27 March Monday

ജുഡീഷ്യറിയുടെ വിശ്വാസ്യത ചോരുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018


ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന് വാർത്താസമ്മേളനം നടത്തി ജനങ്ങളെ ഓർമിപ്പിച്ചത് സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരായിരുന്നു. അവർ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാണെന്ന് നാൾകഴിയുന്തോറും ബോധ്യപ്പെട്ടുവരികയാണ്. കഴിഞ്ഞ മൂന്നുദിവസത്തിനകം മൂന്ന് വ്യത്യസ്ത കോടതികളിൽനിന്നായുള്ള വിധിന്യായങ്ങൾ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. ജനാധിപത്യശക്തികൾക്ക് അവസാന ആശ്രയവും അത്താണിയും ജുഡീഷ്യറിയായിരുന്നു. ആ പ്രതീക്ഷയും അകലുകയാണോ എന്ന സംശയം ഉയർത്തുന്ന വിധിന്യായങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 

അതിൽ ഏറ്റവും ആദ്യത്തേതാണ് ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുള്ള എൻഐഎ പ്രത്യേക കോടതിയുടെ വിധിന്യായം. 2007 മെയ് 18ന് ജുമാ നമസ്കാര വേളയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്, അമ്പതോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ അസീമാനന്ദ ഉൾപ്പെടെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിട്ടുള്ളത്. അജ്മീർ സ്ഫോടന കേസിലും അസീമാനന്ദയെ കുറ്റവിമുക്തനാക്കിയിരുന്നു. അപ്പോൾ മക്ക മസ്ജിദ് സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചത് അസീമാനന്ദയും മറ്റും അല്ലെങ്കിൽ ആരാണെന്ന ചോദ്യം പ്രസക്തമാവുകയാണ്. മക്ക മസ്ജിദ് സ്ഫോടന കേസിൽ കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളായിരുന്നു. പ്രതികളാക്കപ്പെട്ടവർ സംഘപരിവാറുമായി ബന്ധപ്പെട്ടവരും.

ജൂഡീഷ്യറിയുടെ കാര്യക്ഷമതയിൽ സംശയമുണർത്തുന്ന രണ്ടാമത്തെ സുപ്രധാന വിധി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹർജികൾ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായമായിരുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയായിരുന്നു ബി എച്ച് ലോയ. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പുരിൽ പോയ വേളയിലാണ് ഏറെ സംശയകരമായ അന്തരീക്ഷത്തിൽ അദ്ദേഹം മരിക്കുന്നത്. എന്നാൽ, ലോയയുടെ മരണത്തിൽ സംശയത്തിന്റെ കണികയില്ലെന്നും അതാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജി ജുഡീഷ്യറിക്കെതിരെയുള്ള തുറന്ന ആക്രമണമാണെന്നുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെത്തന്നെ തകർക്കുന്നതാണ് പൊതുതാൽപ്പര്യഹർജി വ്യവസായമെന്നുപോലും ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിത്തയ്യാറാക്കിയ 114 പേജ് വരുന്ന വിധിന്യായം പ്രസ്താവിച്ചു. 2014ൽ ബി എച്ച് ലോയ കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാലുപേരുടെ സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിധിന്യായം. ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് മാധ്യമങ്ങളും ബോംബെ ലോയേഴ്സ് അസോസിയേഷനും ഉയർത്തിയ സംശയങ്ങൾ സുപ്രീംകോടതി തീർത്തും അവഗണിക്കുകയും ചെയ്തു. തീർത്തും ഏകപക്ഷീയമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ വിധിന്യായത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നുവന്നിട്ടുള്ളത്. പുനഃപരിശോധന ഹർജി നൽകണമെന്ന് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാർടികളും ആവശ്യപ്പെടുകയുണ്ടായി. പുനഃപരിശോധന ഹർജി നൽകുമെന്ന് ബോംബെ ലോയേഴ്സ് അസോസിയേഷൻ ഭാരവാഹി അഹമ്മദ് അബ്ദിയും പ്രസ്താവിച്ചിട്ടുണ്ട്. പുനഃപരിശോധന ഹർജി തള്ളുന്നപക്ഷം പകരം ഹർജി നൽകാനും ബോംബെ ലോയേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഏറെ സംശയങ്ങളുണർത്തുന്ന വിധിന്യായം പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് രാജ്യെത്ത പ്രതിപക്ഷം. രാജ്യസഭയിൽ അറുപതോളം പ്രതിപക്ഷ എംപിമാർ ഒപ്പിട്ടുനൽകിയ പ്രമേയം ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിന് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള സംശയമാണ് ഇംപീച്ച്മെന്റ് പ്രമേയത്തിലൂടെ നൽകുന്നത്. 

ഏറ്റവും അവസാനമായി ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊല കേസിൽ വിചാരണക്കോടതി ശിക്ഷിച്ച മുൻ മന്ത്രി മായ കോഡ്നാനിയെയും ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടിരിക്കുകയാണ്. ഗോധ്ര സംഭവവുമായി ബന്ധപ്പെട്ടാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. 2002 ഫെബ്രുവരി 28നുണ്ടായ ഈ കൂട്ടക്കൊലയിൽ 97 മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ജനക്കൂട്ടത്തെ തിരിച്ചുവിട്ടത് മായ കോഡ്നാനിയാണെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. എന്നാൽ, കോഡ്നാനിക്കെതിരെ സാക്ഷിമൊഴി നൽകിയ 11 പേരുടെ വിവരണം വിശ്വസനീയമല്ലെന്ന് പറഞ്ഞാണ്് നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുൻ അംഗത്തെ കോടതി കുറ്റവിമുക്തമാക്കിയത്.

ഈ വിധിന്യായങ്ങളിലൊക്കെയുള്ള ഒരു സമാനത വിധിന്യായത്തിന്റെ ആനുകൂല്യം ലഭിച്ച പ്രതികൾ സംഘപരിവാറുമായി ബന്ധമുള്ളവരാണെന്നതാണ്. സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയം ശരിയായി സൂചിപ്പിക്കുന്നതുപോലെ എക്സിക്യൂട്ടീവിന്റെ പ്രേരണ നിമിത്തം ജുഡീഷ്യറി സമ്മർദത്തിൽ ആഴ്ന്നിരിക്കുകയാണ്. മോഡിസർക്കാർ ജുഡീഷ്യറിയെപ്പോലും ശക്തമായി സ്വാധീനിക്കുയാണെന്ന് അർഥം. ദേശീയസുരക്ഷയുടെ പേരിൽ ജഡ്ജിമാരുടെ നിയമനത്തിൽപ്പോലും വീറ്റോ അധികാരം നേടാനാണ് മോഡിസർക്കാർ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാണിക്കുന്നത്. ഈ വിശകലനം തീർത്തും ശരിയാണെന്ന് തെളിയിക്കുന്ന വിധിന്യായമാണ് കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ ഉണ്ടായതെന്നർഥം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top