28 March Thursday

കോവിഡ്‌ മറയിൽ കേന്ദ്രത്തിന്റെ തൊഴിലാളിചൂഷണം

വെബ് ഡെസ്‌ക്‌Updated: Monday Apr 13, 2020



അന്നന്ന്‌ അധ്വാനിച്ച്‌ കുടുംബം പുലർത്തുന്ന കോടിക്കണക്കിന്‌ വരുന്ന തൊഴിലാളികൾക്ക്‌ ദുരിതകാലമാണിത്‌. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടർന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ്‌ ഇല്ലാതാക്കിയത്‌. ഇവരുടെ ദുരിതമകറ്റാൻ ഒരു നടപടിയും ഇതുവരെ മോഡി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അവരുടെ അധ്വാനത്തിന്റെ വിഹിതമായി പ്രോവിഡന്റ്‌ ഫണ്ടിലുള്ള തുക പിൻവലിക്കാൻ അനുവദിച്ചത്‌ വലിയ ഔദാര്യമെന്ന മട്ടിലാണ്‌ മോഡി സർക്കാർ അവതരിപ്പിച്ചത്‌. തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടുവരുന്നില്ലെന്ന്‌ മാത്രമല്ല, അവരെ പിഴിയാൻ ഈ ദുരിതകാലത്തും ശ്രമിക്കുകയാണ്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. എട്ട്‌ മണിക്കൂർ ജോലി എന്നത്‌ പത്ത്‌ മണിക്കൂറായി ഉയർത്താനാണ്‌ നീക്കം. ‘അസാധാരണ സാഹചര്യത്തിൽ അസാധാരണമായ തീരുമാനം കൈക്കൊള്ളേണ്ടിവരുമെന്ന്‌’ പറഞ്ഞാണ്‌ തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്ന്‌ കവർന്നെടുക്കാനുള്ള നീക്കം നടത്തുന്നത്‌.

‘എട്ട്‌ മണിക്കൂർ ജോലി, എട്ട്‌ മണിക്കൂർ വിനോദം, എട്ട്‌ മണിക്കൂർ വിശ്രമം’ എന്ന മുദ്രാവാക്യമുയർത്തി സാർവദേശീയ തൊഴിലാളിവർഗം നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമായാണ്‌ എട്ട്‌ മണിക്കൂർ ജോലിയെന്ന അവകാശം നേടിയെടുത്തത്‌. രാജ്യം സ്വതന്ത്രമായപ്പോൾ എട്ട്‌ മണിക്കൂർ ജോലിയെന്ന തത്വം പൊതുവെ അംഗീകരിക്കപ്പെട്ടു. 1948ലെ ഫാക്ടറീസ്‌  നിയമത്തിന്റെ 51–-ാം വകുപ്പ്‌ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്‌തു. പ്രായപൂർത്തിയായ ഒരു തൊഴിലാളിയെയും ആഴ്‌ചയിൽ 48 മണിക്കൂറിലധികം പണിയെടുക്കാൻ അനുവദിക്കരുതെന്നാണ്‌ നിയമം പറയുന്നത്‌. ഇതേ നിയമത്തിൽ ഓവർടൈമിന്‌ അനുമതിയുണ്ടെങ്കിലും മൂന്ന്‌ മാസത്തിൽ 120 മണിക്കൂർ മാത്രമേ പാടുള്ളുവെന്നും വ്യവസ്ഥയുണ്ട്‌. മാത്രമല്ല, ഓവർടൈമിന്‌ ഇരട്ടി വേതനം നൽകണമെന്നുമുണ്ട്‌.

ജോലി സമയം 12 മണിക്കൂറാക്കുന്നത്‌ തൊഴിലാളിക്ക്‌ ഇരുട്ടടിയാണ്‌. ഒന്നാമതായി ദിവസവും നാല്‌ മണിക്കൂർ അധികം ജോലിചെയ്യണം. ലോകമെങ്ങും ജോലിസമയം കുറയ്‌ക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ്‌ ഇവിടെ നേർവിപരീതത്തിനായുള്ള ശ്രമം

ഈ ആനുകൂല്യങ്ങളെല്ലാം എടുത്തുകളയാനുള്ള അണിയറനീക്കമാണ്‌ ഇപ്പോൾ നടക്കുന്നത്‌. മഹാമാരി നേരിടാൻ കേന്ദ്രം രൂപീകരിച്ച എട്ട്‌ കർമസമിതിയിലൊന്നാണ്‌ ഫാക്ടറീസ്‌ നിയമത്തിലെ 51–-ാം വകുപ്പ്‌ ഭേദഗതി ചെയ്യാൻ ശുപാർശ ചെയ്‌തിട്ടുള്ളത്‌. കൊറോണക്കാലത്ത്‌ തൊഴിലാളികളെ കിട്ടാൻ വിഷമമായതിനാൽ ഉള്ള തൊഴിലാളികളെ കൂടുതൽ പണിയെടുപ്പിക്കുക എന്ന എളുപ്പവും ക്രൂരവുമായ മാർഗമാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. തൊഴിലാളികളെ പിരിച്ചുവിടാൻ ഇത്‌ തൊഴിലുടമയ്‌ക്ക്‌ അവസരമൊരുക്കും. ജോലി സമയം 12 മണിക്കൂറാക്കുന്നത്‌ തൊഴിലാളിക്ക്‌ ഇരുട്ടടിയാണ്‌. ഒന്നാമതായി ദിവസവും നാല്‌ മണിക്കൂർ അധികം ജോലിചെയ്യണം. ലോകമെങ്ങും ജോലിസമയം കുറയ്‌ക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ്‌ ഇവിടെ നേർവിപരീതത്തിനായുള്ള ശ്രമം. രണ്ടാമതായി തൊഴിലാളിക്ക്‌ ഓവർടൈമിന്‌ ലഭിക്കുന്ന ഇരട്ടി വേതനം ലഭിക്കുകയുമില്ല.  എന്നാൽ, വൻനേട്ടം കൊയ്യുന്ന ഒരു വിഭാഗമുണ്ട്‌. തൊഴിലുടമകളായ കോർപറേറ്റുകളാണ്‌ ആ വിഭാഗം. ഓവർടൈമിന്‌ ഇരട്ടിവേതനം നൽകാതെ തൊഴിലാളിയെ ചൂഷണം ചെയ്യാനുള്ള അവസരമാണ്‌ കോർപറേറ്റുകൾക്ക്‌ ലഭിക്കുന്നത്‌.  മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തൊഴിൽനിയമങ്ങളെല്ലാം നാല്‌ കോഡാക്കിയ പരിഷ്‌കാരംപോലും തൊഴിലാളികളുടെ നന്മ ഉദ്ദേശിച്ചായിരുന്നില്ല, മറിച്ച്‌ കോർപറേറ്റുകളുടെ കീശ വീർപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു. കൊറോണക്കാലത്തും മോഡി സർക്കാരിന്റെ കണ്ണ്‌ കോർപറേറ്റുകളുടെ ലാഭം ഉറപ്പുവരുത്തുന്നതിലാണ്‌.

ഹംഗറിയിലെ ‘അടിമ നിയമ’ത്തോട്‌ മാത്രമേ മോഡി സർക്കാരിന്റെ പുതിയ നിയമഭേദഗതി നീക്കത്തെ താരതമ്യം ചെയ്യാനാകൂ. വർഷത്തിൽ 400 മണിക്കൂർ അധികം ജോലി ചെയ്യണമെന്നും അതിന്റെ കൂലി മൂന്ന്‌ വർഷത്തിനകം നൽകിയാൽ മതിയെന്നുമായിരുന്നു തീവ്രവലതുപക്ഷക്കാരനായ വിക്‌ടർ ഒർബൻ സർക്കാരിന്റെ തീരുമാനം. ഒർബനും മോഡിയും ഒരുപോലെ കോർപറേറ്റ്‌ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യാൻ വഴിയൊരുക്കുകയാണ്‌. തൊഴിലാളികളുമായും ട്രേഡ്‌യൂണിയനുകളുമായും ഒരു ചർച്ചയും നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ അനുകൂല ട്രേഡ്‌യൂണിയനുപോലും യോജിക്കാൻ കഴിയാത്തതാണ്‌ സർക്കാരിന്റെ പുതിയനീക്കം. തൊഴിൽ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ത്രികക്ഷി ചർച്ച നടത്തുക എന്ന രീതി രാജ്യത്ത്‌ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ, മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അത്‌ ഇല്ലാതായിരിക്കുകയാണ്‌. ട്രേഡ്‌യൂണിയനുകളും തൊഴിലുടമകളും സർക്കാരും ചേർന്നുള്ള ഇന്ത്യൻ ലേബർ കോൺഫറൻസുപോലും ഇപ്പോൾ ചേരാറില്ല. എല്ലാ വർഷവും നടക്കാറുള്ള ഈ സമ്മേളനം മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരുതവണ മാത്രമാണ്‌ നടന്നിട്ടുള്ളത്‌. മാത്രമല്ല, ബജറ്റുകളിൽ ട്രേഡ്‌യൂണിയനുകൾ പറയുന്ന ഒരുകാര്യംപോലും പരിഗണിക്കാൻ മോഡി സർക്കാർ തയ്യാറാകാറില്ല.

നിരവധി പോരാട്ടങ്ങളിലൂടെയാണ്‌ ഇന്ത്യൻ തൊഴിലാളിവർഗം വളർന്നത്‌. എട്ട്‌ മണിക്കൂർ ജോലിയെന്ന അവകാശത്തെ കവർന്നെടുക്കാൻ അവർ അനുവദിക്കുമെന്ന്‌ കരുതാനാകില്ല. ശതാബ്ദിയോടടുത്ത ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനം എട്ട്‌ മണിക്കൂർ ജോലി സംരക്ഷിക്കാൻ മുന്നോട്ടുവരികതന്നെ ചെയ്യും. എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും തൊഴിലാളികളുടെ ഈ പോരാട്ടത്തെ പിന്തുണയ്‌ക്കാൻ മുന്നോട്ടുവരണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top