20 April Saturday

ഭരണഘടനയ്ക്കു മീതേ നരേന്ദ്ര മോദി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023


ഇന്ത്യൻ ജനാധിപത്യത്തിനുമേൽ സംഘപരിവാറിന്റെ വർഗീയാധിപത്യത്തെയും അതിന്റെ പ്രതീകമായ നരേന്ദ്ര മോദി എന്ന വിഗ്രഹത്തെയും പ്രതിഷ്ഠിക്കുന്നതിനുള്ള പ്രക്രിയയിലെ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽനിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയ നടപടി. രാഷ്ട്രപതിയും ഇരുസഭയും അടങ്ങുന്നതാണ് ഇന്ത്യൻ പാർലമെന്റെന്ന് ഭരണഘടനയുടെ  എഴുപത്തൊമ്പതാം അനുച്ഛേദം  വ്യക്തമാക്കിയിരിക്കെ ഈ നടപടി അനുചിതമെന്നതിനുപരി ഭരണഘടനാ ലംഘനവുമാണ്‌.

ഭരണഘടനയുടെ കോപ്പി പ്രദർശിപ്പിക്കുന്ന ഭരണഘടനാ ഹാൾകൂടി ഉൾപ്പെട്ട പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ്, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതലായ ഭരണഘടനയെ മറികടക്കുകയും അതിനെ പ്രദർശന വസ്തുവാക്കി മാറ്റുകയും ചെയ്യുന്ന ബിജെപി സർക്കാരിന്റെ കൗശലത്തിന്റെ ഭാഗംതന്നെയെന്ന് തിരിച്ചറിയേണ്ടതുണ്ട്‌. ജനാധിപത്യത്തിന്റെ അന്തസ്സത്തയുടെ പ്രതിഫലനമാകേണ്ട പാർലമെന്റ് മന്ദിരം അതിന്റെ ആണിക്കല്ലുകളിളകുന്നതിന്റെ സൂചനയായി മാറുന്നു. ജനാധിപത്യവും വിശ്വമാനവികതയും അടക്കമുള്ള പുരോഗമന ആശയങ്ങൾക്ക് ബദലായി പൗരാണിക സവർണരാഷ്ട്ര സങ്കൽപ്പം മുന്നോട്ടുവച്ച് സംഘപരിവാറിന് ആശയാടിത്തറ പാകിയ വി ഡി സവർക്കറുടെ ജന്മദിനമായ മെയ് 28 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തതും ഒട്ടും യാദൃച്ഛികമല്ലെന്നും കാണണം.

യഥാർഥത്തിൽ സംഘപരിവാറിന് ഒരു പങ്കുമില്ലാത്ത ഇന്ത്യൻ ജനാധിപത്യപ്രക്രിയയുടെ ചരിത്രം തിരുത്തിയെഴുതുന്നതിനുള്ള  ആസൂത്രിത പദ്ധതിയുടെ ഭാഗംതന്നെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണംതന്നെ. ബ്രിട്ടീഷ് ഭരണകാലത്തെ കൗൺസിൽ ഹാൾ സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആയതിനുശേഷം സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തങ്ങൾ നിരവധിയാണ്. വിധിയുമായി അഭിമുഖം നിൽക്കുന്ന രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ജവാഹർലാൽ നെഹ്റുവിന്റെ പ്രഭാഷണംമുതൽ ഭരണഘടനാ അസംബ്ലിയിലെ കൂലംകഷമായ ചർച്ചകളും എ കെ ജി അടക്കമുള്ള പ്രഗൽഭ പാർലമെന്റേറിയൻമാരുടെ പ്രഭാഷണങ്ങളും മുഴങ്ങിയ പഴയ പാർലമെന്റ് മന്ദിരത്തെ മാത്രമല്ല, പാർലമെന്ററി ചരിത്രത്തെതന്നെ മറവിയിലേക്ക് തള്ളാനാണ് ഈ നീക്കം.
ന്യൂഡൽഹിയിലെ ഭരണസിരാകേന്ദ്രമായ സെൻട്രൽ വിസ്ത പൂർണമായും പൊളിച്ചു പണിയുന്നതിനുള്ള ബൃഹത്‌ പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരവും ആ പദ്ധതിയുടെ ഗൂഢലക്ഷ്യമായ പുതിയ ചരിത്രനിർമിതിയുടെ ഭാഗമാകാതെ തരമില്ല.

മുഗൾഭരണം,   ഇന്ത്യൻ സ്വാതന്ത്ര്യസമരം,  സ്വതന്ത്രഇന്ത്യയുടെ  ചരിത്രം എന്നിവയെല്ലാം മറയ്‌ക്കുന്നതിനൊപ്പം  ബഹുസ്വരതയുടെ ഇന്ത്യയെന്ന ഉൽക്കൃഷ്ട ആശയംകൂടിയാകും തമസ്‌കരിക്കപ്പെടുകയെന്ന സൂചനയാണ് ഈ നവീകരണ പദ്ധതിയും നൽകുന്നത്. വിവിധ സംസ്കാരങ്ങൾ നൽകുന്ന വ്യത്യസ്ത  ഈടുവയ്പുകളുടെ മനോഹാരിതയ്ക്കുപകരം ഏക സംസ്കാരത്തിന്റെ ഏകതാനതയ്ക്ക് മുൻതൂക്കം നൽകുന്നതാണ് ഈ പദ്ധതി. വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളുമുള്ള ഇന്ത്യയെന്ന ബഹുസ്വരതയെ ഹിന്ദുത്വമെന്ന ഏകതയിലേക്കും നരേന്ദ്ര മോദി എന്ന അതിന്റെ വിഗ്രഹത്തിലേക്കും അടിച്ചമർത്താനുള്ള ഏറെ മുന്നേ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവും അതിന്റെ ജനാധിപത്യവിരുദ്ധമായ ഉദ്ഘാടനവും.

ജനാധിപത്യവിരുദ്ധവും പാർലമെന്ററി സംവിധാനത്തിന് നിരക്കാത്തതുമായ ഈ നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ സ്വരം ഒറ്റക്കെട്ടായി എന്നത് ശുഭോദർക്കമാണ്. പാർലമെന്റ് വിളിച്ചുചേർക്കുന്നതും ഓരോ വർഷവും സമ്മേളനത്തെ ആദ്യം അഭിസംബോധന ചെയ്യുന്നതും ബില്ലുകൾ ഒപ്പിടുന്നതും രാഷ്ട്രപതിയാണെന്ന് ചൂണ്ടിക്കാട്ടിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഭരണഘടനാപ്രകാരം പുതിയ പാർലമെന്റുമായി ബന്ധപ്പെട്ട എന്തും നിർവഹിക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങളെയും പ്രതിപക്ഷത്തെയും സർക്കാരിനെയും പ്രതിനിധാനംചെയ്യുന്ന ഏക ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രപതി തന്നെയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. ജനാധിപത്യവ്യവസ്ഥയിൽ അവശ്യം പാലിക്കപ്പെടേണ്ട ഔചിത്യബോധത്തെ നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി ബോധപൂർവം വിസ്മരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എതിർ സ്വരങ്ങളെ അവഗണിക്കുകയോ അവജ്ഞയോടെ തള്ളുകയോ ദുഃസൂചനയോടെ മറുവിമർശം ഉയർത്തുകയോ ചെയ്യുകയെന്ന പതിവു രീതിയിൽനിന്ന് വ്യത്യസ്തമായൊന്നും മോദിയിൽനിന്ന് പ്രതീക്ഷിക്കാനാകില്ല. പക്ഷേ, തിടംവയ്ക്കുന്ന എതിർ സ്വരങ്ങൾ വ്യത്യസ്തമായൊരു ഭാവിയിലേക്കുള്ള സൂചനയാണ് നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top