26 April Friday

ജിഡിപി ‘മാസ്കി'ൽ ദുരിതങ്ങൾ മറയുമോ

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021


നടപ്പു ധനവർഷത്തിന്റെ ആദ്യപാദത്തിലെ മൊത്തം ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ച രാജ്യത്തിന്റെ  സാമ്പത്തികമേഖല കരകയറുന്നതിന്റെ സൂചനയാണോ?  ആണെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രവുമായി, ജനങ്ങളുടെ ജീവിതവുമായി ഈ സ്ഥിതിവിവരക്കണക്കിന് ഒരു ബന്ധവുമില്ലെന്നതാണ് പരമാർഥം. വാസ്തവത്തിൽ, ജിഡിപിയുടെ ഈ ‘മാസ്ക്' ഉപയോഗപ്പെടുത്തി ജനങ്ങളുടെ ദുരിതത്തെയാകെ മറച്ചുപിടിക്കാൻ പറ്റുമോ എന്നാണ് കേന്ദ്ര ധനമന്ത്രാലയവും സർക്കാരും ശ്രമിച്ചുനോക്കുന്നത്. 

ഏപ്രിൽ–- ജൂൺ കാലയളവിൽ ജിഡിപി 20.1 ശതമാനം വളർച്ച കൈവരിച്ചെന്നാണ് ദേശീയ സ്ഥിതിവിവര സംഘടന ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. മുൻധന വർഷം (2020–-21 ) ഇതേ കാലയളവിൽ ജിഡിപി 24.4 ശതമാനം ഇടിയുകയായിരുന്നെന്നും തൊട്ടടുത്ത വാക്യത്തിൽ പറയുന്നുണ്ട്.  ഈ വൻതകർച്ചയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇപ്പോഴത്തെ വളർച്ചക്കണക്കെന്ന് ചുരുക്കം. ലോ ബേസ് ഇഫക്ട് എന്നൊക്കെ സാമ്പത്തികശാസ്ത്രത്തിൽ പറയും. കഴിഞ്ഞതവണ എല്ലാ സീറ്റിലും മത്സരിച്ചുതോറ്റ ഒരു പാർടി ഇക്കുറി രണ്ടു സീറ്റിൽ വിജയിച്ചാൽ അതു വലിയ വിജയശതമാനമാണല്ലോ. അതുപോലെയാണ് ഈ വളർച്ചക്കണക്കും. ഏപ്രിൽ–-ജൂൺ കാലയളവിലെ മൊത്തം ആഭ്യന്തരോൽപ്പാദനത്തെ രൂപയുടെ മൂല്യത്തിൽ കണക്കാക്കിയാൽ  32.38 ലക്ഷം കോടി രൂപയാണ്.  കഴിഞ്ഞവർഷം ഇതേ കാലയളവിൽ  26. 95 ലക്ഷം കോടി രൂപയായിരുന്നു. അപ്പോൾ  വർധനയെന്നു പറയാമെങ്കിലും  2019–-20ൽ ഏപ്രിൽ–-- ജൂൺ കാലത്ത് 35. 66 ലക്ഷം കോടി രൂപയുണ്ടായിരുന്നുവെന്ന്‌ അറിയുമ്പോൾ ഇപ്പോഴത്തെ വളർച്ചയുടെ പൊള്ളത്തരം വ്യക്തമാകും. 2018 ഏപ്രിൽ–-ജൂണിൽ 33.84 ലക്ഷം കോടിയും 2019 ഏപ്രിൽ–-ജൂണിൽ 35.66 ലക്ഷം കോടിയുമുണ്ടായിരുന്നു. ഇപ്പോഴത്തെ ജിഡിപി ഈ വർഷങ്ങളുമായി താരതമ്യം ചെയ്താൽ വളർച്ചയല്ല പിന്നോട്ടടിയാണ് ഉണ്ടായിട്ടുള്ളതെന്ന് പറയാം. പക്ഷേ, ജിഡിപി വർഷാടിസ്ഥാനത്തിലാണ് കണാക്കുന്നത് എന്നതുകൊണ്ട് തൊട്ടു മുൻവർഷത്തെ വലിയ തകർച്ചയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വലിയ വളർച്ചയെന്ന് കൊട്ടിഘോഷിക്കുന്നത്.

ജിഡിപി കണക്കിനെ വിട്ട് രാജ്യത്തിന്റെ അനുഭവങ്ങളിലേക്ക് കടന്നാൽ സ്ഥിതിയെന്താണ്. അതാണല്ലോ യാഥാർഥ ചിത്രം.  അങ്ങനെ നോക്കിയാൽ, സർക്കാരിന്റെ ചെലവും പുതിയ മുതൽമുടക്കും വർധിച്ചിട്ടില്ല. ജനങ്ങളുടെ വരുമാനം കൂടിയിട്ടില്ല.  സാധനങ്ങളുടെ ഡിമാൻഡ് പിന്നോട്ടുതന്നെ.  തൊഴിലില്ലായ്മ ഏറ്റവുമുയർന്ന നിരക്കിൽ  തുടരുന്നു. ചെറുകിട വ്യവസായ, -വ്യാപാര മേഖലകളും അസംഘടിത മേഖലയുമെല്ലാം തളർന്ന് നിസ്സഹായാവസ്ഥയിൽ  വട്ടംകറങ്ങുന്നു. ഇതിനിടയിലും പെട്രോൾ, ഡീസൽ, പാചകവാതക വില ദിവസേനയെന്നോണം കൂട്ടുന്നു. മഹാമാരിയുടെ ദുരിതകാലത്തും സർക്കാർ ജനങ്ങളെ ശിക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്‌.  ജിഡിപി വർധിച്ചതായി പറയുന്ന  കാലയളവിൽ പുതിയ മുതൽമുടക്കുകൾ കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.  ഇക്കൊല്ലം ജനുവരി–-മാർച്ചിൽ   1.67 ലക്ഷം  കോടിയായിരുന്നു പുതിയ മുതൽമുടക്ക് . ഏപ്രിൽ–-ജൂണിൽ 97,376 കോടി രൂപ മാത്രം.

ഇപ്പോൾ പുറത്തുവന്ന  വളർച്ചയുടെ കണക്കുകൾ ഏതു മാസങ്ങളിലേതാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏപ്രിൽ–-ജൂൺ കാലം. അപ്പോൾ രാജ്യത്തെ സ്ഥിതി എന്തായിരുന്നു. ഓക്സിജൻ കിട്ടാതെ ജനങ്ങൾ പിടഞ്ഞുവീണ് മരിച്ച,  ആശുപത്രികളിൽ കിടക്കാനിടമില്ലാതെ  ഉറ്റവരുമായി ജനങ്ങൾ നെട്ടോട്ടമോടിയ  സമയം. മറവുചെയ്യാനിടമില്ലാതെ  മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുക്കിവിട്ടതും വലിയ വാർത്തയായിരുന്നു.  വളർച്ചയുടെ കണക്കുകൾ പറയുന്ന അക്കാലം ജനങ്ങൾ മഹാമാരിയുടെയും സാമ്പത്തിക പ്രയാസങ്ങളുടെയും നടുവിൽത്തന്നെയായിരുന്നു.

കുത്തനെ ഇടിഞ്ഞ സാമ്പത്തികവളർച്ച അതേവേഗത്തിൽ മേലോട്ടുകയറുന്നതാണ് ‘വി' മാതൃക.  വളരുന്നത് ധനികരും കോർപറേറ്റുകളുമാണെന്ന് മാത്രം.

സമ്പദ്‌വ്യവസ്ഥയുടെയും ജനജീവിതത്തിന്റെയും ഈ ദയനീയ ചിത്രം മറച്ചുപിടിച്ചാണ് സാമ്പത്തിക തിരിച്ചുവരവാണ് സംഭവിക്കുന്നതെന്ന് സർക്കാർ പറയുന്നത്. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി' മാതൃകയിലുള്ള  സാമ്പത്തിക വീണ്ടെടുപ്പെന്ന് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ വാദിക്കുന്നു. കുത്തനെ ഇടിഞ്ഞ സാമ്പത്തികവളർച്ച അതേവേഗത്തിൽ മേലോട്ടുകയറുന്നതാണ് ‘വി' മാതൃക.  വളരുന്നത് ധനികരും കോർപറേറ്റുകളുമാണെന്ന് മാത്രം.

സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സർക്കാർ മുഖ്യപങ്ക് വഹിക്കേണ്ടതുണ്ട്. പൊതുമുതൽമുടക്ക് വർധിപ്പിക്കലാണ് മർമപ്രധാനമായ കാര്യം. സർക്കാർ ചെലവ് വർധിപ്പിച്ചേ പറ്റൂ. വളർച്ചയുടെ പുനഃസ്ഥാപനം നടക്കേണ്ട ഏറ്റവും പ്രധാനമേഖല ചെറുകിട വ്യവസായ,- വ്യാപാര രംഗവും അസംഘടിത മേഖലയുമാണെന്ന് തിരിച്ചറിയുകയും വേണം. മഹാമാരിക്ക് മുമ്പേതന്നെ ഈ മേഖലയെല്ലാം തകർന്നിരുന്നു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലുമായിരുന്നു.  നോട്ടുനിരോധത്തിന്റെ അപ്രതീക്ഷിത ആഘാതങ്ങളും ചരക്കുസേവന നികുതിയും ഈ മേഖലകളെ തകർത്തു. പിന്നെ കോവിഡും അടച്ചുപൂട്ടലുംകൂടി ആയതോടെ സ്ഥിതിയാകെ വഷളായി. സമ്പദ്‌വ്യവസ്ഥ കരകയറണമെങ്കിൽ, ശരിയായ വീണ്ടെടുപ്പ് സംഭവിക്കണമെങ്കിൽ ഇതിനൊക്കെ മാറ്റംവേണം. അതിന്, ജിഡിപിയുടെ സ്ഥിതിവിവര മായാജാലം മതിയാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top