26 April Friday

സമ്പദ്‌വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലേക്കോ

വെബ് ഡെസ്‌ക്‌Updated: Friday Jul 15, 2022


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്നാണ്‌ അടുത്തിടെ പുറത്തുവന്ന വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്‌. തുടർച്ചയായി ഇടിയുന്ന രൂപയുടെ വിനിമയമൂല്യം, വർധിച്ചുവരുന്ന നാണ്യപ്പെരുപ്പം, ഓഹരിവിപണിയിൽനിന്ന്‌ വിദേശ നിക്ഷേപകരുടെ പിൻമാറ്റം,  ഇടിയുന്ന വിദേശനാണ്യ ശേഖരം,  കുതിച്ചുയരുന്ന വിദേശകടവും വ്യാപാരകമ്മിയും തുടങ്ങിയ സൂചകങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥയുടെ രോഗാവസ്ഥയാണ്‌ വെളിപ്പെടുത്തുന്നത്‌.  പരസ്‌പരബന്ധിതമായ ഈ സൂചകങ്ങൾ രാജ്യത്തെ സംബന്ധിച്ച്‌ ആശാവഹമല്ല. ജനങ്ങളുടെ ജീവിതം ഓരോ ദിവസവും ദുസ്സഹമാകുമ്പോഴും വികസന വായ്‌ത്താരി മുഴക്കുകയാണ്‌ മോദി സർക്കാർ. ദേശീയ മാധ്യമങ്ങളിലൂടെ പൊള്ളയായ വികസനനേട്ടം ഉയർത്തിക്കാട്ടി പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനുള്ള നടപടികളെല്ലാം പാളിപ്പോകുകയാണ്‌.  റിസർവ്‌ ബാങ്ക്‌ രണ്ടുതവണ അടിസ്ഥാന പലിശനിരക്ക്‌ ഉയർത്തിയെങ്കിലും ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം  തുടർച്ചയായ മൂന്നാം മാസവും ഏഴ്‌ ശതമാനത്തിനു മുകളിലാണ്‌. കണക്കുകൾക്ക്‌ അപ്പുറമാണ്‌ ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർഥ വിലക്കയറ്റം. ഭക്ഷ്യധാന്യശേഖരം കുറയുന്നത്‌ വരും മാസങ്ങളിൽ വിലക്കയറ്റത്തിന്‌ വഴിവയ്‌ക്കുമെന്ന്‌ മുന്നറിയിപ്പുമുണ്ട്‌.

2008ൽ തുടങ്ങിയ ആഗോളമാന്ദ്യത്തെ തുടർന്ന്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിട്ട പ്രതിസന്ധിക്ക്‌ സമാനമാണ്‌ ഇ പ്പോൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ.  രൂപയുടെ ഇടിവും വിദേശവ്യാപാര കമ്മിയും  ഓഹരിവിപണിയിലെ വിദേശ നിക്ഷേപകരുടെ പിൻമാറ്റവും അന്ന്‌ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 2013 ആഗസ്‌തിൽ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ആഗസ്‌ത്‌ 19ന്‌ ഒറ്റ ദിവസം 1.48 രൂപയുടെ തകർച്ചയാണ്‌ നേരിട്ടത്‌. അതിനു സമാനമായി അമേരിക്കൻ ഡോളറിനെതിരെ ഏറ്റവും വലിയ തകർച്ചയിലാണ് ഇ പ്പോൾ രൂപ. എക്കാലത്തെയും മോശം വിനിമയനിരക്കായ  80.058ലേക്കാണ്‌ ബുധനാഴ്ച രൂപ കൂപ്പുകുത്തിയത്‌.  ഈ വർഷം ജനുവരി മുതൽ ആറ്‌ ശതമാനമാണ്‌  തകർച്ച.  മോദി സർക്കാർ അധികാരമേറ്റ 2014 മേയിൽ 59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്‌. എട്ട്‌ വർഷത്തെ ഭരണത്തിനിടയിൽ 20 രൂപയിലേറെ ഇടിഞ്ഞ്‌ 79.81 രൂപയിലെത്തി.  വിനിമയനിരക്ക്‌ പിടിച്ചുനിർത്താൻ  റിസർവ്‌ ബാങ്ക്‌ കരുതൽ ശേഖരത്തിൽനിന്ന്‌ ഡോളർ വിപണിയിലിറക്കുന്നുണ്ടെങ്കിലും രൂപ താഴോട്ടുതന്നെയാണ്‌.  രൂപയുടെ ഇടിവ്‌ വിലക്കയറ്റത്തിനും ഇറക്കുമതി ചെലവ് ഉയരാനും ഇടയാക്കുന്നു. ജനങ്ങളുടെ വാങ്ങൽശേഷി കുറയുന്നത്‌ ആഭ്യന്തര വിപണിയെയും ബാധിക്കും. ഇത്‌ സാമ്പത്തിക മാന്ദ്യത്തിലേക്കാണ്‌ നയിക്കുക.

കടത്തിന്റെ പേരിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന മോദി സർക്കാർ നാല്‌ വർഷത്തിനിടയിൽ വിദേശത്തുനിന്ന്‌ നിയന്ത്രണങ്ങളില്ലാതെ കടം വാങ്ങിക്കൂട്ടി. വിദേശകടത്തിലെ തിരിച്ചടവും വർധിച്ചുവരുന്ന വ്യാപാരകമ്മിയും ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവും വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവുണ്ടാക്കി. ആറ്‌ മാസത്തിനിടയിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ  5200 കോടി ഡോളറിന്റെ കുറവുണ്ടായി. കരുതൽ ശേഖരം കുറഞ്ഞതോടെ പല രാജ്യങ്ങളുമായും രൂപയിൽ ഇടപാട്‌ നടത്താനാണ്‌ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്‌.  പെരുകിയ വിദേശകടത്തിന്റെ തിരിച്ചടവ്‌  ഈ സാമ്പത്തിക വർഷം സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും.  ഒമ്പത്‌ മാസത്തിനകം തിരിച്ചടയ്‌ക്കേണ്ട വിദേശ വായ്‌പ 26,700 കോടി ഡോളറാണ്‌.  കരുതൽ ശേഖരത്തിന്റെ 40 ശതമാനവും വായ്‌പ തിരിച്ചടവിന്‌ വിനിയോഗിക്കുന്നതോടെ വിദേശനാണ്യ ശേഖരം ശോഷിക്കും.  ഓരോ മാസവും വിദേശവ്യാപാര കമ്മി വർധിച്ചുവരികയാണ്‌.  ജൂണിൽ ഇറക്കുമതി–- കയറ്റുമതി വരുമാനത്തിലെ അന്തരം 2563 കോടി ഡോളറാണ്‌ (രണ്ട്‌ ലക്ഷം കോടി രൂപ). ഈ നില തുടർന്നാൽ വിദേശവായ്‌പ തിരിച്ചടവിനും പത്ത്‌ മാസത്തെ വ്യാപാരകമ്മി നേരിടാനും മാത്രമേ നിലവിലെ വിദേശനാണ്യ ശേഖരം ഉപകരിക്കുകയുള്ളൂ.  ഒരു വർഷം കഴിയുമ്പോഴേക്കും സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറാകുന്നില്ല. ജനദ്രോഹനയങ്ങൾ തിരുത്തി സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം കൂടുതൽ കുഴപ്പത്തിലേക്ക്‌ തള്ളിവിടുകയാണ്‌ മോദി സർക്കാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top