18 April Thursday

ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


അടിക്കടി വർധിപ്പിക്കുന്ന ഇന്ധനവില, കുതിച്ചുയരുന്ന വിലക്കയറ്റം,  മൂല്യം ഇടിയുന്ന രൂപ, വിപണിയിലെ അനിശ്‌ചിതത്വം, ആഗോളസാഹചര്യം, സാമ്പത്തികവളർച്ച പിന്നോട്ടുപോകുമെന്ന റിസർവ്‌ ബാങ്കിന്റെയും ഐഎംഎഫിന്റെയും  മുന്നറിയിപ്പുകൾ... ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥ കുഴപ്പത്തിലേക്കാണെന്ന സൂചനകളാണ്‌ വരുന്നത്‌.  റിസർവ്‌ ബാങ്ക്‌ കഴിഞ്ഞദിവസം അസാധാരണ രീതിയിൽ അടിസ്ഥാന പലിശനിരക്ക്‌ ഉയർത്തിയത്‌ ഇത്‌ സ്ഥിരീകരിക്കുന്നു. സാധാരണ മൂന്ന്‌ മാസത്തിലൊരിക്കൽ പണനയ അവലോകന യോഗം ചേർന്നാണ്‌ പലിശനിരക്കിൽ തീരുമാനിക്കുക. കഴിഞ്ഞ മാസത്തെ യോഗം അടിസ്ഥാന പലിശ വർധിപ്പിക്കേണ്ടെന്നാണ്‌ തീരുമാനിച്ചത്‌. അടുത്ത യോഗം ജൂണിലായിരുന്നു നടക്കേണ്ടത്‌. എന്നാൽ, കഴിഞ്ഞ ദിവസം പൊടുന്നനെ പലിശ വർധിപ്പിച്ചു. വിപണിയിലെ പണലഭ്യത കുറച്ച്‌ രൂക്ഷമായ നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനാണ്‌ നിരക്കുവർധനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌ പറഞ്ഞത്‌.  ബാങ്കുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ നൽകുന്ന വായ്‌പയുടെ (റിപ്പോ) പലിശ നാല്‌ ശതമാനത്തിൽനിന്ന്‌ 4.4 ശതമാനമാക്കി ഉയർത്തി. ബാങ്കുകൾ റിസർവ്‌ ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധന അനുപാതം (സിആർആർ) നാലിൽനിന്ന്‌ നാലര ശതമാനമാക്കി. ഇതിലൂടെ വിപണിയിൽ എത്തേണ്ട 90,000 കോടിയോളം രൂപ റിസർവ്‌ ബാങ്കിന്റെ കൈകളിലെത്തും.

നാല്‌ വർഷത്തിനിടെ ആദ്യമായാണ്‌ അടിസ്ഥാന നിരക്ക്‌ ഉയർത്തുന്നത്‌. സമ്പദ്‌‌വ്യവസ്ഥ നേരിടുന്ന യഥാർഥ പ്രശ്‌നമോ രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണമോ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനുപകരം വിപണിയിൽ പണത്തിന്റെ ലഭ്യത കുറച്ച്‌ വിലക്കയറ്റം തടയുക എന്ന പരമ്പരാഗത സാമ്പത്തിക സിദ്ധാന്തം പ്രയോഗത്തിൽ വരുത്തുകയാണ്‌ റിസർവ്‌ ബാങ്ക്‌. എന്നാൽ, ഇതുകൊണ്ടൊന്നും സമ്പദ്‌വ്യവസ്ഥയെ ഗ്രസിച്ച രോഗം ഭേദമാക്കാനാകില്ല. റിപ്പോ നിരക്ക്‌ വർധിപ്പിച്ചതിലൂടെ ഭവന, വാഹന ഉൾപ്പെടെയുള്ള എല്ലാ വായ്‌പകളുടെയും പലിശ ഉയരും. നിലവിലുള്ള വായ്‌പകളുടെ ഇഎംഐ തിരിച്ചടവും ഉയരും. ഫലത്തിൽ  വായ്‌പ എടുത്തവരുടെ ബാധ്യത ഏറുകയാണ്‌. കോവിഡിൽ തളർന്ന സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന്‌ തടയിടുന്ന രീതിയിലാണ്‌ നാണ്യപ്പെരുപ്പം കുതിച്ചുയരുന്നത്‌.

റീട്ടെയിൽ നാണ്യപ്പെരുപ്പം നാല്‌ ശതമാനമായി  നിലനിർത്താനാണ്‌ റിസർവ്‌ ബാങ്ക്‌ ലക്ഷ്യമിട്ടിരുന്നത്‌. എന്നാൽ, കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയിൽ ഇത്‌ ആറ്‌ ശതമാനത്തിനു മുകളിലാണ്‌. മാർച്ചിൽ 6.9 ശതമാനമായിരുന്നു. ഈ മാസം ഏഴ്‌ ശതമാനത്തിന്‌ മുകളിലേക്ക്‌ കടക്കും. പരിധി വിട്ടിരിക്കുന്ന ഇന്ധനവില വർധനയും നാണ്യപ്പെരുപ്പവും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയാണ്‌. എല്ലാ മേഖലയിലും ആവശ്യകത വർധിക്കാതെതന്നെ വില കുതിച്ചുയരുന്നു. വിലക്കയറ്റം ജനങ്ങളുടെ വാങ്ങൽശേഷിയും കുറയ്‌ക്കുന്നു. വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം ഇന്ധനവില വർധിപ്പിക്കുന്നതാണ്‌. മാർച്ച്‌ മൂന്നാംവാരത്തിനുശേഷം പെ*ട്രോൾ, ഡീസൽ വില ലിറ്ററിന്‌ 13 രൂപയോളം വർധിപ്പിച്ചു. ഇത്‌ എല്ലാ മേഖലയിലും വലിയ തോതിലുള്ള വിലക്കയറ്റം സൃഷ്ടിച്ചു.  ഭക്ഷ്യവില സൂചിക ഇപ്പോൾ രണ്ടക്കത്തിലാണ്‌. രാജ്യത്ത്‌ ആവശ്യത്തിന്‌ ഭക്ഷ്യധാന്യശേഖരം ഉണ്ടെന്ന്‌ സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ്‌ ഭക്ഷ്യവില സൂചിക ഉയരുന്നതെന്ന വിരോധാഭാസവുമുണ്ട്‌. 

കോവിഡിനെ അതിജീവിച്ച്‌ സമ്പദ്‌വ്യവസ്ഥ പഴയനില കൈവരിച്ചുവെന്നാണ്‌ മോദി സർക്കാർ അവകാശപ്പെടുന്നത്‌. എന്നാൽ, സ്ഥിതി  മോശമാകുന്നുവെന്നാണ്‌ റിസർവ്‌ ബാങ്ക്‌, ഐഎംഎഫ്‌, എസ്‌ബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌.  2022–-23ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക്‌  8.2 ശതമാനമാകുമെന്നാണ്‌ ഐഎംഎഫ്‌ അനുമാനം. നേരത്തേ ഒമ്പത്‌ ശതമാനമാകുമെന്നായിരുന്നു പ്രവചനം. ആർബിഐ ആകട്ടെ വളർച്ചനിരക്ക്‌ 7.8ൽനിന്ന്‌ 7.2 ശതമാനമാക്കി കുറച്ചു. ഇന്നത്തെ സ്ഥിതിയിൽ ഇതിലും താഴെയായിരിക്കും വളർച്ചയെന്നാണ്‌ സാമ്പത്തിക വിദഗ്‌ധർ പറയുന്നത്‌. രൂപയുടെ മൂല്യം അതിവേഗം ഇടിയാനുള്ള സാധ്യതയുണ്ടെന്നും നടപ്പു ധനവർഷത്തിൽ ഡോളറിന്‌ 81.5 രൂപ ആകുമെന്നുമാണ്‌  ഐഎംഎഫിന്റെ മുന്നറിയിപ്പ്‌. ഇത്‌ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. കോവിഡ്‌ മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തികാഘാതം മറികടക്കാൻ 12 വർഷംവരെ വേണ്ടിവന്നേക്കുമെന്നാണ്‌ ആർബിഐ 2021–-22 ലെ കറൻസി ആൻഡ്‌ ഫിനാൻസ്‌ റിപ്പോർട്ടിൽ  വ്യക്തമാക്കുന്നത്‌. 2020–-21 ധനവർഷത്തിൽ വളർച്ചനിരക്ക്‌ പൂജ്യത്തിനും താഴെ 7.3 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ ധനവർഷം 8.9 ശതമാനം വളർച്ച അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക്‌ ഇതിന്റെ നേട്ടം ലഭിച്ചിട്ടില്ല. വൻകിട കോർപറേറ്റുകളുടെ സമ്പത്ത്‌ ഇരട്ടിച്ചപ്പോൾ സാധാരണക്കാരന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടായി. ഇന്ധനവില വർധന ഉൾപ്പെടെയുള്ള ജനദ്രോഹനടപടികളിൽനിന്ന്‌ മോദി സർക്കാർ പിന്തിരിയുന്നില്ലെങ്കിൽ  സാമ്പത്തികമാന്ദ്യം രൂക്ഷമായി സാധാരണക്കാരുടെ ജീവിതം ദുരന്തത്തിലേക്ക്‌ എടുത്തെറിയപ്പെടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top