04 December Monday

ഭരണഘടനയും നവോത്ഥാനമൂല്യങ്ങളും സംരക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


സമൂഹത്തെ ഇരുട്ടിന്റെ ഗർത്തങ്ങളിലേക്ക്‌ മടക്കിക്കൊണ്ടുപോകാൻ  പ്രതിലോമകാരികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്‌.  അതിനായുള്ള ഗൂഢപ്രവർത്തനങ്ങൾ അടിത്തട്ടുവരെ വ്യാപകവുമായിട്ടുണ്ട്‌. അധികാരം എന്ന ഒറ്റ അജൻഡ ലാക്കാക്കി ചരിത്രത്തെയും സംസ്‌കാരത്തെയും പുരോഗതിയെയും അട്ടിമറിക്കാൻ പല മാർഗവും ആ ശക്തികൾ പയറ്റുകയുമാണ്‌.  ജാതി‐ മത ഭിന്നിപ്പുകൾ ഇളക്കിവിടാനും  ലിംഗസമത്വം  തകിടംമറിക്കാനുമാണ്‌ തുടർച്ചയായ ശ്രമം. വർഗീയ കലാപങ്ങൾക്ക്‌ കോപ്പുകൂട്ടുന്നവരും വിരളമല്ല. ആർഎസ്‌ എസ്‌ ‐ എസ്‌ഡിപിഐ ആയുധപ്പോരും കൊലപാതകങ്ങളും കേരളത്തിന്റെ വടക്കേയറ്റത്തെയും ചോരയിൽ കുതിർത്തു. ഉത്തരവാദിത്വ ത്തോടെ പെരുമാറുന്നുവെന്ന്‌ അവകാശപ്പെടാറുള്ള   രാഷ്ട്രീയ നേതാക്കൾതന്നെ സങ്കുചിത താൽപ്പര്യങ്ങൾ ഇളക്കിവിടാൻ  എല്ലാ തന്ത്രങ്ങളും പയറ്റുകയുമാണ്‌. സ്‌ത്രീവിരുദ്ധത സമർഥമായി കെട്ടിയേൽപ്പിക്കുന്നു. ചില മാധ്യമങ്ങളാകട്ടെ, കൊട്ടുംകുരവയുമായി പിന്നാലെയുണ്ട്‌.

ഇത്തരം അപകടങ്ങൾ ചൂണ്ടിക്കാണിച്ച്‌ പ്രതിരോധിച്ചാലേ ശാന്തവും സമാധാനപൂർണവുമായ  സാമൂഹ്യജീവിതവും മനുഷ്യർ തമ്മിലുള്ള ഐക്യവും  ഉറപ്പുവരുത്താനാകൂ എന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത്‌.  നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   കേരളത്തെ വീണ്ടെടുക്കാൻ  ഒറ്റക്കെട്ടായി അണിചേരണമെന്ന ആഹ്വാനവുമായി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം 2018  ഡിസംബർ ഒന്നിന്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. അതിന്റെ തുടർച്ചയും ഇടപെടലുകളും വീണ്ടും അനിവാര്യമായിരിക്കുകയാണ്‌. നിയമം ഉറപ്പുനൽകുന്ന സ്ത്രീ-–-പുരുഷ സമത്വം നിഷേധിക്കാനുള്ള ജാതി‐മത‐ വർഗീയ കൗശലങ്ങളാണ്‌ ഇപ്പോൾ കാണാനാകുന്നത്. നാടിനെ പുറകോട്ടു നയിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ബഹുജനപ്രസ്ഥാനം ഉയർന്നുവരണം.

ഭരണഘടനാ സംരക്ഷണമാണ്‌ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ കേന്ദ്രമുദ്രാവാക്യം. എല്ലാത്തരം വർഗീയതയുടെ പിന്നിലും ഏച്ചുകെട്ടി ഭിന്നിപ്പിക്കൽ ശ്രമം നടക്കുന്നു. വർഗീയമായ കണ്ണോടെ അടിമുടി  പിന്തിരിപ്പനായ അഭിപ്രായപ്രകടനങ്ങൾ മുറുകെ പിടിക്കുകയും അതു മുൻനിർത്തിയുള്ള പ്രചാരണം അതിരുവിടുന്നുമുണ്ട്‌. അത്‌ അപകടകരവും ദൂരവ്യാപക പ്രത്യാഘാതം തീർക്കുന്നതുമാണ്‌. സമൂഹത്തിൽ സ്‌ത്രീകൾക്കെതിരായ  അതിക്രമങ്ങൾ പലവിധത്തിലാണ്‌  ചങ്ങലയാകുന്നത്‌. അന്ധവിശ്വാസവും സ്‌ത്രീധനവും ഗാർഹികപീഡനവും അവരെ നിസ്സഹായരാക്കുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന ക്രൂരതകളും പലതാണ്‌.  അത്തരം മനോഭാവങ്ങളെ ചെറുക്കാൻ  പാഠപുസ്‌തക നവീകരണത്തിനും തീരുമാനമായിട്ടുണ്ട്‌. അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരെ വ്യക്തമായ നിലപാടുള്ള ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ  രാജ്യത്ത്‌ വളരെ ആസൂത്രിതമായ നീക്കം നടക്കുന്നു;  പ്രത്യേകിച്ച്‌ ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ഭരണാനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന്‌. അത്‌ പൗരാവകാശവും സ്വാതന്ത്ര്യവും  പോരാട്ടവീറും  പ്രതിഷേധവും ഹനിക്കാനാണെന്ന്‌ വ്യക്തം.  എല്ലാ  വിഷയത്തെയും ശാസ്‌ത്രീയതയുടെയും യുക്തിയുടെയും മാനവികതയുടെയും മാനദണ്ഡത്തിൽ അഭിമുഖീകരിക്കാൻ സാധിക്കുന്ന സാഹചര്യം നിലനിൽക്കണം. എങ്കിലേ, ശിഥിലീകരണ‐ വിഭജന  ശ്രമങ്ങൾക്ക്‌  തടയിടാനാകൂ. 

അതിന്റെ അനുബന്ധമായി നവോത്ഥാനമൂല്യ സംരക്ഷണസമിതി രജിസ്‌റ്റേർഡ്‌ സംഘടനയാക്കി പ്രവർത്തിക്കാനും തീരുമാനമായി. അംഗങ്ങൾക്ക്‌ കൈമാറിയ കരട്‌ നിയമാവലി മുൻനിർത്തിയുള്ള  അഭിപ്രായങ്ങൾ പരിശോധിക്കാനും ക്രോഡീകരിക്കാനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായും മുൻ രാജ്യസഭാംഗം കെ സോമപ്രസാദ് കൺവീനറായും സബ് കമ്മിറ്റിയും രൂപീകരിച്ചു. നിർദേശങ്ങൾ നൽകാവുന്ന അവസാന ദിവസമായ 15ന്‌ യോഗം ചേർന്ന്‌ തുടർനടപടി  കൈക്കൊള്ളും.  രാജ്യ സ്വാതന്ത്ര്യത്തിന്റെ ഏഴര ദശാബ്ദം അതിവിപുലമായി ആഘോഷിക്കാനും  യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി 13, 14, 15 തീയതികളിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ആഹ്വാനം നൽകിയിട്ടുമുണ്ട്‌. നവോത്ഥാനത്തെയും ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനം ജനാധിപത്യവാദികൾ  ഏറ്റെടുക്കുമെന്നുറപ്പ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top