29 March Friday

ബഹുമുഖ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


വിദേശ നാണ്യശേഖരം കുത്തനെ ഇടിയുന്നു. രൂപയുടെ വിനിമയനിരക്ക് തുടച്ചയായ  തകർച്ചയിൽ. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിച്ച് വ്യാപാരക്കമ്മി പെരുകി. ഇതിനുപുറമെ വിലക്കയറ്റം തുടങ്ങിയ മറ്റു പ്രശ്നങ്ങൾ. ഇന്ത്യയുടെ സാമ്പത്തികരംഗം ബഹുമുഖ പ്രതിസന്ധിയെയാണ് നേരിടുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഒന്നും പരിഹരിക്കാനാകാതെ കേന്ദ്ര സർക്കാർ കൈമലർത്തുന്ന സാഹചര്യം.

ഇന്ത്യയുടെ വിദേശ നാണ്യശേഖരം ഏഴാഴ്ചയായി തുടർച്ചയായി കുറയുകയാണ്.  സെപ്തംബർ 16ന്‌ വിദേശനാണ്യ സൂക്ഷിപ്പ് 54,565 കോടി ഡോളറായി കുറഞ്ഞു. 2020 ഒക്ടോബറിനുശേഷം ഡോളർ ശേഖരം ഇത്ര  കുറയുന്നത് ഇതാദ്യം. 12 മാസത്തിനിടെ ഏതാണ്ട് 9400 കോടി ഡോളർ കുറഞ്ഞു. രൂപ –-- ഡോളർ വിനിമയത്തിൽ രൂപയുടെ വിനിമയമൂല്യം  ഇടിയുന്നതും ഇറക്കുമതിച്ചെലവ്  കൂടുന്നതുമാണ് ഡോളർ ശേഖരം കുറയാൻ പ്രധാന കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് അടിക്കടി വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഓഹരി പണക്കമ്പോളങ്ങളിലെ വിദേശ ധനസ്ഥാപനങ്ങൾ കൂടുതൽ ലാഭം തേടി അവരുടെ നിക്ഷേപങ്ങൾ  പിൻവലിച്ചുകൊണ്ടുപോകുകയാണ്. ഇങ്ങനെ ഡോളർ കൂട്ടത്തോടെ പിൻവലിക്കുമ്പോൾ ഡോളറിന്റെ ആവശ്യം (ഡിമാൻഡ്) കൂടും. ഡോളറിന്റെ ഡിമാൻഡ് കൂടുമ്പോൾ സ്വാഭാവികമായും രൂപയുടെ വിനിമയമൂല്യം ഇടിയും. ഡോളർ വില കൂടും. 82 രൂപയോളമാണ്‌ ഇപ്പോഴത്തെ വില. രൂപയുടെ തകർച്ചയ്‌ക്ക് കടിഞ്ഞാണിടാൻ പറ്റുമോയെന്ന്‌ റിസർവ് ബാങ്ക് ശ്രമിക്കുന്നത് വിദേശനാണയ വിനിമയ വിപണിയിൽ കൂടുതൽ ഡോളർ ഇറക്കിയാണ്‌. അങ്ങനെ റിസർവ് ബാങ്കിന്റെ പക്കലുള്ള ഡോളർ ശേഖരം ഇടിയുന്നു. ഇതുകൊണ്ടൊന്നും  രൂപയെ പിടിച്ചുനിർത്താൻ കഴിയുന്നില്ലെന്നത് മറ്റൊരു കാര്യം. ലാഭാർത്തിയോടെ പരക്കം പായുന്ന ധനമൂലധനം കൂടുതൽ ലാഭം നോക്കി നിക്ഷേപങ്ങൾ പിൻവലിച്ചുകൊണ്ടേയിരിക്കുന്നു. രൂപയുടെ തകർച്ച  തുടർക്കഥയാകുന്നു.  ഫെഡറൽ റിസർവ് അടുത്തിടെ പലിശനിരക്ക് 0.75 ശതമാനംകൂടി വർധിപ്പിച്ചിരുന്നു. വർധന ഇനിയും തുടരുമെന്നാണ് സൂചനകൾ. രൂപയ്‌ക്കൊപ്പം അതിനേക്കാൾ ഭീകരമായി ഓഹരി വിപണിയിലും സൂചികകൾ മൂക്കുകുത്തി വീഴുകയാണ്.

നടപ്പുധനവർഷത്തിലെ ഏപ്രിൽ- –-ആഗസ്ത് കാലയളവിൽ ചരക്ക് വ്യാപാരക്കമ്മി 12,470 കോടി ഡോളറായി വർധിച്ചു. സമീപകാലത്തെ ഏറ്റവും ഉയർന്ന കമ്മിയാണിത്. രൂപയുടെ തകർച്ചയെത്തുടർന്ന് ഇറക്കുമതിച്ചെലവ് വർധിക്കുന്നതും ഇറക്കുമതി കൂടുന്നതുമാണ് കമ്മി ഉയരാൻ കാരണം. അസംസ്കൃത എണ്ണ ഇറക്കുമതിക്കാണ് കൂടുതൽ ചെലവ്‌ വേണ്ടിവരുന്നതെന്നു പറയാമെങ്കിലും മറ്റ് ചരക്ക് ഇറക്കുമതിയും കൂടുതലാണ്. ഓരോ രാജ്യവുമായുള്ള വ്യാപാരക്കമ്മിയുടെ കണക്കെടുക്കുമ്പോൾ ചൈനയുമായാണ് കമ്മി കൂടുതൽ. മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിലും  കമ്മി കൂടുതൽ ഇന്ത്യക്ക്‌ തന്നെ. നമ്മുടെ കയറ്റുമതി കുറവാണെന്ന് ചുരുക്കം.

ഇന്ത്യയടക്കം ലോകത്തെ മുതലാളിത്ത രാജ്യങ്ങളാകെ രൂക്ഷമായ വിലക്കയറ്റവും (പണപ്പെരുപ്പം) സാമ്പത്തികമാന്ദ്യവും  നേരിടുകയാണ്.  വിലക്കയറ്റത്തെ നേരിടാനെന്നു പറഞ്ഞാണ് ഫെഡറൽ റിസർവും റിസർവ് ബാങ്ക് അടക്കമുള്ള  പല കേന്ദ്ര ബാങ്കുകളും പലിശനിരക്ക് വീണ്ടും വീണ്ടും കൂട്ടുന്നത്. അടുത്തുചേരുന്ന, റിസർവ് ബാങ്കിന്റെ പണനയസമിതി പലിശ (റിപ്പോ നിരക്ക്) വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചനകൾ.  സാധനങ്ങൾക്ക് ഡിമാൻഡ് കൂടുന്നതിനാൽ വില വർധിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്. പലിശ കൂടുമ്പോൾ,  ബാങ്ക് വായ്പകളായി വിപണിയിലെത്തുന്ന പണം കുറയുമെന്നും അങ്ങനെ ഡിമാൻഡ് ഇടിഞ്ഞ് വിലക്കയറ്റം താഴുമെന്നും കേന്ദ്ര ബാങ്കുകൾ പ്രതീക്ഷിക്കുന്നു. യഥാർഥത്തിൽ,  ഡിമാൻഡില്ലാതെ മാന്ദ്യത്തിന്റെ പിടിയിലമർന്ന സമ്പദ്‌വ്യവസ്ഥകളെ വീണ്ടും തളർത്താനേ ഈ നയം വഴിവയ്ക്കൂ. വിലക്കയറ്റമൊട്ട് കുറയുന്നുമില്ല. ഇന്ത്യയിൽ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏഴു ശതമാനത്തിനും മുകളിലാണ്. ചുരുക്കിപ്പറഞ്ഞാൽ, നവലിബറൽ സാമ്പത്തിക നയങ്ങൾ തുടരുന്ന രാജ്യങ്ങളെല്ലാം ബഹുമുഖ പ്രതിസന്ധിയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top