11 December Monday

ഭരണഘടനയോട് കൂറില്ലാത്തവർ അധികാരത്തിൽ തുടരരുത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2023


കേന്ദ്രം ഭരിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടന ബാധകമല്ലേയെന്ന്‌ സുപ്രീംകോടതിക്കുപോലും ചോദിക്കേണ്ടി വന്ന ഭീതിദമായ അവസ്ഥയിലാണ്‌ രാജ്യം. ഭരണഘടനയെ തെല്ലും മാനിക്കാത്തവരാണ്‌ രാജ്യം ഭരിക്കുന്ന ബിജെപിയെന്ന്‌ സംശയിക്കേണ്ട നിലയിലാണ് കേന്ദ്രസർക്കാരിന്റെ നടപടികളെന്ന്‌ കോടതിക്ക് പറയേണ്ടി വന്നത്‌ ഇന്ത്യ നേരിടുന്ന ഗുരുതര സ്ഥിതിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് പ്രതിജ്ഞ എടുത്ത് അധികാരത്തിലേറി അത്‌ പാലിക്കാത്തവർക്ക് ഒരു നിമിഷംപോലും തുടരാൻ അവകാശമില്ലെന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം വ്യക്തമാക്കുന്നത്.

നാഗാലാൻഡ്‌ സംസ്ഥാനത്ത്‌ ഭരണഘടന അനുശാസിക്കുന്ന വനിതാസംവരണം പഞ്ചായത്തുകളിൽ നടപ്പാക്കാത്ത കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിലുള്ള ആശങ്കകൂടിയാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചാൽപ്പോലും കേന്ദ്ര സർക്കാരിനു മിണ്ടാട്ടമില്ല. ഇത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ അധ്യക്ഷനും ജസ്റ്റിസ്‌ സുധാംശു ധൂലിയ അംഗവുമായ ബെഞ്ച്‌  കർശന താക്കീതാണ്‌ നൽകിയത്‌. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്ന് പറയിപ്പിക്കരുതെന്നാണ്‌ കോടതി തുറന്നടിച്ചത്‌. ഭരണഘടനയുടെ 243 ഡി വകുപ്പ്‌ പ്രകാരം പഞ്ചായത്തുകളിൽ 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്‌. എന്നാൽ, നാഗാലാൻഡിൽ ഇതു നടപ്പാക്കാത്തതിനെതിരെ പീപ്പിൾസ്‌ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്‌ നൽകിയ ഹർജിയിലാണ്‌ കോടതി നിരീക്ഷണം. 

മറ്റ് പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രം അമിതമായി ഇടപെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ എല്ലാകാര്യത്തിലും കേന്ദ്രം ഇടപെടുകയും പരമാവധി ബുദ്ധിമുട്ടിക്കുകയുമാണെന്ന പരാതി വ്യാപകമായിരിക്കെയാണ്‌ കോടതിതന്നെ ഇക്കാര്യം വ്യക്തമാക്കിയത്‌. കേരളത്തോട്‌ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ പരിശോധിച്ചാൽത്തന്നെ ഇത് ശരിയാണെന്ന്‌ മനസ്സിലാക്കാം. സംസ്ഥാനത്തിന്‌ നൽകേണ്ട വിഹിതം നൽകാതെയും കടമെടുപ്പിന്റെ പരിധി വെട്ടിക്കുറച്ചും കേരളത്തെ എങ്ങനെയൊക്കെ പ്രതിസന്ധിയിലാക്കാമെന്ന ആലോചനയിലാണ്‌ കേന്ദ്രം. കടം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റം വരുത്തി മറ്റ്‌ ഏജൻസികൾ എടുക്കുന്ന വായ്‌പയും ട്രഷറി നിക്ഷേപങ്ങളും സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയാണ്‌  ബിജെപി ഇതര സർക്കാരുകളെ ഞെരുക്കുന്നത്‌. കേന്ദ്രത്തിന്‌ ബാധകമല്ലാത്ത നയങ്ങൾ സംസ്ഥാനത്തെ അടിച്ചേൽപ്പിക്കുന്നത്‌ ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതുമാണ്‌.

കേന്ദ്രം സംസ്ഥാനത്തെ നിയമവിരുദ്ധമായി പീഡിപ്പിക്കുകയാണെന്നു കാണിച്ച്‌ ഡൽഹി മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്‌ കത്ത്‌ അയച്ചിട്ടുണ്ട്‌. ഹിമാചൽപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ പറ്റാത്ത പ്രതിസന്ധി സൃഷ്ടിച്ചതും കേന്ദ്രമാണ്. എന്തിനേറെ പറയുന്നു, കേരളത്തിൽ കൃത്യമായി നൽകിവരുന്ന ക്ഷേമപെൻഷനിൽ കേന്ദ്ര വിഹിതം നൽകിയിട്ട് രണ്ടു വർഷം കഴിഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രവിഹിതം അനുവദിച്ചിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി ലോക്‌സഭയിൽ മന്ത്രിതന്നെ പറഞ്ഞതാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയിലും കൂലിക്കുടിശ്ശിക അനുവദിക്കാതെ കേന്ദ്രം ഒളിച്ചുകളിക്കുകയാണ്. ഇങ്ങനെ തികച്ചും പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും ബിജെപി ഇതര സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാവിരുദ്ധമായി തീരുമാനങ്ങൾ എടുത്താലും അതിനൊക്കെ കൂട്ടുനിൽക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത, ആർഎസ്എസിനാൽ നയിക്കുന്ന ബിജെപിസർക്കാരിൽനിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മനുസ്‌മൃതിയെ ഭരണഘടനയായി അംഗീകരിക്കണമെന്ന് പറയുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കി വർഗീയ ഫാസിസ്റ്റു ഭരണത്തിലേക്ക് നയിക്കാൻ വെമ്പൽകൊള്ളുന്നവരാണ് രാജ്യം ഭരിക്കുന്ന പാർടിയെന്നത് ഓരോ ഇന്ത്യക്കാരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പ്രതിപക്ഷ പാർടികൾ നൽകിയ അവിശ്വാസ പ്രമേയത്തിന്റെ ചർച്ച ഇന്ത്യ നേരിടുന്ന വെല്ലുവിളി തുറന്നുകാണിക്കാൻ ഉതകട്ടെ. ജനാധിപത്യവിരുദ്ധ ആശയങ്ങളാൽ നയിക്കപ്പെടുന്ന ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ ഏറ്റവും അടുത്ത അവസരം ജനങ്ങൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top