29 March Friday

കോർപറേറ്റ‌് കൊള്ളയ‌്ക്ക‌് കൂട്ട‌് മോഡി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കിട്ടാക്കടമാക്കിയ വമ്പന്മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കും കൃത്യമായ വിവരമുണ്ടായിട്ടും അവർ ചെറുവിരൽ അനക്കിയില്ലെന്ന കാര്യം നമ്മുടെ രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വൻ വെട്ടിപ്പുകളെക്കുറിച്ചും ഇവർക്കറിയാമായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച്  അന്വേഷിക്കുന്ന, പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി മുമ്പാകെ നൽകിയ റിപ്പോർട്ടിൽ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും തട്ടിപ്പുകാരുടെയും കിട്ടാക്കടക്കാരുടെയും പട്ടികയടക്കം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ബിജെപി നേതാവ് മുരളി മനോഹർ ജോഷിയാണ് എസ്റ്റിമേറ്റ് സമിതിയുടെ അധ്യക്ഷൻ. രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരിക്കെ 2015 ഏപ്രിൽ 15നായിരുന്നു വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെയായിരുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിനെ ജാമ്യം നിർത്തി 14,000 കോടിയോളം രൂപ തട്ടിച്ച വജ്രവ്യാപാരികളായ മെഹുൽ ചോക്‌സിയുടെയും മരുമകൻ നീരവ് മോഡിയുടെയും പേരുകൾ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രികാര്യാലയത്തിന്റെ കുറ്റം ചെറുതല്ല. തട്ടിപ്പ് പുറത്തുവരുമ്പോഴേക്കും പ്രതികൾ രാജ്യം വിട്ടതും സർക്കാരിന്റെ അറിവോടെയെന്നും കരുതാം. അപ്പോൾ, സർക്കാർതന്നെയാണ് വൻകിട കോർപറേറ്റ് മുതലാളിമാർക്ക് രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കാൻ അവസരമൊരുക്കുന്നതെന്ന് ഇവിടെ വ്യക്തമാകുന്നു.

കോൺഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ, പാർലമെൻിന്റെ ധന സ്റ്റാൻഡിങ് കമ്മിറ്റി കിട്ടാക്കടത്തിന്റെയും തട്ടിപ്പിന്റെയും വിവരങ്ങൾ എന്തുകൊണ്ട് നേരത്തെ കണ്ടുപിടിച്ചില്ലെന്നും നടപടി സ്വീകരിച്ചില്ലെന്നും റിസർവ് ബാങ്കിനോട് അടുത്തിടെ ചോദിച്ചിരുന്നു. അതിനിടെയാണ്, 2015ൽത്തന്നെ വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച വിവരം പുറത്തുവരുന്നത്. സമിതിയുടെ റിപ്പോർട്ട് അടുത്തുതന്നെ പാർലമെന്റിൽ വയ്ക്കും. കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടമുണ്ടാക്കിയവർക്കെതിരെയും തട്ടിപ്പുകൾ നടത്തിയവർക്കെതിരെയും ഒരു നടപടിയുമെടുക്കാൻ കഴിയുന്നില്ലെന്ന് റിസർവ് ബാങ്കിന്റെ മുൻ ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു. തട്ടിപ്പുകൾ നിരീക്ഷിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിരുന്നതായും പ്രാരംഭഘട്ടത്തിൽത്തന്നെ അന്വേഷണ ഏജൻസികൾക്ക് വിവരം നൽകാൻ സംവിധാനമുണ്ടാക്കിയിരുന്നതായും രഘുറാം രാജൻ പറയുന്നു. നൽകിയ പേരുകളിൽ വിൻസം ഡയമണ്ടിനെതിരെമാത്രമാണ് സിബിഐ കേസെടുത്തത‌്. അതും എത്രയോ വൈകിമാത്രം.

ഏറ്റവുമൊടുവിൽ,  പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടം 12 ലക്ഷത്തോളം കോടി രൂപയാണെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരം രാജ്യം കേൾക്കുന്നത്. 2015 മാർച്ചിനും 2016 മാർച്ചിനും ഇടയിൽമാത്രം കിട്ടാക്കടം 6.2 ലക്ഷം കോടി രൂപകൂടി വർധിച്ചു. ഇതിനിടെ, കിട്ടാക്കടം പെരുകിയത് തങ്ങളുടെ കാലത്തല്ലെന്നു പറഞ്ഞ് കോൺഗ്രസും ബിജെപിയും തർക്കിക്കുന്നുണ്ട്. വാസ്തവത്തിൽ, യുപിഎയുടെയും ബിജെപിയുടെയും ഭരണത്തിൽ ബാങ്കുകളിലെ കോർപറേറ്റ് കവർച്ച ഒരേപോലെ തുടർന്നു.

യുപിഎ ഭരണത്തിലിരുന്ന 2006‐2008 കാലയളവിൽ കിട്ടാക്കടം വൻതോതിൽ പെരുകിയതായി രഘുറാം രാജൻ എസ്റ്റിമേറ്റ് കമ്മിറ്റിക്ക‌് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യൻ ബാങ്കുകളിൽനിന്ന് പണം അടിച്ചുമാറ്റി വിദേശത്തേക്ക‌് കടത്തുകയാണ് വൻകിട മുതലാളിമാർ ചെയ്യുന്നത്. തിരിച്ചടയ്ക്കാത്ത വായ്പപ്പണം വീണ്ടെടുക്കാൻ ബാങ്കുകൾ നടത്തുന്ന ശ്രമമൊന്നും ഫലം കാണാറില്ല. ഇരുപതിലേറെ സ്വകാര്യ വൈദ്യുതിസ്ഥാപനങ്ങളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നീക്കം എങ്ങുമെത്താതെ കിടക്കുന്നത് ഉദാഹരണം. റിസർവ് ബാങ്ക് 2015 ഡിസംബർമുതൽ ആസ്തികളുടെയും വായ്പകളുടെയും പുനർനിർണയമൊക്കെ നടത്തുന്നുണ്ടെങ്കിലും കടം തിരിച്ചുപിടിക്കലൊന്നും നടക്കുന്നില്ല. കടം തിരിച്ചുപിടിക്കാനെന്ന പേരിൽ 2016ൽ സർക്കാർ കൊണ്ടുവന്ന ബാങ്ക് പാപ്പർ നിയമത്തിന്റെ (ഇൻസോൾവൻസി ആൻഡ് പാപ്പർ കോഡ് 2016) കാര്യവും തഥൈവ. വായ്പത്തുകയിൽ ചെറിയൊരു ശതമാനംമാത്രം ഈടാക്കി വൻ തുക എഴുതിത്തള്ളലാണ് ഇതിന്റെ മറവിൽ നടക്കുന്നത്. ഇതുവഴി ബാങ്കുകൾക്ക് വൻ നഷ്ടം സംഭവിക്കുമ്പോൾ കോർപറേറ്റ് മേഖലയ്ക്ക് വൻ ലാഭം കിട്ടുന്നു. ഇവിടെയും പൊതുപണം കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് അവസരമൊരുങ്ങുന്നു.

ചുരുക്കിപ്പറഞ്ഞാൽ, സർക്കാരിന്റെ വലിയ സമ്മർദത്തിനു വഴങ്ങിയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ കോർപറേറ്റ് മേഖലയ്ക്ക് കോടികൾ വായ്പ നൽകേണ്ടി വരുന്നത്. ‘അടിസ്ഥാന സൗകര്യ’ വികസനത്തിനെന്നൊക്കെ പറഞ്ഞാണ് ഈ കൊള്ള. ‘പ്രാഥമിക മൂലധന സമാഹരണം’ എന്ന പേരിലും ബാങ്കുകളുടെ പണം കോർപറേറ്റ് മേഖലയ്ക്ക് കൊടുപ്പിക്കുന്നുണ്ട്. ഇതൊക്കെ പിന്നീട് തട്ടിപ്പും കിട്ടാക്കടവുമൊക്കെയായി മാറും. അത് എഴുതിത്തള്ളുകയും ചെയ്യും. അപ്പോൾപ്പോലും സർക്കാർ ഇവരുടെയൊന്നും പേര് വെളിപ്പെടുത്താറില്ല. ഇവരെയെല്ലാം സഹായിക്കുന്നത് ആരാണെന്നാണ് രഘുറാം രാജന്റെ വെളിപ്പെടുത്തലിലൂടെ രാജ്യം അറിയുന്നത്. ചെറുകിട വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെയും കടക്കെണിയിൽപ്പെട്ടും മൂന്നു ലക്ഷത്തോളം കൃഷിക്കാർ ജീവനൊടുക്കിയ രാജ്യത്താണ് ഇതൊക്കെ നടക്കുന്നതെന്നും നാമറിയണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top