ്ട്‌. കർഷകരിൽനിന്ന്‌ നേരിട്ട്‌ ഉൽപ്പന്നങ്ങൾ ശേഖരിക്കാറില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പ്‌ രംഗത്തുവന്നത്‌ ഇതിന്റെ തെളിവാണ്‌. കോർപറേറ്റ് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച്‌ കള്ളപ്രചാരണങ്ങളിലൂടെ എതിർപ്പുകളെ പരാജയപ്പെടുത്തുന്ന പതിവു തന്ത്രമാണ്‌ കർഷകസമരത്തിനുനേരെ തുടക്കംമുതൽ മോഡി സർക്കാർ സ്വീകരിച്ചത്‌. തീവ്രവാദികൾ എന്ന്‌ ആക്ഷേപിക്കാനും സമരം അടിച്ചമർത്താനും ശ്രമിച്ചു. രാജ്യത്തെവിടെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമം ഉയർന്ന വില കിട്ടാൻ കർഷകരെ സഹായിക്കും എന്നും മറ്റും വ്യാമോഹങ്ങളും പ്രചരിപ്പിച്ചു. ഉത്തരേന്ത്യയിലെ ഇടത്തരം–-നാമമാത്ര കർഷകർക്ക്‌ കേരളംപോലുള്ള വിദൂരസ്ഥലങ്ങളിൽ ഇടനിലക്കാരില്ലാതെ ഉൽപ്പന്നം വിൽക്കാനാകില്ലെന്ന്‌ വസ്‌തുതകൾവച്ച്‌‌ കർഷകസംഘടനകൾ തിരിച്ചടിച്ചു‌.


 

പാർലമെന്റിലോ കർഷകസംഘടനകളുമായോ ചർച്ച ചെയ്യാത്ത മൂന്ന്‌ നിയമത്തിന്‌ എതിരെയുള്ള വിമർശം ശരിവയ്‌ക്കുന്നതാണ്‌ സമരം തീർക്കാൻ കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ. താങ്ങുവില നിർത്തലാക്കില്ല, സ്വകാര്യ ചന്തകൾ വരുമ്പോൾ പൊതുചന്തകൾ നിർത്തില്ല, പൊതുചന്തകൾക്കുള്ള നികുതി സ്വകാര്യ ചന്തകൾക്കും ബാധകമാക്കും, സ്വകാര്യ ചന്തകളിൽ ചരക്ക്‌ വാങ്ങാൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കും, കൃഷിഭൂമിവച്ച്‌ വായ്‌പയെടുക്കുന്നതിൽനിന്ന്‌ കോർപറേറ്റുകളെ വിലക്കും, ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല, വൈദ്യുതി ബിൽ അടച്ചശേഷം സബ്‌സിഡി തുക നൽകാനുള്ള നീക്കം ഉപേക്ഷിക്കും, സബ്‌സിഡി ആദ്യമേ നൽകുന്നത്‌ തുടരും... തുടങ്ങിയവയായിരുന്നു വാഗ്‌ദാനങ്ങൾ. താങ്ങുവില കിട്ടില്ലെന്ന്‌ മാത്രമല്ല, ഭാവിയിൽ കൃഷിഭൂമിപോലും നഷ്‌ടമാകുമെന്ന്‌ കേന്ദ്രം പരോക്ഷമായി സമ്മതിക്കുകയാണ്‌. അക്കൗണ്ടിൽ വരുമെന്ന്‌ പറഞ്ഞ പാചക വാതക സബ്‌സിഡിയുടെ സ്ഥിതി എല്ലാവർക്കുമറിയാം. ജീവിതംതന്നെ തകരുമെന്ന്‌ മുൻകൂട്ടി തിരിച്ചറിയാൻ കർഷകർക്ക്‌ സാധിച്ചു. കുത്തകകൾക്കുവേണ്ടി ഭരണം നടത്തുന്ന മോഡി സർക്കാരിനെതിരെ ശക്തിപ്പെടുന്ന ജനകീയമുന്നേറ്റത്തിന്‌ ദിശാബോധം പകരുകയാണ്‌ കർഷകപ്രക്ഷോഭം.

കർഷകരും തൊഴിലാളികളും ഇടത്തരക്കാരുമായ ജനകോടികളെ കോർപറേറ്റ്‌ കൂലി അടിമകളാക്കുന്ന നിയമനിർമാണങ്ങൾക്ക്‌ കേന്ദ്രം തിടുക്കം കൂട്ടുകയാണ്‌. എട്ട്‌ മണിക്കൂർ ജോലി അടക്കമുള്ള തൊഴിലവകാശങ്ങൾപോലും ഇല്ലാതാക്കാനാണ്‌ ശ്രമം. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കർഷകരും അണിചേരുകയാണ്‌. നവംബർ 26ലെ ദേശീയ പണിമുടക്കും കർഷകസമരത്തെ‌ പിന്തുണച്ച്‌ നടത്തിയ ഭാരത്‌ ഹർത്താലും രാജ്യത്ത്‌ വളർന്നുവരുന്ന തൊഴിലാളി–-കർഷക മുന്നേറ്റത്തിലെ പുതിയ അധ്യായങ്ങളാണ്‌. ഡൽഹിയിലേക്കുള്ള പാതകൾ ഉപരോധിച്ചും മറ്റും‌ സമരം കൂടുതൽ ശക്തമാക്കുകയാണ്‌ കർഷകർ. കോർപറേറ്റ്‌ അനുകൂല കാർഷിക, തൊഴിൽ, സാമ്പത്തിക നിയമങ്ങൾ പിൻവലിക്കുംവരെ രാജ്യത്തിന്‌ വിശ്രമമുണ്ടാകില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top